കോളേജ് ട്രാന്‍സ്ഫര്‍ ഒരു വലിയ കാര്യമല്ല. ഞങ്ങളൊക്കെ പഠിക്കുമ്പോള്‍ തന്നെ -കാല്‍ നൂറ്റാണ്ടു മുമ്പ് -ഇത് നിലവിലുണ്ട്. പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് മാറ്റം വാങ്ങി വന്ന ഒരു കൂട്ടുകാരി യൂണിവേഴ്‌സിറ്റി കോളേജിലെ എം.എ. ക്ലാസ് മുറിയില്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ചേര്‍ത്തല എന്‍.എസ്.എസ്. കോളേജില്‍ നിന്ന് തിരുവനന്തപുരം ഗവ. വനിതാ കോളേജിലേക്ക് വിജിക്കു കിട്ടിയ മാറ്റം അതിനാല്‍ത്തന്നെ വലിയ കാര്യവുമല്ല.
ചേര്‍ത്തല കോളേജില്‍ സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയ വിജിക്ക് ഇന്‍ഡക്‌സ് മാര്‍ക്ക് 828 ആയിരുന്നു. ഗവ. വിമന്‍സ് കോളേജില്‍ ഈ കോഴ്‌സിന് പ്രവേശനം ലഭിച്ച കുട്ടികളുടെ കുറഞ്ഞ ഇന്‍ഡക്‌സ് മാര്‍ക്ക് 1,200 ആണ് എന്നതാണ് വിവാദത്തിനു കാരണം. 372 മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം കോളേജ് മാറ്റിയെന്നാണ് കണ്ടെത്തല്‍!
വിമന്‍സ് കോളേജില്‍ പ്രവേശനം ക്ലോസ് ചെയ്യുന്നതിനു മുമ്പാണ് ഈ മാറ്റമെങ്കില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്നു പിന്നെയും പറയാമായിരുന്നു. എന്നാല്‍, അവിടെ പ്രവേശനം ക്ലോസ് ചെയ്തതിനു ശേഷവും ഒഴിവുണ്ടായിരുന്ന സീറ്റിലേക്കാണ് വിജിയെ കോളേജ് മാറ്റത്തിലൂടെ പ്രവേശിപ്പിച്ചത്. 1996ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ പഠിച്ച രണ്ടാം വര്‍ഷ എം.എ. ഇംഗ്ലീഷ് ക്ലാസ്സിലേക്ക് പുതിയ അതിഥി എത്തിയതും ഇതുപോലെ തന്നെയായിരുന്നു. ഇതൊരു സ്വാഭാവിക നടപടി മാത്രം. ഇത്തരത്തില്‍ പ്രവേശനം നടന്നില്ലെങ്കില്‍ ആ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും, അത്ര തന്നെ.
ഒരു വാര്‍ത്ത തയ്യാറാക്കുമ്പോള്‍ അതിന്റെ എല്ലാ വശവും പരിശോധിക്കണമെന്നാണ് മാധ്യമപ്രവര്‍ത്തനത്തിലെ അടിസ്ഥാന തത്ത്വം. ആര്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്നുവോ ആ വ്യക്തിയോടാണ് ആദ്യം സംസാരിക്കേണ്ടത് എന്നാണ് എന്റെ ഗുരുക്കന്മാര്‍ പഠിപ്പിച്ച പ്രധാന പാഠം. ഇവിടെ വിജി എന്ന കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ എത്ര മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായി എന്ന ചോദ്യം അവശേഷിക്കുന്നു. വാര്‍ത്തകള്‍ അറിയിക്കുന്നതിനെക്കാള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതാണ് തങ്ങളുടെ കര്‍മ്മം എന്നു വിശ്വസിക്കുന്ന ഒരു കൂട്ടര്‍ മാധ്യമപ്രവര്‍ത്തനം എന്ന മേഖലയെ തന്നെ അപകടത്തിലാക്കിയിരിക്കുന്നു.
വിജിയുടെ കോളേജ് മാറ്റത്തില്‍ ചട്ടലംഘനത്തിന്റെ സാദ്ധ്യത തരിമ്പുമില്ല. ഇനി ഈ കുട്ടിയുടെ കാര്യത്തില്‍ അല്പം ചട്ടലംഘനമുണ്ടായാലും കുഴപ്പമില്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഭരണം. ഭരണത്തിനു വേണ്ടിയുള്ളതാണ് ചട്ടം. ജനഹിതം ചട്ടത്തിനു മുകളിലാണ്, ചിലപ്പോഴെങ്കിലും.
മന്ത്രിയുടെ നടപടി തെറ്റാണെങ്കില്‍ വിമര്‍ശിക്കാം, വിമര്‍ശിക്കണം. പക്ഷേ, ഭരണനടപടിയുടെ ശരിതെറ്റുകള്‍ ചാനല്‍ ജഡ്ജിക്കു മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ മാത്രം കുറ്റമാണ്, വിവരക്കേടാണ്. ആ വിവരക്കേടും വെച്ച് മന്ത്രിയെ അല്പനെന്നൊക്കെ വിശേഷിപ്പിക്കുന്നയാളെ തിരികെ അല്പനെന്നു വിളിച്ചാല്‍ മതിയാകില്ല. എ.സി. മുറിയില്‍ വെറുമൊരു ക്യാമറയ്ക്കു മുന്നിലിരുന്ന് എല്ലാ ജനാധിപത്യസംവിധാനങ്ങള്‍ക്കും മുകളിലാണ് താനെന്ന മിഥ്യാധാരണയുമായി വായില്‍ തോന്നിയത് കോതയ്ക്കു പാട്ടുപോലെ വിളിച്ചുപറയുന്ന ഇത്തരക്കാരാണ് വെയിലത്തും മഴയത്തും ഇറങ്ങി നടന്നു പണിയെടുക്കുന്ന സാധാരണ മാധ്യമപ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ തല്ലും തെറിയും വാങ്ങിക്കെട്ടിക്കൊടുക്കുന്നത്.