1948 ജനുവരി 30. നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചത് അന്നാണ്. രാഷ്ട്രപിതാവിന്റെ ചരമവാര്‍ഷികം പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യം രക്തസാക്ഷി ദിനമായി ആചരിച്ചു തുടങ്ങി. അന്നേദിവസം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കര-വ്യോമ-നാവിക സേനാ മേധാവികള്‍ എന്നിവര്‍ ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കും. സേനാ ബാന്‍ഡ് ലാസ്റ്റ് പോസ്റ്റ് ആലപിക്കും. സേനാംഗങ്ങള്‍ തോക്ക് തിരിച്ചുപിടിച്ച് ആദരം പ്രകടമാക്കും. രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച മുഴുവന്‍ പേരെയും സ്മരിക്കുന്നതിന് രാവിലെ 11 മണിക്ക് 2 മിനിറ്റ് നേരത്തേക്ക് മൗനം ആചരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കും.
പെട്ടെന്ന് രക്തസാക്ഷി ദിനാചരണം ഓര്‍മ്മയിലെത്തിയതിനു കാരണമുണ്ട്. എന്തും വിവാദമാവുന്ന കേരളത്തില്‍ ഇക്കുറി രക്തസാക്ഷി ദിനാചരണവും വിവാദമായി. പിണറായി വിജയന്‍ നരേന്ദ്ര മോദിക്കു പഠിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞിരിക്കുന്നു. കാരണം സര്‍ക്കാര്‍ പുറപ്പെടുവിച്ച രക്തസാക്ഷി ദിനാചരണ സര്‍ക്കുലര്‍. ഇതില്‍ ഗാന്ധിജിയുടെ പേരില്ല എന്നതാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രശ്‌നം. ഖാദി വകുപ്പിന്റെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയെ ഒഴിവാക്കിയ അതേ നയമാണ് പിണറായിയും പിന്തുടരുന്നതെന്നാണ് സുധീര പക്ഷം. സര്‍ക്കുലറില്‍ നിന്ന് ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് മനഃപൂര്‍വ്വമാണെന്നും മുഖ്യമന്ത്രി തെറ്റു തിരുത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
എന്നാല്‍പ്പിന്നെ ആ സര്‍ക്കുലര്‍ ഒന്നു കണ്ടിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ചു. പക്ഷേ, വിവാദമായതിനാലാണോ എന്നറിയില്ല സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമായില്ല. എല്ലാം മുങ്ങിപ്പോയി. എന്നാല്‍, സെക്രട്ടേറിയറ്റില്‍ 2017ലെ ദിനാചരണത്തിനുള്ള സര്‍ക്കുലര്‍ തപ്പുന്ന വേളയില്‍ 2015ലെയും 2016ലെയും രക്തസാക്ഷി ദിനാചരണങ്ങള്‍ക്കായി സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ കൈയില്‍ വന്നു. ഈ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുമ്പോള്‍ സുധീരന്റെ പാര്‍ട്ടി നേതാവായ ഉമ്മന്‍ ചാണ്ടിയാണ് കേരള മുഖ്യമന്ത്രി എന്നുകൂടി പറയണം. അപ്പോള്‍പ്പിന്നെ പിഴവിന് സാദ്ധ്യതയില്ലല്ലോ!
പൊതുഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത്. 2015ലെ ദിനാചരണ സര്‍ക്കുലര്‍ 2014 ഡിസംബര്‍ 31ന് പുറപ്പെടുവിച്ചത് പൊതുഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍. 2016ലെ ദിനാചരണ സര്‍ക്കുലര്‍ 2015 ഡിസംബര്‍ 31ന് പുറപ്പെടുവിച്ചത് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍. 2015ലെ രക്തസാക്ഷി ദിനാചരണത്തിനായി പുറപ്പെടുവിച്ച സര്‍ക്കുലറിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്.
‘ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11.00 മണിക്ക് 2 മിനിറ്റ് മൗനം ആചരിക്കുന്നു. സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നു. അതിനാല്‍ 2015 ജനുവരി 30 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് 2 മിനിറ്റ് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.’
