Reading Time: 4 minutes

ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതില്‍ അച്ഛനെക്കാള്‍ വലിയ ചുമതല വഹിക്കുന്നത് അമ്മയാണെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കില്‍പ്പിന്നെ ആ കുഞ്ഞ് അച്ഛന്റെ പേരില്‍ മാത്രം അറിയപ്പെടുന്നത് എന്തുകൊണ്ട്? പലപ്പോഴും മനസ്സിലുയര്‍ന്നിട്ടുണ്ട് ഈ ചോദ്യം. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയുടെ ഫലമാണിത്. ഇതിനൊരു മാറ്റം സാദ്ധ്യമാണോ എന്നു പോലും ആരും ചിന്തിക്കാന്‍ തയ്യാറല്ല. എന്നാല്‍, അടുത്തിടെ ഇന്ത്യയിലെ 3 പ്രമുഖ ക്രിക്കറ്റ് താരങ്ങളുടേതായി ടെലിവിഷനില്‍ വന്ന ഒരു പരസ്യം പുതിയ ചിന്താഗതി മുന്നോട്ടുവെച്ചു.

team-india
അമ്മ ജേഴ്‌സിയില്‍ ടീം ഇന്ത്യ

ദേവകിയെന്ന പേര് ധരിച്ച് മഹേന്ദ്ര സിങ് ധോണി. സരോജ് എന്ന പേര് ധരിച്ച് വിരാട് കോഹ്ലി. സുജാത എന്ന പേരണിഞ്ഞ് അജിന്‍ക്യ മധുകര്‍ രഹാനെ. ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരമ്പര തുടങ്ങിയപ്പോള്‍ മുതല്‍ ഈ പരസ്യം വരുന്നുണ്ട് -ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ പ്ലസിനു വേണ്ടി. തങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ അണിയാതെ വരുന്ന താരങ്ങള്‍ക്കു നേരെ ഇതു സംബന്ധിച്ച ചോദ്യമുയരുന്നുണ്ട്. ‘ഇത്രയും കാലം അച്ഛന്റെ പേരണിഞ്ഞു വന്നപ്പോള്‍ നിങ്ങളാരും ചോദിച്ചില്ലല്ലോ? എന്റെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം അച്ഛനുണ്ടോ, അത്ര തന്നെ പ്രാധാന്യം അമ്മയ്ക്കുമുണ്ട്’ -പരസ്യത്തില്‍ ധോണിയും കോഹ്ലിയും രഹാനെയും നല്‍കുന്ന മറുപടിയാണ്. പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്ന പരസ്യം. ‘നയി സോച്’ അഥവാ പുതിയ ചിന്ത എന്നു നാമകരണം. അതിനാല്‍ത്തന്നെ അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

open
ഓപ്പണര്‍മാര്‍

ഇതൊരു പരസ്യം മാത്രമാണെന്നാണ് കരുതിയത്, വിശാഖപട്ടണത്ത് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിനെ കാണുന്നതു വരെ. ടീമംഗങ്ങള്‍ മുഴുവന്‍ തങ്ങളുടെ അമ്മമാരുടെ പേര് ആലേഖനം ചെയ്ത ജേഴ്‌സിയുമണിഞ്ഞാണ് ഇറങ്ങിയത്. അതൊരു വേറിട്ട കാഴ്ചയായി. ഒരു പ്രത്യേക ആശയത്തിന്റെ പ്രചാരണത്തിനായി ടീം ജേഴ്‌സി ഉപയോഗിക്കുന്നത് അപൂര്‍വ്വമായി മാത്രം നടക്കുന്ന സംഭവമാണ്. സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം അടുത്തിടെ പിങ്ക് ജേഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങിയിരുന്നു. പക്ഷേ, അമ്മമാര്‍ക്കായുള്ള സമര്‍പ്പണം ആദ്യമായിട്ടാണ്.

captain-vice
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും

മഹേന്ദ്ര സിങ് ധോണി -ദേവകി 7

വിരാട് കോഹ്ലി -സരോജ് 18

അജിന്‍ക്യ രഹാനെ -സുജാത 27

രോഹിത് ശര്‍മ്മ -പൂര്‍ണ്ണിമ 45

മനീഷ് പാണ്ഡെ -താര 1

കേദാര്‍ ജാദവ് -മന്ദാകിനി 81

അക്ഷര്‍ പട്ടേല്‍ -പ്രീതിബെന്‍ 20

ജയന്ത് യാദവ് -ലക്ഷ്മി 22

അമിത് മിശ്ര -ചന്ദേര്‍കല 9

ഉമേഷ് യാദവ് -കിഷോരി ദേവി 19

ജസ്പ്രീത് ബുംറ -ദല്‍ജീത് 93

മന്‍ദീപ് സിങ് -സുരീന്ദര്‍ 12

ഹാര്‍ദിക് പാണ്ഡ്യ -നളിനി 228

ധവല്‍ കുല്‍ക്കര്‍ണി -പ്രമീള 91

ജയന്ത് യാദവിന് ഇത് ആദ്യ മത്സരമായിരുന്നു. വീരേന്ദര്‍ സെവാഗ് അവന് ഇന്ത്യന്‍ ക്യാപ് സമ്മാനിച്ചു. 18 വര്‍ഷം മുമ്പ് ഒരു വിമാനാപകടത്തില്‍ മരിച്ച അമ്മ ലക്ഷ്മിയുടെ പേരുമണിഞ്ഞാണ് ജയന്ത് വന്നത്. ജയന്തിന് മറ്റൊരമ്മ വീട്ടിലുണ്ട് -അവനെ വളര്‍ത്തി വലുതാക്കിയ ജ്യോതി യാദവ്. മത്സരത്തിനു ശേഷം കണ്ടപ്പോള്‍ ജയന്ത് അല്പം ആശയക്കുഴപ്പത്തിലാണെന്നു തോന്നി. ’18 വര്‍ഷം മുമ്പ് മരിച്ചുപോയ അമ്മയുടെ പേരാണ് ലക്ഷ്മി. എനിക്കു വീട്ടില്‍ മറ്റൊരമ്മയുണ്ട് -ജ്യോതി. ഈ ആശയക്കുഴപ്പം എങ്ങനെ വന്നുവെന്നറിയില്ല. വീട്ടിലുള്ള അമ്മയ്ക്ക് ചക്കരയുമ്മ’ -ഇതു പറയുമ്പോള്‍ തന്റെ ജേഴ്‌സിയില്‍ 2 അമ്മമാരുടെയും പേര് എഴുതിവെയ്ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി.

JAYANTH CAP.jpg
ജയന്ത് യാദവിന്‌ വീരേന്ദർ സെവാഗ് ഇന്ത്യൻ ക്യാപ് സമ്മാനിച്ചപ്പോൾ

ടോസിന്റെ സമയത്ത് രവി ശാസ്ത്രിയോട് സംസാരിക്കുമ്പോള്‍ ക്യാപ്റ്റന്‍ ദേവകി പറഞ്ഞത് അമ്മമാരുടെ സേവനം രാജ്യരക്ഷയില്‍ വ്യാപൃതരായിരിക്കുന്ന പട്ടാളക്കാരുടേതിനു തുല്യമാണ് എന്നാണ്. അതു ശരിയാണ്, അമ്മമാര്‍ നിരന്തരയുദ്ധത്തിലാണ്. കഠിന ജീവിതസാഹചര്യങ്ങളുമായുള്ള യുദ്ധം. സ്‌നേഹമാണ് അവരുടെ ആയുധം.

അമ്മമാരുടെ പേരിലുള്ള സ്‌കോര്‍ബോര്‍ഡ് ഇങ്ങനെ.

SCORE BOARD

INDIA

SUJATA c Latham b Neesham 20

POORNIMA c Neesham b Boult 70

SAROJ c Guptill b Sodhi 65

DEVAKI*† lbw b Santner 41

TARA c Boult b Sodhi 0

MANDAKINI not out 39

PRITIBEN b Boult 24

LAKSHMI not out 1

Extras 9

Total (6 wickets; 50 overs) 269 (5.38 runs per over)

Did not bat CHANDERKALA, KISHORI DEVI, DALJIT

Fall of wickets 1-40 (SUJATA, 9.2 ov), 2-119 (POORNIMA, 21.6 ov), 3-190 (DEVAKI, 37.3 ov), 4-195 (TARA, 38.4 ov), 5-220 (SAROJ, 43.1 ov), 6-266 (PRITIBEN, 49.4 ov)

Bowling TG Southee 10 -0 -56 -0, TA Boult 10 -0 -52 -2, JDS Neesham 6 -0 -30 -1, MJ Santner 10 -0 -36 -1, IS Sodhi 10 -0 -66 -2, CJ Anderson 4 -0 -27 -0

NEW ZEALAND

MJ Guptill b KISHORI DEVI 0

TWM Latham c LAKSHMI b DALJIT 19

KS Williamson* c MANDAKINI b PRITIBEN 27

LRPL Taylor c †DEVAKI b CHANDERKALA 19

JDS Neesham b CHANDERKALA 3

BJ Watling† b CHANDERKALA 0

CJ Anderson lbw b LAKSHMI 0

MJ Santner b PRITIBEN 4

TG Southee st †DEVAKI b CHANDERKALA 0

IS Sodhi c SUJATA b CHANDERKALA 0

TA Boult not out 1

Extras 6

Total (all out; 23.1 overs) 79 (3.41 runs per over)

Fall of wickets 1-0 (Guptill, 0.4 ov), 2-28 (Latham, 5.6 ov), 3-63 (Williamson, 14.4 ov), 4-66 (Taylor, 15.4 ov), 5-66 (Watling, 15.6 ov), 6-74 (Anderson, 18.6 ov), 7-74 (Neesham, 19.1 ov), 8-74 (Southee, 19.5 ov), 9-76 (Sodhi, 21.4 ov), 10-79 (Santner, 23.1 ov)

Bowling KISHORI DEVI 4 -0 -28 -1, DALJIT 5 -0 -16 -1, PRITIBEN 4.1 -0 -9 -2, CHANDERKALA 6 -2 -18 -5, LAKSHMI 4 -0 -8 -1

team-ground
ടീം ഇന്ത്യ ഫീല്‍ഡിങ്ങിനായി ഗ്രൗണ്ടിലേക്ക്

അമ്മമാരോട് നമുക്കെല്ലാവര്‍ക്കും സ്‌നേഹമുണ്ട്. ആ സ്‌നേഹം ഒരു ദിവസമെങ്കിലും അല്പം വര്‍ദ്ധിക്കാനും അമ്മയെ ഓര്‍ത്ത് അഭിമാനിക്കാനും ഈ പ്രകടനം അവസരമൊരുക്കി എന്നതില്‍ അതിയായ സന്തോഷം. അമ്മമാരുടെ അനുഗ്രഹം കൊണ്ടാവണം പരമ്പര ജേതാക്കളെ നിശ്ചയിച്ച മത്സരത്തില്‍ ഇന്ത്യ കിവികളുടെ പപ്പും പൂടയും പറിച്ചെടുത്തത്. 190 റണ്‍സിന്റെ കൂറ്റന്‍ വിജയം!!

ഇത്രയും പറയുമ്പോള്‍ അല്പം പൊങ്ങച്ചം കൂടി പറയാം. അമ്മയുടെ പേരില്‍ നിന്നാണ് എന്റെ പേര് വന്നത് -ശ്യാമളയില്‍ നിന്ന് ശ്യാംലാല്‍. SYAMALA >>>> SYAMLAL. പേരിട്ടത് കരസേനയില്‍ അച്ഛന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബല്‍ബീര്‍ സിങ്ങ്. പുള്ളി 1974ല്‍ തന്നെ ‘നയി സോച്’ ആയിരുന്നു!!!

Previous articleമെഡലിനായി ഇത്ര ക്ലേശിച്ചിട്ടുണ്ടാവില്ല
Next articleആറന്മുള നല്‍കുന്ന ആഹ്ളാദം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here