HomeGOVERNANCEകേരളത്തിലെ ഖന...

കേരളത്തിലെ ഖനനത്തിന് അടിത്തറ പാകിയത് യു.‍ഡി.എഫ്.

-

Reading Time: 2 minutes

കേരളത്തിൽ ഖനന പ്രവർത്തനങ്ങൾക്കുള്ള വഴിയൊരുക്കിയത് ഏത് സർക്കാരാണെന്ന ചർച്ച വീണ്ടും സജീവമാകുകയാണ്. പോക്കറ്റടിക്കാരൻ ‘കള്ളൻ കള്ളൻ’ എന്നു വിളിച്ച് മുന്നിലോടുന്ന പോലെയാണ് യു.ഡി.എഫിൻ്റെ നില്പ്. 1995 മുതൽ 2026 വരെയുള്ള സർക്കാർ ഉത്തരവുകളും ഭരണനടപടികളും പരിശോധിക്കുമ്പോൾ ഖനന പദ്ധതിയുടെ പരിണാമം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതിൻ്റെയും അതിൽ യു.ഡി.എഫ്. നടത്തിയ ഖനനാനുകൂല നീക്കങ്ങളുടെയും തെളിവുകൾ പുറത്തുവരുന്നു.

ഖനന പദ്ധതിക്ക് തുടക്കമിട്ടതും സ്ഥാപനങ്ങൾക്ക് രൂപം നൽകിയതും വിവിധ അനുമതികൾ നൽകിയതും യു.ഡി.എഫ്. സർക്കാരുകളാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ പൊതുതാല്പര്യം സംരക്ഷിക്കുന്ന രീതിയില്‍ ഖനന പദ്ധതിയുടെ ഭരണപരമായ ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവന്നത് എൽ.ഡി.എഫ്. സർക്കാരുകളാണ്.

1995 നവംബർ 16ന് വെസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ ലിമിറ്റഡിന് (ഡബ്ല്യു.എസ്.ഐ.എൽ.) സംയുക്ത സംരംഭത്തിന് കേരള സർക്കാർ തത്വത്തിൽ അനുമതി നൽകിയതാണ് നടപടികളുടെ തുടക്കം. ജി.ഒ.(എം.എസ്.) 185/95/ഇൻഡസ്ട്രീസ് പ്രകാരമാണ് അനുമതി നൽകിയത്. യു.ഡി.എഫ്. ഭരണകാലത്ത് എടുത്ത ഈ തീരുമാനത്തിലൂടെ പദ്ധതിക്ക് സർക്കാർ തലത്തിൽ ആദ്യ അനുമതി ലഭിച്ചു.

തുടർന്ന് 1996 മാർച്ച് 29ന് ഡബ്ല്യു.എസ്.ഐ.എല്ലും കൊച്ചിൻ മിനറൽസ് ആൻ‍ഡ് റൂട്ടൈൽസ് ലിമിറ്റഡും (സി.എം.ആർ.എൽ.) തമ്മിലുള്ള സംയുക്ത സംരംഭത്തിന് ജി.ഒ.(എം.എസ്.) 84/96/ഇൻഡസ്ട്രീസ് പ്രകാരം അംഗീകാരം നൽകി. ഇതും യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്താണ് നടപ്പാക്കിയത്. ഇതോടെ സ്വകാര്യ പങ്കാളിത്തത്തോടെ ഖനന പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ കൂടുതൽ വ്യക്തമായി.

2002 ഒക്ടോബർ 22ന് കായംകുളം പൊഴി-ആലപ്പുഴ സംയുക്ത സംരംഭത്തിന് ജി.ഒ.(എം.എസ്.) 101/2002/ഇൻഡസ്ട്രീസ് പ്രകാരം വീണ്ടും സർക്കാർ അനുമതി നൽകി. ഈ തീരുമാനവും യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്തായിരുന്നു. ഈ കാലഘട്ടത്തിലാണ് ആലപ്പുഴ തീരം ഖനനത്തിനായി ആദ്യമായി തുറന്നുകൊടുക്കുന്ന നടപടികൾ ആരംഭിച്ചത്.

ഖനന പദ്ധതിയുടെ അടുത്ത നിർണായക ഘട്ടം 2003 മേയ് 5നാണ്. ആലപ്പുഴ–തൃക്കുന്നപ്പുഴ മേഖലയിൽ പദ്ധതിയുടെ നടത്തിപ്പിനായി കേരള റെയർ എർത്ത്‌സ് ആൻഡ് മിനറൽസ് ലിമിറ്റഡ് (കെ.ആർ.ഇ.എം.എൽ.) രൂപവത്കരിക്കാൻ ജി.ഒ.(എം.എസ്.) 50/2003/ഇൻഡസ്ട്രീസ് പ്രകാരം സർക്കാർ അനുമതി നൽകി. യു.ഡി.എഫ്. ഭരണകാലത്ത് എടുത്ത ഈ തീരുമാനത്തിലൂടെ സി.എം.ആർ.എല്ലിന് 63 ശതമാനം ഓഹരിയുള്ള സംയുക്ത സംരംഭത്തിന് സ‍ർക്കാർ രൂപം നൽകി. തുടർന്ന് 2004 സെപ്റ്റംബർ 15ന് ജി.ഒ.(എം.എസ്.) 105/2004/ഇൻഡസ്ട്രീസ് പ്രകാരം കെ.ആർ.ഇ.എം.എല്ലിന് ഖനനത്തിനുള്ള അന്തിമ അനുമതിയും യു.ഡി.എഫ്. നല്കി.

പദ്ധതിയുടെ ഭരണനടപടികൾ അതിനുശേഷവും തുടർന്നു. 2006 ജനുവരി 1ന് ലെറ്റർ നമ്പ‌ർ 12320/എ3/2005 പ്രകാരം ചവറ ബ്ലോക്കിലെ 49.0390 ഹെക്ടർ ഭൂമി കെ.ആർ.ഇ.എം.എല്ലിന് ഖനനത്തിനായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഖനി വകുപ്പിന് യു.ഡി.എഫ്. സർക്കാർ കത്തുനല്കി. ഖനന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിലെ നിർണായക ഘട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഭരണമാറ്റത്തിനുശേഷം 2007 ജൂൺ 18ന് എൽ.ഡി.എഫ്. സർക്കാരിൻ്റെ വ്യവസായ നയമനുസരിച്ച് ജി.ഒ.(എം.എസ്.) 28/2007/ഇൻഡസ്ട്രീസ്  പ്രകാരം ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തി. ഇതിനെതിരെ കെ.ആർ.ഇ.എം.എൽ. കോടതിയെ സമീപിച്ചു. 2007 മുതൽ 2011 വരെയുള്ള എൽ.ഡി.എഫ്. ഭരണകാലത്ത് ഖനന പദ്ധതി സംബന്ധിച്ച് നടന്ന കേസുകളിൽ കേന്ദ്രത്തിലെ കോൺഗ്രസ് സ‍ര്‍ക്കാർ കെ.ആർ.ഇ.എം.എല്ലിന് അനുകൂലമായി നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. സംസ്ഥാനത്തെ എൽ.ഡി.എഫ്. സര്‍ക്കാരിൻ്റെ ഉറച്ചനിലപാട് നിമിത്തമാണ് അന്ന് കെ.ആർ.ഇ.എം.എല്ലിന് കോടതിയിൽ വിജയം നേടാനാവാതെ പോയത്.

യു.ഡി.എഫ്. ഭരണത്തിൽ തിരിച്ചെത്തിയ 2011-16 കാലത്തും കോടതിയിൽ കേസുകൾ നടന്നു. സംസ്ഥാന സർക്കാർ കോടതിയിൽ കേസുകൾ തോറ്റുകൊടുക്കുന്ന സ്ഥിതിയുണ്ടായി. ഇതിനെതിരെ എൽ.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ വലിയ സമരങ്ങൾ നടന്നു. 2016 മുതൽ 2026 വരെയുള്ള എൽ.ഡി.എഫ്. ഭരണകാലത്ത് സ്വകാര്യമേഖലയിലെ ഖനനം പൂർണമായി അവസാനിപ്പിച്ചു.

ലഭ്യമായ സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, ഖനനവുമായി ബന്ധപ്പെട്ട അടിസ്ഥാന നയതീരുമാനങ്ങൾ, സംയുക്ത സംരംഭങ്ങൾക്ക് അനുമതി, സ്വകാര്യ കമ്പനിക്ക് കൂടുതൽ ഓഹരിപങ്കാളിത്തം നല്കി കെ.ആർ.ഇ.എം.എൽ. രൂപവത്കരണം, ഭരണാനുമതി, ഭൂമി അനുവദിക്കൽ തുടങ്ങിയ നിർണായക നടപടികളെല്ലാം യു.ഡി.എഫ്. ഭരണകാലത്താണ് നടന്നതെന്ന് വ്യക്തം. യു.ഡി.എഫ്. ഈ തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം വ്യവസായ-ഖനന വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആണെന്നതും ശ്രദ്ധേയം.

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RELATED insights

COMMENTS

LATEST insights