HomeGOVERNANCEമുന്നറിയിപ്പു...

മുന്നറിയിപ്പുകൾ അവഗണിച്ചപ്പോൾ മണ്ണിനടിയിലായ മനുഷ്യജീവിതങ്ങൾ

-

Reading Time: 2 minutes

വയനാട് വീണ്ടും കരയുകയാണ്. ഇത്തവണ ഉരുൾപൊട്ടലെന്ന പ്രകൃതിദുരന്തത്തിൻ്റെ പേരിലല്ല, മറിച്ച് ഒരു വലിയ ചോദ്യം ഉയർത്തിക്കൊണ്ടാണ് കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണിടിച്ചിൽ കേരളത്തിൻ്റെ മനസ്സാക്ഷിയെ ഞെട്ടിച്ചത്. മീനാക്ഷി പാലത്തിന് സമീപം മല മുഴുവനായി ഇടിഞ്ഞുവീണ് തൊഴിലാളികളുടെ ക്യാമ്പുകളും വീടുകളും ആരാധനാലയവും ബസ് സ്റ്റോപ്പും മണ്ണിനടിയിലായത് കേവലം “കനത്ത മഴ” കൊണ്ടാണോ? അതോ മുന്നറിയിപ്പുകൾ അവഗണിച്ചുണ്ടായ ഒരു മനുഷ്യനിർമിത ദുരന്തമോ?

പ്രാഥമിക വിലയിരുത്തലിൽ തന്നെ വ്യക്തമായിട്ടുള്ളത് ഇത് പ്രകൃതിദുരന്തം മാത്രമല്ല, നിർമാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ നടപടികളുടെ ഫലമാണെന്നാണ്. 24 മണിക്കൂറിനിടെ 225 മില്ലിമീറ്ററിലധികം മഴ ലഭിച്ചതെന്നത് യാഥാർഥ്യമാണെങ്കിലും, അതിനേക്കാൾ വലിയ യാഥാർഥ്യം തുരങ്കനിർമാണത്തിനായി പുറത്തെടുത്ത ലക്ഷക്കണക്കിന് ഘനമീറ്റർ മണ്ണ് മലമുകളിൽ കുന്നുകൂട്ടി സംഭരിച്ചതാണ്. മഴവെള്ളം ഈ മൺകൂനകളെ ചെളിപ്രവാഹമാക്കി താഴേക്ക് ഒഴുക്കിയെന്ന വിലയിരുത്തലുകളാണ് ഇപ്പോൾ ഉയരുന്നത്.

എന്നാൽ ഇവിടെ അവസാനിക്കുന്നില്ല ചോദ്യങ്ങൾ. ദുരന്തത്തിന് ഏതാനും ആഴ്ചകൾക്കുമുമ്പ് തന്നെ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജില്ലാ കലക്ടർ നിർമാണപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ നിർദേശിച്ചിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. എന്നിട്ടും തൊഴിലാളികൾ അപകടസാധ്യതയുള്ള ക്യാമ്പുകളിൽ തന്നെ തുടരേണ്ട സാഹചര്യം എന്തുകൊണ്ടുണ്ടായി? അപകടമേഖല ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് ആരുടെ വീഴ്ചയാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത നിർമാണ കമ്പനിക്കും അതിന് മേൽനോട്ടം വഹിച്ച പൊതുമരാമത്ത് വകുപ്പിനും സർക്കാരിനുമുണ്ട്.

മുന്നറിയിപ്പുകൾ രേഖപ്പെടുത്തിയ മിനുട്സ്

ദുരന്തത്തിന് മുമ്പ് നടന്ന ഉന്നതതല യോഗത്തിൻ്റെ മിനുട്ട്സിൽ തന്നെ നിരവധി നിർണായക നിർദേശങ്ങൾ രേഖപ്പെടുത്തിയിരുന്നതാണ്. അതിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ആശങ്ക കൂടുതൽ ശക്തമാകുന്നു.

യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങൾ പ്രകാരം:

    • പ്രദേശത്ത് മഴ, മണ്ണിൻ്റെ സ്ഥിരത, ചരിവ് എന്നിവ തുടർച്ചയായി നിരീക്ഷിക്കാൻ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ (എ.ഡബ്ല്യു.എസ്.) സ്ഥാപിക്കാനും അതിൻ്റെ വിവരങ്ങൾ കെ.ആർ.സി.എല്ലിന് ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു.
    • 250 മില്ലിമീറ്ററിലധികം മഴ ലഭിച്ചാൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം എന്ന നിർദേശവും രേഖപ്പെടുത്തിയിട്ടുണ്ട്.
    • സ്ലോപ് സ്റ്റെബിലിറ്റി സംബന്ധിച്ച വിദഗ്ധ പരിശോധന നടത്തി അപകടസാധ്യതയുള്ള ഭാഗങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും തീരുമാനിച്ചിരുന്നു.
    • മലമുകളിൽ കൂട്ടിയിട്ട മണ്ണ് സുരക്ഷിതമായി നീക്കം ചെയ്യുകയും മഴവെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്ന നിർദേശവും ഉൾപ്പെടുത്തിയിരുന്നു.
    • എൻവയോൺമെൻ്റൽ മാനേജ്മെൻ്റ് കമ്മിറ്റി (ഇ.എം.സി.) രൂപവത്കരിച്ച് പരിസ്ഥിതി സുരക്ഷ ഉറപ്പാക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
    • മണ്ണ് നീക്കം ചെയ്യാൻ കൃത്രിമ ചെക്ക് ഡാമുകൾ, സെഡിമെൻ്റ് ടാങ്കുകൾ, ഹ്യൂം പൈപ്പുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിരുന്നു.
    • ചരിവുള്ള ഭാഗങ്ങളിൽ ഗ്രൗണ്ട് മോണിറ്ററിങ്, സെറ്റിൽമെൻ്റ് മോണിറ്ററിങ് തുടങ്ങിയ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
    • മലമുകളിലെ മണ്ണ് ശേഖരിക്കുന്ന സ്ഥലങ്ങൾ സുരക്ഷിതമാണോയെന്ന് സ്വതന്ത്ര പരിസ്ഥിതി വിദഗ്ധർ പരിശോധിക്കണമെന്നും മിനുട്ട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവയെല്ലാം ദുരന്തം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നതിൻ്റെ വ്യക്തമായ സൂചനകളാണ്.

നിർദേശങ്ങൾ കടലാസിൽ മാത്രം ഒതുങ്ങിയോ?

ഇവിടെയാണ് ഏറ്റവും നിർണായകമായ ചോദ്യം ഉയരുന്നത്. യോഗത്തിൽ രേഖപ്പെടുത്തിയ ഈ സുരക്ഷാ നിർദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന ചോദ്യം.

    • 250 മില്ലിമീറ്റർ മഴ ലഭിച്ചാൽ ജോലി നിർത്തണമെന്ന വ്യവസ്ഥ പാലിച്ചോ?
    • ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചിരുന്നോ?
    • സ്ലോപ് സ്റ്റെബിലിറ്റി പഠനം തുടർച്ചയായി നടന്നിരുന്നോ?
    • മലമുകളിൽ കൂട്ടിയിട്ട മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്തിരുന്നോ?
    • സെഡിമെൻ്റ് ടാങ്ക്, ചെക്ക് ഡാം, ഡ്രെയിനേജ് സംവിധാനം പ്രവർത്തിച്ചിരുന്നോ?
    • തൊഴിലാളികളുടെ ക്യാമ്പുകൾ അപകടമേഖലയിലാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഒഴിപ്പിച്ചില്ല?

ഇവയൊന്നും വെറും സാങ്കേതിക ചോദ്യങ്ങളല്ല. നഷ്ടമായ ഓരോ ജീവനോടും ബന്ധപ്പെട്ട ചോദ്യങ്ങളാണ്.

ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനാകുമോ?

പൊതുമരാമത്ത് വകുപ്പ്, നിർമാണക്കമ്പനി, മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ, സുരക്ഷാ വിലയിരുത്തൽ നടത്തിയ ഏജൻസികൾ – എല്ലാവർക്കും ഈ ദുരന്തത്തിൽ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോയെന്നത് അന്വേഷിക്കേണ്ട വിഷയമാണ്. “കനത്ത മഴ” എന്ന ഒറ്റവാക്കിൽ ഈ ദുരന്തത്തെ ഒതുക്കാനാകില്ല. കേരളത്തിൽ മഴ പുതുമയല്ല. എന്നാൽ മഴ എവിടെയാണ് ദുരന്തമാകുന്നത്? മനുഷ്യൻ പ്രകൃതിയുടെ മുന്നറിയിപ്പുകൾ അവഗണിക്കുമ്പോഴാണ്.

വയനാട് വീണ്ടും പഠിപ്പിക്കുന്നത്

ചൂരൽമല–മുണ്ടക്കൈ ദുരന്തം കേരളത്തിന് നൽകിയ ഏറ്റവും വലിയ പാഠം ശാസ്ത്രീയ മുന്നറിയിപ്പുകളെ അവഗണിക്കരുത് എന്നതായിരുന്നു. എന്നാൽ കള്ളാടിയിൽ വീണ്ടും അതേ പിഴവുകൾ ആവർത്തിച്ചോ എന്ന സംശയം ശക്തമാണ്.

ഒരു ദുരന്തം സംഭവിച്ചാൽ അന്വേഷണ കമ്മീഷൻ വരും. റിപ്പോർട്ടുകൾ തയ്യാറാകും. ഉത്തരവാദികളെ കണ്ടെത്തുമെന്ന് പ്രഖ്യാപനങ്ങളും ഉണ്ടാകും. എന്നാൽ ദുരന്തത്തിന് മുമ്പ് തന്നെ അപകടസാധ്യത ചൂണ്ടിക്കാട്ടിയ രേഖകളും യോഗമിനുട്സും മുന്നറിയിപ്പുകളും ഉണ്ടായിരുന്നുവെങ്കിൽ, അന്വേഷണം അതിൽ നിന്നാണ് തുടങ്ങേണ്ടത്.

അവസാന ചോദ്യം

മഴയെ പ്രതിയാക്കി മനുഷ്യരുടെ ഉത്തരവാദിത്തം മറയ്ക്കാനാകുമോ? മുന്നറിയിപ്പുകൾ രേഖപ്പെടുത്തിയിട്ടും അവ നടപ്പാക്കാതിരുന്നെങ്കിൽ അത് വെറും ഭരണവീഴ്ചയല്ല; ഗുരുതരമായ അനാസ്ഥയാണ്. കള്ളാടിയിൽ മണ്ണിനടിയിലായത് തൊഴിലാളികളുടെ ക്യാമ്പുകൾ മാത്രമല്ല; സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ ജനങ്ങൾക്ക് നൽകിയ വിശ്വാസം കൂടിയാണ്. അതുകൊണ്ട് ഈ ദുരന്തത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യം ഇന്നും ബാക്കിയാണ്:

മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ദുരന്തം ഒഴിവാക്കാനാകാതെ പോയെങ്കിൽ, പൊതുമരാമത്ത് വകുപ്പിനും സർക്കാരിനും ഈ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാനാകുമോ?

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS