Reading Time: 7 minutes

കേരള നിയമസഭയില്‍ ബി.ജെ.പി. പ്രതിനിധിയുള്ള ഏക മണ്ഡലമാണ് നേമം. നിലവിലെ എം.എല്‍.എ. ഒ.രാജഗോപാലിന് അവര്‍ ഇക്കുറി മത്സരിക്കാന്‍ സീറ്റു നല്‍കിയില്ല. ‘പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’ എന്നു പരസ്യമായി പറഞ്ഞ് തുടരാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചുവെങ്കിലും വെട്ടിപ്പോയി. രാജഗോപാലിനോട് ആലോചിക്കുക പോലും ചെയ്യാതെ കുമ്മനം രാജശേഖരന്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. അദ്ദേഹത്തിന്റേതായി വന്ന ‘നേമം കേരളത്തിലെ ഗുജറാത്താണ്’ എന്ന പ്രസ്താവന ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ഇതിലുള്ള അതൃപ്തി രാജഗോപാല്‍ പരസ്യമാക്കിയിട്ടുമുണ്ട്.

ഇത്തവണയും വി.ശിവന്‍കുട്ടി തന്നെയാണ് സി.പി.എമ്മിനു വേണ്ടി പട നയിക്കുന്നത്. എല്‍.ഡി.എഫില്‍ നിന്ന് അദ്ദേഹമല്ലാതെ വേറെ ആര് എന്ന ചോദ്യമുയരുന്നതും സ്വാഭാവികം. തോറ്റുവെങ്കിലും ശിവന്‍കുട്ടി കഴിഞ്ഞ അഞ്ചു വര്‍ഷവും നേമത്തു തന്നെയുണ്ടായിരുന്നു. നേമത്തു നിന്നു ജയിച്ചു പോയ എം.എല്‍.എ. ആ വഴി പോയി. ഫ്ലാറ്റിന്റെ 13-ാം നിലയില്‍ ആര്‍ക്കും എത്തിപ്പെടാനാവാത്തിടത്ത് രാജഗോപാല്‍ ‘സുരക്ഷിതനായി’ ഇരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുക എന്നതിലേക്കു മാത്രമായി എം.എല്‍.എയുടെ കര്‍ത്തവ്യം ഒതുങ്ങി. അതിനാല്‍ത്തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നാട്ടുകാര്‍ പഴയതുപോലെ ശിവന്‍കുട്ടിയുടെ വീട്ടിലെത്തി. സര്‍ക്കാര്‍ ഇടതുമുന്നണിയുടേത് ആയതിനാല്‍ തന്നെക്കൊണ്ടാവുന്ന കാര്യങ്ങള്‍ അദ്ദേഹം നടത്തിക്കൊടുക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് ആ സ്നേഹമുണ്ട്. ആ കരുത്തുമായിട്ടാണ് ശിവന്‍കുട്ടി ഇപ്പോള്‍ വീണ്ടും കളത്തിലിറങ്ങുന്നത്.

എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി പ്രചാരണത്തില്‍

‘വോട്ടുകച്ചവടം’ ആക്ഷേപത്തിന്റെ രൂപത്തിലാണ് ആദ്യം വന്നതെങ്കിലും ഒടുവില്‍ അതിന്റെ തെളിവുകള്‍ പുറത്തുവന്നത് യു.ഡി.എഫിനെ നേമത്ത് പ്രതിസന്ധിയിലാക്കിയ വസ്തുതയാണ്. ‘നേമത്ത് കരുത്തന്‍ വരും’ എന്ന് ആദ്യമേ തന്നെ പ്രതികരിക്കാന്‍ യു.ഡി.എഫ്. നേതൃത്വത്തെ ഇത്തവണ പ്രേരിപ്പിച്ചതും ഈ നാണക്കേടാണ്. കരുത്തനായുള്ള ‘പരതല്‍’ നടക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ പേരുകള്‍ വന്നുവെങ്കിലും ഒടുവില്‍ നറുക്കു വീണത് വടകരയില്‍ നിന്നുള്ള എം.പിയായ കെ.മുരളീധരനാണ്. എം.പിമാര്‍ക്ക് ആര്‍ക്കും നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റ് കൊടുക്കേണ്ടെന്ന ആദ്യ തീരുമാനം നേമത്തിന്റെ കാര്യത്തില്‍ സൗകര്യപൂര്‍വ്വം മറന്നു. അങ്ങനെ 2016ലെ ത്രികോണ മത്സരം 2021ലും ആവര്‍ത്തിക്കുകയാണ്.

നേമത്തെ രാഷ്ട്രീയ കാലാവസ്ഥ കൃത്യമായി വിലയിരുത്തണമെങ്കില്‍ 2011 മുതലുള്ള കണക്കുകള്‍ നോക്കണം. 2016ല്‍ എന്തു സംഭവിച്ചു എന്നറിയാന്‍ അതാവശ്യമാണ്. 2021ല്‍ എന്തു സംഭവിക്കാനാണ് സാദ്ധ്യത എന്നു മനസ്സിലാക്കാനും ഈ അവലോകനം കൂടിയേ തീരൂ. ത്രികോണ മത്സരമാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവിടെ ദ്വികോണമേ ഉള്ളൂ -നേമത്തെ ഗുജറാത്താക്കാന്‍ നില്‍ക്കുന്ന ബി.ജെ.പി. ഒരു ഭാഗത്തും അതിനെ ചെറുത്തു തോല്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാന്‍ നില്‍ക്കുന്ന എല്‍.ഡി.എഫ്. മറുഭാഗത്തും. ഇതില്‍ മതനിരപേക്ഷ ചേരി വിജയിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ദൗത്യമാണ് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും യു.ഡി.എഫിന്. അതേയുള്ളൂ അവര്‍ക്ക് ജോലി. കണക്കുകളുടെ നില്പ് അങ്ങനെയാണ്.

ബി.ജെ.പി. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വാഹനപര്യടനം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് നേമം. ഇടത് -വലത് മുന്നണികള്‍ക്കു തോള്‍ ചേര്‍ന്ന് ബി.ജെ.പിയും നിന്ന ത്രികോണപോരില്‍ ആര് ലക്ഷ്യം കാണുമെന്നത് പ്രവചനാതീതമായിരുന്നു. തിരുവനന്തപുരം ഈസ്റ്റിലും അതു പുനഃക്രമീകരിച്ചുണ്ടായ നേമത്തും തുടര്‍ച്ചയായി ജയിച്ച ശേഷം ഹാട്രിക് ലക്ഷ്യമിട്ടിറങ്ങിയ ശിവന്‍കുട്ടിക്ക് അന്തിമഫലം വന്നപ്പോള്‍ കാലിടറി. താമര വിരിഞ്ഞു. ബി.ജെ.പിയിലെ രാജഗോപാല്‍ ജയിച്ചത് 8,671 വോട്ടുകള്‍ക്ക്. വി.സുരേന്ദ്രന്‍ പിള്ളയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെന്ന് ഞാന്‍ അന്നു വിളിച്ചറിയിക്കുമ്പോള്‍ ശിവന്‍കുട്ടിയുടെ ആദ്യ പ്രതികരണം ഓര്‍ത്തുപോകുന്നു -‘ഓ, അപ്പോള്‍ നമുക്ക് ജോലി കൂടും. കോണ്‍ഗ്രസ് മത്സരിക്കുന്നു എന്നാ കേട്ടിരുന്നത്. കോണ്‍ഗ്രസ്സായിരുന്നെങ്കില്‍ നമുക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു.’ ആ വിലയിരുത്തല്‍ അന്തിമവിശകലനത്തില്‍ സത്യമായി.

തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പുവരെ എല്‍.ഡി.എഫിന്റെ സര്‍ക്കാര്‍വിരുദ്ധ സമരങ്ങളില്‍ ശിവന്‍കുട്ടിക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്ന സുരേന്ദ്രന്‍ പിള്ള അവസാനനിമിഷം പക്ഷം മാറി ജെ.ഡി.യുവിന്റെ പേരില്‍ യു.ഡി.എഫ്. പട നയിക്കാനെത്തിയത് പലരുടെയും പുരികം ചുളിച്ചിരുന്നു. 1984ല്‍ പുനലൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍ പിള്ള ജയിച്ചിട്ടുണ്ട്. ‘തറവാട്ടില്‍ മടങ്ങിയെത്തി അല്ലേ’ എന്നാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച ശേഷം കണ്ടപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍, സുരേന്ദ്രന്‍ പിള്ളയെ വരത്തനായിട്ടു തന്നെയാണ് നേമത്തെ കോണ്‍ഗ്രസ്സുകാര്‍ കണ്ടത്. വോട്ടിങ്ങില്‍ അതു പ്രതിഫലിക്കുകയും ചെയ്തു.

പ്രചാരണ യോഗത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ സംസാരിക്കുന്നു

ഏറ്റവും കുറഞ്ഞത് 25,000 കോണ്‍ഗ്രസ്സുകാരെങ്കിലും ഉള്ള മണ്ഡലമാണ് നേമം. ശിവന്‍കുട്ടി യുഗത്തിനു മുമ്പ് തിരുവനന്തപുരം ഈസ്റ്റായിരുന്ന വേളയില്‍ മൂന്നു തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിച്ച മണ്ഡലം. പക്ഷേ, സുരേന്ദ്രന്‍ പിള്ള വളരെ പിന്നില്‍ പോയി. അതിന്റെ കാരണം എന്തായിരുന്നുവെന്ന് സുരേന്ദ്രന്‍ പിള്ള മാത്രമല്ല നേമത്ത് ജയിച്ച രാജഗോപാലും ഇപ്പോള്‍ പരസ്യമായി പറഞ്ഞു കഴിഞ്ഞു. അതു വിലയിരുത്തുന്നതിനു മുമ്പ് ചില കണക്കുകള്‍ നോക്കണം.

2016 നിയമസഭയിലെ വോട്ട്
ബി.ജെ.പി. -67,813
എല്‍.ഡി.എഫ്. -59,142
യു.ഡി.എഫ്. -13,860

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ചാരുപാറ രവിക്ക് കിട്ടിയത് 20,248 വോട്ടുകള്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ശശി തരൂര്‍ അത് 32,639 വോട്ടുകളാക്കി ഉയര്‍ത്തി. 2015ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് വീണ്ടു കുറഞ്ഞു -26,035 വോട്ടുകള്‍. ഈ കണക്കുകള്‍ പ്രകാരം സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്താവുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു. പക്ഷേ, വോട്ട് ഇത്രയും താഴെപ്പോകുമെന്ന് ആരും കരുതിയില്ല. സംസ്ഥാനത്ത് യു.ഡി.എഫിന് ഏറ്റവും കുറച്ച് വോട്ടുകള്‍ ലഭിച്ച മണ്ഡലമായി നേമം മാറി. നേമത്തെ സംബന്ധിച്ച എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് ഇതാണ്.

2011ല്‍ ലഭിച്ച 50,076 വോട്ടുകള്‍ 2016ല്‍ ശിവന്‍കുട്ടി 59,142 ആക്കി ഉയര്‍ത്തിയിട്ടും ജയിക്കാനായില്ല. 2011ലെ 43,661 വോട്ടുകള്‍ രാജഗോപാല്‍ 2016ല്‍ 67,813 വോട്ടുകളാക്കി ഉയര്‍ത്തിയതാണ് കാരണം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 50,685 വോട്ടുകള്‍ നേടിയത് 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 42,124 വോട്ടുകളായി കുറഞ്ഞിരുന്നു. എന്നാല്‍, ഈ നഷ്ടം യു.ഡി.എഫിന്റെ പെട്ടിയില്‍ നിന്നു വാരി നികത്തി ലീഡെടുത്ത് രാജഗോപാല്‍ ജയിച്ചുകയറി. 2011ല്‍ 6,415 വോട്ടിന് രാജഗോപാല്‍ തോറ്റിടത്ത് 2016ല്‍ 8,671 വോട്ടുകള്‍ക്ക് ജയിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ പലയിടത്തും യു.ഡി.എഫിന്റെ ബൂത്തുകള്‍ കാണാതായപ്പോള്‍ തന്നെ ശിവന്‍കുട്ടി പരാജയം മണത്തിരുന്നു എന്നാണ് അറിവ്. ആ വിലയിരുത്തല്‍ ഒടുവില്‍ ഫലം വന്നപ്പോള്‍ സത്യമായി.

സാമുദായിക താല്‍പര്യങ്ങളും അടിയൊഴുക്കുകളും നിര്‍ണായകമായ നേമം മണ്ഡലത്തില്‍ നായര്‍ സമുദായമാണ് ഭൂരിപക്ഷം -22 ശതമാനം. 18 ശതമാനം ഈഴവരും 10 ശതമാനം പട്ടികജാതി വിഭാഗക്കാരുമുണ്ട്. എന്നാല്‍, 20 ശതമാനമുള്ള മുസ്‌ലിം വോട്ടുകളാണ് 2011ലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. 2016ല്‍ സാമുദായിക പരിഗണനകള്‍ കവച്ചുവെയ്ക്കുന്ന തലത്തിലേക്ക് അടിയൊഴുക്കുകള്‍ പ്രാധാന്യം നേടി. ഈ അടിയൊഴുക്കുകള്‍ 2021ലും നേമത്ത് ചര്‍ച്ചാവിഷയമാണ്. സുരേന്ദ്രന്‍ പിള്ളയും രാജഗോപാലും നടത്തിയ വെളിപ്പെടുത്തലുകള്‍ അതിന് അഗ്നിപകര്‍ന്നു എന്നത് ശരിയാണ്.

നേമത്ത് ജയിക്കാനാണ് വന്നതെന്ന് കെ.മുരളീധരന്‍ അവകാശപ്പെടുന്നതു കണ്ടു. എല്ലാ സര്‍വേകളും എല്‍.ഡി.എഫിന്റെ തുടര്‍ഭരണം പ്രവചിക്കുന്ന ഈ വേളയില്‍ ജയിച്ചാലും അദ്ദേഹം പ്രതിപക്ഷ നിരയിലെ വെറുമൊരു എം.എല്‍.എ. ആയി തുടരുമോ എന്നത് കണ്ടറിയണം. കാരണം ‘സാദാ’ എം.എല്‍.എയെക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പായും ലഭിക്കുന്നത് എം.പിക്കാണെന്ന് ആര്‍ക്കാണറിയാത്തത്! വടകര എം.പി. സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം തീരുമാനിക്കുക സ്വാഭാവികം. നേമത്ത് ജയിച്ചാലും തോറ്റാലും വടകര എം.പിയായി മുരളീധരന്‍ തുടരും. നേമത്ത് മുരളിയെങ്ങാനും ജയിക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പെന്നു സാരം. അതു നടക്കില്ലെന്നത് വേറെ കാര്യം.

പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ശിവന്‍കുട്ടിയും കുമ്മനവും തമ്മില്‍ നേരിട്ടായിരുന്നു മത്സരം. മുരളി കൂടി വന്നതോടെ കളി മാറി. യു.ഡി.എഫിന്റെ പ്രചാരണം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നേമത്തെ ന്യൂനപക്ഷ മേഖലകളിലാണ്. ആ വോട്ട് ഉറപ്പിക്കുന്നതിലൂടെ കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി മുഖം രക്ഷിക്കുക എന്നതാണ് യു.ഡി.എഫ്. ദൗത്യം. ഇതിനായി ‘മുരളി ജയിക്കും’ എന്ന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. ബി.ജെ.പിയെ ചെറുക്കുക എന്നതു മാത്രം ലക്ഷ്യമാക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇതു വിശ്വസിച്ചാല്‍ കൈപ്പത്തിയില്‍ വോട്ടു വീഴും. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുത്തിയതുപോലെ. ഇത് ഫലത്തില്‍ കഴിഞ്ഞ തവണത്തെ ഫലം -ബി.ജെ.പി. ജയം- ആവര്‍ത്തിക്കാനാണ് സഹായിക്കുക. മുരളീധരന്റെ ലക്ഷ്യം തന്നെ അതാണെന്നും മണ്ഡലത്തില്‍ സംസാരമുണ്ട്. ഇവിടെ കുമ്മനത്തിന്റെ ജയം സാദ്ധ്യമാക്കുന്നതിനു പകരം തൃശ്ശൂരില്‍ മുരളിയുടെ സഹോദരി പത്മജാ വേണുഗോപാലിനെ ബി.ജെ.പിക്കാര്‍ വിജയിപ്പിക്കുമെന്ന രീതിയിലാണ് ചര്‍ച്ച. ഇതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയണമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയേണ്ടി വരും. 2016ലും അങ്ങനെയായിരുന്നല്ലോ, ഫലം വന്നപ്പോഴാണ് അടിയൊഴുക്ക് മനസ്സിലായത്.

നേമത്തു നിന്ന് എന്തായാലും രണ്ടു ഫലമേ വരാനിടയുള്ളൂ -വി.ശിവന്‍കുട്ടി അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ ജയിക്കും. ഇതു പറയാനുള്ള കാരണം 2011 മുതലുള്ള വോട്ടു കണക്കിലുണ്ട്.

യു.ഡി.എഫ് വോട്ട് നില
2011 നിയമസഭ -20,268
2014 ലോക്സഭ -32,639
2015 തദ്ദേശം -26,035
2016 നിയമസഭ -13,860
2019 ലോക്സഭ -46,472
2020 തദ്ദേശം -24,975

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,268 വോട്ടു മാത്രം നേടിയ യു.ഡി.എഫ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 32,639 വോട്ടിലേക്ക് വളര്‍ന്നു. 2015 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 26,035 വോട്ടിലേക്കു കുറഞ്ഞതാണ് 2016 നിയമസഭയില്‍ 13,860ലേക്കു വീണ്ടും കൂപ്പുകുത്തിയത്. എന്നാല്‍ 2019 ലോക്സഭയില്‍ 46,472 ആയി വീണ്ടും വോട്ട് വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തിനു ശേഷം 2020 തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 24,975 ആയി വീണ്ടും കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 46,472 വോട്ടുകളുടെ കൂടെ ന്യൂനപക്ഷ വോട്ടുകള്‍ കൂടി മൊത്തത്തില്‍ നേടിയാല്‍ ജയിച്ചു കയറാം എന്നാണ് മുരളി ക്യാമ്പിന്റെ പ്രചാരണം. എന്നാല്‍, അവര്‍ സൗകര്യപൂര്‍വ്വം തദ്ദേശ തിരഞ്ഞെടുപ്പിലെ 24,975 എന്ന സംഖ്യ മറച്ചുപിടിക്കുന്നു.

യഥാര്‍ത്ഥത്തില്‍ യു.ഡി.എഫിന് നേമം മണ്ഡലത്തിലുള്ള ഉറച്ച വോട്ട് ഈ 25,000 മാത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രം യു.ഡി.എഫിന് വോട്ട് വര്‍ദ്ധിക്കുന്ന പ്രതിഭാസം കാണുന്നുണ്ട്. അത് ബി.ജെ.പിയുടെ കടന്നുകയറ്റം തടയാന്‍ ഇടതുപക്ഷ സഹയാത്രികര്‍ കൂട്ടത്തോടെ ശശി തരൂരിന് വോട്ട് മാറ്റിച്ചെയ്യുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രം സ്ഥിരമായി ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്കു പോകുന്നതിന്റെ കാരണം മറ്റൊന്നല്ല. നിയമസഭയിലായിരുന്നാലും തദ്ദേശത്തിലായിരുന്നാലും എല്‍.ഡി.എഫ്. നേമത്ത് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉറച്ചുനില്പുണ്ട്. അതും യു.ഡി.എഫിനെക്കാള്‍ വ്യക്തമായ മേല്‍ക്കൈയുമായി. ശശി തരൂരിന് കിട്ടുന്ന ഇടതുപക്ഷ വോട്ടുകള്‍ മുരളീധരന് നിയമസഭയില്‍ കിട്ടുമെന്നു പറയുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

ബി.ജെ.പി. വോട്ട് നില
2011 നിയമസഭ -43,661
2014 ലോക്സഭ -50,685
2015 തദ്ദേശം -42,124
2016 നിയമസഭ -67,813
2019 ലോക്സഭ -58,513
2020 തദ്ദേശം -53,415

2011 മുതല്‍ ചെറിയ ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ബി.ജെ.പി. തങ്ങളുടെ വോട്ട് ഉറപ്പിച്ചുനിര്‍ത്തുന്നുണ്ട്. 2011 നിയമസഭയിലെ 43,611 പിന്നീട് 2014 ലോക്സഭയില്‍ 50,685ലേക്ക് ഉയര്‍ത്തിയെങ്കിലും 2015 തദ്ദേശത്തില്‍ 42,124ലേക്കു കുറഞ്ഞു. അതാണ് 2016ല്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ കൂടി വാരി 67,813ല്‍ എത്തിച്ച് വിജയമാക്കി രാജഗോപാല്‍ മാറ്റിയത്. 2019ലെ ലോക്സഭയിലും ബി.ജെ.പിക്ക് 58,513 വോട്ട് നേടാനായി. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 53,415 വോട്ടുകളായി കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് കുമ്മനത്തിന് നിലനിര്‍ത്താനാവുമോ എന്നതാണ് ഇനി അറിയേണ്ടത്. വ്യക്തിപ്രഭാവം മൂലം തനിക്കു ലഭിച്ച വോട്ടുകള്‍ എന്തായാലും കുമ്മനത്തിന് കിട്ടില്ലെന്ന് രാജഗോപാല്‍ തന്നെ പറഞ്ഞുകഴിഞ്ഞു. എന്തായാലും 40,000 ഉറച്ച വോട്ടുകള്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കുണ്ട് എന്നാണ് വിലയിരുത്തല്‍.

എല്‍.ഡി.എഫ്. വോട്ട് നില
2011 നിയമസഭ -50,076
2014 ലോക്സഭ -31,799
2015 തദ്ദേശം -43,882
2016 നിയമസഭ -59,142
2019 ലോക്സഭ -33,921
2020 തദ്ദേശം -53,509

എല്‍.ഡി.എഫിന് നേമം മണ്ഡലത്തില്‍ ഉറച്ച 43,000 വോട്ടുകളുണ്ട്. ശിവന്‍കുട്ടി ഒരു പ്രവര്‍ത്തനവും നടത്തിയില്ലെങ്കിലും ആ 43,000 വോട്ട് ഫിക്സഡ് ഡെപോസിറ്റ് പോലെ പെട്ടിയില്‍ വീഴും. ഇതിനു ശേഷം വരുന്ന നിഷ്പക്ഷ -ന്യൂനപക്ഷ വോട്ടുകളാണ് എല്‍.ഡി.എഫിന്റെ ജയവും പരാജയവും നിര്‍ണ്ണയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒഴികെ മറ്റെല്ലാ ഘട്ടത്തിലും ഈ വോട്ട് ഉറപ്പായും ഇടതുപക്ഷത്ത് കാണാനാവും. ലോക്സഭയില്‍ ബി.ജെ.പിയെ തോല്പിക്കാന്‍ ശേഷിയുള്ള ഇടതുസ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ അപ്പോഴും ഈ 43,000 വോട്ട് പെട്ടിയില്‍ വീഴും. അതില്ലാത്തതുകൊണ്ടാണ് ശശി തരൂരിലേക്ക് ആ ഘട്ടത്തില്‍ വഴിമാറുകയോ മനഃപൂര്‍വ്വം വഴിതിരിക്കുകയോ ചെയ്യുന്നത്. 2011 നിയമസഭയില്‍ 50,076, 2015 തദ്ദേശത്തില്‍ 43,882, 2016 നിയമസഭയില്‍ 59,142, 2020 തദ്ദേശത്തില്‍ 53,509 എന്നിങ്ങനെയാണ് എല്‍.ഡി.എഫ്. പ്രകടനം. ഇതിനിടെ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രം കുറഞ്ഞു -2014ല്‍ 31,799 വോട്ടും 2019ല്‍ 33,921 വോട്ടും.

നേമം നിയമസഭാ മണ്ഡലത്തില്‍ 2020 തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫാണ് ഒന്നാം സ്ഥാനത്ത് -53,509 വോട്ട്. കൂടുതല്‍ വാര്‍ഡുകള്‍ വിജയിച്ചുവെങ്കിലും ബി.ജെ.പിക്ക് വോട്ട് 53,415 ആണ്. എല്‍.ഡി.എഫിനെക്കാള്‍ 94 വോട്ടുകള്‍ മാത്രം പിന്നില്‍. യു.ഡി.എഫിന് വെറും 24,975 വോട്ടുകളേയുള്ളൂ. ശക്തമായ ത്രികോണ മത്സരത്തില്‍ പോളിങ് ശതമാനം കൂടുകയാണെങ്കില്‍ നേമത്ത് വിജയിക്കുന്ന സ്ഥാനാര്‍ത്ഥി 60,000 വോട്ടുകള്‍ നേടേണ്ടി വരും. ജയിക്കുമെന്ന അവകാശവാദം ഏറ്റവും ശക്തമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കെ.മുരളീധരന് അത് സാദ്ധ്യമാവണമെങ്കില്‍ ഇനി 35,000 വോട്ടുകള്‍ വേണം. ശിവന്‍കുട്ടിക്കും കുമ്മനത്തിനും ജയിക്കാന്‍ 7,000 വോട്ട് വീതം നിലവിലുള്ളതിനെക്കാള്‍ അധികം നേടിയാല്‍ മതി. ഇത് നേടാന്‍ കുമ്മനത്തിനെക്കാള്‍ സാദ്ധ്യത ശിവന്‍കുട്ടിക്കു തന്നെയാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസ്സില്‍ നിന്നു ബി.ജെ.പിയിലേക്കു വന്ന ഒരു ഭാഗം വോട്ടുകള്‍ മുരളി കാരണം തിരികെപ്പോയേക്കാം എന്നത് കുമ്മനത്തിനു വിനയാണ്. മാത്രവുമല്ല രാജഗോപാലിനുണ്ടായിരുന്ന പൊതുസ്വീകാര്യത കടുത്ത ആര്‍.എസ്.എസ്സുകാരനും ഹിന്ദുത്വവാദിയുമായ കുമ്മനത്തിന് ഇല്ലാത്തത് അദ്ദേഹത്തിന്റെ വോട്ടുകളില്‍ വികാസത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നു. രാജഗോപാലിന് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ വരെ വോട്ടു ചെയ്തിരുന്നുവെങ്കില്‍ കുമ്മനത്തിന് തീവ്രഹിന്ദു സമൂഹത്തിനു പുറത്ത് ഒരു വോട്ടു പോലും കിട്ടാന്‍ സാദ്ധ്യതയില്ല.

നേമം നിയമസഭാ മണ്ഡലത്തില്‍ 2020 തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില

ഇവിടെയാണ് ശിവന്‍കുട്ടിയും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ രസതന്ത്രം നിര്‍ണ്ണായകമാവുന്നത്. നേമം ഗുജറാത്തല്ല എന്നു തെളിയിക്കാനും തീവ്രഹിന്ദുത്വ നിലപാടുകള്‍ നിമിത്തമുള്ള ചീത്തപ്പേര് ഒഴിവാക്കാനും മതേതര ഹിന്ദുക്കള്‍ ശിവന്‍കുട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ട്. മുസ്ലിങ്ങളുമായും ക്രൈസ്തവരുമായും സമാധാനപരമായ സഹവര്‍ത്തിത്വം സാദ്ധ്യമാക്കുന്നതിന് നേമത്ത് ബി.ജെ.പി. തോല്‍ക്കണം എന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഇവര്‍ക്കൊപ്പം മതേതര സമൂഹത്തില്‍ സമാധാനം പുലരണമെന്ന ലക്ഷ്യവുമായി ന്യൂനപക്ഷങ്ങളും ചേരുകയാണെങ്കില്‍ നേമത്തെ ബി.ജെ.പി. അക്കൗണ്ട് ശിവന്‍കുട്ടി ക്ലോസ് ചെയ്യും. എന്നാല്‍, ജയിക്കാന്‍ ഒരു സാദ്ധ്യതയുമില്ലെങ്കിലും താന്‍ ജയിക്കും എന്ന മുരളിയുടെ പ്രചാരണത്തില്‍ ന്യൂനപക്ഷങ്ങള്‍ വീഴുകയാണെങ്കില്‍ ഫലം മറ്റൊന്നാകും. 2,000ല്‍ താഴെ ഭൂരിപക്ഷത്തിലാണെങ്കിലും കുമ്മനം രാജശേഖരന്‍ ജയിച്ചുപോയേക്കാം. ഇപ്പോഴത്തെ നിലയില്‍ ഇതിന് സാദ്ധ്യത കുറവാണ്.

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ എന്തും സംഭവിക്കാം. നേമം ആത്മാഭിമാനം വീണ്ടെടുക്കുമോ?

Previous articleഅദാനി ബോംബ് ശൂ….
Next articleആരോപണവും താരതമ്യവും
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

COMMENTS