Reading Time: 7 minutes

ഇന്ന് ജൂണ്‍ 27. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റത് മെയ് 25ന്. ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ഒരു സര്‍ക്കാരിനെ വിലയിരുത്താനുള്ള സമയമായിട്ടില്ല. പക്ഷേ, തങ്ങള്‍ ജനപക്ഷത്താണെന്നു വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം പുതിയ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നു എന്നത് കാണാതെ പോകരുത്. ജനം ആഗ്രഹിക്കുന്നത് അതാണ്. ‘എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം വരിച്ചവര്‍ ചിലതെല്ലാം ശരിയാക്കിത്തുടങ്ങിയിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.

നന്മയുടെ വില മനസ്സിലാവണമെങ്കില്‍ അതിനെ തിന്മയുമായി താരതമ്യം ചെയ്യണം. ഒരു സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നന്മ മാത്രം പ്രതീക്ഷിക്കാനാവില്ലല്ലോ. നന്മയും തിന്മയും ഒരു ത്രാസിന്റെ രണ്ടു തട്ടുകളില്‍ വെച്ചു തൂക്കിനോക്കുമ്പോള്‍ ഏതിനാണ് ഭാരം എന്നതാണറിയേണ്ടത്. എല്‍.ഡി.എഫിന്റെ കാര്യത്തില്‍ തല്‍ക്കാലം നന്മയ്ക്കാണ് ഭാരക്കൂടുതല്‍. നന്മ പ്രവര്‍ത്തിക്കുന്നതിനൊപ്പം കൂടിയ അളവില്‍ തിന്മയും പകര്‍ന്നു എന്നതാണ് യു.ഡി.എഫിനെ ജനങ്ങള്‍ തൂത്തെറിയുന്നതിലേക്കു വഴിവെച്ചത്. ഉയരുന്ന ആക്ഷേപങ്ങളോട് പ്രതികരിക്കാനും അതു പരിഹരിക്കുന്നതിന് ഒരു പരിധി വരെ നടപടി സ്വീകരിക്കാനും ഇടയ്‌ക്കെങ്കിലും തയ്യാറാവുന്നുണ്ട് എന്നത് പുതിയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശാവഹമായ കാര്യമാണ്. ‘ബ ബ ബ….’ കാലം അവസാനിച്ചു എന്നര്‍ത്ഥം. പ്രതികരണം ആവശ്യമായ ചില ആക്ഷേപങ്ങള്‍ അവഗണിക്കപ്പെടുന്നത് ചിലപ്പോഴെങ്കിലും അതൃപ്തിക്കു കാരണമാവുന്നുമുണ്ട്, മുന്‍ സര്‍ക്കാരിന്റെ കാലത്തുള്ളത്ര ഇല്ലെങ്കിലും.

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസം തന്നെ ആദ്യ വിവാദവും പൊട്ടിപ്പുറപ്പെട്ടു. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുന്നോടിയായി ഡല്‍ഹിയിലെ പ്രധാന പത്രങ്ങളില്‍ നടത്തിയ പരസ്യ മാമാങ്കത്തിന് പൊട്ടിച്ച കോടികളായിരുന്നു വിഷയം. പണം മുടക്കിയിട്ടായിരുന്നുവെങ്കിലും അന്നത്തെ പത്രങ്ങളുടെയെല്ലാം മുഖപേജ് ചുവന്നു തുടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പത്രപാരായണം ശീലമാക്കിയ എല്ലാവരും അതു കണ്ടിട്ടുണ്ടാവണം. അതു തന്നെയാണ് ലക്ഷ്യമെന്ന് സമൂഹമാധ്യമങ്ങളില്‍ ചില ഭക്തര്‍ വാദിച്ചുനില്‍ക്കാനും ശ്രമിക്കുന്നതു കണ്ടു. നിയുക്ത ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നാഴികയ്ക്ക് 40 വട്ടം വീതം കാലിയായ ഖജനാവിനെക്കുറിച്ചു സംസാരിക്കുന്നതിനിടെ ഈ ധൂര്‍ത്ത് എന്തിനായിരുന്നു എന്ന ചോദ്യം ന്യായം. പരസ്യത്തിന്റെ ധൂര്‍ത്തിനെക്കാളേറെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത് അതിലുപയോഗിച്ച ഇംഗ്ലീഷ് ഭാഷയിലെ വ്യാകരണപ്പിശകുകളായിരുന്നു. പക്ഷേ, ഈ ചോദ്യങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുണ്ടായില്ല.

Pinarayi-Vijayan-news-paper.jpg

സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രിമാര്‍ക്ക് ഭവനങ്ങളും വാഹനങ്ങളും അനുവദിച്ചപ്പോഴായിരുന്നു അടുത്ത വിവാദം, തീര്‍ത്തും അനാവശ്യമായ ഒന്ന്. കാര്‍ നമ്പര്‍ 13 പട്ടികയിലുണ്ടായില്ല എന്നതാണ് ചില കുബുദ്ധികള്‍ ഉയര്‍ത്തിക്കാട്ടിയത്. അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ടതില്ലെന്നും പുതിയ കാറുകള്‍ വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചതിലെ നന്മ കാണുന്നതിനു പകരം 13 വിവാദമാക്കി. പക്ഷേ, അതിനോട് വേഗത്തില്‍ പ്രതികരണമുണ്ടായി. കാര്‍ നമ്പര്‍ 13 ഡോ.ടി.എം.തോമസ് ഐസക്ക് ചോദിച്ചു വാങ്ങി. അതിന്റെ പേരില്‍ എല്ലാ മേഖലകളില്‍ നിന്നും ഐസക്കിന് പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ ‘സുഹൃത്തായ’ അദ്ധ്യാപകനെ വിരമിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് അദ്ധ്യാപകനായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് ആക്ഷേപിച്ച് വന്‍ മുറവിളി ഉയര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയുടേത് സ്വജനപക്ഷപാതമായിരുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നുവെന്നും പിന്നീട് വ്യക്തമായി. ഗതാഗത വകുപ്പിലും സമാനമായ ആരോപണമുണ്ടായെങ്കിലും അവിടെയും തടഞ്ഞുവെച്ചിരുന്ന നീതി ലഭ്യമാക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.

pinarayi vijayan (1).jpg

സ്ഥാനമേറ്റ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ശ്ലാഘിക്കപ്പെട്ടു. ശക്തമായ സംസ്ഥാന ഭരണത്തിന് കേന്ദ്രവുമായുള്ള മോശമല്ലാത്ത ബന്ധം അഭികാമ്യമാണെന്ന സത്യം പിണറായി അംഗീകരിക്കാന്‍ തയ്യാറായത് നല്ല കാര്യം. പക്ഷേ, ഈ കൂടിക്കാഴ്ചകളില്‍ കൈരളി ചാനല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് സ്ഥാനം പിടിച്ചത് വിമര്‍ശിക്കപ്പെട്ടു. ഭരണപരമായ രഹസ്യങ്ങള്‍ സംരക്ഷിക്കാമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് അറിയാതെയെങ്കിലും മുഖ്യമന്ത്രി വരുത്തിയത്. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതികരണമുണ്ടായി. വാക്കുകളിലൂടെയല്ല, നടപടിയായിത്തന്നെ. ജോണ്‍ ബ്രിട്ടാസിന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമനം! ഇനി ബ്രിട്ടാസിനെ ഒപ്പം കൊണ്ടു നടന്നാല്‍ പിണറായിയെ ആരും ഒന്നും പറയില്ല!! ഡല്‍ഹി സന്ദര്‍ശനവേളയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദമുണ്ടാക്കി. വലിയ ചര്‍ച്ചയ്ക്കതു കാരണമാവുകയും ഭരണപക്ഷത്തു നിന്നു തന്നെ എതിര്‍പ്പുണ്ടാവുകയും ചെയ്തു. എന്നാല്‍, മൂന്നു ദിവസത്തിനകം തിരുവനന്തപുരത്ത് പുതിയ സര്‍ക്കാരിന് നല്‍കിയ പൗരസ്വീകരണത്തില്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കി പിണറായി തടിയൂരി. വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റയുടനെ അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച പ്രസ്താവന നടത്തിയ കടകംപള്ളി സുരേന്ദ്രനും പുലിവാല് പിടിച്ചു. രണ്ടു ദിവസത്തിനകം അപകടം മനസ്സിലാക്കിയ അദ്ദേഹം ആര്‍ക്കും വേണ്ടെങ്കില്‍ എനിക്കും വേണ്ട എന്നു പറഞ്ഞ് ഒടുവില്‍ രക്ഷപ്പെട്ടു.

