Reading Time: 5 minutes

ഏതാണ്ട് രണ്ടര വര്‍ഷം മുമ്പാണ് വി.ഡി.രാജപ്പന്‍ ഞങ്ങളുടെ ചര്‍ച്ചയിലേക്ക് അവസാനമായി കടന്നുവന്നത്. ഞാന്‍ ഇന്ത്യാവിഷനില്‍ ചേര്‍ന്ന കാലം. രാജപ്പന്‍ രോഗബാധിതനായി കിടക്കുന്ന വിവരം ഒരു സുഹൃത്ത് എന്നെ വിളിച്ചറിയിക്കുന്നു. അദ്ദേഹത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിയുന്നു. ഒരു വാര്‍ത്ത ചെയ്യാന്‍ ഇന്ത്യാവിഷന്‍ തീരുമാനിക്കുന്നു. ഞങ്ങളുടെ കോട്ടയം റിപ്പോര്‍ട്ടര്‍ -രഞ്ജിത്ത് അമ്പാടി ആയിരുന്നു എന്നാണ് ഓര്‍മ്മ -രാജപ്പന്റെ വീട്ടിലെത്തുന്നു. പക്ഷേ, രാജപ്പനും വീട്ടുകാരും ശക്തമായ നിലപാടെടുത്തു -‘വാര്‍ത്ത ചെയ്യണ്ട.’

Rajappan (7)

ഇതു കേട്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നു. അമ്പരപ്പ് താമസിയാതെ ഈര്‍ഷ്യയായി മാറി. ക്രമേണ ഈര്‍ഷ്യ ബഹുമാനത്തിനു വഴിമാറി. തന്റെ ദുരവസ്ഥയില്‍ സഹതപിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കേണ്ട എന്ന് അഭിമാനിയായ ഒരു കലാകാരന്‍ തീരുമാനിച്ചുവെങ്കില്‍ അദ്ദേഹത്തെ ബഹുമാനിക്കണ്ടേ? ചെറിയൊരു അസുഖം പോലും വിറ്റു കാശാക്കാന്‍ പലരും തുനിഞ്ഞിറങ്ങുന്ന ഇക്കാലത്ത്! പിന്നീട് ആരൊക്കെയോ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചു എന്നു കേട്ടു. സഹായം സ്വീകരിച്ചോ എന്നറിയില്ല. ഏറ്റവും ഒടുവില്‍ രാജപ്പന്റെ പേര് കേട്ടത് വനിതയുടെ സിനിമാ അവാര്‍ഡ് വേദിയിലാണ് -തനിക്കു കിട്ടിയ അവാര്‍ഡ് തുക രാജപ്പന് സംഭാവന ചെയ്യുമെന്ന് ജയസൂര്യ പ്രഖ്യാപിച്ചപ്പോള്‍.

Rajappan (6)

ആരാണ് രാജപ്പന്‍? പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ പരിചയമുണ്ടാവില്ല. ഒരുകാലത്ത് രാജപ്പന്‍ മലയാളത്തിലെ ഏതൊരു ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെയും പേടിസ്വപ്നമായിരുന്നു. എത്ര മനോഹരമായ ഗാനവും ക്ഷണനേരം കൊണ്ട് രാജപ്പന്‍ പാരഡി ആക്കിക്കളയും. പാരഡിയുടെ മികവ് കാരണം യഥാര്‍ത്ഥ ഗാനം ജനങ്ങളുടെ ചുണ്ടുകളില്‍ നിന്ന് ഓടിയൊളിക്കും. പിന്നെ എല്ലാവരുടെയും ഓര്‍മ്മയിലുണ്ടാവുക പാരഡി മാത്രം.

Rajappan (2)

‘കോട്ടയം ടൗണില്‍ നിന്നും
മൂന്നു മൈല്‍ നടന്നാല്‍
നാട്ടകം കുന്നിന്‍പുറം കാണാം
ആഹാ.. നാട്ടകം കുന്നിന്‍പുറം കാണാം’

കോട്ടയം എന്നൊരു സ്ഥലമുണ്ടെന്നും അവിടെ നാട്ടകം എന്നൊരു കുന്നുണ്ടെന്നും കുട്ടിയായിരുന്ന എനിക്ക് മനസ്സിലാക്കിത്തന്നത് രാജപ്പനാണ്. കോട്ടയത്തെ എനിക്കു വലിയ പരിചയമില്ല. നാട്ടകം എന്നൊരു കുന്നുണ്ടോ എന്നോ അതെവിടെയാണെന്നോ ഇന്നും എനിക്കറിയില്ല. പക്ഷേ, രാജപ്പന്‍ പാടി. അതുകൊണ്ട് ഞാന്‍ വിശ്വസിച്ചു. ഇന്നും വിശ്വസിക്കുന്നു.

Rajappan (5)

എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ ടേപ്പ് റെക്കോര്‍ഡറില്ല. ഇപ്പോഴത്തെ തലമുറ അതു കണ്ടിരിക്കാന്‍ സാദ്ധ്യതയില്ല. കാസറ്റ് ഇട്ട് പാട്ടു കേള്‍ക്കുന്ന സാധനം. സി.ഡിയും ഡി.വി.ഡിയും ബ്ലൂ റേയും പെന്‍ ഡ്രൈവുമെല്ലാം കൂടി ടേപ്പ് റെക്കോര്‍ഡറിനെയും കാസറ്റിനെയും കൊന്നുകളഞ്ഞു. ടേപ്പ് റെക്കോര്‍ഡര്‍ എന്ന സാധനം ഞാന്‍ ആദ്യമായൊരെണ്ണം സ്വന്തമാക്കുന്നത് എം.എയ്ക്കു പഠിക്കുന്ന കാലയളവിലാണ്. അതു തന്നെ ഫൊണറ്റിക്സ് എന്ന ഉച്ചാരണശാസ്ത്രം കേട്ടു പഠിക്കാന്‍ ടേപ്പ് റെക്കോര്‍ഡര്‍ കൂടിയേ തീരൂ എന്ന് പാവം അമ്മയെ പറഞ്ഞുവിശ്വസിപ്പിച്ച് പറ്റിച്ച് വായ്പയെടുപ്പിച്ച് വാങ്ങിയത്. ഒരു തവണ പോലും അതില്‍ ഫൊണറ്റിക്സ് മുഴങ്ങിയിട്ടില്ലെന്നത് വേറെ കാര്യം. 3,300 രൂപയായിരുന്നു അന്നു വില. രണ്ടു സ്പീക്കറും പ്രത്യേകം ഇളക്കി മാറ്റാവുന്ന യമണ്ടന്‍ സാധനം. 20 വര്‍ഷത്തിലേറെ പ്രായമുണ്ടെങ്കിലും അതിപ്പോഴും ഒരു കുഴപ്പവുമില്ലാതെ എന്റെ വീട്ടില്‍ പാടുന്നു, റേഡിയോ രൂപത്തില്‍. എന്റെ പുത്രന്‍ കണ്ണനാണ് അതിന്റെ ഏറ്റവും വലിയ ആരാധകന്‍. അച്ഛച്ഛന്റെയോ അച്ഛമ്മയുടെയോ തോളില്‍ കിടന്ന് അവന്‍ ഉറങ്ങണമെങ്കില്‍ റേഡിയോ പാടണം. കാസറ്റിട്ടാലും പാടും! പക്ഷേ, കാസറ്റില്ലല്ലോ. കമ്പനി ബി.പി.എല്‍. സാന്യോ!

Rajappan (4)

ടേപ്പ് റെക്കോര്‍ഡര്‍ സ്വന്തമാകുന്നതിനു മുമ്പ് അതിനെ പ്രണയിച്ചു തുടങ്ങിയത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ ചേട്ടനിലൂടെയാണ്. ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമ. ചേട്ടന്‍ വലിയ പാട്ട് പ്രേമിയാണ്. വീട്ടിനടുത്തു തന്നെ അദ്ദേഹത്തിനൊരു കടയുണ്ടായിരുന്നു. രാവിലെ ടേപ്പ് റെക്കോര്‍ഡറും കൈയിലെടുത്ത് -ബ്രീഫ് കേസ് പിടിച്ച് വലിയ ഉദ്യോഗസ്ഥര്‍ പോകുന്ന പോലെ -രാധാകൃഷ്ണന്‍ ചേട്ടന്‍ കടയിലേക്കു പോകുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. കടയില്‍ ചേട്ടന്റെ കസേരയ്ക്കടുത്തായി ഒരു ഒഴിഞ്ഞ കസേരയുണ്ടാവും. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ വന്നാല്‍ അവിടെയാണ് ഇരിക്കാറ്. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ ആ കസേരയുടെ അവകാശി ഞാനാണ്. കസേരക്കൈ എന്റെ അനിയന് അവകാശപ്പെട്ടത്. രാത്രി കടപൂട്ടി വന്നു കഴിഞ്ഞാല്‍ പിന്നെ രാധാകൃഷ്ണന്‍ ചേട്ടന്റെ വീട്ടിലെ മുറിയില്‍ ചേക്കേറും. പാട്ടും കഥാപ്രസംഗവുമെല്ലാം ടേപ്പ് റെക്കോര്‍ഡറിലൂടെ ഒഴുകിയെത്തും. ചില പാട്ടുകളൊക്കെ ഇപ്പോഴും ചുണ്ടിലുണ്ട്. ‘വൈദേഹി കാത്തിരുന്താള്‍’ എന്ന സിനിമയില്‍ ജയചന്ദ്രന്‍ പാടിയ ‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാതെടീ…’, യേശുദാസിന്റെ അയ്യപ്പഭക്തിഗാനം ‘ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ നീലി മലയിലും..’ എന്നിവയെല്ലാം ആദ്യമായി കേട്ടത് ഇന്നും മനസ്സിലുണ്ട്. രാത്രി 11 മണി കഴിഞ്ഞും എന്നെയും അനിയനെയും കാണാതാവുമ്പോള്‍ പലപ്പോഴും അച്ഛന്‍ വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നതായിരുന്നു പതിവ്.

Rajappan (3)

ഏതു കാസറ്റ് വിപണിയിലിറങ്ങിയാലും അതുടനെ കൈവശപ്പെടുത്തുന്നയാളായിരുന്നു രാധാകൃഷ്ണന്‍ ചേട്ടന്‍. വി.ഡി.രാജപ്പനെ ഞാന്‍ പരിചയപ്പെടുന്നത് രാധാകൃഷ്ണന്‍ ചേട്ടനിലൂടെയാണ്. ആ നിര്‍ദോഷ ഹാസ്യം കേട്ട് ചിരിച്ചു മരിച്ചിട്ടുണ്ട്. ആ പാട്ടുകള്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. പിന്നീട് ചില സിനിമകളില്‍ രാജപ്പനെ കാണുമ്പോള്‍ ആവേശമായിരുന്നു. കാസറ്റിലൂടെ പരിചയപ്പെട്ട ആ മനുഷ്യനോട് സ്നേഹമായിരുന്നു. ഞാന്‍ എം.എയ്ക്കു പഠിക്കുന്ന കാലത്ത് കൂട്ടുകാരുമൊത്തു തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്ററില്‍ പോയി കണ്ട, ജയറാമും കനകയും നായികാനായകന്മാരായി അഭിനയിച്ച ‘കുസൃതിക്കാറ്റ്’ എന്ന സിനിമയില്‍ രാഗിണിയുടെ ജോഡിയായാണ് രാജപ്പനെ അവസാനമായി കനപ്പെട്ടൊരു വേഷത്തില്‍ കണ്ടത് എന്നാണോര്‍മ്മ. ഭാര്യയെ സംശയിക്കുന്ന ഒരു ഭര്‍ത്താവ്. രാഗിണിയും ജഗതി ശ്രീകുമാറുമായുള്ള കോമ്പിനേഷന്‍ സീനിലെല്ലാം രാജപ്പന്‍ തകര്‍ത്തഭിനയിച്ചു. ആ മുഖത്തെ ഭാവം കാണുമ്പോള്‍ തന്നെ തിയേറ്ററില്‍ ചിരി മുഴങ്ങുമായിരുന്നു.

Rajappan (1)

എന്റെ കുട്ടിക്കാലത്ത് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ചിരിയോ ചിരി’ എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ട്. അടുത്തിടെ ഏഷ്യാനെറ്റ് മൂവീസില്‍ അതു വീണ്ടും കാണിച്ചിരുന്നു. തിരുമല സൗമ്യ തിയേറ്ററിലാണ് -ഈ തിയേറ്റര്‍ ഇന്നില്ല -അച്ഛന്‍, അമ്മ, അനിയന്‍ എന്നിവര്‍ക്കൊപ്പം ആ സിനിമ കണ്ടത്. നല്ലൊരു സിനിമ. ആ സിനിമയില്‍ ഏറ്റവുമധികം എന്നെ ആകര്‍ഷിച്ചത് രണ്ടു പാട്ടുകളാണ്. ഇന്നും ചുണ്ടിലുള്ള പാട്ടുകള്‍. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാഷിന്റേതാണ് സംഗീതം.

‘സമയരഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
സകലതിനും പൊരുളേ നീ കാത്തരുളീടണമേ…’

‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാഷഗാനം…’

ഇതില്‍ രണ്ടാമത്തെ പാട്ടിനോട് രാജപ്പന്‍ ഒരു ചെയ്ത്തു ചെയ്തു. പാരഡി ഇറക്കി. ഇന്ന് ഒറിജിനല്‍ പാട്ടിനെക്കാള്‍ എന്റെ ഓര്‍മ്മയില്‍ നിറയുന്നത് പാരഡി. അടുത്തിടെ ഭാര്യയോടൊപ്പം ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ നിന്ന് വിനോദയാത്ര പോയപ്പോള്‍ എല്ലാവരും പാട്ടു പാടണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അപ്പോള്‍ എന്റെ ചുണ്ടിലോടിയെത്തിയത് ഈ പാട്ടാണ്. ഭാര്യയുടെ വില കളയണ്ടല്ലോ എന്നു കരുതി മോഹം ഉള്ളിലൊതുക്കി. ഒരു പാട്ടും പാടിയില്ല. ആ പാട്ട് ഇവിടെ കുറിക്കുന്നു. രാജപ്പന്‍ രചിച്ചതില്‍ വള്ളിപുള്ളി തെറ്റാതെ. ഇതു തന്നെയാണ് ഏറ്റവും വലിയ സ്മരണാഞ്ജലി.

ഏതു മരങ്ങളും കയറിയിറങ്ങിയ രാമന്‍
രാമന്‍ ശിവരാമന്‍ അയലത്തെ രാമന്‍
നാലഞ്ചു മാസം മുമ്പടിതെറ്റി വീണൊരു രാമന്‍
പാവം രാമന്‍
അതിലോല ലോലന്‍.. (ഏതു മരങ്ങളും…)

രാമന്‍ കേറും വലിയ മരത്തിന്‍ ചില്ല
രാമന്‍ ചാടും ചെറിയ മരത്തിലേക്ക്
വളഞ്ഞുപുളഞ്ഞ മരം
ഇലകള്‍ കൊഴിഞ്ഞ മരം
ചുവടു ദ്രവിച്ച മരം
അതിലും വലിയ മരം
ഹേ…. രാമാാ….
നീ കേറു കേറണ്ട
എന്നെല്ലാമുര ചെയ്തൂ
വിധിയല്ലേയിത്.. (ഏതു മരങ്ങളും…)

രവീന്ദ്ര സംഗീതത്തിന്റെ ആ താളമറിയാവുന്നവര്‍ അതൊപ്പിച്ച് ഈ വരികള്‍
പാടി നോക്കണം. അപ്പോഴറിയാം രാജപ്പന്റെ മികവ്. ബിച്ചുവിനെ രാജപ്പന്‍ വിഴുങ്ങി!

Cassette

പ്രിയ രാജപ്പാ. അങ്ങെന്നോട് ക്ഷമിക്കുക. അങ്ങ് ജീവിച്ചിരുന്നപ്പോള്‍ കാര്യമായൊന്നും ചെയ്യാന്‍ എനിക്കായില്ല. അങ്ങു മണ്‍മറഞ്ഞപ്പോള്‍ ആ വില ഞാനറിയുന്നു. രാജപ്പനു പകരം രാജപ്പന്‍ മാത്രം. അദ്ദേഹത്തിന്റെ പഴയ ഹാസ്യകഥാപ്രസംഗങ്ങളും പാരഡി ഗാനങ്ങളും ശേഖരിക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിക്കഴിഞ്ഞു. കുറച്ചുകാലത്തേക്കെങ്കിലും എന്റെ വീട്ടിലും കാറിലും അങ്ങയുടെ ശബ്ദം മുഴങ്ങും.

Rajappan (0)

പ്രിയ കലാകാരാ. അങ്ങേയ്ക്ക് വിട.
രാജപ്പനെപ്പോലെ രാജപ്പന്‍ മാത്രം.
അതിനു മുമ്പ് ആരുമുണ്ടായിരുന്നില്ല.
ഇനി ആരും ഉണ്ടാവുകയുമില്ല.

Previous articleകൂട്ടുകാര്‍
Next articleചരിത്രത്തിലെ അടയാളപ്പെടുത്തലുകള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here