HomeGOVERNANCEഉമ്മൻ ചാണ്ടി ...

ഉമ്മൻ ചാണ്ടി പോകുമ്പോൾ 29 ബാറുകളല്ല, 813 ബിയർ-വൈൻ പാർലറുകൾ അടക്കം 842

-

Reading Time: 2 minutes

കേരളത്തിലെ മദ്യനയത്തെക്കുറിച്ച് യു.ഡി.എഫ്. നേതാക്കൾ ഇന്ന് ഉയർത്തുന്ന വാദങ്ങൾ കേൾക്കുമ്പോൾ, ചരിത്രം ഓർക്കുന്നവർക്ക് അത്ഭുതമാണ് തോന്നുക. 2016ൽ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമായിരുന്നുവെന്നും ഇപ്പോൾ 900ലേറെ ബാറുകൾ പ്രവർത്തിക്കുന്നുവെന്നുമുള്ള പ്രചാരണം വസ്തുതകളെ വളച്ചൊടിക്കുന്ന രാഷ്ട്രീയ പ്രചാരണമല്ലാതെ മറ്റൊന്നുമല്ല.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ആദ്യകാലത്ത് നടന്നത് ബാറുകൾ പൂട്ടലല്ല, മറിച്ച് ബാർ ലൈസൻസുകൾ വ്യാപകമായി അനുവദിക്കലായിരുന്നു. 2011 മുതൽ 2014 വരെയുള്ള 3 വർഷത്തിനിടെ മാത്രം 76 പുതിയ ബാറുകൾക്ക് അനുമതി നൽകി. ശരാശരി ഒരു വർഷം 25 ബാറുകൾ വീതം. ഇതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 842 ആയി ഉയർന്നു. പിന്നീട് ബാർ ലൈസൻസ് അനുവദിച്ചതിൽ അഴിമതി ആരോപണങ്ങൾ ഉയർന്നതും ഭരണകക്ഷിക്കുള്ളിൽ കടുത്ത ഭിന്നതകൾ രൂപപ്പെട്ടതുമാണ് മദ്യനയം മാറ്റാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. ഈ നയം ആയിരക്കണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. വലിയ നിക്ഷേപം നടത്തിയ സംരംഭകർ അനിശ്ചിതത്വത്തിലായി. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് നടത്തിയ ഈ ഗിമ്മിക്ക് ഒടുവിൽ യു.ഡി.എഫിന് തിരഞ്ഞെടുപ്പിൽ ഒരു ഗുണവും ചെയ്തില്ല. ജനങ്ങൾ ആ നയത്തിൻ്റെ പൊള്ളത്തരം തിരിച്ചറിഞ്ഞു.

യു.ഡി.എഫിൻ്റേത് മദ്യവർജ്ജന നയമായിരുന്നില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കിയെങ്കിലും അവയെല്ലാം ബിയർ–വൈൻ പാർലറുകളായി പ്രവർത്തിക്കാൻ അനുവദിക്കുകയായിരുന്നു. അതായത്, ബാറിൻ്റെ ബോർഡ് മാറിയെന്നല്ലാതെ മദ്യവില്പന അവസാനിച്ചില്ല. ആളുകൾ ബിയറും വൈനും ചേർത്തൊഴിച്ച് ഇരട്ടലഹരിയാക്കി കുടിച്ച് ആരോഗ്യം അത്യന്തം അപകടത്തിലാക്കുന്ന അവസ്ഥയുണ്ടായി. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാനത്ത് 29 ഫൈവ് സ്റ്റാർ ബാറുകളും 813 ബിയർ–വൈൻ പാർലറുകളും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ 306 ഔട്ട്‌ലെറ്റുകളും പ്രവർത്തിച്ചിരുന്നതാണ് യാഥാർഥ്യം. എന്നിട്ടും “എല്ലാ ബാറുകളും പൂട്ടി” എന്ന പ്രചാരണം ഇന്നും ആവർത്തിക്കുന്നു.

എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയൊരു മദ്യനയം കൊണ്ടുവന്ന് സംസ്ഥാനത്തെ മദ്യവ്യാപാരം കുത്തഴിഞ്ഞതാക്കുകയായിരുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ബിയർ–വൈൻ പാർലറുകളായി പ്രവർത്തിച്ച സ്ഥാപനങ്ങൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ ക്ലാസിഫിക്കേഷൻ നേടിയതിൻ്റെ അടിസ്ഥാനത്തിൽ ബാർ ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. അതിൻ്റെ ഫലമായാണ് ഇന്ന് ഏകദേശം 896 ബാർ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. പത്ത് വർഷം മുമ്പ് ബാറുകളും ബിയർ–വൈൻ പാർലറുകളും ചേര്‍ന്ന് 842 എണ്ണം ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് 896 ബാറുകൾ മാത്രമാണുള്ളത്. ഈ കണക്ക് തന്നെ “അന്നെല്ലാം പൂട്ടി, ഇന്നെല്ലാം തുറന്നു” എന്ന പ്രചാരണം എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു.

മദ്യോപഭോഗത്തിൻ്റെ കണക്കുകളും യു.ഡി.എഫിൻ്റെ പ്രചാരണത്തെ പൂർണമായി പൊളിച്ചെഴുതുന്നതാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിൻ്റെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പന നടന്നത് 2012–13 സാമ്പത്തിക വർഷത്തിലാണ്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഭരണത്തിൽ യു.ഡി.എഫും ആയിരുന്നു. യു.ഡി.എഫിൻ്റെ 5 വർഷ ഭരണകാലത്ത് പ്രതിവർഷ ശരാശരി ഇന്ത്യൻ നിർമിത വിദേശമദ്യ വിൽപ്പന 341.264 ലക്ഷം കേസായിരുന്നു. ആദ്യ എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് അത് 322.182 ലക്ഷം കേസായി കുറഞ്ഞു. രണ്ടാം എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് വീണ്ടും കുറഞ്ഞ് 315 ലക്ഷം കേസിലെത്തി. കണക്കുകൾ വ്യക്തമായി പറയുന്നത് മദ്യോപഭോഗം വർധിപ്പിച്ചത് എൽ.ഡി.എഫ്. അല്ല, മറിച്ച് ഏറ്റവും ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയത് യു.ഡി.എഫ്. ഭരണകാലത്താണെന്നാണ്.

2014ലെ യു.ഡി.എഫിൻ്റെ മദ്യനയം യഥാർഥ മദ്യവർജ്ജന നയമായിരുന്നെങ്കിൽ സംസ്ഥാനത്തെ 813 ബിയർ–വൈൻ പാർലറുകൾ എങ്ങനെ തുടർന്നു? ബെവ്‌കോ ഔട്ട്‌ലെറ്റുകളും കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലകളും എന്തുകൊണ്ട് അടച്ചില്ല? ഈ ചോദ്യങ്ങൾക്ക് ഇന്നുവരെ യു.ഡി.എഫിന് മറുപടിയില്ല. യഥാർഥത്തിൽ നടന്നത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളെ ബിയർ–വൈൻ പാർലറുകളാക്കി മാറ്റിയ ഭരണപരമായ പുനഃക്രമീകരണം മാത്രമാണ്.

മറ്റൊരു വസ്തുതയും ശ്രദ്ധേയമാണ്. ഉമ്മൻ ചാണ്ടി സർക്കാർ വെറും മൂന്ന് വർഷത്തിനിടെ 76 പുതിയ ബാറുകൾ അനുവദിച്ചു. എന്നാൽ തുടർന്ന് 10 വർഷത്തിനിടെ ബാറുകളുടെ എണ്ണം 842ൽ നിന്ന് 896 ആയി ഉയർന്നത് 54 എണ്ണം മാത്രമാണ്. ഒരു വർഷം ശരാശി അനുവദിച്ചത് 5 ബാറുകൾ മാത്രം. ഈ കണക്കുകൾ തന്നെ ഏത് ഭരണകാലത്താണ് വ്യാപകമായ ലൈസൻസ് അനുവദിച്ചതെന്നും ഏത് ഭരണകാലത്താണ് നിലവിലുള്ള സംവിധാനത്തെ ക്രമീകരിച്ചതെന്നും വ്യക്തമാക്കുന്നു.

അതുകൊണ്ട് തന്നെ, മദ്യ നയത്തെ ചൊല്ലി ഇന്ന് ഉയർത്തുന്ന പ്രചാരണങ്ങളെ കണക്കുകളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ട സമയമാണിത്. ചരിത്രം മറന്ന് രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആവർത്തിച്ചാൽ യാഥാർഥ്യം മാറില്ല. കേരളത്തിലെ മദ്യനയത്തിൻ്റെ ചരിത്രം പരിശോധിക്കുന്ന ആരും ഒരു കാര്യം തിരിച്ചറിയും—യു.ഡി.എഫ്. പറയുന്ന കഥയും സർക്കാർ രേഖകളും ഔദ്യോഗിക കണക്കുകളും പറയുന്ന കഥയും ഒരുപോലെയല്ല.

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RELATED insights

COMMENTS

LATEST insights