HomeFRIENDSHIPബിനു പണ്ടേ സ്...

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

-

Reading Time: 5 minutes

കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത വിദ്യാര്‍ത്ഥി സമിതി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നു. എസ്.എഫ്.ഐയില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് യു.പി.ജോസഫും എ.ഐ.എസ്.എഫില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ കൃഷി മന്ത്രിയുമായ വി.എസ്.സുനില്‍കുമാറുമാണ് അനിശ്ചിതകാല നിരാഹാരം കിടക്കുന്നത്. ഇപ്പോഴത്തെ എം.എല്‍.എമാരായ എ.പ്രദീപ് കുമാർ അന്നത്തെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എന്ന നിലയിലും വി.ജോയിയും ബി.സത്യനും ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമെന്ന നിലയിലും സമരനേതൃത്വം വഹിക്കുന്നു. മറ്റു രണ്ട് എം.എല്‍.എമാര്‍ കെ.എ.ആന്‍സലന്‍ അന്ന് ജില്ലാ വൈസ് പ്രസിഡന്റും ഐ.ബി.സതീഷ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. സമരപ്പന്തലില്‍ എല്ലായ്‌പ്പോഴും ആളുണ്ടാവും. ഊണും ഉറക്കവും പാട്ടും കൂത്തുമെല്ലാം പന്തലിനു മുന്നിലെ മെയിന്‍ റോഡില്‍.

ip 2.jpeg

യൂണിവേഴ്‌സിറ്റി കോളേജുകാരായ ഞങ്ങള്‍ക്കാണ് പന്തലിന്റെ ചുമതല. സമരത്തിനായി കേന്ദ്രീകരിക്കുന്നതും യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ. രാവും പകലും ഞങ്ങള്‍ സമരിക്കുകയാണ്. വര്‍ണ്ണക്കുപ്പായങ്ങളണിഞ്ഞ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയിലേക്ക് വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമടങ്ങുന്ന സ്‌കൂള്‍ യൂണിഫോമണിഞ്ഞ് ഒരു പയ്യന്‍സ് കടന്നുവന്നു. ആ സമരമുഖത്തുണ്ടായിരുന്ന ഏക സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. ഞാന്‍ പഠിച്ച സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ തന്നെ പഠിക്കുന്നു. പേര് ബിനു. അവന്‍ പെട്ടെന്നു തന്നെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. കാരണമുണ്ട്, ബിനു ഒരു ആവേശകുമാരനായിരുന്നു. സമരത്തിന്റെ ഭാഗമായി എന്തു പ്രവര്‍ത്തനം നടന്നാലും അവന്‍ മുന്നിലുണ്ടാവും. സെക്രട്ടേറിയറ്റിനു മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തുന്ന കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസ്സുകളില്‍ സമരത്തിന്റെ പ്രചാരണ പോസ്റ്ററുകള്‍ ഒട്ടിക്കുന്ന ഒരു പരിപാടിയുണ്ട്. സംഘം ചേര്‍ന്ന് ചെറുത്തുനിര്‍ത്തിയായിരിക്കും ഞങ്ങളുടെ കലാപരിപാടി. ചില ഡ്രൈവര്‍മാര്‍ വെട്ടിച്ചു മുന്നോട്ടു കയറാന്‍ നോക്കും. അങ്ങനെയുള്ള ബസ്സുകളുടെ പിന്നാലെ ഓടി ബിനു പോസ്റ്ററൊട്ടിച്ചു തുടങ്ങി. ഞങ്ങളാകെ ഭയന്നു! ചെറുതായെന്നു പിഴച്ചാല്‍ ആള്‍ ബസ്സിനടിയില്‍ പോകും. ഒടുവില്‍ ചന്തിക്ക് അടിയും കൊടുത്ത് ബലമായി പൂട്ടിനിര്‍ത്തിയപ്പോഴാണ് അവന്‍ അടങ്ങിയത്. പോസ്റ്ററൊട്ടിക്കുക എന്നതിനെക്കാള്‍ ബിനുവിനെ നിയന്ത്രിക്കുക എന്നത് ഞങ്ങള്‍ക്ക് വലിയ ജോലിയായി മാറി.

sfi.jpg

ദിവസങ്ങള്‍ കഴിയുന്തോറും സമരം കടുത്തു. സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും പതിവായി. ഒപ്പമുണ്ടായിരുന്ന പലരും ആസ്പത്രിയിലായി. അടി വരുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ പൊരുതി നില്‍ക്കുന്നവരുടെ കൂട്ടതില്‍ ബിനുവും ഉണ്ടായിരുന്നു. ഒട്ടേറേപ്പേര്‍ക്ക് പരിക്കേറ്റുവെങ്കിലും സമരാവേശം കുറഞ്ഞില്ല. എല്ലാ ദിവസത്തെയും പത്രങ്ങളുടെ ഒന്നാം പേജില്‍ ലാത്തിച്ചാര്‍ജ്ജിന്റെ ചിത്രങ്ങള്‍. മുറിവും വെച്ചുകെട്ടി ഞങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ തന്നെ ഇരുന്നു. അടുത്തിടെ ചിലര്‍ ചെയ്തപോലെ നിര്‍ത്തി എഴുന്നേറ്റു പോയില്ല. സമരം കേരളമാകെ വ്യാപിച്ചു. ഞങ്ങള്‍ക്ക് വാശിയായി. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് മുഖ്യമന്ത്രി കെ.കരുണാകരന് ബോദ്ധ്യമായി. അദ്ദേഹം ചര്‍ച്ചയ്ക്കു തയ്യാറായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാരും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

ആ സമരത്തിലൂടെ എസ്.എഫ്.ഐയ്ക്ക് ഒരു കേഡറിനെ കിട്ടി -ഐ.പി.ബിനു. സംഘടനയുടെ പ്രാദേശിക തലം മുതല്‍ സംസ്ഥാന തലം വരെയുള്ള മുഴുവന്‍ നേതാക്കള്‍ക്കും തുടക്കക്കാരനായ അവന്‍ ചിരപരിചിതനായിക്കഴിഞ്ഞിരുന്നു. ആരെയും ഇടിച്ചുകയറി കമ്പനിയടിക്കുന്ന സ്വഭാവം അവന് കാര്യങ്ങള്‍ എളുപ്പമാക്കി. യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ എം.എ. ഇംഗ്ലീഷിനു ചേര്‍ന്നപ്പോള്‍ ഞാന്‍ പതിയെ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറി പൂര്‍ണ്ണമായും ക്ലാസ്സിലേക്കൊതുങ്ങി. എം.എയ്ക്കു പഠിക്കുമ്പോഴുള്ള ആദ്യ വര്‍ഷവും സമരങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. സമരം നടക്കുമ്പോഴെല്ലാം ആ പയ്യന്‍സിനെ മുതിര്‍ന്നവര്‍ക്കൊപ്പം ഞാന്‍ കണ്ടു. അപ്പോഴേക്കു അവന്‍ ഗവ. സംസ്‌കൃത കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായി മാറിയിരുന്നു. അവന്‍ എസ്.എഫ്.ഐക്കാര്‍ക്കു മാത്രമല്ല, പോലീസുകാര്‍ക്കും ചിരപരിചിതനായിക്കഴിഞ്ഞിരുന്നു. 1996 ആയപ്പോഴേക്കും കേരളത്തില്‍ ഇടതു ഭരണമായി. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി. യൂണിവേഴ്‌സിറ്റി കോളേജിലെ സമരകാലം അവസാനിച്ചു. ബിനുവിനെ കാണാതെയായി.

ഏറെക്കാലത്തിനു ശേഷം പിന്നീട് ബിനുവിനെ കാണുമ്പോള്‍ അവന്‍ ബിരുദ പഠനത്തിന് യൂണിവേഴ്‌സിറ്റി കോളേജിലെത്തി അവിടെയും നേതാവായിരുന്നു. അപ്പോഴേക്കും പത്രപ്രവര്‍ത്തന രംഗത്തേക്കു കടന്നിരുന്ന ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നു പൂര്‍ണ്ണമായി പിന്മാറി. ജോലിയുടെ ഭാഗമായി വര്‍ഷങ്ങളോളം തിരുവനന്തപുരത്തു നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന എനിക്ക് ബിനു അടക്കമുള്ള സുഹൃത്തുക്കളുമായുള്ള ബന്ധം മുറിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം തിരികെയെത്തിയപ്പോള്‍ ഞാന്‍ കണ്ടത് ഡി.വൈ.എഫ്.ഐ. ജില്ലാ ഭാരവാഹിയായി വളര്‍ന്ന പഴയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ്. പഴയതുപോലെ സമരമുഖത്തെ സജീവസാന്നിദ്ധ്യം. രാഷ്ട്രീയപരമായി ഇന്ന് എനിക്കും ബിനുവിനും എല്ലാ കാര്യങ്ങളിലും ഏകാഭിപ്രായമല്ല. സി.പി.എം. എന്ന പാര്‍ട്ടി ചെയ്യുന്ന എല്ലാം ശരിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോള്‍ എനിക്കില്ല. അവന്റേത് പാര്‍ട്ടി നിലപാടും എന്റേത് സ്വതന്ത്ര നിലപാടുമാണ്. പക്ഷേ, ഞങ്ങളുടെ സൗഹൃദത്തിന് മാറ്റം വന്നില്ല. അവന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും കോണ്‍ഗ്രസ്സിനു മേല്‍ക്കൈയുള്ള കുന്നുകുഴി വാര്‍ഡ് പിടിച്ചെടുത്തപ്പോഴും ഞാന്‍ ആഹ്ലാദിച്ചത് അവന്റെ സുഹൃത്തെന്ന നിലയിലാണ്.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബിനു ഒരുപാട് പാകത നേടിയിരിക്കുന്നു. തന്റെ വാര്‍ഡിലെ ജനങ്ങളുമായി രാഷ്ട്രീയത്തിനതീതമായ ബന്ധം സ്ഥാപിക്കാന്‍ അവനു സാധിച്ചിട്ടുണ്ട്. ഒരു ജനപ്രതിനിധിക്ക് അവശ്യം വേണ്ട ഗുണമാണത്. ഉദ്ഘാടനങ്ങളിലും ഫ്‌ളക്‌സുകളിലും വിശ്വസിക്കാത്ത അവന്‍ എങ്ങനെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഇടിച്ചുകയറി ഇരിപ്പിടമുറപ്പിക്കാം എന്ന ചിന്തയിലാണ്. ആവശ്യം കണ്ടറിഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക വഴി മികച്ച കൗണ്‍സിലര്‍ എന്ന പേര് അവന്‍ സ്വന്തമാക്കുമ്പോള്‍ ഞാനടക്കമുള്ള സുഹൃത്തുക്കള്‍ക്ക് അത് അഭിമാനമാണ്.

ip 3.jpeg

ഇപ്പോള്‍ അവന്‍ പുതിയൊരു ചരിത്രം കുറിക്കുകയാണ്. സ്വന്തമായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമുള്ള രാജ്യത്തെ ആദ്യ നഗരസഭാ കൗണ്‍സിലര്‍. കുന്നുകുഴി വാര്‍ഡിലെ എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനും ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഒരു ആത്മാര്‍ത്ഥ ശ്രമം. കമ്പ്യൂട്ടറുകളും വെബ്‌സൈറ്റുകളുമെല്ലാം IP അഡ്രസ്സ് അഥവാ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ്സ് വഴിയാണ് തിരിച്ചറിയപ്പെടുന്നത്. ബിനുവിന് പണ്ടേ സ്വന്തമായി IP ഉണ്ട്, പേരില്‍ത്തന്നെ. ഐ.പി.ബിനു ഇനി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ബിനുവാണ്.

കോര്‍പ്പറേഷന്‍ ഇപ്പോള്‍ ഒട്ടേറെ പുതിയ പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. ജനങ്ങളില്‍ പലര്‍ക്കും അതിനെക്കുറിച്ച് വലിയ ധാരണയില്ല. ‘അണ്ണാ, പദ്ധതികളെക്കുറിച്ച് വാര്‍ഡിലെ രണ്ടായിരത്തോളം വീടുകളില്‍ നേരിട്ടു പോയി എനിക്കു പറയാന്‍ പറ്റില്ല. വാര്‍ഡിലുള്ളവരില്‍ മഹാഭൂരിപക്ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് എനിക്കറിയാം. ഫേസ്ബുക്കില്‍ ഓരോ പോസ്റ്റിടുമ്പോഴും വരുന്ന ലൈക്കും കമന്റും തന്നെ തെളിവ്. എന്നാല്‍പ്പിന്നെ സ്വന്തമായൊരു വെബ്‌സൈറ്റ് ആകാമെന്നു കരുതി. കാര്യങ്ങളെളുപ്പം നടക്കുമല്ലോ’ -കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ബിനു പറഞ്ഞു.

ബിനുവിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കോര്‍പ്പറേഷനില്‍ ഇവ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വാര്‍ഡുകളിലെ ജനങ്ങള്‍ക്കും ഇതു സാധിക്കും. സംസ്ഥാനത്തെ മറ്റു കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, അവ നല്‍കുന്ന സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാനുള്ള നടപടിക്രമങ്ങള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയടക്കം എല്ലാ പ്രധാന വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. സൗഹൃദങ്ങളാണ് ബിനുവിന്റെ കരുത്ത്. ബിനുവിന്റെ മനസ്സില്‍ തോന്നിയ ആശയം പ്രാവര്‍ത്തികമാക്കിയത് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ്കാറ്റ് ടെക്‌നോളജീസിലെ സുഹൃത്ത് രവി മോഹന്‍. എസ്.എഫ്.ഐയുടെ സമരപോരാട്ടങ്ങളിലൂടെയാണ് ആ സൗഹൃദം ഉടലെടുത്തത്. ദീര്‍ഘനാളത്തെ അദ്ധ്വാനത്തിനൊടുവിലാണ് സൈറ്റും ആപ്ലിക്കേഷനും രവി തയ്യാറാക്കിയത്.

ഈ വെബ്‌സൈറ്റ് പ്രമാദമായ ഒരു കേസില്‍ നിന്ന് ബിനുവിനെ രക്ഷപ്പെടുത്തിയ കഥ കൂടി പറഞ്ഞാലേ പൂര്‍ത്തിയാവുകയുള്ളൂ. അടുത്തിടെ കുന്നുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ താല്‍ക്കാലിക സംസ്ഥാന ആസ്ഥാനത്തിനു നേരെ ബോംബേറുണ്ടായി. ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്നാണല്ലോ പ്രമാണം. സ്വാഭാവികമായി ആരോപണം സി.പി.എമ്മിന്റെ നേര്‍ക്കായി. നഗരത്തിലെ സി.പി.എമ്മിന്റെ പ്രമുഖ കേഡര്‍ എന്ന നിലയിലും കുന്നുകുഴിയിലെ പ്രബലന്‍ എന്ന നിലയിലും ബിനു സംശയത്തിന്റെ നിഴലിലായി. ബോംബേറുണ്ടായി അര മണിക്കൂറിനകം തന്നെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബിനുവിനെ തേടിയെത്തി. അപ്പോള്‍ സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഒരു ഹോട്ടലില്‍ രവി മേനോനൊപ്പം ബിനു വെബ്‌സൈറ്റിന്റെ പണിപ്പുരയിലായിരുന്നു. 3 മണിക്കൂറായി താന്‍ രവിക്കൊപ്പം തന്നെയുണ്ടെന്ന് ബിനു മൊഴി നല്‍കി. ബിനുവിന്റെയും രവിയുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷനും രവിയുടെ കമ്പ്യൂട്ടറിന്റെയും ബിനുവിന്റെ വെബ്‌സൈറ്റിന്റെയും IP അഡ്രസ്സും വിലയിരുത്തിയ പൊലീസിന് ആ മൊഴി സത്യമാണെന്നു ബോദ്ധ്യപ്പെട്ടു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പത്രസമ്മേളനം വിളിച്ച് ബിനുവിനെതിരെ ആരോപണം ഉന്നയിച്ചു, ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്ന സ്റ്റൈലില്‍. സുരേഷിന്റെ നിലവാരമറിയാവുന്നതിനാല്‍ ആരും അതു കാര്യമാക്കിയില്ല. ഫേസ്ബുക്കിലൂടെ ബിനു ആരോപണം നിഷേധിച്ച് ശക്തമായൊരു മറുപടിയും നല്‍കിയതോടെ ബി.ജെ.പിക്കാരുടെ ആക്ഷേപം ചീറ്റിപ്പോയി. പൊലീസ് അന്വേഷണത്തില്‍ ബിനുവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ക്കൊപ്പം വെബ്‌സൈറ്റ് നല്‍കിയ സാങ്കേതികതെളിവുകളും ഗുണകരമായി.

ip 4.jpeg

സുരേഷിന്റെ പത്രസമ്മേളനം കണ്ടപ്പോള്‍ ഞാന്‍ ബിനുവിനെ വിളിച്ചു. അവന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ‘എന്നാല്‍പ്പിനെ കോപ്പ് നിനക്കിത് പരസ്യമായി പറഞ്ഞുകൂടെ?’ -എന്റെ ചോദ്യം. ‘അതു വേണ്ടണ്ണാ, നമ്മുടെ സസ്‌പെന്‍സ് പോകും’ -അവന്റെ മറുപടി. വെബ്‌സൈറ്റും ആപ്ലിക്കേഷനും തയ്യാറായിട്ടേ അതിന്റെ കാര്യം പുറത്തു പറയൂ എന്ന വാശി. ഞാന്‍ എതിര്‍ത്തില്ല. ആ സസ്‌പെന്‍സ് ഇപ്പോള്‍ പൊട്ടിച്ചിരിക്കുന്നു. അങ്ങനെ, ബിനുവിന്റെ ദീര്‍ഘനാളായുള്ള പരിശ്രമം ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വെബ്‌സൈറ്റും ആപ്ലിക്കേഷനും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്.

സ്വന്തമായി IP അഡ്രസ്സുള്ള ബിനു പണ്ടേ സ്മാര്‍ട്ടാണ്!! ഇനിയവന്‍ കൂടുതല്‍ സ്മാര്‍ട്ടാവും!!!

http://www.ipbinu.in/

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks