Reading Time: 10 minutes

മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണോ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായത്? -ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ്; പലരും ചോദിപ്പിക്കുന്ന ചോദ്യമാണ്. തലയ്ക്കകത്ത് കുറച്ച് ആള്‍താമസമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന ഒരു കൂട്ടുകാരിയും ഞങ്ങളുടെ എം.എ. ക്ലാസ് ഗ്രൂപ്പില്‍ ഇതു കൊണ്ടു തള്ളി വ്യാഖ്യാനിക്കുന്നതു കണ്ടു. ഈ പ്രചാരണങ്ങള്‍ക്കു കാരണം രാഷ്ട്രീയമാണ്. ദുരന്തനിവാരണം മികച്ചതെന്ന് ഹൈക്കോടതി അടക്കം എല്ലാവരും പറയുമ്പോള്‍ കൃമികള്‍ക്കു പിടിച്ചുനില്‍ക്കണ്ടേ? കാര്യബോധമില്ലാത്ത സാധാരണക്കാര്‍ ഈ കുപ്രചരണങ്ങളില്‍ കൂടുങ്ങുന്നു എന്നുള്ള കാര്യം ഇന്നു ശരിക്കും ബോദ്ധ്യമായി. അതാണ് ഇതെഴുതാനുള്ള പ്രേരകം.

ഇപ്പോള്‍ കേരളത്തിനാവശ്യം ഒരുമയാണ്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ആത്മാര്‍ത്ഥമായി തന്നെയാണ്. വായില്‍ കമ്പിട്ടു കുത്തിയാലും വിവാദമുണ്ടാക്കുന്ന ഒരു വാക്കു പോലും തന്റെ വായില്‍ നിന്നു വീഴില്ലെന്ന് പിണറായി ദൃഢനിശ്ചയത്തിലാണ്. ആ മാന്യത എല്ലാവരും കാണുന്നുണ്ട്. അതിനെ പിന്തുണയ്ക്കുന്നത് ഇപ്പോള്‍ കേരളത്തിന്റെ നിലനില്പിന് അത്യാവശ്യമാണ്. കേരളത്തെ മുന്നോട്ടു നയിക്കണമെങ്കില്‍ കുപ്രചരണത്തിന്റെ മുന ആദ്യമൊടിക്കണം. അതിന് ശാസ്ത്രീയമായ കണക്കുകള്‍ ആധാരമാക്കിയേ മതിയാകൂ. സത്യം മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അത്യാവശ്യം ശാസ്ത്രബോധമുള്ളവര്‍ മാത്രം ഇതു വായിച്ചാല്‍ മതി.

കേരളത്തിലെ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായി എന്നു നോക്കാം. മഴയുടെ സാധ്യത പ്രവചിക്കുന്ന ദേശീയ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി.) കാലാവസ്ഥാ പ്രവചനങ്ങളെയും മുന്‍വര്‍ഷങ്ങളില്‍ ലഭിച്ച നീരൊഴുക്കിന്റെ അളവിനെയും പ്രതിദിനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നീരൊഴുക്കിനെയും അടിസ്ഥാനമാക്കിയാണ് അണക്കെടുക്കളില്‍ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം ക്രമീകരിക്കുന്നതും. എല്ലാ വര്‍ഷവും അങ്ങനെയാണ്. ഈ വര്‍ഷവും അങ്ങനെ തന്നെ.

കാലാവസ്ഥാ മുന്നറിയിപ്പ്

കാലവര്‍ഷത്തെ കുറിച്ച് സാധാരണ പോലെ ഈ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആദ്യഘട്ട ദീര്‍ഘകാല കാലാവസ്ഥാ പ്രവചനം നല്‍കിയിരുന്നു. മെയ് 30ന് രണ്ടാം ഘട്ട പ്രവചനവും ഐ.എം.ഡി. നല്‍കി. ഈ രണ്ട് പ്രവചനത്തിലും തെക്ക് -പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണഗതിയിലാകും ലഭിക്കുക എന്നായിരുന്നു, അതായത് ദീര്‍ഘകാല ശരാശരിയുടെ 96 മുതല്‍ 104 ശതമാനം വരെ. തെക്കേ ഇന്ത്യയിലാകട്ടെ അത് 95 ശതമാനമാകുമെന്നും പ്രവചിച്ചിരുന്നു. ഐ.എം.ഡിയുടെ രണ്ടാം പാദത്തിലേക്കുള്ള പ്രവചനം ഓഗസ്റ്റ് 3ന് പുറത്തിറക്കിയിരുന്നതിലും ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ളത് ശരാശരി മഴയെന്നായിരുന്നു.

മെയ് 30ലെ കാലാവസ്ഥാ പ്രവചനം: Rainfall over the country as a whole for the 2018 southwest monsoon season (June to September) is most likely to be NORMAL (96% to 104% of long period average (LPA))

ദീര്‍ഘകാല പ്രവചനത്തിന് പുറമേ, ആഴ്ചയടിസ്ഥാനത്തിലും ദിവസാടിസ്ഥാനത്തിലും ഐ.എം.ഡി. മുന്നറിയിപ്പ് പുറത്തിറക്കാറുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ ജലവിഭവ ഉപയോഗക്രമത്തില്‍ അവസാന ഘട്ടത്തിലെ ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാത്രമേ സഹായകരമാകൂ. ജൂലൈ 26ന്റെ പ്രതിവാര ബുള്ളറ്റിനില്‍ ഓഗസ്റ്റ് 2 മുതല്‍ 8 വരെയുള്ള വാരത്തില്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും തേക്കേ അറ്റം ഉള്‍പ്പെടുന്ന ഉപദ്വീപിലും സാധാരണത്തേതില്‍ നിന്നും കൂടിയ മഴ തുടരാന്‍ സാദ്ധ്യതയുണ്ടെന്നത് മാത്രമാണ് കേരളത്തെ സംബന്ധിച്ച് ഇതിലുള്ള പ്രസക്തമായ ഏക പരാമര്‍ശം. ഈ ബുള്ളറ്റിനിലും കനത്ത മഴ പ്രവചിച്ചിരുന്നില്ല.


ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളിലേക്ക് ഓഗസ്റ്റ് 3ന് വന്ന കാലാവസ്ഥാ പ്രവചനം: The rainfall during August 2018 is likely to be 96 ± 9% of LPA and expected to be higher than predicted in June

ഓഗസ്റ്റ് 9ന് ഐ.എം.ഡി. ഓഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലേക്ക് മുന്നറിയിപ്പ് ഇറക്കി. അതുപ്രകാരം, കേരളത്തില്‍ അതിശക്തമായ മഴ (115.6 മുതല്‍ 204.4 വരെ മില്ലീമീറ്റര്‍) ലഭിക്കാന്‍ സാധ്യതയുള്ളത് ഓഗസ്റ്റ് 9ന് മാത്രമാണെന്നും ബാക്കി ദിവസങ്ങളില്‍ പരമാവധി 115.5 മില്ലീമീറ്റര്‍ വരെ മാത്രമേ മഴ ലഭിക്കൂ എന്നുമായിരുന്നു. അതിതീവ്ര മഴ (204.40 മില്ലീമീറ്ററില്‍ അധികം) ഈ ദിവസങ്ങളില്‍ കേരളത്തില്‍ പ്രവചിച്ചിരുന്നുമില്ല. ഐ.എം.ഡിയുടെ സാധാരണയായുള്ള പ്രവചനത്തിനപ്പുറം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ ഒരു മുന്നറിയിപ്പും ഈ ബുള്ളറ്റിനുകളില്‍ ഇല്ലായിരുന്നു. ഈ മുന്നറിയിപ്പനുസരിച്ച് ആഗസ്റ്റ് ആദ്യവാരത്തില്‍പ്പോലും പ്രളയത്തിന് കാരണമാകാവുന്ന നിലയില്‍ അതികഠിനമായ മഴയുടെ സൂചന പോലും കേരളത്തില്‍ ഉണ്ടായിരുന്നില്ല.

ഓഗസ്റ്റ് 9ന് വന്ന കാലാവസ്ഥാ പ്രവചനം ഓഗസ്റ്റ് 9 -22 കാലയളവിലെ മഴയെപ്പറ്റി: കേരളത്തിലെ മഴയെ സംബന്ധിച്ച മുന്നറിയിപ്പോ വെള്ളപ്പൊക്ക പ്രവചനമോ ഇല്ല

അപ്പോള്‍ കാര്യം മനസ്സിലായല്ലോ? ഓഖിയില്‍ സംഭവിച്ചതു തന്നെ പ്രളയത്തിലും സംഭവിച്ചു. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒന്നും അറിഞ്ഞില്ല, പ്രവചിച്ചുമില്ല. സര്‍ക്കാരിന് എല്ലാ അലര്‍ട്ടും കൊടുത്തിരുന്നുവെന്നും അതു മുഖവിലയ്‌ക്കെടുത്തില്ലെന്നുമുള്ള വാദമുയര്‍ത്തി കഴിഞ്ഞ തവണത്തേതു പോലെ ഇക്കുറിയും പുംഗന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ഇവിടെ നമ്മുടെ കൈവശം എല്ലാ രേഖകളുമുണ്ട്. ഒന്നിലുമില്ല പ്രവചനം. സാരമില്ല, കഴിഞ്ഞ തവണത്തേതു പോലെ പാര്‍ലമെന്റില്‍ പുംഗന്മാരെ ആഭ്യന്തര മന്ത്രി തിരുത്തിക്കോളും.

ഡാമുകള്‍ തുറക്കുമ്പോള്‍

ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ലേ? യഥാസമയം മുന്നറിയിപ്പുകള്‍ നല്‍കിയില്ലേ? യഥാര്‍ത്ഥത്തില്‍ ജൂലൈ മുതല്‍ തന്നെ കേരളത്തില്‍ പൊതുവിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ലഭിച്ചത് ഐ.എം.ഡി. പ്രവചനത്തില്‍ നിന്നു വ്യത്യസ്തമായി ശക്തമായ മഴയായിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ രണ്ടാം വാരമായപ്പോള്‍ തന്നെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ചിരുന്നു. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ചെറുകിട ജലവൈദ്യുത നിലയങ്ങളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിച്ചു. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, കക്കയം, മൂഴിയാര്‍, പൊരിങ്ങല്‍, ഷോളയാര്‍, ബാണാസുരസാഗര്‍ തുടങ്ങിയവയെല്ലാം ജൂലൈയില്‍ തന്നെ തുറന്ന് വിടുകയും ചെയ്തിരുന്നു.

ജൂലൈ 16 വരെയുള്ള ദിവസങ്ങളില്‍ ഇടുക്കിയില്‍ 153.40ഉം ഇടമലയാറില്‍ 125ഉം പമ്പയില്‍ 120ഉം കക്കിയില്‍ 188ഉം ബാണാസുരസാഗറില്‍ 263.60ഉം മില്ലീമീറ്റര്‍ പരമാവധി മഴ രേഖപ്പെടുത്തി. ഇത്തരത്തില്‍ മഴയിലും നീരൊഴുക്കിലും ഉണ്ടായ വര്‍ദ്ധനയെ തുടര്‍ന്ന്, സാധാരണ കാലവര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം വലിയ ജലവൈദ്യുതി നിലയങ്ങളായ മൂലമറ്റം, ശബരിഗിരി, ഇടമലയാര്‍ എന്നീ പദ്ധതികളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് വലിയ ഡാമുകളിലെ ജലം നിയന്ത്രിച്ച് നിര്‍ത്തി.

മഴ ശക്തിപ്പെടുന്നതും വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25ന് കെ.എസ്.ഇ.ബി. ചെയര്‍മാന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങള്‍ ഈ യോഗത്തിലുണ്ടായി. ഇടുക്കി, പമ്പ, കക്കി, ഇടമലയാര്‍ എന്നീ ഡാമുകള്‍ തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നന്‍കാനുള്ള ജലനിരപ്പുകള്‍ തീരുമാനിക്കപ്പെട്ടു. അതനുസരിച്ച് ജില്ലാ ഭരണാധികാരികളെയും ദുരന്ത നിവാരണ അതോറിറ്റിയെയും യഥാസമയങ്ങളില്‍ അറിയിച്ച് ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാന്‍ ഡാം സേഫ്ടി ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.

ഇതനുസരിച്ച് സമയാസമയങ്ങളില്‍ വിവിധ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. കക്കിയില്‍ ജൂലൈ 24ന് ബ്ലൂ അലര്‍ട്ടും ഓഗസ്റ്റ് 3ന് ഓറഞ്ച് അലര്‍ട്ടും നല്‍കി. റെഡ് അലര്‍ട്ട് നല്‍കിയത് ഓഗസ്റ്റ് 8നാണ്. പമ്പയില്‍ ജൂലൈ 17ന് ബ്ലൂ അലര്‍ട്ടും 26ന് ഓറഞ്ച് അലര്‍ട്ടും നല്‍കിയെങ്കിലും മഴ കുറഞ്ഞതിനാല്‍ 30ന് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ മഴ ശക്തിപ്പെട്ടതോടെ ഓഗസ്റ്റ് 9ന് വീണ്ടും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. അന്നുതന്നെ റെഡ് അലര്‍ട്ടും വേണ്ടി വന്നു. ഇടുക്കിയില്‍ ജൂലൈ 26ന് ബ്ലൂ അലര്‍ട്ടും 30ന് ഓറഞ്ച് അലര്‍ട്ടും ഓഗസ്റ്റ് 9ന് റെഡ് അലര്‍ട്ടും നല്‍കിയിരുന്നു. ഇടമലയാറിലാകട്ടെ ജൂലൈ 25ന് ബ്ലൂ, ഓഗസ്റ്റ് 1ന് ഓറഞ്ച്, ഓഗസ്റ്റ് 8ന് റെഡ് എന്നിങ്ങനെയാണ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നത്. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളില്‍ അലര്‍ട്ടുകള്‍ നല്‍കിയതിനു ശേഷമാണ് ഡാമുകള്‍ വിവിധ ദിവസങ്ങളിലായി തുറന്നത്. ഒരു ഡാമും രാത്രികാലങ്ങളില്‍ തുറന്നിട്ടില്ല.

എന്നാല്‍ ബാണാസുരസാഗര്‍ ഡാമിനെ സംബന്ധിച്ച് ഇത്തരത്തില്‍ അലര്‍ട്ടുകള്‍ കൊടുത്ത് കാത്തിരിക്കാന്‍ നിര്‍വാഹമില്ല. കാരണം ബാണാസുരസാഗര്‍ മണ്ണ് കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലും മാക്‌സിമം റിസര്‍വോയര്‍ ലെവലും ഒന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ പരമാവധി ജലനിരപ്പിന് മുകളിലായി വെള്ളം പിടിച്ച് നിര്‍ത്തുന്നത് ഡാമിന്റെ സുരക്ഷയെ തന്നെ ബാധിക്കും. ആയതിനാല്‍ പരമാവധി നിരപ്പിന് മുകളില്‍ വെള്ളം എത്തിയാല്‍ പിന്നീട് ഒഴുകി വരുന്ന മുഴുവന്‍ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.

ഇത്തരത്തില്‍ ജലനിരപ്പ് പരമാവധി വരെ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 14 മുതല്‍ ഓഗസ്റ്റ് 5 വരെ ബാണാസുരസാഗര്‍ ഡാമില്‍ നിന്നു വെള്ളം തുറന്ന് വിട്ടിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും ജില്ലാ ഭരണാധികാരികള്‍ക്കും കൃത്യമായ അറിയിപ്പ് നല്‍കിയതിനു ശേഷമാണ് ബാണാസുരസാഗര്‍ ഡാമും തുറന്ന് വിട്ടത്. ഡാമിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായ സാഹചര്യത്തില്‍ ഓഗസ്റ്റ് 5ന് ഡാമില്‍ നിന്നു വെള്ളം പുറത്തേക്കു വിടുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 6 വൈകുന്നേരം മുതല്‍ വൃഷ്ടിപ്രദേശത്ത് വീണ്ടും അതിതീവ്ര മഴ ആരംഭിച്ചത് ഡാമിലേക്കുള്ള നീരൊഴുക്കില്‍ വന്‍ വര്‍ദ്ധനയുണ്ടാക്കി. ഇത് മൂലം ഓഗസ്റ്റ് 7ന് രാവിലെ വീണ്ടും ഡാം തുറക്കേണ്ടി വന്നു. ഇത് പല ഘട്ടങ്ങളിലായി 10 സെന്റീമീറ്റര്‍ മുതല്‍ ചെറിയ അളവില്‍ നിന്ന് ഏകദേശം 59 മണിക്കൂര്‍കൊണ്ടാണ് പരമാവധി 290 സെന്റീമീറ്ററായി ഡാം ഷട്ടറിന്റെ വിടവ് വര്‍ദ്ധിപ്പിച്ചത്. ഇങ്ങനെ വളരെ അടിയന്തിരമായി ഡാം തുറക്കേണ്ടിവരുന്ന സാഹചര്യം ജില്ലാ ഭരണാധികാരികളെ ഇ-മെയില്‍ അടക്കമുള്ള അടിയന്തിര സന്ദേശം വഴി അറിയിക്കുകയും ചെയ്തു.

ഡാമുകളും പ്രളയവും

പ്രളയത്തിനു കാരണമായത് ഡാമുകള്‍ എല്ലാം ഒരുമിച്ച് തുറന്നതാണെന്ന വാദം അങ്ങേയറ്റം ബാലിശമാണ്. കെ.എസ്.ഇ.ബിയുടെ ചെറു ഡാമുകളെല്ലാം ജൂലൈ മാസം മുതല്‍ തന്നെ തുറന്ന് വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കിയ നിലയിലായിരുന്നു. ഓഗസ്റ്റില്‍ മാത്രമാണ് വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായത്. ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഡാമുകള്‍ തുറക്കുമ്പോള്‍ സംഭരിച്ച് വെച്ച ജലമല്ല പുറത്തേക്ക് ഒഴുക്കുന്നത്. മറിച്ച് വന്‍മഴയെ തുടര്‍ന്ന് വര്‍ദ്ധിച്ച തോതില്‍ ലഭിക്കുന്ന അധിക നീരൊഴുക്കിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ അധിക നീരൊഴുക്ക് മുഴുവനും സമതലങ്ങളിലേക്ക് പ്രവഹിക്കും. അത് വന്‍ ജീവഹാനി വരുത്തുന്ന വെള്ളപ്പൊക്കത്തിനു കാരണമാവുകയും ചെയ്യും.

ഐ.എം.ഡിയുടെ ദീര്‍ഘകാല പ്രവചനങ്ങളെയും രണ്ടാംപാദ പ്രവചനങ്ങളെയും അസ്ഥാനത്താക്കി ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ലഭിച്ച മഴയാണ് ഡാമുകളിലേക്കും സമതലങ്ങളിലേക്കും അമിതമായ പ്രളയജലം എത്തിക്കാന്‍ ഇടയാക്കിയത്. ഓഗസ്റ്റ് 7 മുതല്‍ 20 വരെ പ്രധാനപ്പെട്ട ഡാമുകളില്‍ ലഭിച്ച മഴയുടെ കണക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഇടുക്കിയില്‍ 164.5 സെന്റിമീറ്റര്‍, ഇടമലയാറില്‍ 123.4 സെന്റിമീറ്റര്‍, പമ്പയില്‍ 106.6 സെന്റിമീറ്റര്‍, കക്കിയില്‍ 180 സെന്റിമീറ്റര്‍, ബാണാസുരസാഗറില്‍ 259.8 സെന്റിമീറ്റര്‍ എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ അളവ്. ഇത്ര രൂക്ഷമായി മഴ പെയ്തത് മൂലം ഡാമിലേക്കുള്ള നീരൊഴുക്കില്‍ വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടായി. എന്നാല്‍ ഇങ്ങനെ ഒഴുകിയെത്തിയ വെള്ളം പൂര്‍ണതോതില്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് വിടാനാവുമായിരുന്നില്ല. എങ്കില്‍ വന്‍ ജീവഹാനിക്കു കാരണമാവുന്ന പ്രളയം ഉണ്ടാവുമായിരുന്നു. എന്നിട്ടും പ്രളയമുണ്ടായത് ഡാമിന് പുറത്തുള്ള സമതലങ്ങളിലും പുഴയോരങ്ങളിലും പെയ്ത മഴ മൂലം തന്നെയാണ്.

പെരിയാറിലെ വെള്ളപ്പൊക്കം

പ്രളയം ഏറ്റവും രൂക്ഷമായ ഓഗസ്റ്റ് 14 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഇടുക്കി ഡാമില്‍ 1,186 മില്ല്യന്‍ ക്യുബിക് മീറ്റര്‍ (എം.സി.എം.) ജലം ഒഴുകിയെത്തിയപ്പോള്‍ അവിടെ നിന്നു പെരിയാറിലേക്ക് തുറന്ന് വിട്ടത് 525 എം.സി.എം. വെള്ളം മാത്രമാണ്. അതായത് 661 എം.സി.എം. ജലം ഇടുക്കി ഡാമില്‍ തടഞ്ഞു നിര്‍ത്തി. ഇത്തരത്തില്‍ ഡാമില്‍ ജലം തടഞ്ഞു നിര്‍ത്തിയത് കാരണം പെരിയാറ്റിലെ ഒഴുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനും പ്രളയക്കെടുതി അത്ര കണ്ട് കുറയ്കാനും കഴിഞ്ഞു.

ശക്തമായ നീരൊഴുക്കിന് പുറമേ, മുല്ലപ്പെരിയാറില്‍ നിന്നും പരമാവധി 760 ക്യുമെക്‌സ് വെള്ളം കൂടി ഇടുക്കി ഡാമില്‍ എത്തിയിട്ടും ഇടുക്കി അണക്കെട്ടില്‍ നിന്നു പെരിയാറിലേക്ക് തുറന്നു വിട്ടത് പരമാവധി 1,600 ക്യുമെക്‌സ് എന്ന തോതില്‍ മാത്രമായിരുന്നു. ഇടമലയാറില്‍ നിന്ന് പെരിയാറിലേക്ക് തുറന്നുവിട്ട പരമാവധി വെള്ളമായ 1,400 ക്യുമെക്‌സും കൂടി ചേര്‍ന്ന് ആകെ പരമാവധി 2,900 ക്യുമെക്‌സ് എന്ന തോതില്‍ വെള്ളം ഭൂതത്താന്‍കെട്ട് ബാരേജിലെത്തിയതിന് ശേഷമാണ് പെരിയാറിന്റെ താഴ്ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. പ്രളയം രൂക്ഷമായ സമയത്ത് ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും പെരിയാറിലേക്ക് ഒഴുകിയ വെള്ളത്തിന്റെ തോത് 7,700 ക്യുമെക്‌സ് ആയിരുന്നു എന്നാണ് കാണുന്നത്.

ഇതിലൂടെ വ്യക്തമാകുന്നത് ഭൂതത്താന്‍കെട്ടില്‍ നിന്നും പെരിയാറിലേക്ക് ഒഴുകിയ വെള്ളത്തിന്റെ 37 ശതമാനം മാത്രമായിരുന്നു ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നു വന്നത്. ഭൂതത്താന്‍കെട്ട് ബാരേജിന് താഴെയും നദിയിലേക്ക് വെള്ളം എത്തുന്നുണ്ട്. പെരിയാര്‍ നദിയുടെ വൃഷ്ടിപ്രദേശത്തിന്റെ 56 ശതമാനം മാത്രമേ ഭൂതത്താന്‍കെട്ടിന് മുകളിലുള്ളൂ. ബാക്കി 44 ശതമാനവും ബാരേജിന് താഴെയുള്ള പ്രദേശങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തിയ വെള്ളം കൂടി കണക്കിലെടുത്താല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിനു കാരണമായതില്‍ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന് ചെറിയ ഒരു പങ്ക് മാത്രമേ ഉണ്ടായിരുന്നു എന്ന് വ്യക്തമാകും. ഇത് ഇടുക്കിയിലെ മാത്രം സ്ഥിതിയല്ല. മറ്റൂ പ്രദേശങ്ങളിലും പ്രളയക്കെടുതി രൂക്ഷമാക്കിയതിന് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന് വലിയ പങ്കില്ല എന്നും കുറെയെങ്കിലും പ്രളയക്കെടുതി കുറയ്കാനാണ് ഡാമുകള്‍ സഹായകമായത് എന്നും കാണാം.

പമ്പാ നദിയിലെ പ്രളയം

പമ്പ, കക്കി ഡാമുകളില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന് പുറമേ ശബരിഗിരി, കക്കാട് എന്നീ ജലവൈദ്യുത നിലയങ്ങളില്‍ നിന്ന് ഉത്പാദനത്തിനു ശേഷം പുറത്തു വരുന്ന വെള്ളവും കൂടിയാണ് പമ്പാ നദിയില്‍ എത്തുന്നത്. പ്രളയം രൂക്ഷമായ ഓഗസ്റ്റ് 15, 16 തീയതികളില്‍ പമ്പ ഡാമില്‍ നിന്ന് 249 ക്യുമെക്‌സ്, കക്കിയില്‍ നിന്ന് 844 ക്യുമെക്‌സ്, ശബരിഗിരിയില്‍ നിന്ന് 330 ക്യുമെക്‌സ്, കക്കാട് നിന്ന് 50 ക്യുമെക്‌സ് എന്നീ തോതിലായിരുന്നു പമ്പയാറ്റില്‍ എത്തിയ വെള്ളം. അങ്ങനെ ആകെ 1,473 ക്യുമെക്‌സ് എന്ന തോതില്‍.

പമ്പ, കക്കി ഡാമുകള്‍ക്ക് താഴെ പമ്പാനദിയുടെ രണ്ടു കൈവഴികളില്‍ റാന്നി -പെരുനാട്, പെരുന്തേനരുവി എന്നിവിടങ്ങളില്‍ നദിയിലെ നീരൊഴുക്ക് അളക്കുന്നതിനുള്ള റിവര്‍ ഗേജ് സംവിധാനങ്ങളുണ്ട്. റാന്നി-പെരുനാടില്‍ 2,600 ക്യുമെക്‌സും പെരുന്തേനരുവിയില്‍ 2,480 ക്യുമെക്‌സുമാണ് അളക്കാവുന്ന പരിധി. ഈ രണ്ടു റിവര്‍ ഗേജുകളും ഓഗസ്റ്റ് 15, 16 തീയതികളില്‍ കവിഞ്ഞൊഴുകുകയായിരുന്നു. അതായത് പമ്പാ നദിയില്‍ ആകെ ഒഴുകിയ വെള്ളം 5,080 ക്യുമെക്‌സിലും അധികമായിരുന്നു. ഇതില്‍ പമ്പ, കക്കി ഡാമുകളില്‍ നിന്നും വൈദ്യുതി നിലയങ്ങളില്‍ നിന്നുമായി ആകെ പമ്പയാറ്റിലെത്തിയ 1,473 ക്യുമെക്‌സ് എന്നത് പമ്പാ നദിയിലൂടെ ഒഴുകിയ ആകെ വെള്ളത്തിന്റെ 29 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഇതും സൂചിപ്പിക്കുന്നത് ഡാമുകളില്‍ നിന്നുള്ള വെള്ളമായിരുന്നില്ല പ്രളയം രൂക്ഷമാക്കിയത് മറിച്ച് പമ്പാനദിയില്‍ സ്വാഭാവികമായി എത്തിയ മഴവെള്ളമായിരുന്നു എന്നതാണ്.

വയനാട്ടിലെ പ്രളയം

വയനാട്ടിലുണ്ടായ പ്രളയം ബാണാസുരസാഗര്‍ അണക്കെട്ട് തുറന്ന് വിട്ടുണ്ടായതാണെന്ന ആരോപണത്തിലും കഴമ്പില്ല എന്ന് കണക്കുകള്‍ തെളിയിക്കുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ 44.26 സെന്റിമീറ്റര്‍ രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9നായിരുന്നു. വയനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കുന്നതിന് കബനീ നദിയില്‍ കര്‍ണ്ണാടക നിര്‍മ്മിച്ചിരിക്കുന്ന ബീച്ചനഹള്ളി ഡാമിലേക്ക് ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് അന്ന് പോയത് 19.67 എം.സി.എം. വെള്ളമാണ്. എന്നാല്‍, അന്നേ ദിവസം കബനീനദി വഴി ബീച്ചനഹള്ളി ഡാമിലേക്ക് ആകെ ഒഴുകിയെത്തിയത് 170 എം.സി.എമ്മുമായിരുന്നു. ഇത് വ്യക്തമാക്കുന്നത് കബനിയുടെ വയനാട് ഭാഗത്ത് ഒഴുകിയ വെള്ളത്തിന്റെ വെറും 12 ശതമാനം മാത്രമായിരുന്നു ബാണാസുരസാഗറില്‍ നിന്നും ഒഴുകിയത് എന്നാണ്.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ താഴ്‌വാരത്തില്‍ കേന്ദ്ര ജലക്കമ്മീഷന്റെ അധീനതയിലുള്ള മുത്തങ്കര റിവര്‍ ഗേജ് സ്റ്റേഷനിലെ വിവരമനുസരിച്ച്, അത് വഴി ഓഗസ്റ്റ് 7, 8, 9 തീയതികളില്‍ ജലം ഒഴുകിയത് 564, 1018, 2250 ക്യുമെക്‌സ് എന്ന തോതിലായിരുന്നു. അതോടൊപ്പം ജില്ലയിലെ തന്നെ മാനന്തവാടി റിവര്‍ ഗേജ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ വെള്ളത്തിന്റെ അളവ് 371, 1019, 1100 ക്യുമെക്‌സ് എന്ന തോതിലുമാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ ബാണാസുരസാഗറില്‍ നിന്നും പുറത്തേക്ക് വിട്ടത് പരമാവധി 246 ക്യുമെക്‌സ് ജലം മാത്രമായിരുന്നു.

ഡാമില്‍ നിന്നുള്ള വെള്ളമെത്താത്ത കല്‍പ്പറ്റ അടക്കമുള്ള നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി എന്ന് മാത്രമല്ല, ഓഗസ്റ്റ് 8ന് രാവിലെ മുതല്‍ തന്നെ ടൗണിലെ നാഷണല്‍ ഹൈവേയിലടക്കം വെള്ളം പൊങ്ങി മാര്‍ഗതടസ്സമുണ്ടായി. ഇവയെല്ലാം സൂചിപ്പിക്കുന്നത് വയനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിയതില്‍ ബാണാസുരസാഗര്‍ ഡാം പ്രത്യേകിച്ച് യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന് തന്നെയാണ്.

ഇടുക്കിയിലെ ട്രയല്‍ റണ്‍ മാറ്റിയതെന്തിന്?

ഇടുക്കിയില്‍ 2,397 അടി ജലനിരപ്പ് എത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു തീരുമാനിച്ചത്. ഓഗസ്റ്റ് 8 രാത്രിയില്‍ ഈ നിരപ്പ് എത്തുകയും ചെയ്തു. അന്നേ ദിവസം തന്നെ ഇടമലയാറില്‍ പൂര്‍ണ ജലനിരപ്പായ 169 മീറ്ററില്‍ നിന്നുയര്‍ന്ന് 169.95 വരെ എത്തുകയും, അതിനാല്‍ തന്നെ റെഡ് അലര്‍ട്ട് നല്‍കി ഇടമലയാര്‍ ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യവും ഉണ്ടായി.

ഇടമലയാറില്‍ നിന്നും ഇടുക്കിയില്‍ നിന്നും വരുന്ന വെള്ളം പെരിയാറിലൂടെ ഒരുമിച്ചാണ് ഒഴുകുന്നത്. അതിനാല്‍, ഇടമലയാര്‍ ഡാം തുറന്നതിന്റെ ആഘാതം മനസ്സിലാക്കിയതിന് ശേഷം മതി ഇടുക്കി ഡാം തുറക്കുന്നത് എന്ന തീരുമാനം ജനഹിതം പരിഗണിച്ചായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കിയിലെ ട്രയല്‍ റണ്‍ ഏതാനും മണിക്കൂറുകള്‍ മാറ്റിവെച്ചത്. അങ്ങിനെയാണ് ഓഗസ്റ്റ് 9-ന് മുന്നറിയിപ്പുകളോടും കൂടി ഉച്ചയ്ക്ക് 12.30ന് 50 ക്യുമെക്‌സ് വെള്ളം തുറന്ന് വിട്ട് ട്രയല്‍ റണ്‍ നടത്തിയത്. 4 മണിക്കൂര്‍ നേരത്തെ ട്രയല്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ജലനിരപ്പ് റെഡ് അലര്‍ട്ട് നിരപ്പായ 2,399ഉം കഴിഞ്ഞ് 2,401.10 അടി ആയി ഉയര്‍ന്നു. അതിനാല്‍ ഓഗസ്റ്റ് 10ന് രാവിലെ 8 മണി മുതല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറുന്ന് വെള്ളമൊഴുക്കല്‍ തുടരേണ്ടി വന്നു. ഇത്തരത്തില്‍ ട്രയല്‍ റണ്‍ ഏതാനും മണിക്കൂറുകള്‍ മാറ്റി വെച്ചുവെന്നത് ഏതെങ്കിലും തരത്തില്‍ പ്രശ്‌നം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല പെരിയാറിലെ പ്രളയത്തിന്റെ തീവ്രത ആദ്യ ദിവസമെങ്കിലും അല്പം കുറയ്ക്കാന്‍ സാധിച്ചു.

ഷോളയാറില്‍ നിന്നു ചാലക്കുടിപ്പുഴയിലേക്ക് പോകുന്ന വെള്ളം ഇടമലയാറിലേക്ക് തിരിച്ചു വിടുന്ന വാച്ച്മരം ഗേറ്റ് അടയ്ക്കാത്തതാണ് ഇടമലയാര്‍ പെട്ടെന്ന് നിറയാന്‍ ഇടയാക്കിയത് എന്നൊക്കെ ചിലര്‍ ആരോപിച്ചു കണ്ടു. എന്നാല്‍, വാച്ച്മരത്ത് ജലനിയന്ത്രണത്തിനായി ഗേറ്റ് സ്ഥാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം! പൊരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് ചാലക്കുടി പുഴയിലേക്ക് ഒഴുകുമ്പോള്‍ വെള്ളം നഷ്ടമാകാതിരിക്കാന്‍ വെള്ളത്തിന്റെ ഒരു ഭാഗം ഇടമലയാറിലേക്ക് എത്തിക്കാന്‍ ഉണ്ടാക്കിയ ഒരു ഡൈവേര്‍ഷന്‍ സംവിധാനം ആണ് വാച്ച്മരത്ത് ഉള്ളത്. ഈ പൈപ്പുകളിലൂടെ കുറച്ചു വെള്ളം ഇടമലയാറില്‍ എത്തുമെന്നു മാത്രം. അല്ലെങ്കില്‍ ചാലക്കുടിപ്പുഴയില്‍ പോകുന്ന വെള്ളമാണിത്. ഈ സംവിധാനം അടയ്ക്കാനുള്ള ഒരു മാര്‍ഗ്ഗവും വാച്ച്മരത്തില്ല എന്നതാണ് സത്യം!

ഡാമുകള്‍ നേരത്തേ തുറക്കാത്തത് എന്തുകൊണ്ട്?

വന്‍തോതില്‍ മഴയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നേരത്തെ തന്നെ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നെങ്കില്‍ വല്ല പ്രശ്‌നവുമുണ്ടായിരുന്നോ? പ്രത്യേകിച്ചും ഇടുക്കി ഡാമിലെ ഷട്ടറുകള്‍ 2,397 അടി വരെ എത്തുന്നതിന് മുമ്പായി തന്നെ തുറക്കാമായിരുന്നു. കേള്‍ക്കുമ്പോള്‍ ശരിയാണെന്നു പറയുന്ന നിഷ്‌കുക്കളുണ്ട്.

ഇടുക്കി ഡാമിന്റെ ഷട്ടറിന്റെ ഏറ്റവും താഴെ ഭാഗം, അതായത് ഷട്ടര്‍ ആരംഭിക്കുന്ന ക്രെസ്റ്റ് 2,373 അടി നിരപ്പിലാണ്. അതായത് ഡാമിലെ ജലനിരപ്പ് 2,373 അടിക്ക് മുകളില്‍ എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറന്നാലും അത് വഴി വെള്ളം ഒഴുകിത്തുടങ്ങുകയുള്ളു. ഇടുക്കി ഡാമില്‍ 2,373 അടി ജലനിരപ്പ് എത്തിയത് ജൂലൈ 17നാണ്. അതിനുശേഷം എന്ന് വേണമെങ്കിലും വെള്ളം തുറന്ന് വിടാമായിരുന്നു എന്നാണ് വാദം. ചെറുതോണി പാലത്തിനടിയിലൂടെ പാലത്തിന് അപകടം വരുത്താത്ത തരത്തില്‍ ചെറിയ ഒരളവ് -50 മുതല്‍ 100 ക്യുമെക്‌സ് വരെ വെള്ളം മാത്രമേ തുറന്ന് വിടാന്‍ കഴിയുമായിരുന്നുള്ളു. ഈ സാഹചര്യത്തില്‍ മുന്‍കൂറായി തുറന്നാലും കുറേയേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമായിരുന്നു.

ഓഗസ്റ്റ് മാസം വലിയ തോതില്‍ മഴയുണ്ടാകുമെന്ന സങ്കല്പത്തില്‍ ജൂലൈ 17 മുതല്‍ തന്നെ ഏകദേശം 50 ക്യുമെക്‌സ് വെള്ളം തുറന്നു വിട്ടിരുന്നു എങ്കില്‍ യഥാര്‍ത്ഥത്തില്‍ ഡാം തുറക്കേണ്ടി വന്ന ഓഗസ്റ്റ് 9 വരെ ആകെ 95 എം.സി.എം. വെള്ളം മാത്രമേ പുറത്തുവിടാനാവുമായിരുന്നുള്ളൂ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഡാം തുറന്ന ഓഗസ്റ്റ് 9 മുതല്‍ 28 വരെ മാത്രം ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കേണ്ടി വന്ന വെള്ളത്തിന്റെ അളവ് 939 എം.സി.എം. ആണ്. അതായത് മുന്‍കൂട്ടി ഒഴുക്കിക്കളയാമായിരുന്ന പരമാവധി വെള്ളം ഇതുവരെ ആകെ തുറന്നുവിട്ട വെള്ളത്തിന്റെ കേവലം 10 ശതമാനം മാത്രമായിരിക്കും. ചുരുക്കത്തില്‍, ഒഴുക്കേണ്ടി വന്നത് 939 എം.സി.എം. എങ്കില്‍ ഇതില്‍ മുന്‍കൂട്ടി ഒഴുക്കാമായിരുന്നത് 95 എം.സി.എം. മാത്രം. ബാക്കി മുഴുവന്‍ കനത്ത മഴ പെയ്‌തെത്തിയ വെള്ളമായിരുന്നു.

ഇതിനൊരു മറുവശമുണ്ട്. മുന്‍കൂട്ടി വെള്ളം ഒഴുക്കിക്കളയുകയും പ്രതീക്ഷിച്ചതു പോലെ വലിയ മഴ വരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അനാവശ്യമായി വെള്ളം തുറന്നുവിട്ട് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഫലമായി വൈദ്യുതി നിരക്ക് കൂട്ടേണ്ടി വന്നുവെന്ന ആരോപണം കേള്‍ക്കേണ്ടി വന്നേനെ.

മാട്ടിറച്ചി കിട്ടാത്തതിനാല്‍ പട്ടിയെ തല്ലിക്കൊന്ന് കറിവെച്ച് ഭര്‍ത്താവിനു വിളമ്പിയ സ്ത്രീയുടെ മകന്‍ നേരിട്ട ധര്‍മ്മസങ്കടത്തിന്റെ കഥയാണ് ഓര്‍മ്മ വരുന്നത് ‘സത്യം പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും. സത്യം പറഞ്ഞാല്‍ അമ്മയെ അച്ഛന്‍ തല്ലിക്കൊല്ലും.’ ഡാം തുറക്കലുമായി ബന്ധപ്പെട്ട തര്‍ക്കം ഏതാണ്ട് ഈ അവസ്ഥയിലാണ്.

 


കാലാവസ്ഥാ വകുപ്പിന്റെ പാളിപ്പോയ പ്രവചനങ്ങൾ

മെയ് 30ലെ കാലാവസ്ഥാ പ്രവചനം
ഓഗസ്റ്റ് 3ലെ കാലാവസ്ഥാ പ്രവചനം
ഓഗസ്റ്റ് 9ലെ കാലാവസ്ഥാ പ്രവചനം

Previous articleഅതെ, ഇതു മാത്രമാണ് നമുക്കാശ്രയം
Next articleഓഖി ഫണ്ട് പോയ വഴി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here