Reading Time: 6 minutes

‘ഡാറ്റ’ എന്ന വാക്കുപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചവരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശിഷ്യന്മാരും. കോവിഡ് എന്ന മഹാമാരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം രാഷ്ട്രീയ ദുഷ്ടലാക്കിന്റെ പേരില്‍ അട്ടിമറിക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു ‘ഡാറ്റ’ പുകമറ പ്രയോഗം. ആ ‘ഡാറ്റ’ ഇപ്പോള്‍ അതേ നാണയത്തില്‍ രമേശ് ചെന്നിത്തലയെ തിരിഞ്ഞുകൊത്തുന്നത് കാലത്തിന്റെ കാവ്യനീതിയാകാം.

വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താന്‍ രമേശ് ചെന്നിത്തല ആവിഷ്കരിച്ചു നടപ്പാക്കിയതാണ് ഓപ്പറേഷന്‍ ട്വിന്‍സ് പദ്ധതി. ഇത് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് രമേശ് ചെന്നിത്തല തന്ന് സ്പ്രിങ്ക്ളറിനെ എതിര്‍ക്കാന്‍ സൃഷ്ടിച്ച മാനകങ്ങള്‍ അനുസരിച്ചാണ്. ചെന്നിത്തല മാനകം അനുസരിച്ചാണെങ്കില്‍ ഓപ്പറേഷന്‍സ് ട്വിന്‍സ് ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പൗരന് വോട്ടവകാശം വിനിയോഗിക്കാന്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഓരോ വ്യക്തിയും തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത് അതിനായി മാത്രമാണ്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, മറ്റൊരിടത്ത് അത് ക്രോഢീകരിച്ചു പ്രസിദ്ധീകരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റം തന്നെയാണ്. യു.ഡി.എഫിന്റെ പ്രചാരണ വെബ്സൈറ്റില്‍ വോട്ടര്‍മാരുടെ പേരുവിവരം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഓരോ മണ്ഡലത്തിലെയും ഇരട്ടവോട്ട് എന്നു പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വോട്ടു തേടുന്നു.

രമേശ് ചെന്നിത്തല തന്നെ പറഞ്ഞ മാനകങ്ങള്‍ പ്രകാരം പുതിയ ഓപ്പറേഷന്‍ വെബ്സൈറ്റിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പുതിയ സംവിധാനത്തിന്റെ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ ഇതിനകം സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്മാര്‍ പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. https://operationtwins.com/ എന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ്. 184.168.121.38 എന്നതാണ് ഈ വെബ്സൈറ്റിന്റെ ഐ.പി. വിലാസം. ഐപിയുടെയും വെബ്സൈറ്റിന്റെയും സ്ഥാനം പരിശോധിക്കുമ്പോള്‍ ഇത് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപോരില്‍ ആണെന്നു വ്യക്തമാവും.

ഇന്ത്യക്കാരുടെ വോട്ടർ ഐ.ഡി., പേരുവിവരങ്ങൾ, വിലാസം തുടങ്ങിയവ അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്കു പുറത്തുള്ളൊരു ഇടത്തിൽ സൂക്ഷിക്കാന്‍ ചെന്നിത്തല കൈമാറിയത്? വ്യക്തിവിവരങ്ങൾ കൈമാറുന്നതിന് ക്രോസ് ബോര്‍ഡര്‍ ഡാറ്റ ട്രാന്‍സ്ഫര്‍ റെഗുലേഷൻ ബാധകമായ രാജ്യമാണ് ഇന്ത്യയെന്നോര്‍ക്കണം. ഇത്തരത്തില്‍ വിവരം കൈമാറാന്‍ എന്തെങ്കിലും അനുമതി എവിടെ നിന്നെങ്കിലും പ്രതിപക്ഷ നേതാവ് നേടിയതായി എനിക്കറിയില്ല. ഉണ്ടെങ്കില്‍ അദ്ദേഹമത് പ്രദര്‍ശിപ്പിക്കണം.

പൊതു ഇടത്തില്‍ ലഭ്യമായ വിവരമാണ് രമേശ് ചെന്നിത്തല തന്റെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ന്യായീകരണം. പൊതു ഇടത്തിലെ ഡാറ്റ മറ്റൊരാവശ്യത്തിനു വിനിയോഗിക്കുന്നത് ശരിയല്ല എന്നു പറഞ്ഞത് രമേശ് ചെന്നിത്തല തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ കൈവശം നേരത്തേ തന്നെയുള്ള ആരോഗ്യ വിവരങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി വേറൊരു രീതിയില്‍ ശേഖരിച്ചപ്പോള്‍ അദ്ദേഹവും കൂട്ടാളികളും ഉണ്ടാക്കിയ പുകില്‍ തന്നെയാണ് ഇതിന് തെളിവ്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരം ബന്ധപ്പെട്ടവരുടെ അനുമതിയോടെ മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ഹൈക്കോടതി തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്.

പബ്ലിക് ഡൊമെയ്ന്‍ എന്നു പറയുന്നത് ഓരോ രാജ്യത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള കാര്യമാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നമുക്ക് കാണാന്‍ കഴിയും, പക്ഷേ, ഇടപെടാനാവില്ല. അതുപോലെ തന്നെയാണ് ഇവിടത്തെ വോട്ടര്‍ പട്ടികയും. ഇന്ത്യന്‍ സെര്‍വറിലിരിക്കുന്ന രേഖ ഇന്ത്യയിലുപയോഗിക്കാനുള്ളതാണ് -restricted public domain. അതാണ് ചെന്നിത്തല എടുത്ത് സിംഗപോര്‍ കമ്പനിക്കു കൊടുത്തത്.

വോട്ടര്‍ ഐ.ഡി. എന്നത് സൂക്ഷ്മ വ്യക്തിഗത വിവരമാണ്. അത് ഒരു കാരണവശാലും ഇന്ത്യക്കു പുറത്തുകൊണ്ടു പോകാന്‍ പാടില്ല. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്.

Election Commission of India will take all steps reasonably necessary to ensure that your data is treated securely and in accordance with this Privacy Policy and no transfer of your Personal Data will take place to an organization or a country unless there are adequate controls in place including the security of your data and other personal information.

Any personal Information you provide to the Election Commision of India is kept on secure servers with limited access. The ECI uses reasonable administrative, technical, personnel, and physical measures (a) to safeguard personal Information against loss, theft, unauthorized use or access, disclosure, or modification; and (b) to ensure the integrity of the personal Information.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഇന്ത്യക്കു പുറത്തു കൊണ്ടുപോയി ക്രോഢീകരിച്ചതും സൂക്ഷിച്ചിരിക്കുന്നതു എങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറയണം. അദ്ദേഹം തന്നെ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഈ ചോദ്യം.

ഇനി ചെയ്തു വെച്ചിരിക്കുന്ന ഭീമാബദ്ധങ്ങളെപ്പറ്റി. രമേശ് ചെന്നിത്തല സത്യസന്ധമായാണ് ഇതു ചെയ്തതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പേരും വരണ്ടേ? അവര്‍ക്ക് ഇരട്ട വോട്ടുള്ളതായി തെളിഞ്ഞതല്ലേ? തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പത്മജാ വേണുഗോപാലിന്റെയും പെരുമ്പാവൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളിയുടെയും ഇരട്ടവോട്ട് ഈ പട്ടികയില്‍ കണ്ടില്ലല്ലോ? ഇതു മാത്രമല്ല, ഇതുവരെ തെളിവു സഹിതം പുറത്തുവന്ന ഒന്നും ഈ ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിട്ടില്ല. അതെന്താ അങ്ങനെ? അപ്പോള്‍ ഇതിന് വ്യക്തമായ രാഷ്ട്രീയമുണ്ട്.

തൃശൂരിലെ 29-ാം നമ്പര്‍ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 29 എ പോളിംഗ് സ്‌റ്റേഷനിലും തൃക്കാക്കരയിലെ പനമ്പിള്ളി നഗര്‍ 106-ാം നമ്പര്‍ ബൂത്തായ ഗവ. എച്ച്.എസ്.എസിലുമാണ് പത്മജയ്ക്ക് വോട്ടുള്ളത്. മകന്‍ കരുണ്‍ മേനോനും ഇതേ ബൂത്തുകളിലാണ് വോട്ട്. രണ്ടു സ്ഥലങ്ങളിലെ ഐ.ഡി. കാര്‍ഡ് നമ്പറുകളും വ്യത്യസ്തമാണ്. IDZ1713015 ആണ് പത്മജയുടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ ഐ.ഡി. നമ്പര്‍. തൃക്കാക്കരയിലേത് BXD1663863. കരുണിന് തൃശൂരില്‍ IDZ1735927 തൃക്കാക്കരയില്‍ BXD1663871 എന്നീ നമ്പരുകളില്‍ വോട്ടര്‍ ഐ.ഡികളുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളിയുടെയും ഭാര്യയുടെയും ഇരട്ടവോട്ട്78

പെരുമ്പാവൂർ മണ്ഡലത്തിലെ ബൂത്ത്‌ 142ല്‍ ക്രമ നമ്പർ 1354, മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത്‌ 130ല്‍ ക്രമ നമ്പർ 1092 എന്നിവയാണ്‌ കുന്നപ്പിള്ളിയുടെ വോട്ട്‌. ഭാര്യ മറിയാമ്മ എബ്രഹാമിന്‌ പെരുമ്പാവൂരിലെ ബൂത്ത്‌ നമ്പർ 142ല്‍ ക്രമ നമ്പർ 1358, മൂവാറ്റുപുഴയിലെ ബൂത്ത്‌ നമ്പർ 130ല്‍ ക്രമ നമ്പര്‍ 1095 ആയുമാണ്‌ വോട്ടുള്ളത്‌. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ്‌ ഇരുവരുടെയും വോട്ട്. രമേശ് ചെന്നിത്തലയുടെ ട്വിന്‍ ഓപ്പറേഷന്‍കാര്‍ ഇതു കണ്ട മട്ടില്ല.

യഥാര്‍ത്ഥത്തില്‍ വോട്ടുള്ളവരെ ഇരട്ടവോട്ടര്‍മാരോ വ്യാജവോട്ടര്‍മാരോ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഇരട്ടക്കുട്ടികളെ മുഴുവന്‍ ചെന്നിത്തല ഇരട്ടവോട്ടര്‍മാരായി പരിഗണിച്ചിരിക്കുന്നു എന്നു പറയേണ്ടിവരും. എത്ര ഉദാഹരണം വേണമെങ്കിലും ഈ ഗണത്തില്‍ ചൂണ്ടിക്കാട്ടാനാവും. ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്സൈറ്റിലെ ഡാറ്റ വെറുതെ ഒന്നു നോക്കുക. ഒരേ പേരു വന്നാല്‍ അതെല്ലാം ഇരട്ടവോട്ടുകളാണ്. പ്രായം ഒന്നാണോ, ആരുടെ ഭാര്യ അല്ലെങ്കില്‍ മകള്‍ എന്നുള്ളതൊന്നും പ്രശ്നമല്ല. വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതിനെക്കാളേറെ പരാതികള്‍ രമേശ് ചെന്നിത്തലയുടെ ഓപ്പറേഷനെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

ഇതു മാത്രമല്ല. രമേശ് ചെന്നിത്തല ഇരട്ടവോട്ടുകളായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചില ഉദാഹരണങ്ങള്‍ നോക്കുമ്പോള്‍ പിശകിന്റെ ആഴം മനസ്സിലാവും. നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലായി ചില ഉദാഹരണങ്ങള്‍ നോക്കാം.

  • വാമനപുരത്തെ കൃഷ്ണന്‍കുട്ടി 51 വയസ്സ്, ഫ്രാന്‍സിസിന്റെ മകന്‍
  • നെടുമങ്ങാട്ടെ കൃഷ്ണന്‍കുട്ടി 57 വയസ്സ്, കാളിപിള്ളയുടെ മകന്‍

  • നെടുമങ്ങാട്ടെ ലീല 49 വയസ്സ്, ഗോവിന്ദന്റെ ഭാര്യ
  • വാമനപുരത്ത് ലീല 54 വയസ്സ്, ഭാര്‍ഗ്ഗവന്റെ ഭാര്യ

  • നെടുമങ്ങാട്ടെ ഗിരിജ 53 വയസ്സ്, മോഹനന്‍ നായരുടെ ഭാര്യ
  • വാമനപുരത്തെ ഗിരിജ 45 വയസ്സ്, സുരേന്ദ്രന്‍റെ ഭാര്യ

  • വാമനപുരത്തെ എസ്.സൗമ്യ 35 വയസ്സ്, എന്‍.വിനോദ് കുമാറിന്റെ ഭാര്യ
  • നെടുമങ്ങാട്ടെ എസ്.സൗമ്യ 32 വയസ്സ്, മണിക്കുട്ടന്‍ നായരുടെ ഭാര്യ

ഇനിയും എത്ര വേണമെങ്കിലും ഇതുപോലെ ആനമണ്ടത്തരങ്ങള്‍ കണ്ടെത്താനാവും. ഇത് വിവരങ്ങളുടെ വക്രീകരണവും ദുരുപയോഗവും കുപ്രചരണവും അപകീര്‍ത്തിപ്പെടുത്തലുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍  പട്ടികയില്‍ 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്ന്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത് ഈ പശ്ചാത്തലത്തിലാവണം. വോട്ടര്‍ പട്ടികയില്‍ 4.34 ലക്ഷം ക്രമരഹിത വോട്ടര്‍മാരുണ്ടെന് രമേശ് ചെന്നിത്തല സമര്‍പ്പിച്ച രേഖകള്‍ തള്ളിക്കൊണ്ടാണ് കമ്മീഷന്‍  കോടതിക്ക് ഇരട്ടവോട്ടുകളുടെ കണക്ക് സമര്‍പ്പിച്ചത്. ഇത് കോടതി സ്വീകരിച്ചപ്പോഴാണ് വെല്ലുവിളിച്ചുകൊണ്ട് സ്വന്തം നിലയിലുള്ള ഓപ്പറേഷനുമായി ചെന്നിത്തല രംഗത്തുവന്നത്. അത് ഇങ്ങനെയുമായി.

ഒരു ഡാറ്റ സെറ്റ് കൈയില്‍ കിട്ടിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാനറിയാത്ത ആരോ ആണ് ചെന്നിത്തലയുടെ ഓപ്പറേഷന്‍ നടത്തിയതെന്നു വ്യക്തം. ഡാറ്റ പ്രൊഫൈലിങ്ങ് മാത്രമാണ് ചെയ്തിട്ടുള്ളത്. ഡാറ്റയുടെ വാലിഡേഷനും ക്ലെന്‍സിങ്ങും ഒന്നും ചെയ്യാതെ നേരെ എടുത്ത് വെബ്സൈറ്റിലിട്ടു, വലിയ ആനക്കാര്യമെന്ന നിലയില്‍. ചിലപ്പോള്‍ എക്സല്‍ ഷീറ്റിലിട്ട് പേരിനും വയസ്സിനും ലുക്ക് അപ് ഇട്ടു നോക്കിയതുമാവാം. ഫില്‍റ്ററില്‍ മണ്ഡലവും പരിഗണിച്ചിട്ടുണ്ട്. അടിപൊളി ഓപ്പറേഷന്‍!!! ഒരു പേരു തന്നെ തിരിച്ചും മറിച്ചും രണ്ടു കോളത്തില്‍ കൊടുത്തിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കണക്ക് 4.34 ലക്ഷത്തില്‍ നിന്ന് പകുതിയായി കുറയുന്നു. തങ്ങളെ പരസ്യമായി അവഹേളിച്ച ചെന്നിത്തലയ്ക്കെതിരെ വോട്ടു ചെയ്യും എന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചാല്‍ യു.ഡി.എഫ്. വടിപിടിക്കും. ഒറ്റയടിക്ക് 2 ലക്ഷത്തിലേറെ വോട്ടുകള്‍ എല്‍.ഡി.എഫ്. ചേരിയില്‍ അക്കൗണ്ട് ചെയ്യപ്പെടും. കുറച്ചുകൂടി ധൈര്യമുള്ള ആരെങ്കിലും ചെന്നിത്തലയ്ക്കെതിരെ അപകീര്‍ത്തി കേസ് കൊടുത്താല്‍ കൂനിന്മേല്‍ കുരുപോലാകും എന്നതും ഉറപ്പ്.

ആദ്യം സി.പി.എമ്മുകാരാണ് കള്ളവോട്ടുകാര്‍ എന്നു പറഞ്ഞു. അതു പൊളിഞ്ഞു പാളീസായപ്പോള്‍ ആരായാലും പിടിക്കണം എന്നായി!! ഇനി എന്തു പറയുമെന്നറിയാന്‍ താല്പര്യമുണ്ട്. ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് പുകമറ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക -അതു തന്നെയാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. അതു മാത്രമാണ് ലക്ഷ്യം. പക്ഷേ, ഈ കുടില കുത്സിത ലക്ഷ്യങ്ങള്‍ പൊളിച്ചടുക്കാന്‍ ജാഗരൂകരായി കാത്തിരിക്കുന്ന വലിയൊരു കൂട്ടമാളുകള്‍ നാട്ടിലുണ്ട്. ജാഗ്രതൈ.

ഒരിക്കല്‍ക്കൂടി പറയുന്നു ഈ വിലയിരുത്തലുകള്‍ എല്ലാം തന്നെ പ്രതിപക്ഷ നേതാവ് തന്നെ നേരത്തേ നിശ്ചയിച്ച മാനകങ്ങള്‍ അനുസരിച്ചുള്ളവയാണ്. മറ്റാരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ചെയ്തത് ശരിയാണെങ്കില്‍ അദ്ദേഹം ‘ഡാറ്റ’ സംബന്ധിച്ച് ഇതുവരെ പറഞ്ഞിരുന്നതെല്ലാം തെറ്റാണെന്നു സമ്മതിക്കേണ്ടി വരും.

 


ഓപ്പറേഷന്‍ ട്വിന്‍സിലെ ചില യഥാര്‍ത്ഥ ‘ട്വിന്‍സ്’ ഇതാ..

Previous article‘സ്നേഹ’ത്തിന്റെ യഥാര്‍ത്ഥ മുഖം
Next articleഅദാനി ബോംബ് ശൂ….
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here