Reading Time: 3 minutes

VS 6.jpg

ഒരു പുതിയ സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞാല്‍ തുടക്കത്തില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാവുക സ്വാഭാവികം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുമ്പോള്‍ അത്തരമൊരു വിലയിരുത്തലിന് ഞാനും മുതിര്‍ന്നു. ആ വിലയിരുത്തലിനോട് ഫേസ്ബുക്കിലുണ്ടായ ഒരു പ്രതികരണമാണ് ഈ കുറിപ്പിനാധാരം. സര്‍ക്കാരിനെതിരായ വിമര്‍ശനമാണ് ആ പ്രതികരണത്തിന്റെ ഉള്ളടക്കം. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, വിമര്‍ശനം വസ്തുനിഷ്ഠമാവണം. ആ പ്രതികരണത്തിലെ ഒരു പോയിന്റ് ഇതാണ് -‘മാമന്റെ എഫ്.ബി. അക്കൗണ്ട് പൂട്ടിച്ചു’. ഇവിടെ ‘മാമന്‍’ മറ്റാരുമല്ല, വി.എസ്.അച്യുതാനന്ദന്‍ തന്നെ.

VS 1.jpg

ശരിയാണ്, വി.എസ്.അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് രണ്ടു ദിവസം മുമ്പ് പെട്ടെന്ന് അപ്രത്യക്ഷമായി. സി.പി.എം. ഇടപെട്ട് പേജ് പൂട്ടിച്ചതാണെന്ന ചര്‍ച്ച ഉടനെ തന്നെ സമൂഹമാധ്യമങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടു. വി.എസ്സിന് അഹിതമായത് എന്തു സംഭവിച്ചാലും പ്രതിസ്ഥാനത്ത് സി.പി.എം. ആണല്ലോ!! കേട്ടവര്‍ കേട്ടവര്‍ ഇതു പ്രചരിപ്പിച്ചു. ഇപ്പോഴും പ്രചരിപ്പിക്കുന്നു. എന്നാല്‍, എന്താണ് സത്യാവസ്ഥ എന്നന്വേഷിക്കാന്‍ ആരും മെനക്കെട്ടതായി തോന്നുന്നില്ല.

VS 5.jpg

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന വേളയിലാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഫേസ്ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും ഔദ്യോഗിക വെബ്‌സൈറ്റും തുടങ്ങിയത്. തുടങ്ങിയപാടെ ഇവയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചു. അതോടെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ വിഷയങ്ങള്‍ വി.എസ്. ചര്‍ച്ച ചെയ്യുന്നത് ഫേസ്ബുക്കിലൂടെയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള ഫേസ്ബുക്ക് സംവാദം ദൈനംദിന പ്രക്രിയയായി. ട്വിറ്ററില്‍ ഇടയ്ക്ക് കാച്ചുന്ന പഞ്ച് ലൈനുകള്‍ കൂടിയായതോടെ വി.എസ്. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.

വി.എസ്സിന്റെ ചില ബമ്പര്‍ ഹിറ്റ് പഞ്ച് ലൈനുകള്‍

വഴി മുട്ടി #ബിജെപി, വഴി കാട്ടാന്‍ #ഉമ്മന്‍ചാണ്ടി

കേരളത്തിന് #നരേന്ദ്രമോദിയുടെ ഏക സംഭാവന – ഹെലികോപ്ടറില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശന്‍!

#എകെആന്റണി ആദര്‍ശത്തെ കള്ളമാക്കുന്നു! #ഉമ്മന്‍ചാണ്ടി കള്ളത്തെ ആദര്‍ശമാക്കുന്നു

തിരഞ്ഞെടുപ്പിനു ശേഷം ഫലപ്രഖ്യാപനം വന്നതോടെ വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന വിലയിരുത്തലാണ് വി.എസ്സിന്. അത് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷ നേതൃ സ്ഥാനമൊഴിയുന്ന വേളയില്‍ വി.എസ്. ഒരു പ്രഖ്യാപനം നടത്തിയിരുന്നു -‘കേരളത്തിന്റെ കാവലാളായി ഞാന്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാവും.’ വി.എസ്സിന്റെ ഇടപെടല്‍ ആവശ്യമായ വിഷയങ്ങളൊന്നും തല്‍ക്കാലം ഉയര്‍ന്നുവന്നിട്ടില്ല. അതിനാല്‍ത്തന്നെ കുറച്ചു ദിവസങ്ങളായി അദ്ദേഹം മൗനത്തിലാണ്. സമൂഹമാധ്യമങ്ങളിലും അങ്ങനെ തന്നെ.

VS 4
വി.എസ്സിന്റെ ട്വിറ്റര്‍ പേജ്

ഇതിനിടെയാണ് വി.എസ്സിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്. പലരും പറയുന്നതു പോലെ സി.പി.എമ്മിന്റെ ഇടപെടലാണ് ഇതിനു കാരണമെങ്കില്‍ നടപടി ഫേസ്ബുക്കില്‍ മാത്രമായി ഒതുങ്ങുമോ? ഞാന്‍ ആദ്യം പരിശോധിച്ചത് അതാണ്. വി.എസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ട് @vs1923 ഇപ്പോഴും സജീവമാണ്. വെബ്‌സൈറ്റും അങ്ങനെ തന്നെ. പുതിയ അപ്‌ഡേറ്റ് ഇല്ലെന്നു മാത്രം.

VS 3
വി.എസ്സിന്റെ വെബ്‌സൈറ്റ്

അപ്പോള്‍പ്പിന്നെ ഫേസ്ബുക്ക് പേജിന് എന്താണ് സംഭവിച്ചത്? സാങ്കേതിക കാരണങ്ങളാല്‍ ഫേസ്ബുക്ക് തന്നെയാണ് വി.എസ്സിന്റെ പേജ് പൂട്ടിച്ചത്. വി.എസ്സിന്റെ സോഷ്യല്‍ മീഡിയ മാനേജര്‍മാരാണ് പേജ് കൈകാര്യം ചെയ്തിരുന്നത്. ആശയങ്ങൾ മാത്രം വി.എസ്. നൽകും. ആരെ കിട്ടുന്നുവോ അയാൾക്ക് വി.എസ്. ഇടേണ്ട പോസ്റ്റ് പറഞ്ഞു കൊടുക്കും. മാനേജർമാര്‍ക്കെല്ലാവര്‍ക്കും പേജിന്റെ ലോഗിന്‍ ഐ.ഡിയും പാസ്‌വേര്‍ഡും അറിയാമായിരുന്നു. പത്തിലേറെ കേന്ദ്രങ്ങളില്‍ നിന്ന് പേജ് ലോഗിന്‍ കൈകാര്യം ചെയ്തിരുന്നു. ഇത്തരത്തില്‍ പല കേന്ദ്രങ്ങളില്‍ നിന്ന് ഒരേസമയം പേജ് കൈകാര്യം ചെയ്യുന്നത് ഫേസ്ബുക്കിന്റെ കണക്കില്‍ ‘ഹാക്കിങ്’ ആണ്. രണ്ടു ദിവസം മുമ്പ് വി.എസ്സിന്റെ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതും അതിനാല്‍ത്തന്നെ.

പേജ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിന് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നാണ് വി.എസ്സിന്റെ ഓഫീസില്‍ നിന്നറിഞ്ഞത്. ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം.

Previous articleതുടക്കം കൊള്ളാം, ഇതു തുടരണം
Next articleമെസ്സി.. നീ പോകരുത്
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS