അർജൻ്റീന–ഈജിപ്ത് പ്രീക്വാർട്ടർ മത്സരം കണ്ട പല ഫുട്ബാൾ പ്രേമികൾക്കും ആദ്യ കാഴ്ചയിൽ ഈജിപ്തിനോട് അനീതി സംഭവിച്ചുവെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്, മുസ്തഫ സീക്കോയുടെ മനോഹരമായ ഗോൾ അനുവദിക്കപ്പെടാതെ പോയപ്പോൾ. അതിന് പിന്നാലെ, സമാനമെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു സാഹചര്യത്തിൽ എൻസോ ഫെർണാണ്ടസ് നേടിയ അർജൻ്റീനയുടെ വിജയഗോൾ അനുവദിക്കപ്പെട്ടതോടെ സംശയവും രോഷവും കൂടുതൽ ശക്തമായി.
ഈ കുറിപ്പ് അത്തരമൊരു സംശയം സ്വാഭാവികമായി തോന്നിയവർക്കായാണ്. കളി സ്ഥിരമായി പിന്തുടരുന്നവർക്ക് ഇതിൽ പറയുന്ന കാര്യങ്ങളിൽ പലതും അടിസ്ഥാനപരമായിരിക്കാം. എന്നാൽ വീഡിയോ അസിസ്റ്റൻ്റ് റഫറി എന്ന വാറിൻ്റെ പ്രവർത്തനരീതി, ‘silent check’, ‘attacking possession phase’ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാതെ ഈ വിവാദം വിലയിരുത്തുമ്പോൾ തെറ്റായ നിഗമനങ്ങളിൽ എത്താൻ സാധ്യതയുണ്ട്.
ആദ്യ ചോദ്യം ഇതാണ്: അർജൻ്റൈൻ ഗോൾവലയിൽ നിന്ന് ഏറെ ദൂരെ, ഈജിപ്തിൻ്റെ ഗോൾലൈൻ ഭാഗത്ത് നടന്ന ഒരു ഫൗളിൻ്റെ പേരിൽ സീക്കോയുടെ ഗോൾ അസാധുവാക്കാമോ?
ഇൻ്റർനാഷണൽ ഫുട്ബാൾ അസോസിയേഷൻ ബോർഡ് (ഐ.എഫ്.എ.ബി.) നിയമാവലി പ്രകാരം ഉത്തരം വ്യക്തമാണ്. ലിസാന്ദ്രോ മാർട്ടിനെസിനെതിരെ മർവാൻ അത്തിയ നടത്തിയ ഇടപെടൽ വാർ അവഗണിക്കാവുന്ന നിസ്സാര സംഭവമല്ല. ആ ടാക്കിളിൽ രണ്ട് ഘടകങ്ങൾ ഉണ്ടായിരുന്നു: കാലിൽ ചവിട്ടലും ജേഴ്‌സി പിടിച്ചുവലിക്കലും. ഈ ഫൗളിൻ്റെ ഫലമായിട്ടാണ് ഹൈഷാം ഹസന് പന്ത് ലഭിക്കുന്നത്. അവിടെ നിന്നാണ് ഈജിപ്തിൻ്റെ ഗോളിലേക്കുള്ള നീക്കം തുടങ്ങുന്നത്.
അതിൽ നിർണായകമായ കാര്യം ഇതാണ്. ഹൈഷാം ഹസനിൽ നിന്ന് പാസ് സ്വീകരിച്ച് സീക്കോ പന്ത് വലയിലാക്കുംവരെ പന്തിൻ്റെ നിയന്ത്രണം എതിരാളികൾക്ക് ലഭിച്ചില്ല. നീക്കത്തിൻ്റെ ദിശയും സ്വഭാവവും മാറ്റപ്പെട്ടില്ല. പന്ത് മുന്നോട്ടുതന്നെ നീങ്ങി, ഒടുവിൽ ഗോളിൽ കലാശിച്ചു. അതിനാൽ ലിസാന്ദ്രോയിൽ നിന്ന് പന്ത് നഷ്ടപ്പെട്ട നിമിഷം മുതൽ സീക്കോയുടെ ഷോട്ട് വരെയുള്ള മുഴുവൻ നീക്കവും ‘attacking possession phase’, അഥവാ APP, ആയി കണക്കാക്കപ്പെടും.
ഒരു ഗോൾ വന്നാൽ വാർ പരിശോധന സ്വാഭാവികവും നിർബന്ധവുമാണ്. ഗോൾ, പെനാൽറ്റി, നേരിട്ടുള്ള ചുവപ്പ് കാർഡ്, തെറ്റായ തിരിച്ചറിയൽ എന്നീ സാഹചര്യങ്ങളിൽ വാര്‍ ദൃശ്യങ്ങൾ പരിശോധിക്കണം. സീക്കോയുടെ ഗോളിലും അതുതന്നെ സംഭവിച്ചു. പരിശോധനയിൽ ഫൗൾ വ്യക്തമായതിനാൽ ഫീൽഡ് റഫറി ഫ്രാൻസ്വ ലെറ്റെക്സിയറെ മോണിറ്ററിലേക്ക് വിളിച്ചു. റഫറി ദൃശ്യം പരിശോധിച്ച് ആദ്യ തീരുമാനം മാറ്റി ഗോൾ അസാധുവാക്കി.
ഇത് ഫുട്ബാളിൽ ആദ്യമായുണ്ടാകുന്ന കാര്യമല്ല. ഗോളിലേക്കുള്ള ബിൽഡപ്പിന് കുറച്ചുനേരം മുമ്പ് ഉണ്ടായ ഫൗളിൻ്റെ പേരിൽ ഗോളുകൾ റദ്ദാക്കിയ സംഭവങ്ങൾ അന്താരാഷ്ട്ര ഫുട്ബാളിൽ മുമ്പും ഉണ്ടായിട്ടുണ്ട്. 2020ലെ അർജൻ്റീന – പാരഗ്വായ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി നേടിയ ഗോൾ സമാനമായ സാഹചര്യത്തിൽ അസാധുവാക്കിയിരുന്നു. അതുകൊണ്ട്, സീക്കോയുടെ ഗോൾ റദ്ദാക്കിയത് വികാരപരമായി വേദനാജനകമായിരുന്നെങ്കിലും, നിയമപരമായി അത് മനസ്സിലാക്കാവുന്ന തീരുമാനമാണ്.
ഇനി രണ്ടാമത്തെ ചോദ്യം: മുഹമ്മദ് സലായ്ക്കെതിരെ ഫൗൾ നടന്നുവെന്ന് തോന്നിയപ്പോൾ വാർ എന്തുകൊണ്ട് ഇടപെട്ടില്ല? ആ നീക്കത്തിൻ്റെ തുടർച്ചയായല്ലേ ലൗതാരോയുടെ ക്രോസും എൻസോയുടെ ഗോളും ഉണ്ടായത്?
ഇവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം ‘വാർ ഇടപെട്ടില്ല’ എന്നതും ‘വാർ പരിശോധിച്ചില്ല’ എന്നതും ഒരേ കാര്യമല്ല എന്നതാണ്. എൻസോയുടെ ഗോൾ വന്നപ്പോഴും വാർ പരിശോധന നടന്നിരിക്കണം. കാരണം, എല്ലാ ഗോളുകളും വാർ പരിശോധിക്കും. എന്നാൽ പരിശോധനയിൽ ‘clear and obvious error’ അല്ലെങ്കിൽ ‘serious missed incident’ കാണുന്നില്ലെങ്കിൽ റഫറിയെ മോണിറ്ററിലേക്ക് വിളിക്കേണ്ടതില്ല. ഇതാണ് സാങ്കേതികമായി ‘silent check’ എന്ന് പറയുന്നത്.
സലായുമായി ബന്ധപ്പെട്ട സംഭവത്തിൽ, കാലിൽ സമ്പർക്കമുണ്ടാകുന്നതിനു മുമ്പുതന്നെ പന്തിൻ്റെ നിയന്ത്രണം സലായ്ക്ക് നഷ്ടപ്പെടുകയും അത് യൂലിയൻ അൽവാരസിന് ലഭിക്കുകയും ചെയ്തിരുന്നു. അതിനാൽ അത് ലിസാന്ദ്രോ സംഭവത്തിന് സമാനമല്ല. ലിസാന്ദ്രോയുടെ കാര്യത്തിൽ ഫൗളിൻ്റെ ഫലമായി പന്ത് നഷ്ടപ്പെട്ടു, അതേ നീക്കം ഗോളിലേക്കു പോയി. സലായുടെ കാര്യത്തിൽ പന്തിൻ്റെ നിയന്ത്രണം ഇതിനകം മാറിയിരുന്നു. അതുകൊണ്ട് വാർ അത് ഗുരുതരമായ ഫൗളായി കണക്കാക്കാതിരുന്നത്, ആ സാഹചര്യത്തിൽ ശരിയായ വിലയിരുത്തലായി കാണാം.
വാറിലെ ‘silent check’ എന്ന ആശയം മനസ്സിലാക്കാത്തതുകൊണ്ടാണ് പലരും “ഈജിപ്തിൻ്റെ സംഭവത്തിൽ VAR പരിശോധിച്ചില്ല” എന്ന് പറയുന്നത്. യാഥാർത്ഥത്തിൽ പരിശോധന നടന്നിട്ടുണ്ടാകാം; പക്ഷേ, റഫറിയെ സ്ക്രീനിലേക്ക് വിളിക്കേണ്ട സാഹചര്യം വാർ കണ്ടില്ല. ഗോളുകൾക്ക് വാര്‍ പരിശോധന നടത്തുന്നത് കളിയുടെ സ്വാഭാവികതയെ ബാധിക്കുന്നു എന്ന വാദം വേറെയാണ്. മനോഹരമായ ഒരു ഗോൾ സാങ്കേതിക കാരണത്താൽ ഇല്ലാതാകുന്നത് ഫുട്ബാളിൻ്റെ വികാരത്തെ മുറിപ്പെടുത്തുന്നു എന്ന അഭിപ്രായവും മനസ്സിലാക്കാവുന്നതാണ്. പക്ഷേ, ആ വാദം പോലും ആ ഫൗൾ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നില്ല.
അതേസമയം, മത്സരത്തിലെ റഫറിയിങ് മുഴുവനായും കുറ്റമറ്റതായിരുന്നു എന്ന് പറയാനാവില്ല. റഫറിയുടെ ചില തീരുമാനങ്ങൾ തീർച്ചയായും ചോദ്യം ചെയ്യാവുന്നതാണ്. ഒരു ഘട്ടത്തിൽ ലിയാൻഡ്രോ പരേദസിൽ നിന്ന് സലാ പന്ത് റാഞ്ചിയെടുത്തപ്പോൾ റഫറി ഫൗൾ വിളിച്ചു. അതിലൂടെ ഈജിപ്തിന് ലഭിക്കാമായിരുന്ന ഒരു മികച്ച മുന്നേറ്റസാധ്യത മൈതാനമധ്യത്തിൽ തന്നെ അവസാനിച്ചു. അവിടെ advantage അനുവദിക്കാമായിരുന്നു. അതിനെ റഫറിയിങ് പിഴവായി ചൂണ്ടിക്കാണിക്കാം.
അതുപോലെ, മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ ആവേശത്തിൽ കളത്തിലിറങ്ങിയ ഈജിപ്തിൻ്റെ അസിസ്റ്റൻ്റ് കോച്ചിന് മഞ്ഞക്കാർഡ് നൽകിയത് പിന്നീട് വലിയ പ്രത്യാഘാതമുണ്ടാക്കി. അവസാനം സെക്കൻഡ് ബുക്കിങ്ങോടെ കാർഡ് ചുവപ്പായി അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നു. ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഈജിപ്തിൻ്റെ നിരാശ വർദ്ധിപ്പിച്ചിരിക്കാം. എന്നാൽ അത്തരം പിഴവുകളെല്ലാം ചേർത്ത് ഒരു വലിയ അന്താരാഷ്ട്ര ഗൂഢാലോചനയായി വായിക്കുന്നത് അതിവായനയാണ്.
വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിലും ഇതേ ജാഗ്രത ആവശ്യമാണ്. ഈജിപ്ഷ്യൻ കോച്ച് ഹൊസ്സാം ഹസൻ കളിക്കിടെ arm cross മുദ്ര കാട്ടിയിട്ടും റഫറി പ്രോട്ടോക്കോൾ പാലിച്ച് കളി നിർത്തിയില്ലെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ ടെലിവിഷൻ ദൃശ്യങ്ങളുടെയും സമൂഹമാധ്യമ പോസ്റ്റുകളുടെയും അടിസ്ഥാനത്തിൽ മാത്രം അത്തരമൊരു ഗുരുതര ആരോപണത്തിൻ്റെ സത്യാവസ്ഥ വിലയിരുത്താനാവില്ല. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലോ ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ നൽകിയ പരാതിയിലോ ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്നാണ് മനസ്സിലാക്കുന്നത്. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ വന്നാലേ അതിനെ ഗൗരവമായി വിലയിരുത്താനാകൂ.
ഈജിപ്തിന് പരാതിപ്പെടാനുള്ള അവകാശമുണ്ട്. അവർ 80 മിനിറ്റോളം മികച്ച പ്രതിരോധവും ആത്മവിശ്വാസവും കാട്ടി കളിച്ചു. ലോകചാമ്പ്യന്മാരെ പുറത്താക്കാനുള്ള സാധ്യത അവർ സൃഷ്ടിച്ചു. അത്തരമൊരു മത്സരം അവസാന നിമിഷങ്ങളിൽ കൈവിട്ടുപോകുമ്പോൾ നിരാശയും കോപവും സ്വാഭാവികമാണ്. ആ വികാരത്തെ പരിഹസിക്കേണ്ടതില്ല. പക്ഷേ, വികാരത്തെ നിയമവിലയിരുത്തലിന് പകരം വയ്ക്കാനും പാടില്ല.
രണ്ടാമത്തെ വെള്ളംകുടി ഇടവേളയ്ക്ക് ശേഷം അർജൻ്റീനയുടെ കളിയാണ് യഥാർത്ഥത്തിൽ മത്സരം മാറ്റിമറിച്ചത്. അവസാന 20 മിനിറ്റിൽ അവർ തുടർച്ചയായി ആക്രമിച്ചു. മെസ്സിയും കൂട്ടരും കളിയുടെ താളം പൂർണ്ണമായി പിടിച്ചെടുത്തു. ഈജിപ്തിൻ്റെ രണ്ടാം ഗോൾ അസാധുവായതുകൊണ്ട് മാത്രമല്ല കളി മാറിയത്; അതിന് ശേഷം അർജൻ്റീന നടത്തിയ അസാധാരണമായ തിരിച്ചടിയാണ് നിർണായകമായത്. ലൗതാരോ–എൻസോ കൂട്ടുകെട്ടിൽ പിറന്ന മൂന്നാം ഗോൾ വീണ്ടും കാണുമ്പോൾ, അവസാന ഘട്ടത്തിൽ അർജൻ്റീനയെ ഈജിപ്ത് അല്പം കുറച്ച് വിലയിരുത്തിയോ എന്ന സംശയം പോലും തോന്നാം.
അതുകൊണ്ട് ഈ വിവാദത്തെ ചുരുക്കി പറയുകയാണെങ്കിൽ: മുസ്തഫ സീക്കോയുടെ ഗോൾ അസാധുവാക്കിയതും എൻസോ ഫെർണാണ്ടസിൻ്റെ ഗോൾ അനുവദിച്ചതും നിയമപ്രകാരം ന്യായീകരിക്കാവുന്ന തീരുമാനങ്ങളാണ്. മത്സരത്തിലെ റഫറിയിങ് പൂർണ്ണമായിരുന്നില്ല; ചില പിഴവുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് യുക്തിസഹമല്ല. എല്ലാ ഗോളുകളും വാർ പരിശോധിക്കുന്നു; ഫൗൾ കാണാത്ത സാഹചര്യങ്ങളിൽ അവ silent check ആയി കടന്നുപോകുന്നു. വംശീയതയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നോ ടെലിവിഷൻ ദൃശ്യങ്ങളിൽ നിന്നോ മാത്രം തീർപ്പാക്കാൻ കഴിയില്ല; ഔദ്യോഗികമായി ഉന്നയിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുമ്പോഴേ അതിൻ്റെ യഥാർത്ഥ ഗൗരവം മനസ്സിലാക്കാനാകൂ.
ഫുട്ബാളിൽ ചില തീരുമാനങ്ങൾ നിയമപ്രകാരം ശരിയായിരിക്കാം, പക്ഷേ ഹൃദയത്തിന് അതു സമ്മതിക്കാൻ സമയം വേണ്ടിവരും. ഈജിപ്തിൻ്റെ വേദന അതുകൊണ്ട് യാഥാർത്ഥ്യമാണ്. എന്നാൽ ആ വേദനയെ അനീതിയെന്നു വിളിക്കുന്നതിനു മുമ്പ് വാറിൻ്റെ നിയമവും പ്രയോഗവും കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.









