വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഏറ്റവും ഗൗരവമായി ഉയർന്ന രാഷ്ട്രീയവിവാദങ്ങളിലൊന്നാണ് സർക്കാർ അഭിഭാഷക നിയമനങ്ങൾ. ഇത് ഒരു സാധാരണ നിയമനതർക്കമല്ല. സർക്കാരിൻ്റെ കോടതിമുഖം ആരാകണം എന്ന അടിസ്ഥാനചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും കോടതിയിൽ സംരക്ഷിക്കേണ്ട സ്ഥാനങ്ങളിലേക്കാണ് സർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്. അത്തരം സ്ഥാനങ്ങളിലേക്കുപോലും സംഘപരിവാർ അനുകൂലികളെ നിയമിച്ചെന്ന വിമർശം കോൺഗ്രസിനകത്തു നിന്നു തന്നെ ഉയരുന്നത് സതീശൻ സർക്കാരിൻ്റെ രാഷ്ട്രീയദിശയെക്കുറിച്ചുള്ള ഗുരുതര സൂചനയാണ്.
ഈ ഗണത്തിലെ ഏറ്റവും പുതിയ വിവാദം ഈ ആരോപണങ്ങൾക്ക് കൂടുതൽ ഭാരം നൽകുന്നു. തൃശൂർ ലോ കോളേജിലെ മുൻ എ.ബി.വി.പി. നേതാവും ആർ.എസ്.എസ്. പ്രവർത്തകനുമായ അഡ്വ.ഡി.എസ്.ശരത്തിനെ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി സംസ്ഥാന നിയമവകുപ്പ് നിയമിച്ചതാണ് പുതിയ ചർച്ച. ആർ.എസ്.എസ്. പ്രവർത്തകർ പ്രതികളായ കൊലക്കേസുകളിൽ സ്ഥിരമായി അവർക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് ഇദ്ദേഹമെന്നാരോപിച്ച് കോൺഗ്രസ്, ലോയേഴ്‌സ് കോൺഗ്രസ്, കെ.എസ്.യു. തുടങ്ങിയ സംഘടനകൾ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. വർഷങ്ങളായി പാർട്ടിക്കും മുന്നണിക്കും വേണ്ടി പ്രവർത്തിച്ച അഭിഭാഷകരെ തഴഞ്ഞ് സംഘപരിവാർ ബന്ധമുള്ളവരെ ഉൾപ്പെടെ നിയമിക്കുന്നുവെന്ന അതൃപ്തി കോൺഗ്രസിനകത്ത് ശക്തമാകുന്നുവെന്നതാണ് ഈ നിയമനത്തിൻ്റെ രാഷ്ട്രീയഗൗരവം.
സീനിയർ ഗവൺമെൻ്റ് പ്ലീഡർ എന്നത് കോടതിയിൽ സർക്കാരിൻ്റെ ഒരു സാങ്കേതിക പ്രതിനിധി മാത്രമല്ല. സർക്കാർ നിലപാടുകൾക്ക് നിയമരൂപം നൽകുകയും അതിൻ്റെ നയപരമായ നിലപാടുകൾ കോടതിയിൽ സംരക്ഷിക്കുകയും ചെയ്യേണ്ട പദവിയാണത്. അതുകൊണ്ടുതന്നെ അത്തരം സ്ഥാനത്തേക്ക് ആരെയാണ് കൊണ്ടുവരുന്നത് എന്നത് സർക്കാരിൻ്റെ രാഷ്ട്രീയബോധത്തെയും ഭരണഘടനാ പ്രതിബദ്ധതയെയും വെളിപ്പെടുത്തുന്നു. ശരത്തിൻ്റെ നിയമനത്തിനെതിരെ സ്വന്തം രാഷ്ട്രീയപാളയത്തിൽ നിന്നുതന്നെ പരാതി ഉയരുകയും മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുകയുമാണെങ്കിൽ, ഈ നിയമനം ഒരു വ്യക്തിയുടെ നിയമനപ്രശ്നമായി മാത്രം കാണാനാകില്ല. അത് യു.ഡി.എഫ്. സർക്കാരിൻ്റെ നിയമനരീതിയെ മുഴുവൻ ചോദ്യം ചെയ്യുന്ന രാഷ്ട്രീയസംഭവമായി മാറുന്നു.
ഈ വിവാദത്തിൻ്റെ തുടക്കം തന്നെ സർക്കാരിൻ്റെ ഏറ്റവും ഉയർന്ന നിയമപദവിയായ അഡ്വക്കേറ്റ് ജനറൽ നിയമനത്തിലാണ്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിയമോപദേശകനായിരുന്ന അഡ്വ.കെ.ജാജു ബാബുവിനെ യു.ഡി.എഫ്. സർക്കാരിൻ്റെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചതാണ് ആദ്യഘട്ടത്തിൽ തന്നെ വിമർശത്തിന് വഴിതെളിച്ചത്. താൻ വർഷങ്ങളായി ഗവർണർമാരുടെ നിയമോപദേശകനായിരുന്നുവെന്നും വിവിധ സർക്കാരുകളുടെ കാലത്തും ആ പദവി തുടർന്നുവെന്നും ജാജു ബാബു വിശദീകരിച്ചിക്കുന്നു. ആരിഫ് മുഹമ്മദ് ഖാനുമായുള്ള വിയോജിപ്പിനെ തുടർന്നാണ് ആ പദവി വിട്ടതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ, എൽ.ഡി.എഫ്. സർക്കാരുമായി തുടർച്ചയായി ഭരണഘടനാ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്ന സംഘപരിവാറുകാരനായ ഗവർണറുടെ നിയമോപദേശകനായിരുന്ന ഒരാളെ തന്നെ സതീശൻ സർക്കാർ അഡ്വക്കേറ്റ് ജനറലാക്കിയെന്നത് രാഷ്ട്രീയമായി ചെറുതല്ലാത്ത സന്ദേശമാണ് നൽകിയത്.
സർക്കാരിൻ്റെ നയങ്ങൾക്കും മന്ത്രിസഭാ തീരുമാനങ്ങൾക്കും ഭരണഘടനാപരമായ പ്രതിരോധം ഒരുക്കേണ്ട പ്രധാനപ്പെട്ട സ്ഥാനമാണ് അഡ്വക്കേറ്റ് ജനറലിൻ്റേത്. ഗവർണർ പാളയവുമായി നിയമപരമായി ചങ്ങാത്തത്തിലായിരുന്ന വ്യക്തി സതീശൻ സർക്കാരിൻ്റെ മുഖ്യ നിയമോപദേശകനായി ഉയർന്നപ്പോൾ, കോൺഗ്രസിൻ്റെ സംഘപരിവാർ മൃദുത്വം സംബന്ധിച്ച സംശയം ശക്തിപ്പെട്ടു. കോടതി മുറിയിൽ സർക്കാർ സംസാരിക്കുന്നത് അതിൻ്റെ അഭിഭാഷകരുടെ വായിലൂടെയാണ്. ആ ശബ്ദത്തിൽ സംഘപരിവാർ ഗവർണറുടെ ശബ്ദത്തിൻ്റെ പ്രതിധ്വനി കേൾക്കുമെന്ന ആശങ്ക രാഷ്ട്രീയമായി യാദൃച്ഛികമല്ല.
ഇതിന് പിന്നാലെ ദേവസ്വം സ്പെഷൽ ഗവൺമെൻ്റ് പ്ലീഡർ നിയമനം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. കെ.ബി.പ്രദീപിനെ ദേവസ്വം വകുപ്പിൻ്റെ സ്പെഷൽ പ്ലീഡറായി നിയമിക്കുകയും വിവാദം ശക്തമായതോടെ അദ്ദേഹത്തോട് രാജിവെയ്ക്കാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുകയും ചെയ്ത സംഭവം ഇപ്പോഴും സർക്കാരിൻ്റെ നിയമനരീതിയിലെ കറുത്ത പാടായി നിലനിൽക്കുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈയിലെ സ്വർണം പൂശൽ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യേണ്ട സർക്കാർ അഭിഭാഷകനാക്കി നിയമിച്ചതാണ് ആ വിവാദത്തിൻ്റെ കേന്ദ്രം. ദേവസ്വം കേസുകൾക്കായി പ്രത്യേക പദവി തന്നെ സൃഷ്ടിച്ചാണ് പ്രദീപിനെ നിയമിച്ചതെന്ന കാര്യം വിഷയത്തെ കൂടുതൽ ഗൗരവപ്പെടുത്തി.
ശബരിമല, ദേവസ്വം, ക്ഷേത്രഭരണം, സ്വർണക്കൊള്ളക്കേസ്, ആചാര-നിയമ തർക്കങ്ങൾ — ഇവയെല്ലാം കേരളത്തിൽ സംഘപരിവാർ നിരന്തരം രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്ന മേഖലയാണ്. അത്തരം അതിസൂക്ഷ്മമായ മേഖലയിൽ, പ്രതിഭാഗ ബന്ധവും സംഘപരിവാർ ബന്ധവും ചൂണ്ടിക്കാട്ടപ്പെട്ട വ്യക്തിയെ സർക്കാർ അഭിഭാഷകനാക്കി നിയമിച്ചത് ഒരു പ്രൊഫഷണൽ പിഴവ് മാത്രമല്ല. ആരുടെ താല്പര്യങ്ങളാണ് സർക്കാർ കോടതിയിൽ സംരക്ഷിക്കാൻ പോകുന്നത് എന്ന സംശയം ഉയർത്തിയ നിയമനമായിരുന്നു അത്. വിവാദം ശക്തമായതോടെ രാജി ആവശ്യപ്പെടേണ്ടിവന്നത് തന്നെ നിയമനത്തിലെ രാഷ്ട്രീയ അനാസ്ഥ സർക്കാർ പരോക്ഷമായി സമ്മതിച്ചതിന് തുല്യമാണ്.
കെ.ബി.പ്രദീപിൻ്റെ സംഘപരിവാർ അനുകൂല നിലപാടുകൾ കോൺഗ്രസുകാർ തന്നെയാണ് ചർച്ചയാക്കിയത്. നരേന്ദ്ര മോദിയെ പുകഴ്ത്തിയതും രാഹുൽ ഗാന്ധിയെ വിമർശിച്ചതുമായ സമൂഹമാധ്യമ നിലപാടുകൾ ചൂണ്ടിക്കാട്ടപ്പെട്ടു. ബി.ജെ.പി. നേതാക്കളെ അനുകൂലിച്ചുള്ള നിലപാടുകളും പുറത്തുവന്നു. അത്തരം പശ്ചാത്തലമുള്ള വ്യക്തിയെ കോൺഗ്രസ് നയിക്കുന്ന സർക്കാർ ദേവസ്വം സ്പെഷൽ പ്ലീഡറായി നിയമിച്ചതാണ് യു.ഡി.എഫ്. – ബി.ജെ.പി. ധാരണയുടെ ഉദാഹരണമായി വിമർശിക്കപ്പെട്ടത്.
ഇപ്പോൾ ശരത്തിൻ്റെ നിയമനം വന്നതോടെ ഈ വിവാദങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന ബോധ്യം ശക്തമാകുന്നു. ആദ്യം ജാജു ബാബു. പിന്നെ കെ.ബി.പ്രദീപ്. ഇപ്പോൾ ഡി.എസ്.ശരത്. ഇവയെല്ലാം ചേർത്തുനോക്കുമ്പോൾ, സതീശൻ സർക്കാരിൻ്റെ നിയമനക്രമത്തിൽ ഒരു രാഷ്ട്രീയരേഖ തെളിയുന്നു. സംഘപരിവാർ പാളയവുമായി ബന്ധമോ അനുകൂലതയോ ആരോപിക്കപ്പെടുന്നവരെ സർക്കാരിൻ്റെ നിയമമുഖത്തേക്ക് എത്തിക്കുന്ന ഒരു നിരന്തരമായ പ്രവണതയാണ് ഇതിലൂടെ കാണുന്നത്.
ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനങ്ങളിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടാണെന്നും മന്ത്രിസഭയിലോ മുന്നണിയിലോ മതിയായ ചർച്ചയില്ലാതെ നിയമനങ്ങൾ നീങ്ങിയെന്നുമുള്ള വിമർശം തുടക്കം മുതൽ ഉയർന്നിരുന്നു. അജൻഡയ്ക്ക് പുറത്തായാണ് നിയമനങ്ങൾ കൊണ്ടുവന്നതെന്നും മന്ത്രിമാർക്കുപോലും സ്വന്തം വകുപ്പുകളിലെ നിയമനങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നുവെന്നുമുള്ള വസ്തുത ഇതിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ദേവസ്വം സ്പെഷൽ പ്ലീഡർ നിയമനത്തിൽ ദേവസ്വം വകുപ്പുതന്നെ പ്രതിരോധത്തിലായത് ഈ അലക്ഷ്യത്തിൻ്റെ വ്യക്തമായ തെളിവായി മാറി.
ഇവയ്‌ക്കെതിരെ രംഗത്തുവന്നത് ഇടതുപക്ഷം മാത്രമല്ല. കോൺഗ്രസിൻ്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോൺഗ്രസിനകത്തുനിന്നും അസന്തോഷം പൊട്ടിപ്പുറപ്പെട്ടു. സർക്കാർ അഭിഭാഷക നിയമനങ്ങളിൽ വ്യക്തിതാൽപ്പര്യങ്ങൾ പ്രവർത്തിച്ചുവെന്നും കോൺഗ്രസ് അഭിഭാഷകർക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും പരാതി ഉയർന്നു. ഇപ്പോൾ ശരത്തിൻ്റെ നിയമനത്തിനെതിരെ കോൺഗ്രസ്, ലോയേഴ്‌സ് കോൺഗ്രസ്, കെ.എസ്.യു. തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി വരുന്നത് ഈ അതൃപ്തിക്ക് പുതിയ രാഷ്ട്രീയ അർത്ഥം നൽകുന്നു. പാർട്ടിക്കും മുന്നണിക്കും വേണ്ടി ദീർഘകാലം പ്രവർത്തിച്ചവരെ അവഗണിച്ച് സംഘപരിവാർ ബന്ധം ആരോപിക്കപ്പെടുന്നവരെ നിയമിക്കുന്നുവെന്ന ആരോപണം യു.ഡി.എഫിൻ്റെ മതേതര മുഖം തന്നെ തകർക്കുന്നതാണ്.
ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിൻ്റെ വേദികളിലും സർക്കാർ പ്ലീഡർ നിയമനങ്ങളെക്കുറിച്ചുള്ള അസന്തോഷം തുറന്നടിയായി. ബി.ജെ.പി. അനുകൂലമോ സി.പി.എം. അനുകൂലമോ ആയ പ്രവണതകൾ ഉള്ളവരെ സർക്കാർ പ്ലീഡർമാരായി നിയമിച്ചുവെന്ന വിമർശനവും അവിടെ ഉയർന്നു. അതായത്, സതീശൻ സർക്കാരിനെതിരായ സംഘപരിവാർ വിധേയത്വ ആരോപണം ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയപ്രചാരണമെന്നു മാത്രം പറഞ്ഞ് തള്ളാനാകില്ല. യു.ഡി.എഫ്. ഘടനയ്ക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന ആശങ്കയാണത്.
കോടതിമുറി രാഷ്ട്രീയത്തിൻ്റെ അവസാനമേഖല അല്ല; പലപ്പോഴും അതിൻ്റെ ഏറ്റവും നിർണായകമായ രംഗമാണ്. സർക്കാരിൻ്റെ ഭരണനടപടികൾ ചോദ്യം ചെയ്യപ്പെടുന്നത് അവിടെയാണ്. പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അവിടെയാണ്. മതേതര ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടി സർക്കാർ നിലകൊള്ളേണ്ടത് അവിടെയാണ്. അത്തരം സ്ഥലത്ത് സർക്കാർ വാദിക്കാൻ നിയോഗിക്കുന്നവർ ആരാണ് എന്നത് ചെറിയ കാര്യമല്ല. അത് ഭരണത്തിൻ്റെ രാഷ്ട്രീയ ആത്മാവിനെ തന്നെ വെളിപ്പെടുത്തുന്നു.
സർക്കാർ അഭിഭാഷകൻ്റെ ബാധ്യത ഒരു ഫയൽ വാദിച്ച് തീർക്കലല്ല. സർക്കാർ കോടതിയിൽ പറയുന്ന വാക്ക്, ഭരണഘടനയോടുള്ള സർക്കാരിൻ്റെ പ്രതിജ്ഞയുടെ ഭാഗമാണ്. ആ സ്ഥാനത്ത് സംഘപരിവാർ നിഴൽ ആരോപിക്കപ്പെടുന്നവരും പ്രതിഭാഗബന്ധങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നവരും ഗവർണർ പാളയവുമായി ബന്ധമുള്ളവരും എത്തുമ്പോൾ, അത് കേരളത്തിൻ്റെ ജനാധിപത്യ ജാഗ്രതയെ ബാധിക്കുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് ദേവസ്വം, ശബരിമല, കൊലക്കേസ്, മതേതര ഭരണക്രമം, വഖഫ്, ന്യൂനപക്ഷാവകാശങ്ങൾ തുടങ്ങിയ അതിസൂക്ഷ്മ വിഷയങ്ങൾ കോടതിയിൽ വരുമ്പോൾ ഇത്തരം നിയമനങ്ങളുടെ രാഷ്ട്രീയ പ്രസക്തി ഇരട്ടിയാകും. സർക്കാർ വാദം ആരുടെ രാഷ്ട്രീയവിശ്വാസത്തിലൂടെയാണ് കോടതിയിൽ എത്തുന്നത് എന്ന ചോദ്യമാണ്.
വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യകാല നിയമനങ്ങളിൽ തന്നെ ഇങ്ങനെ ചോദ്യങ്ങൾ ഉയർന്നത് യാദൃച്ഛികമല്ല. അധികാരത്തിലെത്തിയ ഉടൻ നിയമനങ്ങളിൽ സുതാര്യതയും മുന്നണി ചർച്ചയും പാർട്ടി ഉത്തരവാദിത്വവും പാലിച്ചില്ലെന്ന വിമർശം ശക്തമായി. കോൺഗ്രസ് അഭിഭാഷകരെ അവഗണിച്ചു, യു.ഡി.എഫ്. ബന്ധമില്ലാത്തവരെ ഉൾപ്പെടുത്തി, ബി.ജെ.പി. അനുകൂല പ്രവണതയുള്ളവർക്കും ഇടം ലഭിച്ചു എന്ന ആരോപണം മതേതര കേരളത്തിന് മുന്നിൽ ഗൗരവമുള്ള രാഷ്ട്രീയ ചോദ്യമാണ്.
മതേതര കേരളത്തിൻ്റെ കോടതിമുറിയിൽ സർക്കാർ വാദിക്കേണ്ടത് ഭരണഘടനയ്ക്കുവേണ്ടിയാണ്; സംഘപരിവാർ സൗഹൃദത്തിനുവേണ്ടിയല്ല. കോടതിയിലെ സർക്കാർ ശബ്ദം ജനാധിപത്യത്തിൻ്റെ ശബ്ദമായിരിക്കണം; രാഷ്ട്രീയ ഇടപാടുകളുടെ ശബ്ദമാകരുത്. നിയമനങ്ങളുടെ കണക്ക്, മാനദണ്ഡം, രാഷ്ട്രീയപരിശോധന, ഉത്തരവാദിത്തം — എല്ലാം സതീശൻ സർക്കാർ ജനങ്ങളോട് വ്യക്തമാക്കണം. കാരണം കോടതി മുറിയിൽ ഉയരുന്ന സർക്കാർ ശബ്ദത്തിൽ ജനാധിപത്യത്തിൻ്റെ പ്രതിബദ്ധതയല്ല, സംഘപരിവാർ നിഴലാണ് കേൾക്കുന്നതെന്ന സംശയം ഇന്ന് യു.ഡി.എഫിനകത്തുനിന്നുതന്നെ ഉയർന്നിരിക്കുന്നു.