brittas 1

കണ്ണൂര്‍ സിംഹം ഇ.പി.ജയരാജനാണ് ഈ മന്ത്രിസഭയിലെ വിദൂഷക വേഷം അണിയാന്‍ നിര്‍ബന്ധിതനായത്. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍ മനോരമ ന്യൂസ് ചാനലില്‍ അദ്ദേഹത്തെക്കുറിച്ച് കായിക മന്ത്രി നടത്തിയ അനുസ്മരണമാണ് ട്രോള്‍ കുത്തൊഴുക്ക് സൃഷ്ടിച്ചത്. പിന്നീട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജുമായുള്ള ഉടക്കിലൂടെയും ജയരാജന്‍ വാര്‍ത്തയില്‍ നിറഞ്ഞു. മുഹമ്മദലി വിഷയത്തില്‍ ജയരാജനെ കുഴപ്പത്തില്‍ ചാടിച്ചത് മനോരമയോടുള്ള അമിത വിധേയത്വമാണെങ്കില്‍ അഞ്ജു വിഷയത്തില്‍ അത് ഭരണപരമായ പരിചയക്കുറവായിരുന്നു. അഞ്ജുവിനോട് ചാടുന്നതിനു പകരം വിശദീകരണം ചോദിച്ചുകൊണ്ട് ഒരു കടലാസ് എഴുതി കൈയില്‍ വെച്ചുകൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഓടി രക്ഷപ്പെടുന്ന വഴിയില്‍ പുല്ലുപോലും കുരുക്കില്ലായിരുന്നു. വലിയ വായില്‍ നിലവിളിക്കുന്നതിന് അഞ്ജുവിന് അവസരം നല്‍കി സ്വയം കുഴി തോണ്ടിയത് ജയരാജന്‍ തന്നെ. ജയരാജന്റെ ഭാഗത്തായിരുന്നു ന്യായം എങ്കില്‍ക്കൂടി അഞ്ജു സ്‌കോര്‍ ചെയ്യുന്ന അവസ്ഥയുണ്ടായി. സര്‍ക്കാര്‍ ചടങ്ങുകളുടെ തുടക്കത്തില്‍ പ്രാര്‍ത്ഥന വേണ്ട എന്ന കെ.കെ.ശൈലജയുടെ അഭിപ്രായത്തോട് ഭൂരിപക്ഷം പേരും യോജിക്കുമെങ്കിലും അതവര്‍ പറഞ്ഞ ശൈലിയോട് പലരും യോജിച്ചില്ല. ശൈലജയുടെ ശൈലിപ്പിഴവും കണ്ണൂര്‍ ബാധ തന്നെ. പക്ഷേ, ഏറ്റവും വലിയ കണ്ണൂരുകാരനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതി കഴിഞ്ഞ ഒരു മാസത്തിനിടെ വര്‍ദ്ധിക്കുന്നതാണ് കണ്ടത്.

പുതിയ സര്‍ക്കാരിന്റെ കുറ്റം മാത്രം പറയാനാണോ ഈ കുറിപ്പെന്ന് ചിലര്‍ക്കെങ്കിലും ഇതിനകം സംശയം തോന്നിയിട്ടുണ്ടാവും. ന്യൂനതകള്‍ ആദ്യം പറഞ്ഞിട്ട് മേന്മയിലേക്കു പോകുന്നതാണ് ഏറ്റവും നല്ലത്. വിശേഷിച്ചും ന്യൂനതകള്‍ മേന്മകളെക്കാള്‍ എണ്ണത്തില്‍ കുറവാകുമ്പോള്‍. ത്രാസില്‍ ന്യൂനതയെ അപേക്ഷിച്ച് മേന്മയുടെ തട്ടിന് ഭാരം കൂടുതലാണ് എന്നതു തന്നെയാണ് പുതിയ സര്‍ക്കാരിന്റെ ആദ്യ മാസത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ കാണാനാവുന്നത്. മന്ത്രിമാരെ നിര്‍ണ്ണയിച്ചപ്പോള്‍ ജാതിയും മതവും പരാമര്‍ശിക്കപ്പെടുന്നതിനു പോലും സാദ്ധ്യത നല്‍കാതിരുന്ന എല്‍.ഡി.എഫ്. തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ദിശാസൂചി വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി മന്ത്രിസഭയില്‍ 2 വനിതകള്‍ സ്ഥാനം പിടിച്ചു. മന്ത്രമാരുടെ എണ്ണം 19 ആക്കി കുറച്ചതും ഓരോ മന്ത്രിയുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ആക്കി കുറയ്ക്കാനും തീരുമാനിച്ചത് കോടികളുടെ ചെലവ് ഒഴിവാക്കുന്നതായി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്നും പരമാവധി പ്രായപരിധി നിര്‍ബന്ധമായി പാലിക്കണമെന്നും തീരുമാനിച്ചതും നല്ല കാര്യം തന്നെ.

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കാന്‍ യു.ഡി.എഫ്. തീരുമാനമെടുത്തിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി. ജിഷയുടെ അമ്മ രാജേശ്വരിക്ക് 5,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചു. ജിഷയുടെ വീടുനിര്‍മ്മാണം 45 ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കും. ജിഷ കൊലക്കേസ് അന്വേഷിക്കാന്‍ എ.ഡി.ജി.പി. ഡോ.ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമായി. പുറ്റിങ്ങല്‍ ദുരന്തത്തിനും വഴിവെയ്ക്കുന്നതിലും ജിഷ കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിലും കാരണക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് സമൂഹത്തില്‍ അവമതിപ്പു സൃഷ്ടിച്ച ടി.പി.സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ നിന്ന് തൂക്കിയെടുത്ത് പുറത്തുകളഞ്ഞു. പകരം നിയമിതനായ ലോകനാഥ് ബെഹറ പ്രമാദമായ കേസുകള്‍ അടക്കം എല്ലാ കാര്യങ്ങളിലും നേരിട്ടിടപെടുന്നു എന്ന പ്രതീതിയുണ്ടാക്കുന്നുണ്ട്. എന്‍.ഐ.എയിലും സി.ബി.ഐയിലും പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണ പരിചയം ജിഷ കേസ് തെളിയിക്കുന്നതിനും പ്രതിയെ പിടികൂടുന്നതിനും സഹായകരമാവുകയും ചെയ്തു. അത് സെന്‍കുമാറിനെതിരായ സര്‍ക്കാരിന്റെ നടപടിക്ക് ന്യായീകരണമായി. ജിഷ കേസിലെ ദുരൂഹതകള്‍ നീങ്ങാനുണ്ടെങ്കിലും സര്‍ക്കാര്‍ തല്‍ക്കാലം മുഖം രക്ഷിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി ‘ഇടിമിന്നല്‍ സേന’യ്ക്കും പോലീസില്‍ രൂപം നല്‍കി.

മുന്‍ സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തിരുത്താന്‍ എല്‍.ഡി.എഫ്. സ്വീകരിക്കുന്ന നടപടികള്‍ക്ക് ജനപിന്തുണയുണ്ട്. യു.ഡി.എഫിന്റെ അവസാനകാലത്ത് എടുത്ത നിയമവിരുദ്ധ തീരുമാനങ്ങള്‍ പരിശോധിച്ച് ആവശ്യമായവയില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് ജനങ്ങള്‍ സര്‍വ്വാത്മനാ അംഗീകരിക്കുന്നു. സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും യു.ഡി.എഫ്. തീറെഴുതിയ ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപടി തുടങ്ങി. നിരോധിക്കാത്തതും എന്നാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതുമായ കീടനാശിനികള്‍ പിടിച്ചെടുക്കാന്‍ നടപടിയും സ്വീകരിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും നടപടിയുണ്ടായി. പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ ഹോര്‍ട്ടിക്കോര്‍പ്പ് വഴി നല്‍കാന്‍ നടപടി സ്വീകരിച്ചു. വിലക്കയറ്റം തടയാന്‍ വിപണിയിലിടപെടുന്നതിന് സപ്ലൈകോയ്ക്ക് 150 കോടി രൂപ അനുവദിച്ചു. യു.ഡി.എഫ്. രൂപം നല്‍കിയ ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സമാനരീതിയില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങളും പി.എസ്.സിക്ക് വിട്ടിട്ടുണ്ട്. കശുവണ്ടി കോര്‍പറേഷനു കീഴിലുള്ള അടച്ചുപൂട്ടിയ എല്ലാ ഫാക്ടറികളും തുറക്കാനുള്ള തീരുമാനമെടുത്തു. നീതിപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ യു.ഡി.എഫ്. സര്‍ക്കാരിന് അനഭിമതരായ ഡോ.ജേക്കബ്ബ് തോമസിനെ വിജിലന്‍സ് ഡയറക്ടറും ഋഷിരാജ് സിങ്ങിനെ എക്‌സൈസ് കമ്മീഷണറുമായി നിയമിക്കുക വഴി അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന പ്രതീതി സര്‍ക്കാര്‍ ജനിപ്പിച്ചു. ചട്ട വിരുദ്ദമായി നിയമനം നേടിയ നൂനപക്ഷ ക്ഷേമ ഡയറക്ടറെ പുറത്താക്കി. മുസ്ലിം ലീഗ് നടത്തിയ ഈ നിയമനത്തിനെതിരെ ലീഗിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായിരുന്നു എന്നതാണ് രസകരം. സര്‍ക്കാര്‍ ജോലി നേടിയ ശേഷം അവധിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ 31 ഡോക്ടര്‍മാരെയും പിരിച്ചുവിട്ടു.

തുടക്കം ‘ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍’ വിവാദത്തോടെ ആയിരുന്നുവെങ്കിലും വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കിയിട്ടുണ്ട്. വര്‍ഷാവസാന പരീക്ഷയടുക്കുമ്പോള്‍ പോലും പാഠപുസ്തകം ലഭിക്കാതിരുന്ന പഴയ സ്ഥിതി മാറി. വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം പൂര്‍ത്തിയായി. ജൂണ്‍ 15നകം പുസ്തകവിതരണം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം എല്‍.ഡി.എഫ്. സര്‍ക്കാര്‍ പാലിച്ചു. അടച്ചുപൂട്ടാന്‍ ഒരുങ്ങിയ മലാപ്പറമ്പ്, മാങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപനമുണ്ടായി. സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം മാനേജ്‌മെന്റുകളുടെ തോന്ന്യാസമാക്കി മാറ്റാനുള്ള നീക്കത്തെ നിയന്ത്രിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു.

സര്‍ക്കാര്‍ വകുപ്പിലെ ഒഴിവുകള്‍ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കാനുമുള്ള നിര്‍ദ്ദേശമായിരുന്നു ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനം. ഇത് റാങ്ക് ലിസ്റ്റുകളില്‍ പേരു വരുത്തി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം നീട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു. യുവാക്കളുടെ കൈയടി സര്‍ക്കാരിനു നേടിക്കൊടുക്കുന്നതാണ് ഈ തീരുമാനം. മന്ത്രിമാരുടെയും മറ്റും സ്വീകരണ പരിപാടികളില്‍ കുട്ടികളും സ്ത്രീകളും താലം പിടിക്കുന്ന പോലുള്ള ചിട്ടകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന പിണറായിയുടെ മുന്നറിയിപ്പിനും ജനപിന്തുണ ലഭിച്ചത് സ്വാഭാവികം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടിയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളിലേക്കായി 37.2 കോടി രൂപയുടെ അവശ്യമരുന്നുകള്‍ എത്തിച്ചു.

മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി കാട്ടുന്ന വൈമുഖ്യം വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ജനപക്ഷത്തു നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കാനും പ്രതികരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രതിഫലേച്ഛ കൂടാതെ വൃക്കദാനത്തിലൂടെ ജീവിതത്തില്‍ മാതൃകയാവുകയും ഇപ്പോള്‍ ചികിത്സയ്ക്കുപോലും പണമില്ലാതെ രോഗക്കിടക്കയില്‍ കഴിയുകയും ചെയ്യുന്ന ലേഖാ നമ്പൂതിരിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതു തന്നെ ഉദാഹരണം. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വീടില്ലാതെ തെരുവില്‍ അലയേണ്ടി വന്ന യുവതിക്കും മകന്‍ വൈശാഖിനും സര്‍ക്കാര്‍ ചെലവില്‍ താല്‍ക്കാലിക താമസസൗകര്യമൊരുക്കാനും 3 സെന്റ് ഭൂമിയില്‍ വീടു നിര്‍മ്മിച്ചുകൊടുക്കാനും ഇതു സംബന്ധിച്ച വാര്‍ത്ത വന്നയുടനെ തീരുമാനമുണ്ടായി. ഇതടക്കം പല തീരുമാനങ്ങളും ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുകയും അതു വീട്ടിലെത്തിക്കാന്‍ നടപടിയെടുക്കുകയും ചെയ്തത്, വലിയതുറയില്‍ 4 വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ നടപടിയെടുത്തത്, ഒരു വര്‍ഷം കൊണ്ട് തീരദേശ ശുചീകരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയത് -എല്ലാം ജനപക്ഷ തീരുമാനങ്ങള്‍.

pinarayi.jpg

പൊതുസ്ഥലങ്ങളില്‍ മന്ത്രിമാരുടെ പെരുമാറ്റത്തില്‍ തന്നെ മാറ്റം പ്രകടം. റോഡില്‍ ചുവപ്പു സിഗ്നലിനു താഴെ പച്ച തെളിയുന്നതിനായി കാത്തു നില്‍ക്കുന്ന ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍!! റോഡിലെ ആ കാത്തിരിപ്പിനിടെ അരികിലൂടെ കടന്നുപോകുന്ന ജനങ്ങളുമായി ആശയവിനിമയത്തിനു ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍!! ബ്ലോക്കില്‍ കുടുങ്ങിയ കാര്‍ ഉപേക്ഷിച്ച്, ചടങ്ങിന്റെ സമയനിഷ്ഠ പാലിക്കാന്‍ വേഗത്തില്‍ നടന്നു പോകുന്ന മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ ചിത്രം പത്രത്തില്‍ കണ്ടു!! കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിലൂടെ മന്ത്രി പി.തിലോത്തമന്റെ കാര്‍ ആളുകളെയും കുത്തിനിറച്ച്!! മന്ത്രിയുടെ മടിയിലും ആരോ ഇരിക്കുന്നു!! 5 മണിക്കു ശേഷം ഗണ്‍മാന് വീട്ടില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രി സി.രവീന്ദ്രനാഥും ഉത്തരവ് പാലിച്ചാല്‍ തന്റെ ജോലി പോകുമെന്നു പറഞ്ഞു കരയുന്ന ഗണ്‍മാനും!! മന്ത്രി വരുമ്പോള്‍ ഓച്ഛാനിച്ച് കാറിന്റെ ഡോറും തുറന്നു നില്‍ക്കുന്ന ഗണ്‍മാന്മാരെ കാണാനില്ല. ഡോര്‍ തുറന്നിറങ്ങുന്നതും തിരിക കയറിയ ശേഷം ഡോറടയ്ക്കുന്നതും ഇപ്പോള്‍ മന്ത്രിയുടെ ജോലിയാണ്, ഗണ്‍മാന്റേതല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടപ്പോള്‍ ഇതു മനസ്സിലായി. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് അനാവശ്യമായ പോലിസ് സുരക്ഷാ സംവിധാനങ്ങളും എസ്‌കോര്‍ട്ടും വേണ്ടന്ന് നിശ്ചയിച്ചു, നല്ലത്. ഇതിന്റെ നഷ്ടം പക്ഷേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്!! അദ്ദേഹത്തിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പോയി!! ഇതൊന്നും വലിയ കാര്യമല്ലായിരിക്കാം. പക്ഷേ, അതിലൊരു സന്ദേശമുണ്ട്.

ആദ്യ മാസത്തെ നടപടികള്‍ പുത്തനച്ചി പുരപ്പുറം തൂക്കുന്നതു പോലെയാകില്ല എന്നു പ്രതീക്ഷിക്കുന്നു, വിശ്വസിക്കുന്നു. ചെറിയ പിഴവുകളൊക്കെ ജനം ക്ഷമിച്ചുവെന്നു വരും. ചെറിയ പിഴവുകള്‍ മാത്രമേ ക്ഷമിക്കുകയുള്ളൂ എന്നുമുണ്ട്. എല്ലാത്തിനും കാവലാളായി കേരളത്തിന്റെ സ്വന്തം ‘ഫിഡല്‍ കാസ്‌ട്രോ’ ആയ സാക്ഷാല്‍ വി.എസ്.അച്യുതാനന്ദനുണ്ട്. ജനവിരുദ്ധ നടപടിയുണ്ടായാല്‍ പ്രഹരിക്കാന്‍ ആദ്യമോങ്ങുക വി.എസ്. തന്നെയായിരിക്കും. അദ്ദേഹത്തിനു പിന്നില്‍ ജനങ്ങളും അണിനിരന്നാല്‍ പ്രഹരശേഷി പ്രതിപക്ഷത്തു നിന്നുള്ളതിനെക്കാള്‍ വലുതായിരിക്കും. ടീം പിണറായിക്ക് അതു നന്നായറിയാം.

Previous articleമെസ്സി വന്നു, ബാറ്റിഗോള്‍ വഴിമാറി
Next article‘മാമന്റെ എഫ്.ബി. അക്കൗണ്ട് പൂട്ടിച്ചു’
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here