HomeGOVERNANCEമുഖ്യമന്ത്രിയ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റിയോ?

-

Reading Time: < 1 minute

എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സി.എം.ഡി.ആർ.എഫ്.) നിന്ന് 262 കോടി രൂപ വകമാറ്റിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) കണ്ടെത്തിയെന്ന തരത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ചില കേന്ദ്രങ്ങൾ. ഇതിൽ എത്രമാത്രം സത്യമുണ്ട്?

2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സി.എ.ജി. ഓഡിറ്റ് റിപ്പോർട്ടിലെ ഒരു ഭാഗം മാത്രം ഉയർത്തിക്കാട്ടിയാണ് ഈ പ്രചാരണം. ശരിക്കും വ്യാജപ്രചാരണം എന്നു തന്നെ പറയാം. സ്റ്റേറ്റ് ട്രഷറി സേവിങ്സ് ബാങ്ക് (എസ്.ടി.എസ്.ബി.) അക്കൗണ്ടുകളിൽ കിടന്നിരുന്ന തുക സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിലേക്ക് (Consolidated Fund) തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട 262.06 കോടി രൂപയുടെ പരാമർശം ഉൾപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ടിൻ്റെ 139ാം പേജിൽ, 5 എസ്.ടി.എസ്.ബി. അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പൊതുസംഭാവനകളായ 262.06 കോടി രൂപ സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ സർക്കാർ ഇതര ഫണ്ടുകൾ സഞ്ചിത നിധിയിലേക്ക് മാറ്റിയത് ക്രമരഹിതമാണെന്ന നിരീക്ഷണമാണ് സി.എ.ജി. രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സാമ്പത്തിക വർഷാവസാനത്തിൽ എസ്.ടി.എസ്.ബി. അക്കൗണ്ടുകളിൽ വിനിയോഗിക്കാതെ കിടക്കുന്ന തുക പൊതു കണക്കിൻ്റെ വലിപ്പം ക്രമീകരിക്കുന്നതിനായി എല്ലാ വർഷവും സഞ്ചിത നിധിയിലേക്ക് മാറ്റാറുണ്ടെന്ന സർക്കാർ വിശദീകരണവും അതേ ഭാഗത്ത് തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഇത്തരത്തിൽ തിരിച്ചെടുത്ത തുക അടുത്ത സാമ്പത്തിക വർഷത്തിൻ്റെ ആദ്യവാരത്തിൽ തന്നെ അതത് അക്കൗണ്ടുകളിലേക്ക് വീണ്ടും ക്രെഡിറ്റ് ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വകമാറ്റിയെന്ന പ്രചാരണം നടത്തുന്നവർ സൗകര്യപൂര്‍വ്വം ഇത് മറച്ചുവെയ്ക്കുകയാണ്.

സാമ്പത്തിക വർഷാവസാനമായ മാർച്ച് 31ന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗ്രാൻ്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ എന്നിവയുടെ ട്രഷറി അക്കൗണ്ടുകളിൽ ചെലവഴിക്കാതെ കിടക്കുന്ന തുക സഞ്ചിത നിധിയിലേക്ക് മാറ്റുകയും പുതിയ സാമ്പത്തിക വർഷാരംഭത്തിൽ അവ അതത് അക്കൗണ്ടുകളിലേക്ക് തിരിച്ചുനൽകുകയും ചെയ്യുന്ന രീതി സംസ്ഥാനത്ത് നിലവിലുണ്ട്. വർഷങ്ങളായി പിന്തുടരുന്ന ഒരു അക്കൗണ്ടിങ് നടപടിക്രമമാണിത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം മറ്റേതെങ്കിലും ആവശ്യത്തിനായി വിനിയോഗിച്ചതായോ സ്ഥിരമായി വകമാറ്റിയതായോ റിപ്പോർട്ടിൽ എവിടെയും പരാമർശിക്കുന്നില്ല. എസ്.ടി.എസ്.ബി. അക്കൗണ്ടിൽ നിന്ന് സഞ്ചിത നിധിയിലേക്കും പിന്നീട് തിരിച്ചും തുക മാറ്റിയ നടപടി ക്രമരഹിതമാണെന്ന നിരീക്ഷണം മാത്രമാണ് സി.എ.ജി. നടത്തിയിട്ടുള്ളത്. സാമ്പത്തിക നഷ്ടമോ ദുരുപയോഗമോ സംബന്ധിച്ച ആരോപണങ്ങൾ റിപ്പോർട്ടിലില്ല. റിപ്പോർട്ടിലെ യഥാർഥ പരാമർശങ്ങളും അക്കൗണ്ടിങ് നടപടിക്രമത്തിൻ്റെ സ്വഭാവവും മനസ്സിലാക്കിയാണ് വിഷയത്തെ വിലയിരുത്തേണ്ടതെന്ന് ഇതിൽ നിന്നു വ്യക്തമാവുന്നു.

ലക്ഷക്കണക്കിന് ആളുകൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ റിപ്പോർട്ടിനെ തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത് ഈ സാഹചര്യത്തിലാണ്.

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RELATED insights

COMMENTS

LATEST insights