Reading Time: 2 minutes

കേരളത്തിലെ ആദ്യത്തെ കലാലയം 150 വര്‍ഷം തികയ്ക്കുന്നു -തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. രാജ്യത്തെ തന്നെ ആദ്യ കലാലയം എന്ന അവകാശവാദമുയര്‍ത്തി കോട്ടയത്തുള്ള ഒരു കൂട്ടര്‍ 200-ാം വാര്‍ഷികാഘോഷവുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷേ, ആ വ്യാജ അവകാശവാദത്തിന് ചരിത്രത്തിന്റെ പിന്‍ബലമില്ല. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. ബോദ്ധ്യപ്പെടാം.

ചരിത്രം വളച്ചൊടിക്കുന്നവര്‍ ചെന്നു പെടുന്ന ഒരു കുരുക്കുണ്ട്. അവര്‍ക്ക് ചരിത്രം എന്നു കേള്‍ക്കുന്നതു തന്നെ ചതുര്‍ത്ഥിയാകും. ചരിത്രവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകള്‍ക്കും അവര്‍ നിന്നു തരില്ല. അവകാശവാദം പരമാവധി ഉച്ചത്തില്‍ ഉയര്‍ത്താനായിരിക്കും അവരുടെ ശ്രമം. എന്നാല്‍, ചരിത്രത്തിന്റെ ശരിയായ അടയാളപ്പെടുത്തലുകള്‍ക്ക് ഉടമയായവരുടെ നിലപാട് നേര്‍വിപരീതമായിരിക്കും. അവര്‍ ചരിത്രം ഉയര്‍ത്തിപ്പിടിക്കും. ഇതുവരെയുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടിക്കാട്ടും.

യൂണിവേഴ്‌സിറ്റി കോളേജിന് ചരിത്രത്തെ പേടിയില്ല. കാരണം ഇത് വ്യാജ അവകാശവാദമല്ല. കോളേജ് 100, 125 വാര്‍ഷികങ്ങള്‍ ആഘോഷിച്ചപ്പോള്‍ അതില്‍ സക്രിയസാന്നിദ്ധ്യമായിരുന്ന പലരും ഇന്നു ജീവിച്ചിരിപ്പുണ്ട്. മറ്റു ചിലരെപ്പോലെ, ഒറ്റയടിക്ക് ഈ വര്‍ഷം 150-ാം വാര്‍ഷികം എന്നു പ്രഖ്യാപിച്ച് ആഘോഷം നടത്തുന്നതല്ല എന്നര്‍ത്ഥം. യൂണിവേഴ്‌സിറ്റി കോളേജിന്റെ ആ ചരിത്രത്തിന് പുസ്തകരൂപം കൈവരികയാണ്. ചരിത്രരേഖകള്‍ ആധാരമാക്കി പുസ്തകരൂപം നല്‍കിയത് കോളേജിലെ ഇപ്പോഴത്തെ ചരിത്രവിഭാഗം മേധാവി ഡോ.പി.എഫ്.ഗോപകുമാര്‍. ദക്ഷിണ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ കലാലയ മുത്തശ്ശിയുടെ കൈയൊപ്പിന്റെ അടയാളപ്പെടുത്തല്‍. 1834ലെ സ്വകാര്യ ഇംഗ്ലീഷ് സ്‌കൂളില്‍ തുടങ്ങി 1836ലെ രാജാസ് ഫ്രീ സ്‌കൂള്‍ വഴി 1866ലെ മഹാരാജാസ് കോളേജും പിന്നീട് യൂണിവേഴ്‌സിറ്റി കോളേജുമായി രൂപാന്തരം പ്രാപിച്ച ചരിത്രം ഡോ.ഗോപകുമാര്‍ ആലേഖനം ചെയ്തിരിക്കുന്നു.

Gopakumar

‘അറിവിന്റെ നിറവില്‍ യൂണിവേഴ്‌സിറ്റി കോളേജ്’ എന്നാണ് ഈ ചരിത്രഗ്രന്ഥത്തിന്റെ പേര്. 216 പേജുകളിലായി 8 അദ്ധ്യായങ്ങള്‍. സ്‌കൂളിന്റെ തുടക്കം, വികാസം, സ്‌കൂളില്‍ നിന്നു കോളേജിലേക്കുള്ള വളര്‍ച്ച, ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക്, അയിത്തത്തിനും മറ്റു സാമൂഹികതിന്മകള്‍ക്കുമെതിരെ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ മുതല്‍ സമീപകാല ചരിത്രം വരെ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവില്‍ കോളേജിലുള്ള 22 പഠനവിഭാഗങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വേറെ രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകത്തിന്റെ അനുബന്ധവും അക്കാദമിക് സ്വഭാവമുള്ളതാണ്. കോളേജുമായി ബന്ധപ്പെട്ട് മഹാരാജാക്കന്മാര്‍ പുറപ്പെടുവിച്ച നീട്ടുകള്‍, 1925 മാര്‍ച്ച് 13ന് കോളേജിലെത്തിയ മഹാത്മാഗാന്ധിയുടെ പ്രസംഗം, 100-ാം വാര്‍ഷികാഘോഷ വേളയില്‍ അന്നത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ പ്രസംഗം എന്നിവയെല്ലാം പൂര്‍ണ്ണരൂപത്തില്‍ ഇതില്‍ കാണാം. 150 വര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റി കോളേജിന്റെ അമരത്തുണ്ടായിരുന്നത് 82 പ്രിന്‍സിപ്പല്‍മാരാണ്. അവരുടെ പൂര്‍ണ്ണ പട്ടിക പുസ്തകത്തിലുണ്ട്. പ്രമുഖരായ 200 പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഇതില്‍ കാണാം.

Book
പുസ്തകത്തിന്റെ മുഖം

മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ 10.30ന് പ്രശസ്ത ചരിത്രകാരനായ പ്രൊഫ.കെ.എന്‍.പണിക്കര്‍ ഈ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്യും. യൂണിവേഴ്‌സിറ്റി കോളേജിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ പുസ്തകം വായിച്ചാല്‍ അത് ദൂരീകരിക്കാനാവും. ചരിത്രം തിരുത്തണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം മറിച്ചുനോക്കാവുന്നതാണ്. എവിടെയൊക്കെ എങ്ങനെയൊക്കെ തിരുത്തണമെന്ന് കണ്ടെത്താനും അതിനു വേണ്ടി ശ്രമിക്കാനും സാധിക്കുമല്ലോ! പക്ഷേ, അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ‘അസാദ്ധ്യമായി ഒന്നുമില്ല’ എന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ ചരിത്രത്തിലെ തിരുത്തല്‍ അസാദ്ധ്യമാണ്. കാരണം ഈ ചരിത്രത്തിന് കരുത്തരായ അവകാശികളുണ്ട്, കാവല്‍ക്കാരുണ്ട്.

Previous articleADIEU! PARODY KING!!!
Next articleആവേശിക്കുന്ന കലി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here