HomeENTERTAINMENTആവേശിക്കുന്ന ...

ആവേശിക്കുന്ന കലി

-

Reading Time: 3 minutes

42 വര്‍ഷമാകുന്നു ഈ ഭൂമിയില്‍ വാസം തുടങ്ങിയിട്ട്. സിദ്ധാര്‍ത്ഥിനെപ്പോലെ മുന്‍കോപിയായ, കോപം വരുമ്പോള്‍ ക്ഷണവേഗത്തില്‍ പ്രതികരിക്കുന്ന, അങ്ങനെ പ്രതികരിച്ചിട്ടും കുഴപ്പമൊന്നും സംഭവിക്കാതെ മുന്നോട്ടുനീങ്ങാനാവുന്ന വ്യക്തിയെ ഞാനിതുവരെ കണ്ടിട്ടില്ല. എന്റെ മഹാഭാഗ്യം എന്നു തന്നെ പറയാം.

പെട്ടെന്നു ദേഷ്യം വരുന്നയാളാണ് ഞാന്‍. സിദ്ധാര്‍ത്ഥിനെപ്പോലെ അല്ലെങ്കിലും പ്രതികരിച്ചു പോകാറുണ്ട്. അത്രത്തോളം വേണ്ടായിരുന്നു എന്നു പല ഘട്ടങ്ങളിലും തോന്നിയിട്ടുമുണ്ട്. മുന്‍കോപം എത്രമാത്രം അപകടകാരിയാണെന്ന് ഒരിക്കല്‍ക്കൂടി തിരിച്ചറിയുന്നു.

സിദ്ധാര്‍ത്ഥിനെ നിങ്ങള്‍ അറിയില്ലേ? അറിയില്ലെങ്കില്‍ സാരമില്ല. അറിയാന്‍ അവസരമുണ്ട്. ‘കലി’ എന്ന സിനിമയിലെ നായകകഥാപാത്രം. സാധാരണജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടാനിടയില്ലാത്ത കഥാപാത്രം എന്നത് സിദ്ധാര്‍ത്ഥിന്റെ മൈനസ് പോയിന്റാണ്. ഇതിനപ്പുറം മുന്‍കോപത്തിന്റെ ദൂഷ്യം ബോദ്ധ്യപ്പെടുത്തിത്തരുന്നു എന്നത് അവന്റെ പ്ലസ് പോയിന്റും.

kali-movie-poster-9463

തിരുവനന്തപുരം കൈരളി തിയേറ്ററിലാണ് കലി കണ്ടത്. ചെല്ലുമ്പോള്‍ കണ്ടത് ടിക്കറ്റിനായി നില്‍ക്കുന്നവരുടെ നീണ്ട നിര. രാധാകൃഷ്ണന്‍ ചേട്ടനും സതീശനും രാജേഷും ഒക്കെ ഉള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും അവിടെ ചെല്ലാം, ടിക്കറ്റ് കിട്ടും. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണം എന്നതിനാല്‍ ‘അച്ചായനും’ നടയില്‍ത്തന്നെ ഹാജര്‍. അതിനാല്‍ ഏറെ നേരമായി വരി നില്‍ക്കുന്നവരെ പാളി നോക്കി ഒന്നുമറിയാത്ത പോലെ അകത്തുകടന്നിരുന്നു.

ഫാന്‍സുകാരുടെ ‘കുഞ്ഞിക്ക’യുടേതായി സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷമിറങ്ങുന്ന ആദ്യ സിനിമ. ‘പ്രേമ’ത്തിലൂടെ തരംഗമായ ‘മലര്‍’ നായികയാവുന്ന രണ്ടാമത്തെ സിനിമ. വേറിട്ട വഴിയിലൂടെ നടക്കുന്ന സമീര്‍ താഹിറിന്റെ സിനിമ. ‘കലി’യുടെ മേലുള്ള പ്രതീക്ഷയുടെ ഭാരം വളരെ വലുതായിരുന്നു. നല്ല സിനിമ എന്ന് ഫേസ്ബുക്ക് നിരീക്ഷകന്മാര്‍ പുകഴ്ത്തുകയും ചെയ്തു. അമിതപ്രതീക്ഷ വേണ്ട എന്നായിരുന്നു മറ്റു ചില സുഹൃത്തുക്കളുടെ വിലയിരുത്തല്‍. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഇനി കയറാന്‍ നില്‍ക്കുന്നവരോട് എനിക്കു പറയാനുള്ളതും അതു തന്നെ -അമിതപ്രതീക്ഷ വേണ്ട. മുന്‍വിധികളില്ലാതെ സിനിമ കാണുക. കഥയില്‍ ചോദ്യം പാടില്ല. എങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. നിര്‍മ്മാതാവിനും വിതരണക്കാരനും നഷ്ടം വരുത്തില്ല.

മൂക്കിന്‍ തുമ്പത്ത് ശുണ്ഠിയുമായി നടക്കുന്ന സിദ്ധാര്‍ത്ഥ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് രാജേഷ് ഗോപിനാഥന്‍ എഴുതിവെച്ചത്. അതിനു തിരക്കഥാരൂപം വന്നപ്പോള്‍ ചില പാളിച്ചകളുണ്ടായെങ്കിലും അതൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. സാധാരണ പ്രേക്ഷകര്‍ക്ക് അത് പ്രശ്‌നമാവില്ല. ഒരു സിനിമയെ കീറിമുറിച്ചു കാണുന്നത് ഒന്നുകില്‍ നിരൂപകര്‍, അല്ലെങ്കില്‍ എന്നെപ്പോലുള്ള പത്രക്കാര്‍. ഞങ്ങള്‍ അതു കാണാതെ പോകില്ല എന്നു മാത്രം.

കഥകളിയിലെ കത്തിവേഷധാരി നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ ആവേശിക്കുമ്പോള്‍ മുഴങ്ങുന്ന ചെണ്ടയുടെ ദ്രുതതാളമുണ്ട്. ‘കലി’യുടെ ആത്മാവ് ഈ താളമാണ്. സിനിമ കഴിഞ്ഞ് തിയേറ്ററില്‍ നിന്നിറങ്ങുമ്പോഴും ആ താളം നമ്മെ പിന്തുടരുന്നുണ്ട്. ആ താളത്തിനു നമ്മുടെ ജീവിതത്തില്‍ സ്ഥാനമുണ്ട് -ഒരിക്കലും ഇഷ്ടപ്പെടാത്ത സ്ഥാനം. യഥാര്‍ത്ഥമല്ലാത്ത ഒരു പാത്രസൃഷ്ടിയിലൂടെ പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യം വരച്ചുകാട്ടാനാണ് സമീര്‍ താഹിര്‍ ശ്രമിച്ചിരിക്കുന്നത്. ഏതു തലത്തിലും പാളിപ്പോകാവുന്ന ശ്രമം. സംവിധായകന്റെ ശ്രമം എത്രമാത്രം വിജയിച്ചു എന്നു വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. ഓരോ പ്രേക്ഷകനിലും നിന്നുണ്ടാവുന്നത് വ്യത്യസ്ത പ്രതികരണമായിരിക്കും. ഏകാഭിപ്രായം ഉണ്ടാവില്ലെന്നു സാരം.

സിദ്ധാര്‍ത്ഥും അഞ്ജലിയും കോളേജില്‍വെച്ചു കണ്ട് പ്രണയിച്ച് വിവാഹിതരായവരാണ്. വാടകവീട്ടില്‍ താമസം. കൊച്ചിയിലെ ഒരു പുതുതലമുറ ബാങ്ക് ഉദ്യോഗസ്ഥനാണ് സിദ്ധു. പഠിത്തത്തിനിടയില്‍ ഉറങ്ങുന്ന സീന്‍ ഉള്ളതിനാല്‍ അഞ്ജലി ഇപ്പോഴും വിദ്യാര്‍ത്ഥിനിയാണെന്ന് മനസ്സിലാക്കാം. തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്ന സിദ്ധുവും അവന്റെ പ്രതികരണങ്ങളും അതില്‍പ്പെട്ടുഴലുന്ന അഞ്ജലിയുമാണ് സിനിമയുടെ ആദ്യ പകുതി. കുട്ടിക്കാലം മുതലുള്ള സിദ്ധുവിന്റെ പാത്രസൃഷ്ടിക്ക് ഈ സമയം വിനിയോഗിച്ചിരിക്കുന്നു. ബാങ്കിലെ കാഴ്ചകളും കൊച്ചുതമാശകളുമെല്ലാമായി സിനിമ ഇന്റര്‍വെല്ലിലേക്ക്. ഇടവേളയ്ക്കു ശേഷം ലൊക്കേഷന്‍ ഷിഫ്റ്റ്. കൊച്ചിയില്‍ നിന്ന് ഗൂഢല്ലൂര്‍, മസനഗുഡി കാനനപാതയിലെ ഇരുട്ട്. ഒരു റോഡ് മൂവിയുടെ സ്വഭാവം അവിടെ കൈവരികയാണ്. ഇടയ്ക്ക് ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്നത് പറയാതെ വയ്യ. വളരെ വലിയ സംഭവങ്ങളൊന്നുമില്ലെങ്കിലും അല്പം ടെന്‍ഷനും ഒരു പരിധി വരെ തൃപ്തികരമെന്ന് പറയാവുന്ന ക്ലൈമാക്‌സും പ്രേക്ഷകന് സംവിധായകന്‍ സമ്മാനിക്കുന്നു. പക്ഷേ, അപ്പോഴും സംശയം അവശേഷിക്കുന്നു. ഒരു മനുഷ്യന് ഇത്രമാത്രം കോപമുണ്ടാവുമോ? ഉണ്ടായാല്‍ത്തന്നെ ഇത്തരത്തില്‍ പ്രതികരിക്കുമോ?

കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ ദുല്‍ഖര്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട്, വിശേഷിച്ചും കോപം ഉണ്ടാവുന്ന സീനുകളില്‍. ചെണ്ടയുടെ ദ്രുതതാളം ദുല്‍ഖറിനെ അതില്‍ സഹായിച്ചിട്ടുമുണ്ട്. പക്ഷേ, പ്രശസ്തനായ അച്ഛനോട് മകന്റെ അഭിനയം താരതമ്യം ചെയ്യപ്പെടുന്നത് പ്രശ്‌നമാണ്. അച്ഛന്‍ അച്ഛന്‍ തന്നെ. ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ‘മലര്‍’ ഹാങ്ങോവര്‍ സായ്പല്ലവിയെ വേട്ടയാടുന്നുണ്ട് -വിശേഷിച്ചും കഥാപാത്രത്തിന് സ്വന്തം ശബ്ദം ഉപയോഗിച്ചിരിക്കുന്നു എന്നതുകൂടിയാവുമ്പോള്‍. കഥാപാത്രം പൂര്‍ണ്ണമലയാളി അല്ലാത്തതിനാല്‍ തമിഴ് കലര്‍ന്ന സംസാരശൈലി യോജിച്ചുപോയി. ഗ്ലിസറിന്‍ രംഗങ്ങളിലെ പ്രകടനം മോശമാക്കിയില്ല എന്നത് ഈ നടിക്ക് മരുന്നുണ്ട് എന്നതിന്റെ തെളിവാണ്.

ആദ്യ പകുതിയില്‍ ബാങ്ക് ജീവനക്കാരാനായ പ്രകാശിലൂടെ സൗബിനാണ് ചിരിക്കഷായം വിളമ്പാനുള്ള ചുമതല. സിദ്ധുവിന്റെ അടി വാങ്ങി ഇന്റര്‍വെല്ലോടെ പ്രകാശ് അഥവാ സൗബിന്‍ അപ്രത്യക്ഷനാവുന്നു. പകരം പ്രത്യക്ഷനാവുന്നത് ചെമ്പന്‍ വിനോദാണ്. പതിവു ചിരിവേഷമാണ് ചെമ്പന്‍ കൈകാര്യ ചെയ്യുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി. ചക്കര എന്ന വിടന്‍ ലോറി ഡ്രൈവറുടെ വില്ലന്‍ഭാവം പ്രസരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കഷണ്ടിത്തലയില്‍ ‘എണ്ണിത്തിട്ടപ്പെടുത്താവുന്ന’ മുടി ഇടത്തുനിന്ന് വലത്തോട്ടു ഒതുക്കിവെയ്ക്കുന്ന സ്‌റ്റൈല്‍ ‘കലി’യുടെ മാര്‍ക്കായി മാറിയാലും അത്ഭുതപ്പെടാനില്ല. ചന്തി കുലുക്കി ഒരു പ്രത്യേക സ്റ്റൈലിലുള്ള നടത്തവും ചെമ്പന്‍ പരീക്ഷിച്ചിട്ടുണ്ട്. പലിശ ജോണായി വന്ന വിനായകനും കൈയടി അര്‍ഹിക്കുന്നു. ഒറ്റ സീനില്‍ മാത്രമാണുള്ളതെങ്കിലും അലന്‍സിയറിനെ മറക്കുന്നില്ല. മറ്റു പല സിനിമകളിലുമെന്നപോലെ സംവിധായകന്‍ വി.കെ.പ്രകാശ് ഇതിലും മുഖം കാണിച്ചുപോയിട്ടുണ്ടെന്നതും പറയണം.

Kali_poster_goldposter_com_4-400x593

ഗോപീസുന്ദറാണ് സംഗീതവും പശ്ചാത്തലസംഗീതവും. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പാട്ടുകള്‍ ഈ ചിത്രം സമ്മാനിക്കുന്നില്ല. അച്ഛനും മകനും ഒരേ പശ്ചാത്തലസംഗീതം ഗോപി സമ്മാനിച്ചോ എന്ന ചെറിയൊരു സംശയവും തോന്നിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ‘പുതിയ നിയമം’ പശ്ചാത്തലസംഗീതരൂപത്തില്‍ ഇടയ്ക്ക് ‘കലി’യിലെത്തുന്നുണ്ട്. കഥകളി സംഗീതമാണോ ഈ ചിന്തയുണര്‍ത്തിയതെന്നറിയില്ല. ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവയിലൊന്നും എടുത്തുപറയത്തക്ക പുതുമകള്‍ തോന്നിയുമില്ല.

ഒരു ചെറിയ സിനിമയാണ് ‘കലി’. അതു മനസ്സിലാക്കി കണ്ടാല്‍ ആസ്വദിക്കാം.
സംസ്ഥാനത്തെ ‘മികച്ച നടന്റെ’ മികച്ച സിനിമ എന്നൊക്കെ പറഞ്ഞാല്‍ പണി പാളും.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks