HomeGOVERNANCEമെഡലിനായി ഇത്...

മെഡലിനായി ഇത്ര ക്ലേശിച്ചിട്ടുണ്ടാവില്ല

-

Reading Time: 3 minutes

ദേശീയ ഗെയിംസില്‍ മെഡല്‍ നേടാന്‍ സജന്‍ പ്രകാശും എലിസബത്ത് സൂസന്‍ കോശിയും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. മെഡലിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട സമ്മാനം കൈയിലെത്താന്‍ മെഡല്‍ നേടിയതിന്റെ ഇരട്ടി കഷ്ടപ്പാട് അവര്‍ക്ക് സഹിക്കേണ്ടി വന്നു. ഇപ്പോള്‍ എന്തായാലും സാരമില്ല, കാര്യം നേടിയല്ലോ എന്നായിരിക്കും ഈ പാവങ്ങളുടെ നിലപാട്. സജനും എലിസബത്തും ഇനി കേരള സര്‍ക്കാരിനു കീഴിലെ ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. പൊലീസ് സേനയും അഭിമാനഭാജനങ്ങള്‍. ഇവര്‍ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

കായിക താരങ്ങളുടെ നിയമന ഉത്തരവ്
കായിക താരങ്ങളുടെ നിയമന ഉത്തരവ്

35-ാമത് ദേശീയ ഗെയിംസിന് കേരളം വേദിയായിട്ട് ഒന്നര വര്‍ഷത്തിലേറെ പിന്നിട്ടിരിക്കുന്നു. ആ ഗെയിംസില്‍ 54 സ്വര്‍ണ്ണമടക്കം 162 മെഡലുകളാണ് ആതിഥേയര്‍ നേടിയത്. സര്‍വ്വീസസിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. സ്വര്‍ണ്ണം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയും സമ്മാനത്തുകയും നല്‍കുമെന്ന് ഗെയിംസിനു മുമ്പ് അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വെള്ളിയും വെങ്കലവും നേടുന്നവര്‍ക്ക് സമ്മാനത്തുക മാത്രം ലഭിക്കും. ഗെയിംസില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ സന്തോഷാധിക്യത്തില്‍ സമ്മാനം വര്‍ദ്ധിപ്പിച്ചു. 86 കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്കും ടീം ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയവര്‍ക്കും മുഴുവന്‍ ജോലി നല്‍കാനാണ് 2015 ഫെബ്രുവരി 18ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിലവില്‍ സര്‍ക്കാര്‍ ജോലി ഇല്ലാത്തവരെ മാത്രം ഇതിനായി പരിഗണിച്ചു. നിലവില്‍ ജോലിയുള്ളവര്‍ക്ക് ഇന്‍ക്രിമെന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനമായി. പക്ഷേ…

sajan-prakash
സജന്‍ പ്രകാശ്

നാലു കായികതാരങ്ങള്‍ക്ക് ഗസറ്റഡ് തസ്തികയിലുള്ള ജോലിയാണ് പ്രഖ്യാപിക്കപ്പെട്ടത്. 6 സ്വര്‍ണ്ണമടക്കം 8 മെഡലുകള്‍ നേടി ഗെയിംസിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ നീന്തല്‍ താരം സജന്‍ പ്രകാശ്, 2 സ്വര്‍ണ്ണം വീതം നേടിയ ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശി, അത്‌ലറ്റുകളായ ആര്‍.അനു, അനില്‍ഡ തോമസ് എന്നിവര്‍ക്കായിരുന്നു ഗസറ്റഡ് ജോലി വാഗ്ദാനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നാലാം വര്‍ഷത്തിലുണ്ടായ പ്രഖ്യാപനം കാലാവധി തീര്‍ന്ന് തിരഞ്ഞെടുപ്പിലേക്കു പോകും വരെ നടപ്പായില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്ന ശേഷവും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഒന്നര വര്‍ഷ കാലയളവിനുള്ളില്‍ ഇതു സംബന്ധിച്ച് പല തവണ വാര്‍ത്തകള്‍ വന്നു, നടപടിയൊന്നുമുണ്ടായില്ല. സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച തങ്ങള്‍ വഞ്ചിതരായെന്നു കരുതിയിരിക്കുമ്പോഴാണ് ഇപ്പോള്‍ സജനും എലിസബത്തിനും ഗസറ്റഡ് തസ്തികയില്‍ ജോലി നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

elizabeth-susan-koshy
എലിസബത്ത് സൂസന്‍ കോശി

Aquatics1.jpgദേശീയ ഗെയിംസില്‍ ഒളിമ്പിക്‌സ് നിലവാരത്തോടെ സ്വര്‍ണ്ണം നേടിയ സജനും എലിസബത്തിനും ഗസറ്റഡ് തസ്തികയായ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറായി നിയമനം നല്‍കാനാണ് ഒക്ടോബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. നിയമനത്തിനുള്ള ഒഴിവുകളുള്ളതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ച സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ നിയമന ഉത്തരവ് പുറപ്പെടുവിച്ചു. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയായ ബിരുദ സര്‍ട്ടിഫിക്കറ്റ് നിയമനസമയത്ത് ഹാജരാക്കണമെന്ന വ്യവസ്ഥയും ഉത്തരവിലുണ്ട്.

shooting1.jpgഒഴിവുകള്‍ ചൂണ്ടിക്കാട്ടിയ ശേഷം താല്പര്യമുള്ള തസ്തിക അറിയിക്കാന്‍ സജന്‍, എലിസബത്ത്, അനു, അനില്‍ഡ എന്നിവരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സേനയില്‍ ചേരാന്‍ സജനും എലിസബത്തും സന്നദ്ധത അറിയിച്ചു. പൊലീസില്‍ സി.ഐ. ആയാണ് ഗസറ്റഡ് തസ്തികയില്‍ നിയമനം നല്‍കേണ്ടത്. എന്നാല്‍, അത് ഒരു എന്‍ട്രി കേഡര്‍ തസ്തിക അല്ലാത്തതിനാല്‍ രണ്ട് അധിക തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ തലത്തില്‍ നിയമനം നടത്തുകയാണ് ചെയ്തിരിക്കുന്നത്. മന്ത്രിസഭ നിയമനം അംഗീകരിച്ചു. അത്‌ലറ്റുകളായ അനുവിനും അനില്‍ഡയ്ക്കും വിദ്യാഭ്യാസ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ്, കായിക വകുപ്പ് എന്നിവയിലേതിലെങ്കിലും 2 വകുപ്പുകളില്‍ ഓരോ സീനിയര്‍ സൂപ്രണ്ടിന് സമാന തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാനാണ് തീരുമാനം. ഏതൊക്കെ വകുപ്പില്‍ നിയമനം എന്നു ധാരണയുണ്ടാക്കിയ ശേഷം ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വെയ്ക്കും.

Better late than never എന്നാണ് പ്രമാണം. കായിക വകുപ്പും ആഭ്യന്തര വകുപ്പും ഒരേ മന്ത്രി -മുഖ്യമന്ത്രി -കൈകാര്യം ചെയ്യുന്നതിന്റെ ഗുണമുണ്ടായി എന്നു വേണമെങ്കില്‍ പറയാം.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks