കോണ്‍ഗ്രസ്സുകാര്‍ ഗതികേടിലാണ്. ‘ഞങ്ങള്‍ ബി.ജെ.പി. ആവാതിരിക്കാന്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം’ എന്ന്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഇതു മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ മോദിയെ തടയാന്‍ ഇതുപോലെ അവര്‍ ‘പ്രധാനമന്ത്രി’ രാഹുലിന് വോട്ടു ചോദിച്ചു. ജനം വിശ്വസിച്ചു. എന്നിട്ട് മോദിയെ തടഞ്ഞില്ലെന്നു മാത്രമല്ല മോദിക്കു മുന്നില്‍ കൈ ഉയര്‍ത്താന്‍ പോലും ധൈര്യമില്ല. മോദി കൊണ്ടുവന്ന മുത്തലാഖ് ബില്‍, പൗരത്വ നിയമ ഭേദഗതി, കര്‍ഷക ബില്‍ എന്നിവയിലൊന്നിനെപ്പോലും എതിര്‍ക്കാന്‍ അന്നു ജയിച്ചു പോയ യു.ഡി.എഫുകാരെ കണ്ടില്ല. ഇപ്പോഴിതാ വീണ്ടും വന്നിരിക്കുന്നു പുതിയ തന്ത്രവുമായി. നിങ്ങളെ ജയിപ്പിച്ചാല്‍ നിങ്ങള്‍ ബി.ജെ.പി. ആവില്ലെന്നുറപ്പുണ്ടോ?
പണം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി. വിലയ്ക്കെടുക്കുന്നത്. അതിനു വഴങ്ങാത്തവരെ കേസില്‍ കുടുക്കി തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ അമിത് ഷായ്ക്കറിയാം. കേരളത്തിലും ഉണ്ട് ഏറ്റവും പ്രകടമായ രണ്ട് ഉദാഹരണങ്ങള്‍ -കേസില്‍ കുടുങ്ങിയ മരുമകനെ രക്ഷിക്കാന്‍ മെട്രോമാന്‍ ഇ.ശ്രീധരനും തമിഴ്നാട്ടിലെ ബിനാമി സ്വത്തു കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഡോ.ജേക്കബ്ബ് തോമസും ചെന്നു കയറിയതു കണ്ടില്ലേ? ഇവരൊക്കെ ബി.ജെ.പി. ആവുമെന്ന് ആരെങ്കിലും സ്വപ്നത്തില്‍ കരുതിയതാണോ?
ബി.ജെ.പിയില്‍ ചേരേണ്ട സാഹചര്യമുണ്ടായാല്‍ ചേരുമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ പരസ്യമായി പറയുന്നു. 35 എം.എല്‍.എമാരെ കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് ബി.ജെ.പി. നേതാക്കളും പറയുന്നു. അപ്പോള്‍ ജയിച്ചാലും തോറ്റാലും ബി.ജെ.പിയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് നിങ്ങള്‍ എന്നു തന്നെ പറഞ്ഞേ പറ്റൂ. പണം കൊണ്ടും കേസു കൊണ്ടും സ്വാധീനിക്കാന്‍ പറ്റാത്തവരായി ഇവിടെ ഇടതുപക്ഷം മാത്രമേയുള്ളൂ.
കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച ജനങ്ങൾ വഞ്ചിതരായ ചില സംസ്ഥാനങ്ങൾ ഇതാ:
- അരുണാചൽ പ്രദേശ്
60 അംഗ നിയമസഭയിൽ 44 സീറ്റ് നേടി കോൺഗ്രസ്സ് ജയിച്ചു. അതിൽ മുഖ്യമന്ത്രിയടക്കം 43 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. അങ്ങനെ ജനങ്ങൾ തോല്പിച്ച ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.
- ഗോവ
ബി.ജെ.പിയെ തോല്പിക്കാൻ ജനങ്ങൾ കോൺഗ്രസ്സിനെ തിരഞ്ഞെടുത്തു. എന്നാൽ 12 എം.എൽ.എമാർ കൂറുമാറി. ജനങ്ങൾ തോല്പിച്ച ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.
- കർണാടക
കോൺഗ്രസ്സ്-ജനതാദൾ സഖ്യത്തിന് ഭൂരിപക്ഷം നൽകി ജനങ്ങൾ ബി.ജെ.പിയെ പുറത്താക്കി. എന്നാൽ 13 കോൺഗ്രസ്സ് എം.എൽ.എമാർ മറുകണ്ടം ചാടി. ജനങ്ങൾ തോല്പിച്ച ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.
- മധ്യപ്രദേശ്
തുടർച്ചയായി ഭരിച്ച ബി.ജെ.പിയെ ജനങ്ങൾ വോട്ട് ചെയ്ത തോല്പിച്ചു. ജയിച്ച കോൺഗ്രസ്സിലെ 23 എം.എല്‍.എമാർ കൂറുമാറി. തോറ്റ ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ ഭരണത്തിൽ എത്തിച്ചു.
- പുതുച്ചേരി
ജനങ്ങൾ ബി.ജെ.പിക്ക് കൊടുത്തത് 0 സീറ്റ്. എന്നാൽ ജയിച്ച കോൺഗസ്സിലെ 5 എം.എൽ.എമാർ ചാടിപ്പോയി ബി.ജെ.പിയിൽ ചേർന്നു. സർക്കാർ താഴെ വീണു.
തോറ്റ കോൺഗ്രസ്സല്ല, ജയിച്ച കോൺഗ്രസ്സിനെയാണ് ബി.ജെ.പിക്ക് ആവശ്യം. സ്വയം ജയിക്കാന്‍ ശേഷിയില്ലെങ്കിലും കേരളത്തില്‍ ജയിക്കുന്ന കോണ്‍ഗ്രസ്സുകാരെ വാങ്ങാന്‍ ബി.ജെ.പിക്ക് വലിയ ശക്തിയുണ്ട്, ശേഷിയുണ്ട്. അതു മനസ്സിലാക്കി വോട്ടു ചെയ്യുക.
ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനു ചെയ്യുന്ന ഓരോ വോട്ടും ഫലത്തില്‍ ബി.ജെ.പിക്കുള്ള വോട്ടു തന്നെയാണ്. ജാഗ്രതൈ!!