2016ലേക്കു വേണ്ടി പുറപ്പെടുവിച്ച സര്‍ക്കുലറിന്റെയും ഘടന ഇതു തന്നെ. ആകെയുള്ളത് 2016 ജനുവരി 30 ശനിയാഴ്ച എന്ന തീയതിമാറ്റം മാത്രം. ഇതിലെവിടെയാണ് ഗാന്ധിജി? ഗാന്ധിജിയെ നരേന്ദ്ര മോദി തള്ളിമാറ്റിയത് ഇപ്പോഴല്ലേ? അങ്ങനെ വരുമ്പോള്‍ ആദ്യം ഗാന്ധിജിയെ ‘തള്ളിപ്പറഞ്ഞ’ ഉമ്മന്‍ ചാണ്ടിയാണോ മോദിക്ക് പ്രചോദനം? 2017ലേക്കുള്ള സര്‍ക്കുലറിലും നേരത്തേ ഉപയോഗിച്ച വാചകഘടന തന്നെയാണ്, തീയതി മാത്രം മാറി! മുഖ്യമന്ത്രി പിണറായി വിജയനായാലും ഉമ്മന്‍ ചാണ്ടി ആയാലും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലറുകള്‍ക്കും ഉത്തരവുകള്‍ക്കും ഒരു ഘടനയുണ്ട്. പാരമ്പര്യ രീതികള്‍ പിന്തുടരുക എന്ന പതിവു തന്നെയാണ് സെക്രട്ടേറിയറ്റില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ മാറുമ്പോള്‍ ഉത്തരവുകളുടെ ഘടന മാറില്ല. ഒരേ ഉള്ളടക്കമുള്ള സര്‍ക്കുലര്‍ എപ്പോള്‍ പുറപ്പെടുവിച്ചാലും ഒരേ രീതിയില്‍ തന്നെയായിരിക്കും. അല്ലാതെ പിണറായി ഇടപെട്ട് ഗാന്ധിജിയെ വെട്ടിനിരത്തിയതല്ല.
കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് സുധീരന്‍. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് ചാടിക്കയറി പിണറായി വിജയനെതിരെയോ സര്‍ക്കാരിനെതിരെയോ തെറ്റായ ആരോപണമുന്നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത തന്നെയാണ് നഷ്ടമാവുന്നത്. എന്തെങ്കിലും പറയുന്നതിനു മുമ്പ് നിജസ്ഥിതി പരിശോധിക്കാമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവില്‍ നിന്ന് എന്തു മാറ്റമാണ് വരുത്തിയത് എന്നെങ്കിലും അന്വേഷിച്ചിരുന്നുവെങ്കില്‍ ഈ അക്കിടി പറ്റില്ലായിരുന്നു..
ഗാന്ധിജിയുടെ ചരമദിനമാണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്നത് ശരിതന്നെ. എന്നാല്‍, ഗാന്ധിജിയടക്കം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും ആദരിക്കാനാണ് രക്തസാക്ഷി ദിനാചരണം. അല്ലാതെ ഗാന്ധിജിക്കു വേണ്ടി മാത്രമുള്ള ദിനമല്ല ഇത്. സംസ്ഥാനത്ത് നിയമസഭാ സ്പീക്കറും ആരോഗ്യ മന്ത്രിയുമായൊക്കെ ഭരണസാരഥ്യം വഹിച്ചിട്ടുള്ള സുധീരന് ഇതേപ്പറ്റി അറിവില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അതുണ്ടാവുക. വെറുതെ വടി കൊടുത്ത് അടി വാങ്ങി. ആരോപണമുന്നയിച്ച് അപഹാസ്യനാവാനാണ് സുധീരന്റെ വിധി.
മനോരമയാണ് സുധീരനെ കുടുക്കിയതെന്നു തോന്നുന്നു. മനോരമ പറഞ്ഞാല്‍ അതു സത്യമായിരിക്കും എന്ന് പാവം സുധീരന്‍ വിശ്വസിച്ചു പോയി. മാധ്യമപ്രവര്‍ത്തകനായാലും രാഷ്ട്രീയനേതാവായാലും ഒരു ആരോപണമുന്നയിക്കും മുമ്പ് അതിന്റെ എല്ലാ വശവും പരിശോധിക്കുന്നതാണ് അഭികാമ്യം. സമാനസാഹചര്യത്തില്‍ മുമ്പ് എന്ത് നടന്നു എന്നെങ്കിലും നോക്കണം. ഇല്ലെങ്കില്‍ പറഞ്ഞതു വിഴുങ്ങി വീട്ടില്‍പ്പോയി തല വഴി മൂടിപ്പുതച്ച് കിടക്കേണ്ടി വരും, ഇന്ന് സുധീരനു പറ്റിയതു പോലെ.