Reading Time: 4 minutes

3,500 കോടി രൂപയുടെ വമ്പന്‍ മൂലധന നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബ് എന്ന സാബു മൊയലാളി പ്രഖ്യാപിച്ചു. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന അസന്‍ഡ് ആഗോള നിക്ഷേപക സംഗമത്തിലാണ് 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള താല്പര്യപത്രം കിറ്റെക്സ് മൊയലാളി ഒപ്പുവെച്ചത്. കൊച്ചിയില്‍ അപ്പാരല്‍ പാര്‍ക്ക് തുടങ്ങാനും തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനുമായിരുന്നു ധാരണ. ഇതില്‍ നിന്നു പിന്മാറുമെന്ന മൊയലാളിയുടെ പ്രഖ്യാപനം നിക്ഷേപസൗഹൃദ പട്ടികയില്‍ ഇപ്പോള്‍ത്തന്നെ 28-ാം സ്ഥാനത്തുള്ള കേരളത്തിന് ‘കനത്ത’ തിരിച്ചടിയാണെന്ന് വ്യാഖ്യാനപടുക്കള്‍ അച്ചുനിരത്തിക്കഴിഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണ് താന്‍ കടുത്ത തീരുമാനമെടുത്തതെന്നാണ് സാബു മൊയലാളി പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ വകുപ്പുകളിലെ 11 സംഘം ഓഫീസര്‍മാര്‍ തന്റെ കമ്പനി റെയ്ഡു ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. തൊഴില്‍ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് എന്നിവയ്ക്കു പുറമെ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയ്ക്കു ചെന്നുവെന്ന്!! ഓരോ സംഘത്തിലും 40-50 ഓഫീസര്‍മാരുണ്ടാവും. അവര്‍ കമ്പനിയുടെ മുക്കും മൂലയും അരിച്ചുപെറുക്കും. ഇതൊക്കെ മൊയലാളിയുടെ കണ്ണില്‍ വലിയ തെറ്റാണ്. അദ്ദേഹം എങ്ങനെ സഹിക്കും??

നമ്മുടെ അയല്‍ സംസ്ഥാനങ്ങളൊക്കെ നിക്ഷേപകരെ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ തങ്ങളെ വഞ്ചകരായി കാണുന്നു എന്നാണ് സാബു മൊയലാളിയുടെ പരാതി. അവര്‍ നിക്ഷേപകരെ ബൂര്‍ഷ്വാസി, ചൂഷകര്‍, കൈയേറ്റക്കാര്‍, മുതലാളിത്ത ക്രിമിനലുകള്‍ എന്നൊക്കെ വിളിക്കുന്നുവത്രേ.. മറ്റു സംസ്ഥാനങ്ങള്‍ സൗജന്യ ഭൂമി, കെട്ടിടം, വെള്ളം, വൈദ്യുതി, 10 വര്‍ഷത്തേക്ക് നികുതി ഒഴിവ് എന്നിവയ്ക്കു പുറമെ ജീവനക്കാരുടെ പി.എഫ്., ഇ.എസ്.ഐ. വിഹിതങ്ങളും കൊടുക്കുമെന്നാണ് പത്രക്കാരോടു മൊയലാളി പറഞ്ഞത്. ചില സംസ്ഥാനങ്ങള്‍ ഈ കമ്പനികളിലെ ജീവനക്കാര്‍ക്ക് 5,000 രൂപ വീതം 5 വര്‍ഷത്തേക്ക് ശമ്പളവും കൊടുക്കുമെന്ന്!! അപ്പോള്‍പ്പിന്നെ ഒരു പ്രധാന ചോദ്യമുണ്ട് -ഇത്രയുമൊക്കെ സൗകര്യം പുറത്തു കിട്ടുമെങ്കില്‍ ഇവിടെ ഈ ‘നശിച്ച’ കേരളത്തില്‍ കിടന്നു തള്ളുന്നതെന്തിനാണാവോ? വിരിക്കുന്ന പരവതാനിയാവുമ്പോള്‍ അതിന്റെ നിറം ‘ചുവപ്പ്’ തന്നെയാവണമല്ലോ അല്ലേ?

കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബ്

കേരളത്തില്‍ 3 വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ ഒരുങ്ങുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ -പാരിസ്ത്ഥിതിക നിയമങ്ങള്‍ പാലിച്ച് ആര്‍ക്കും വ്യവസായം തുടങ്ങാം. കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ഫാക്ടറിയാണ് കിറ്റെക്സ് ഗാര്‍മെന്റ്സ്. ഈ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയിട്ട് 26 വര്‍ഷമായിരിക്കുന്നു. അവിടെ 11,000 പേര്‍ ജോലി നോക്കുന്നു എന്നാണ് കണക്ക്. അപ്പോള്‍പ്പിന്നെ സാബു മൊയലാളിയുടെ നിലവിളിക്കു പിന്നിലുള്ള ഗുട്ടന്‍സ് എന്താണ്? വേറെ എന്തൊക്കെയോ മറച്ചുപിടിക്കാനല്ലേ ഈ പിന്‍വാങ്ങല്‍ നിലവിളി?

11 തവണ പരിശോധന നടന്നുവെന്ന് സാബു മൊയലാളി പറയുന്നത് ശരിയാണോ? പരിശോധന മൂന്നോ നാലോ എണ്ണമേ നടന്നുള്ളൂ. 11 എന്ന സംഖ്യ കമ്പനി ലംഘിച്ച നിയമങ്ങളുടെ കണക്കാണ്.

    1. 1970ലെ കരാര്‍ തൊഴില്‍ നിരോധന നിയമം
    2. 1971ലെ പ്രസവാനുകൂല്യ അവകാശ നിയമം
    3. 1979ലെ അന്തസ്സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം
    4. 1959ലെ കേരള വ്യവസായ സ്ഥാപന നിയമം
    5. 1948ലെ മിനിമം വേതന നിയമം
    6. 1936ലെ വേതന വിതരണ നിയമം
    7. 1961ലെ മോട്ടോര്‍ വാഹന തൊഴിലാളി നിയമം
    8. 1996ലെ കെട്ടിട നിര്‍മ്മാണ തൊഴിലാളി നിയമം
    9. 1975ലെ ബോണസ് വിതരണ നിയമവും ചട്ടങ്ങളും
    10. 1957ലെ കേരള ഫാക്ടറി നിയമം
    11. 2005ലെ ദുരന്ത നിവാരണ നിയമം

ഈ 11 നിയമങ്ങളും ലംഘനത്തിന്റെ പേരില്‍ 11 നോട്ടീസുകള്‍ കിറ്റെക്സിന് കിട്ടിയിട്ടുണ്ട്. അതാണ് മൊയലാളി 11 റെയ്ഡായി വ്യാഖ്യാനിച്ചു വെച്ചത്!!

പണിയെടുക്കുന്നവർക്ക് മാന്യമായ തൊഴില്‍ സാഹചര്യവും താമസ സൗകര്യവും പോലും ഉറപ്പാക്കാതെയാണ് ട്വന്റി ട്വന്റി എന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടിയുടെ നേതാവു കൂടിയായ സാബു മൊയലാളിയുടെ വ്യവസായ പ്രവര്‍ത്തനം. കിഴക്കമ്പലത്തെ കിറ്റെക്സ് ഫാക്ടറിയിലെ തൊഴിലാളികളില്‍ 80 ശതമാനത്തിനും മിനിമം കൂലി നല്‍കുന്നില്ലെന്ന് ജില്ലാ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 8,000ലേറെ വരുന്ന ഈ തൊഴിലാളികള്‍ക്ക് 6 മാസത്തെ മിനിമം കൂലി കണക്കാക്കിയാല്‍ 3 കോടിയോളം രൂപ കമ്പനി കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുടിശ്ശിക തീര്‍ത്ത് എല്ലാ തൊഴിലാളികള്‍ക്കും അടിയന്തിരമായി മിനിമം കൂലി നല്‍കണമെന്നാവശ്യപ്പെട്ട് തൊഴില്‍ വകുപ്പ് സാബു മൊയലാളിക്ക് നോട്ടീസ് കൊടുത്തിരിക്കുകയാണ്.

മിനിമം വേതന നിയമം കിറ്റെക്സ് ലംഘിച്ചു എന്നതിന് തെളിവായി കുറച്ചു നാള്‍ മുമ്പ് മലയാള മനോരമയില്‍ വന്ന ഈ പരസ്യം മതി തെളിവായി

സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ എട്ടിന് കിറ്റെക്സ് കമ്പനിയിലും സമീപത്തെ ലേബര്‍ ക്യാമ്പിലും പരിശോധന നടന്നിരുന്നു. ജില്ലാ ആരോഗ്യ -തൊഴില്‍ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കാലവര്‍ഷത്തില്‍ തൊഴിലാളി ഷെഡ്ഡുകള്‍ നിലംപൊത്തിയതിന്റെ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് തൊഴിലാളികളുടെ അവസ്ഥ നേരിട്ടറിയാനായിരുന്നു പരിശോധന. കമ്പനി വളപ്പിലെ ലേബര്‍ ക്യാമ്പിന്റെ അവസ്ഥ കാലിത്തൊഴുത്തിനെക്കാള്‍ ശോചനീയമാണെന്ന് അവര്‍ കണ്ടെത്തി. കോവിഡ് മഹാമാരിയുടെ കാലത്തും തൊഴിലാളികളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്ന സാഹചര്യമാണ് ലേബര്‍ ക്യാമ്പിലുള്ളതെന്നും വ്യക്തമായി.

എന്‍ഫോഴ്സ്മെന്റിന്റെ ചുമതലയുള്ള ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ 400ഓളം തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി. 20 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവര്‍ക്കു പോലും 9,000 മുതല്‍ 12,000 വരെ രൂപ മാത്രമാണ് വേതനമെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളുടെ ഹാജര്‍ പുസ്തകം കമ്പനിയില്‍ സൂക്ഷിക്കുന്നില്ല. അതിഥി തൊഴിലാളികള്‍ മാത്രമല്ല മലയാളികളും ഇത്തരത്തില്‍ ഹാജര്‍ രേഖപ്പെടുത്താതെ പോകുന്ന കൂട്ടത്തിലുണ്ട്.

ലേബര്‍ ക്യാമ്പില്‍ 200 ചതുരശ്ര അടി മാത്രം വിസ്തീര്‍ണ്ണമുള്ള മുറിയില്‍ ശരാശരി പത്തിലേറെ പേരുണ്ട്. ലേബര്‍ ഷെഡ്ഡുകളുടെ മേല്‍ക്കൂരയിലെ ഇരുമ്പു ഷീറ്റ് പലതും പൊളിഞ്ഞുവീണ അവസ്ഥയിലായിരുന്നു. ബാക്കിയുള്ള ഷീറ്റുകള്‍ തന്നെ ശരിക്കുറപ്പിക്കാതെ മുകളില്‍ കല്ലുകള്‍ പെറുക്കിവെച്ച നിലയിലാണ്. സിമന്റ് തേയ്ക്കാത്ത വെറും നിലത്ത് ഷീറ്റും പായയും വിരിച്ചാണ് തൊഴിലാളികള്‍ അന്തിയുറങ്ങുന്നത്. ശുചിമുറി സൗകര്യവും ആവശ്യത്തിനില്ല. പരിമിതസൗകര്യങ്ങളുള്ള പൊതു ശുചുമുറികള്‍ അത്യന്തം വൃത്തിഹീനമാണ്. ഷെഡ്ഡുകളുടെ പരിസരമാകെ പൊടിയും ചെളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. ഈ ഷെഡ്ഡുകളിലുള്ളത് 5,000ലേറെ തൊഴിലാളികളാണ്. കോവിഡ് മാനദണ്ഡം പാലിക്കുന്നില്ല എന്ന കാര്യവും ജില്ലാ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

സാബു മൊയലാളി എതിര്‍ത്ത പരിശോധനകളിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്നു മനസ്സിലായില്ലേ? ഇത്തരം പരിശോധനകളെയും റിപ്പോര്‍ട്ടുകളെയും തുടര്‍നടപടികളെയും ചെറുക്കാനാണ് മൊയലാളിയുടെ നിക്ഷേപ പിന്മാറ്റ നാടകം. 3,500 കോടി രൂപയുടെ വ്യവസായം എന്ന പ്രഖ്യാപനം എവിടെ വരെയെത്തി എന്ന പരിശോധന കൂടി നടത്തിയാലേ ഈ പിന്മാറ്റത്തിലെ തട്ടിപ്പ് വ്യക്തമാവൂ. കൊച്ചിയിലെ കിഴക്കമ്പലത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന അപ്പാരല്‍ പാര്‍ക്കിനായി 30 ഏക്കര്‍ പാട്ടത്തിനെടുത്തു എന്നതു മാത്രമാണ് കാര്യമാത്രപ്രസക്തമായ നടപടി. ബാക്കിയെല്ലാം പതിവു തള്ളുകള്‍ മാത്രമാണ്. അപ്പാരല്‍ പാര്‍ക്കില്‍ 20,000 പേര്‍ക്കും ഓരോ വ്യവസായപാര്‍ക്കിലും 5,000 പേര്‍ക്കു വീതവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നതാണ് തള്ള്. നടന്നിട്ടു പറയാം!! ഇതിലും വലിയ തള്ളുമായി വന്ന സ്മാര്‍ട്ട് സിറ്റി എങ്ങുമെത്താതെ നിരങ്ങി നീങ്ങുന്നു!!!

അപ്പോള്‍ പിന്നെ കാര്യം ഇത്രേയുള്ളൂ -‘അയ്യോ.. മൊയലാളി പോവല്ലേ…’ എന്നു നിലവിളിക്കാന്‍ ഇവിടാരും ഉണ്ടാവില്ല. കിറ്റെക്സ് മൊയലാളിക്ക് നിക്ഷേപ പ്രഖ്യാപനത്തില്‍ നിന്നു ധൈര്യമായി പിന്‍വാങ്ങാം. കാരണം അതു വെറും പ്രഖ്യാപനം മാത്രമാണല്ലോ!! രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ -പാരിസ്ത്ഥിതിക നിയമങ്ങള്‍ പാലിച്ച് വ്യവസായം തുടങ്ങാന്‍ തയ്യാറുള്ളവര്‍ ഇവിടേക്കു വരും. അത്തരക്കാര്‍ മതി.

പിന്നൊരു പ്രധാന കാര്യം. സമൂഹത്തെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പരിസരം ഉദ്ധരിക്കുകയാണ്. റോഡിലുള്ളതിലെ മാലിന്യം വൃത്തിയാക്കാനിറങ്ങുന്നയാളുടെ വീട്ടിനുള്ളില്‍ മാലിന്യക്കൂമ്പാരം എന്നു പറഞ്ഞ പോലെയാണ് സാബു മൊയലാളിയുടെ സ്ഥിതി. കാലില്ലാത്തവന്‍ വിരലില്ലാത്തവനെ കുറ്റം പറയുന്നതുപോലെ.

പിന്നൊരു പ്രധാന കാര്യം. സമൂഹത്തെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പരിസരം ഉദ്ധരിക്കുകയാണ്. റോഡിലുള്ളതിലെ മാലിന്യം വൃത്തിയാക്കാനിറങ്ങുന്നയാളുടെ വീട്ടിനുള്ളില്‍ മാലിന്യക്കൂമ്പാരം എന്നു പറഞ്ഞ പോലെയാണ് സാബു മൊയലാളിയുടെ സ്ഥിതി. കാലില്ലാത്തവന്‍ വിരലില്ലാത്തവനെ കുറ്റം പറയുന്നതുപോലെ.

Previous articleWhat an Idea Sirji!!
Next articleദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നമ്മള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here