Reading Time: 3 minutes

നിശ്ശബ്ദ പ്രചാരണ ദിവസം തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലൂടെ മുഴുവന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ശേഷം ദാഹം ശമിപ്പിക്കാനാണ് രാത്രി അട്ടക്കുളങ്ങര ജംഗ്ഷനിലെ ജ്യൂസ് കടയ്ക്കു മുന്നിലിറങ്ങിയത്. അപ്പോള്‍ അവിടേക്ക് ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകര്‍ കൂട്ടമായെത്തി ജ്യൂസിന് ഓര്‍ഡര്‍ ചെയ്തു. അല്പനേരം കാത്തുനില്‍ക്കണം. സ്വാഭാവികമായും ചര്‍ച്ച രാഷ്ട്രീയമാവും. അവരുടെ വാക്കുകള്‍ കേട്ടുനിന്നു. അതിലൊരാളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു -“നമുക്ക് കിട്ടാത്ത വോട്ടുകള്‍ ശിവകുമാറിന് ചെയ്യിക്കണം. എന്തു വന്നാലും ആന്റണി രാജുവിനു പോകരുത്.”

ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. ഇത്തവണയും ശിവകുമാര്‍ വോട്ടുകച്ചവടം ഉറപ്പിച്ചോ? തിരുവനന്തപുരം മണ്ഡലത്തില്‍ ആര്‍.എസ്.എസ്. വോട്ടുകള്‍ വാങ്ങിയതിനു പകരം നേമത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ വിറ്റതാണ് കഴിഞ്ഞ തവണ ഒ.രാജഗോപാലിനെ വിജയിപ്പിച്ചതെന്ന ആരോപണം നേരത്തേ തന്നെ നിലവിലുള്ളതാണ്. അതില്‍ വലിയൊരു പരിധി വരെ സത്യമുണ്ട് താനും. ഇത്തവണ കൃഷ്ണകുമാര്‍ ജയിക്കുമെന്ന് സര്‍വേകള്‍ പറയുമ്പോഴും ആര്‍.എസ്.എസ്സിന്റെ വോട്ടുകള്‍ വാങ്ങുന്നതില്‍ ശിവകുമാര്‍ വിജയിച്ചുവെങ്കില്‍ അതൊരു മിടുക്ക് തന്നെയാണല്ലോ!

ആന്റണി രാജു വോട്ടര്‍മാര്‍ക്കിടയില്‍

തിരുവനന്തപുരത്ത് പ്രചാരണച്ചുമതലയുള്ള സുഹൃത്തായ ബി.ജെ.പി. നേതാവിനെ വിളിച്ചു. കാര്യം തിരക്കി. “ഹേയ്, ഒരിക്കലും ഞങ്ങളുടെ വോട്ട് മറിയില്ല. ശിവകുമാര്‍ മൂന്നാം സ്ഥാനത്തേ വരൂ എന്നതുറപ്പാണ്. പക്ഷേ, ശിവകുമാര്‍ പിടിക്കുന്ന ഓരോ വോട്ടും കൃഷ്ണകുമാറിന്റെ ജയം ഉറപ്പാക്കും. കാരണം ആ വോട്ട് ആന്റണി രാജുവിന് പോകില്ലല്ലോ! ആന്റണി രാജു പിടിക്കുന്ന ഓരോ വോട്ടും ബി.ജെ.പിക്ക് ദോഷമാണ്” -അദ്ദേഹം വിശദീകരിച്ചു. കാര്യം വ്യക്തം. മതേതര വോട്ടുകള്‍ ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിയായ ആന്റണി രാജുവില്‍ നിന്നു മാറ്റി പിന്നിലുള്ള ശിവകുമാറിലേക്കു വിട്ടാല്‍ ആ വിടവില്‍ കൃഷ്ണകുമാറിനു ജയിച്ചുകയറാം.

മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന സര്‍വേകള്‍ വലിയ സ്വാധീനം ചെലുത്തില്ല എന്നാണ് പറയാറുള്ളതെങ്കിലും തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പിക്കാര്‍ അങ്ങനെയല്ല. അവര്‍ സര്‍വേകളെ വിശ്വസിക്കുന്നു. കാരണം മൂന്നു ചാനല്‍ സര്‍വേകള്‍ തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ വിജയം പ്രവചിച്ചിരിക്കുന്നു. നിലവിലുള്ള എം.എല്‍.എ. ആയ ശിവകുമാര്‍ ബഹുദൂരം പിന്നിലാണ് -മൂന്നാം സ്ഥാനത്ത്. സര്‍വേ കണ്ട എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ബി.ജെ.പി. ജയം എന്ന പ്രവചനം തെറ്റാണെന്നു തെളിയിക്കാന്‍ കൈമെയ് മറന്ന് രംഗത്തുണ്ട്. ബി.ജെ.പിക്കാരാവട്ടെ തങ്ങളുടെ വോട്ട് ഉറപ്പിക്കുന്നതിനൊപ്പം ആന്റണി രാജുവിന്റെ വോട്ട് കുറയ്ക്കാനുള്ള ശ്രമത്തിലുമാണ്.

കൃഷ്ണകുമാറിന്റെ പര്യടനം

2020 തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുക. തിരുവനന്തപുരം മണ്ഡലപരിധിയിലെ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. നേടിയത് 40,702 വോട്ടുകള്‍. രണ്ടാമതെത്തിയ ബി.ജെ.പിക്ക് കിട്ടിയത് 30,158. മൂന്നാം സ്ഥാനത്തുള്ള യു.ഡി.എഫിന് 25,915. ബി.ജെ.പിയെക്കാള്‍ എല്‍.ഡി.എഫിനുള്ളത് 10,544 വോട്ടിന്റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ്സിനെക്കാള്‍ 4,243 വോട്ട് കൂടുതല്‍. ഇനിയാണ് ഏറെ പ്രാധാന്യമുള്ള കണക്ക്. ഒന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫിന് മൂന്നാം സ്ഥാനത്തുള്ള യു.ഡി.എഫിനെക്കാള്‍ 14,787 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആന്റണി രാജുവിനു കിട്ടാനിടയുള്ള വോട്ട് ശിവകുമാറിലേക്കു തിരിക്കാന്‍ ബി.ജെ.പിക്കാര്‍ ശ്രമിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലായില്ലേ?

സാധാരണഗതിയില്‍ തീരദേശ മേഖല യു.ഡി.എഫിനെ പിന്തുണയ്ക്കാറുണ്ട്. അവസാനം തീരദേശ വോട്ടുകള്‍ എണ്ണുമ്പോഴാണ് കോണ്‍ഗ്രസ് ജയിക്കുന്നത്. എന്നാല്‍, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കണ്ടത് യു.ഡി.എഫിനൊപ്പം ഉറച്ചത് എന്നു കരുതപ്പെട്ടിരുന്ന ഈ വാര്‍ഡുകളില്‍ ഭൂരിഭാഗവും എല്‍.ഡി.എഫിലേക്കു മറിയുന്നതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഉറച്ച ഭൂരിപക്ഷത്തോടെ നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനു സാധിച്ചതില്‍ ഈ മാറ്റം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. സ്ഥലം എം.എല്‍.എയോടുള്ള എതിര്‍പ്പ് ഇതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അന്ന് വിലയിരുത്തിയത്. ശിവകുമാര്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്കു വീഴും എന്നു പറയുന്നതും അതിനാല്‍ത്തന്നെയാണ്.

വി.എസ്.ശിവകുമാര്‍ പ്രചാരണത്തില്‍

എന്തായാലും 2016ല്‍ കഴക്കൂട്ടത്ത് സംഭവിച്ചത് 2021ല്‍ തിരുവനന്തപുരത്ത് സംഭവിക്കാന്‍ പോകുകയാണ്. കഴക്കൂട്ടത്ത് കോണ്‍ഗ്രസ്സുകാരനായ എം.എ.വാഹീദ് സ്ഥിരമായി വിജയിച്ചിരുന്നത് അവിടെയുള്ള ആര്‍.എസ്.എസ്സുകാരുടെ സി.പി.എം. വിരോധം മുതലാക്കിയാണ്. ആര്‍.എസ്.എസ്. വോട്ടുകള്‍ കൂട്ടത്തോടെ വാങ്ങി വാഹീദ് ജയിക്കും. എന്നാല്‍ 2016ല്‍ ജയസാദ്ധ്യതയുണ്ടെന്നു തോന്നിച്ച സ്വന്തം സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ വന്നപ്പോള്‍ ആര്‍.എസ്.എസ്സുകാര്‍ വാഹീദിനെ കൈവിട്ടു. അതോടെ വാഹീദ് ദയനീയമായി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. ഇനി അവിടെ തിരിച്ചുവരവിനു സാദ്ധ്യതയില്ലാത്തവിധം കോണ്‍ഗ്രസ് പിന്നിലായിക്കഴിഞ്ഞു.

2016 വരെ ശിവകുമാര്‍ തിരുവനന്തപുരത്ത് ജയിച്ചിരുന്നത് ആര്‍.എസ്.എസ്സിന്റെ വോട്ടുവാങ്ങിയാണ്. ഇത്തവണ ആര്‍.എസ്.എസ്സിന് ജയസാദ്ധ്യത ജനിപ്പിക്കുന്ന സ്വന്തം സ്ഥാനാര്‍ത്ഥിയുണ്ട്. അതിനാല്‍ അവര്‍ ശിവകുമാറിനെ കൈവിടും എന്നതുറപ്പാണ്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോകും എന്നു പറയുന്നതും വെറുതെയല്ല.

ബി.ജെ.പി. നേതാവിന്റെ വാക്കുകള്‍ കടമെടുക്കാം -“ശിവകുമാര്‍ പിടിക്കുന്ന ഓരോ വോട്ടും കൃഷ്ണകുമാറിന്റെ ജയം ഉറപ്പാക്കും!!”

Previous articleകോണ്‍ഗ്രസ് ജനതാ പാര്‍ട്ടി
Next articleഉണ്ണിത്താന്റെ വചനപ്രഘോഷണം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here