വെറുമൊരു പ്രിന്‍സിപ്പലായിരുന്ന എന്നെ നിങ്ങള്‍ ഡയറക്ടറാക്കി മാറ്റിയില്ലേ!!!
ഇതൊരു പ്രവചനമാണ്. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ പരമാധികാരിയായ ഡയറക്ടറാക്കി മാറ്റി എന്ന പേരിലായിരിക്കും ലോ അക്കാദമിയിലെ സമരം ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറല്ല. അക്കാദമിയുടെ തന്നെ ഡയറക്ടര്‍!!
തോല്‍വി നാരായണന്‍ നായര്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല. ജയിക്കാന്‍ അദ്ദേഹം എന്തും ചെയ്യും. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജയം നിലനില്‍ക്കുന്നത് മകളുടെ സ്ഥാനം ഉയര്‍ത്തിനിര്‍ത്തുക എന്നതിലാണ്. അതു കൈവരിക്കാന്‍ ഡയറക്ടര്‍ സ്ഥാനം ത്യജിക്കാനും ഒരു പക്ഷേ സമീപഭാവിയില്‍ തന്നെ അദ്ദേഹം തയ്യാറായേക്കും.
ഡോ.എന്‍.നാരായണന്‍ നായര്‍89 വയസ്സിന്റെ ആകുലതകള്‍ നാരായണന്‍ നായരെ തളര്‍ത്തിയിരിക്കുന്നു. മുന്നിലേക്കു നീങ്ങി നില്‍ക്കാന്‍ ഇതിലും നല്ലൊരവസരം ലക്ഷ്മിക്ക് കൈവരാനില്ല. തന്റെ എതിര്‍ത്തവരെ തച്ചുതകര്‍ക്കാന്‍ ഇതിനെക്കാള്‍ വലിയ ആയുധമില്ലെന്ന് നാരായണന്‍ നായര്‍ക്കറിയാം. ട്രസ്റ്റില്‍ അദ്ദേഹം വിചാരിക്കുന്നതേ നടക്കൂ.
നാരായണന്‍ നായര്‍ മാറിയാല്‍ പകരം അനിയന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അല്ലേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു സാദ്ധ്യതയില്ല. ലോ അക്കാദമി പിടിച്ചെടുക്കാന്‍ സി.പി.എം. നാടകം കളിക്കുന്നു എന്ന ആക്ഷേപം ശരിവെയ്ക്കലാവും കൃഷ്ണന്‍ നായരുടെ സ്ഥാനാരോഹണം. അപ്പോള്‍പ്പിന്നെ ലക്ഷ്മി നായര്‍ തന്നെയാണ് നല്ലത്. കോലിയക്കോടിന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങ് മുഖേന സി.പി.എമ്മിന് കാര്യങ്ങള്‍ നിയന്ത്രിക്കാം.
അച്ഛന്‍ നാരായണന്‍ നായര്‍ സി.പി.ഐ. ആണെന്നാണ് വെയ്‌പെങ്കിലും മകള്‍ ലക്ഷ്മിക്ക് ചെറിയച്ഛന്റെ പാര്‍ട്ടിയായ സി.പി.എമ്മിനോടാണ് ആഭിമുഖ്യം എന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണല്ലോ. അതു മാറണമെങ്കില്‍ സി.പി.ഐക്കാര്‍ ചാനല്‍ തുടങ്ങേണ്ടി വരും!!!
അപ്പോള്‍പ്പിന്നെ സമരക്കാര്‍ എന്തു ചെയ്യും? ഡയറക്ടറെ മാറ്റാന്‍ സമരിക്കുമോ? അതിനു വകുപ്പില്ല സര്‍!!
ജനപക്ഷത്തു നില്‍ക്കുന്ന തീരുമാനം അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നതു മാത്രമാണ്. അതിനായി സമരം ചെയ്യൂ. ഏറ്റെടുക്കുന്നില്ലെന്ന് കട്ടായം പറയുന്നവരെ അതിന് നിര്‍ബന്ധിതരാക്കൂ.
ഒരു കാര്യം പറയാതെ വയ്യ. ലോ അക്കാദമിക്കെതിരെ സമരം ചെയ്യാന്‍ ഏറ്റവും യോഗ്യതയുള്ളത് കെ.മുരളീധരന് തന്നെയാണ്. അച്ഛനായ കെ.കരുണാകരന്‍ ചെയ്തുവെച്ചതിനൊക്കെ ഇങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യണ്ടേ?!!
ഈ ഭൂമിയായ ഭൂമി മുഴുവന്‍ നാരായണന്‍ നായര്‍ക്ക് അസൈന്‍ ചെയ്തു കൊടുത്തത് കെ.കരുണാകരനാണ്, യൂണിവേഴ്‌സിറ്റി കോളേജ് വളപ്പിലെ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലമടക്കം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബ്ബ് പഴുതടച്ച് നടപ്പാക്കി. അനൂപ് ജേക്കബ്ബിനെക്കൂടി ഒരു കട്ടിലിട്ട് മുരളിയുടെ അടുത്ത് കിടത്തിയാല്‍ തികഞ്ഞു.