HomeGOVERNANCEഅഴിമതിയിൽ കേര...

അഴിമതിയിൽ കേരളം “മുന്നിൽ”!!

-

Reading Time: 2 minutes

അഴിമതിയിൽ കേരളം “മുന്നിൽ” -ഇത്തരമൊരു തലക്കെട്ടിട്ടത് മനഃപൂർവ്വമാണ്. പലരും കേൾക്കാനാഗ്രഹിക്കുന്നതാണല്ലോ ഇത്. അഴിമതിയിൽ കേരളം മുന്നിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം എന്നു മാത്രം!

അഴിമതി സമൂഹത്തെ കാർന്നു തിന്നുന്ന അർബുദമാണ്. ഈ അർബുദത്തിന് കേരളം ഒരു പരിധി വരെ മരുന്ന് കണ്ടെത്തിക്കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. ഈ “മരുന്ന്” ചില നിലപാടുകളുടെ ഫലമായുണ്ടായതാണ് എന്ന് ഏവർക്കും ബോദ്ധ്യമുണ്ടെങ്കിലും ചിലരെങ്കിലും അത് പരസ്യമായി സമ്മതിച്ചുതരില്ല. ആരു സമ്മതിച്ചാലും ഇല്ലെങ്കിലും അഴിമതിക്കെതിരായ പോരാട്ടത്തിൽ വലിയൊരളവു വരെ കേരളം വിജയം കൈവരിച്ചിരിക്കുന്നു എന്നു തന്നെ പറയാം.

കേരളത്തിന്റെ നേട്ടം രാജ്യവ്യാപകമായ പഠനത്തിൽ വ്യക്തമായി എന്നൊന്നും പറയുന്നില്ല. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപുർ, മിസോറാം, ത്രിപുര, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങൾ സാങ്കേതിക കാരണങ്ങളാൽ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ല. അഴിമതി സംബന്ധിച്ച നിരീക്ഷണപ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഓഫ് ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. അതിനാൽ പഠനഫലത്തിന് വിശ്വാസ്യതയേറും.

കേരളത്തിൽ വെറും 10 ശതമാനമാളുകൾ മാത്രമാണ് കൈക്കൂലി നൽകുന്നത്. ഇവിടെ കൈക്കൂലി ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ മേഖലയിലാണ്. 29 ശതമാനം കൈക്കൂലിയും സ്വത്ത് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ്. 14 ശതമാനം കൈക്കൂലി ഭൂമി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നല്‍കുന്നത്. 14 ശതമാനം കൈക്കൂലി പൊലീസുകാര്‍ക്ക് കിട്ടുന്നുണ്ട്. വൈദ്യുതി, ആദായനികുതി, ഗതാഗതം തുടങ്ങിയ മറ്റു വകുപ്പുകളിലാണ് 43 ശതമാനം കൈക്കൂലി. ഏറ്റവുമധികം അഴിമതി നടന്നിരുന്ന -പാലാരിവട്ടം പാലം ഉദാഹരണമാകുന്ന -പൊതുമരാമത്ത് വകുപ്പിൽ കാര്യമായ അഴിമതി കണ്ടെത്താനായില്ല എന്നത് അഴിമതിക്കാരുടെ ചിന്താഗതിയിൽ വന്ന മാറ്റത്തിന്റെ വലിയ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിനു പുറമെ ഒഡിഷ, ഡൽഹി, ഹരിയാണ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളിൽ അഴിമതി കുറവാണ്. ഏറ്റവും കുറവ് പിണറായി വിജയന്റെ കേരളത്തിൽ തന്നെ. രാജസ്ഥാനും ബിഹാറുമാണ് രാജ്യത്ത് ഏറ്റവും കുടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനങ്ങൾ. രാജസ്ഥാനിലെ 78 ശതമാനം ആളുകളും തങ്ങളുടെ കാര്യങ്ങള്‍ സാധിക്കാന്‍ കഴിഞ്ഞ വര്‍ഷം കൈക്കൂലി നല്‍കിയതായി സർവേയിൽ സമ്മതിച്ചു. ഇതില്‍ 22 ശതമാനം പേര്‍ പലതവണ നേരിട്ടും അല്ലാതെയും കൈക്കൂലി നല്‍കി. 56 ശതമാനം പേര്‍ ഒന്നോ രണ്ടോ തവണ കൈക്കൂലി നല്‍കി. 22 ശതമാനം പേര്‍ക്ക് മാത്രമാണ് കാര്യസാദ്ധ്യത്തിന് കൈക്കൂലി നല്‍കേണ്ട ആവശ്യമില്ലാതിരുന്നത്.

ബിഹാറിൽ 75 ശതമാനം പേരാണ് കാര്യസാദ്ധ്യത്തിനായി കൈക്കൂലി നൽകിയത്. ഈ 75 ശതമാനം നിതീഷ് കുമാറിന്റെ ബിഹാറിനെ അഴിമതിക്കാരുടെ പട്ടികയിൽ രണ്ടാമതെത്തിച്ചു. 74 ശതമാനം കൈക്കൂലിയുള്ള യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തുണ്ട്. ജാർഖണ്ഡിലും 74 ശതമാനം തന്നെയാണ് കൈക്കൂലി. അവർ മൂന്നാം സ്ഥാനം പങ്കിട്ടു. കേരളത്തിന്റെ അയൽക്കാരായ തെലങ്കാന, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലും കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും വലിയ അഴിമതിക്കാർ ചന്ദ്രശേഖര റാവുവിന്റെ തുടർഭരണം നിലനിൽക്കുന്ന തെലങ്കാനയാണ്.

രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായ പഞ്ചാബും അഴിമതിയുടെ കാര്യത്തിൽ മുന്നിലാണ്. ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായതിന്റെ പേരിൽ മലയാളികൾക്ക് തീർച്ചയായും അഭിമാനിക്കാം. മിക്ക സംസ്ഥാനങ്ങളിലും കൈക്കൂലി ഏറ്റവും കൂടുതലുള്ള രജിസ്‌ട്രേഷന്‍ വകുപ്പിൽ തന്നെ. കേരളത്തിലെ അവസ്ഥയും ഇതു തന്നെ. എന്നാൽ, ഉത്തര്‍പ്രദേശ്,ഗുജറാത്ത്, ഹരിയാണ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊലീസുകാരാണ് ഏറ്റവും വലിയ കൈക്കൂലിക്കാർ. കൈക്കൂലി വാങ്ങുന്നതിന് സി.സി.ടി.വി. നേരിയ തടസ്സം മാത്രമേ സൃഷ്ടിക്കുന്നുള്ളൂവെന്നും ഏജന്റുമാര്‍ വ്യാപകമാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

 


INDIA CORRUPTION SURVEY 2019 റിപ്പോർട്ടിന്റെ പൂർണ്ണരൂപം

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks