Reading Time: 3 minutes

ആവശ്യമുള്ള ഘട്ടത്തില്‍ ഒപ്പം നില്‍ക്കുക എന്നതാണ് ഒരു സുഹൃത്തിന്റെ കര്‍ത്തവ്യം എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. ഈ വരികള്‍ എഴുതിയിടാന്‍ എന്നെ പ്രേരിപ്പിച്ചതും അതു തന്നെയാണ്. ഇനി കാര്യത്തിലേക്ക്.

കേരളത്തില്‍ സംരംഭകത്വം വളരാത്തതിന് ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ ഞാനത് അംഗീകരിക്കില്ല. കാരണം മറ്റൊരുവനെ വളരാന്‍ അനുവദിക്കില്ലെന്ന ‘ചില’ മലയാളികളുടെ ചിന്താഗതിയാണ് എല്ലാത്തിലും തടസ്സം. ഒരാള്‍ വളര്‍ന്നു വന്നാല്‍ അയാളെ ആരോഗ്യകരമായ മത്സരത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുക എന്നത് ഈ ‘ചില’രുടെ അജന്‍ഡയിലില്ല. അവര്‍ കുപ്രചാരണത്തിലൂടെ വലിച്ചു താഴെയിടാന്‍ ശ്രമിക്കും. എന്റെ സുഹൃത്തിനു നേരെ അത്തരമൊരു കുത്സിതശ്രമം ഉണ്ടായതാണ് ഈ കുറിപ്പിന് പ്രേരകം.

നോമിയും രഞ്ജനും മക്കള്‍ റയാനും റിക്കിക്കുമൊപ്പം

നോമി എന്ന നോമിയ രഞ്ജന്‍ എന്റെ സുഹൃത്താണ്. അവള്‍ ഒരു പുതിയ സംരംഭം തുടങ്ങി എന്നറിഞ്ഞപ്പോള്‍ അതിനാല്‍ത്തന്നെ അതിയായ ആഹ്ളാദം തോന്നി. വലിയ പ്രചാരണ കോലാഹലമൊന്നുമില്ല. പറയാനുള്ളതെല്ലാം സോഷ്യല്‍ മീഡിയ മുഖേന നോമി പറഞ്ഞു. ധ്രുവിയെക്കുറിച്ച് അവള്‍ പറഞ്ഞത് എനിക്ക് വിശ്വാസമായിരുന്നു. അതിനാല്‍ത്തന്നെയാണ് രണ്ടു കുപ്പിക്ക് ഓര്‍ഡര്‍ നല്‍കിയത്. പുതിയ എണ്ണ പരീക്ഷിക്കുക എന്നതിനൊപ്പം സുഹൃത്തിന്റെ പുതിയ സംരംഭത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.

മുടി വളരാന്‍ പ്രത്യേകിച്ച് എണ്ണയൊന്നും ആവശ്യമുള്ളയാളല്ല ഞാന്‍. തലയില്‍ നല്ല വളക്കൂറുള്ള ‘കളിമണ്ണ്’ ആവശ്യത്തിലേറെ ഉള്ളതിനാലാണോ എന്നറിയില്ല, മുടി നന്നായി വളരും. “ഈ ചെക്കന്‍ തിന്നുന്നതൊന്നും ശരീരത്തില്‍ പിടിക്കില്ല, എല്ലാം തലമുടിയിലേക്കാണ് പോകുന്നത് എന്നു തോന്നുന്നു” -കുട്ടിക്കാലത്തും ചെറുപ്പകാലത്തുമെല്ലാം അമ്മയുടെ സ്ഥിരം കമന്റായിരുന്നു. അതിനാല്‍ ഇടയ്ക്കൊക്കെ മുടി നീളത്തില്‍ വളര്‍ത്തിയും ഇടയ്ക്ക് മൊട്ടയടിച്ചുമൊക്കെ അര്‍മാദിച്ചു പോന്നു.

ആ അര്‍മാദത്തിന്റെ ഭാഗമായാണ് കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി തലമുടി നീളത്തിലിട്ടിരിക്കുന്നത്. ഇടയ്ക്ക് കഴുത്തറ്റം വെച്ച് മുറിച്ചുവിടുമെന്നു മാത്രം. വളരാന്‍ എണ്ണ വേണ്ട എങ്കിലും മുടി കൊഴിയാതിരിക്കാന്‍ ശ്രദ്ധിക്കാതെ പറ്റില്ലല്ലോ. ഇല്ലെങ്കില്‍ കഷണ്ടി അനുഗ്രഹിക്കും. അതിനായി കരിഞ്ചീരകം ഇട്ടു കാച്ചിയ വെളിച്ചെണ്ണയാണ് തലയോട്ടിയില്‍ പുരട്ടിയിരുന്നത്. എങ്കിലും കുളിച്ചുതോര്‍ത്തിക്കഴിയുമ്പോള്‍ കുറച്ചു മുടിയൊക്കെ പൊഴിയും. മുടി ചീകിക്കഴിയുമ്പോള്‍ ചീര്‍പ്പിലും കാണും 3-4 എണ്ണം.

കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോഴാണ് ധ്രുവിയുമായി കൂട്ടാവുന്നത്. ഒരാഴ്ച കൊണ്ടു തന്നെ ഫലം കണ്ടു തുടങ്ങി. മുടികൊഴിച്ചില്‍ കാര്യമായി കുറഞ്ഞു. ആഹ്ളാദം ഭാര്യയ്ക്കു മുന്നില്‍ പ്രകടിപ്പിച്ചപ്പോള്‍ അവളും ധ്രുവിയെ കൂട്ടാക്കി. ഞങ്ങളില്‍ നിന്ന് വിവരമറിഞ്ഞ അനിയത്തിയും വാങ്ങി. ഇപ്പോള്‍ അവളും രണ്ടു പെണ്‍മക്കളും ധ്രുവിക്കൊപ്പം. പിന്നെയും കുടുംബത്തില്‍ പലരും ഈ വഴി പിന്തുടര്‍ന്നു.

എന്റെ കേശഭാരം!!

ധ്രുവി വന്നതോടെ എന്റെ മുടികൊഴിച്ചില്‍ ഫലത്തില്‍ ഇല്ലാത്ത പോലായതു മാത്രമല്ല സംഭവിച്ചത്. നെറ്റിയില്‍ തലമുടി തുടങ്ങുന്ന ഭാഗത്ത് ചില നീളം കുറഞ്ഞ മുടികള്‍. വെട്ടിയതിനാലല്ല എന്നതുറപ്പാണല്ലോ. അപ്പോള്‍പ്പിന്നെ പുതിയ മുടി വളര്‍ന്നതാവാനേ തരമുള്ളൂ. പ്രായമായതിന്റെ തെളിവായി നര കയറിയിട്ടുണ്ട്. അതവിടെത്തന്നെയുണ്ട്. അതെനിക്കൊരു പ്രശ്നമേയല്ല. അതിനാല്‍ കാര്യമാക്കുന്നുമില്ല. തലയിലുണ്ടായ പ്രോത്സാഹജനകമായ മാറ്റം ഞാന്‍ നോമിയോട് വിളിച്ചു പറഞ്ഞു. “ഒരു റിവ്യൂ എഴുതിക്കൂടെ” എന്നവള്‍ ചോദിച്ചു. “അയ്യേ ഞാനോ” എന്നു പറഞ്ഞു ഞാന്‍ പുരുഷകേസരി ചമഞ്ഞു.

റിവ്യൂ ചോദിച്ചതിന് ഒരു കാരണമുണ്ട്. തന്റെ ഉത്പന്നത്തിന്റെ പ്രചാരണത്തിനായി നോമി ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ അതില്‍ വരാറുണ്ട്. പോസിറ്റീവായാലും നെഗറ്റീവായാലും വരും, നിയന്ത്രണമില്ല. അതില്‍ പ്രസിദ്ധീകരിക്കാനാണ്. എന്റെ ദുരഭിമാനം അതില്‍ നിന്നു പിന്തിരിപ്പിച്ചു. ഇന്ന് ഗ്രൂപ്പില്‍ നോമിയുടെ പോസ്റ്റ് കണ്ടപ്പോള്‍ എന്റെ ദുരഭിമാനം ഓടിയൊളിച്ചു. ഒരു വിരുതന്‍ ഗ്രൂപ്പില്‍ കയറി എല്ലാ പോസ്റ്റുകള്‍ക്കും താഴെ നെഗറ്റീവ് കമന്റിട്ടു പോയിരിക്കുന്നു, എന്തോ വാശി പോലെ. അതു കണ്ട് എനിക്കും വാശിയായി. വാശിക്കു മുന്നില്‍ ദുരഭിമാനം അലിഞ്ഞില്ലാതായി.

അങ്ങനെ എനിക്കുണ്ടായിരുന്ന ആ “അയ്യേ” ചിന്ത ഇപ്പോള്‍ ഞാന്‍ മാറ്റുകയാണ്. നോമിയും ധ്രുവിയും വിജയിക്കണം എന്നു ഞാനാഗ്രഹിക്കുന്നു. അതിലുപരി നോമിയും ധ്രുവിയും ഇവിടെ നിലനില്‍ക്കണം എന്നു ഞാനാഗ്രഹിക്കുന്നു. തലയില്‍ എണ്ണ പുരട്ടുമ്പോള്‍ ഫലം ലഭിക്കുന്നത് ഓരോരുത്തരുടെയും ശരീരപ്രകൃതം അനുസരിച്ചാണ്. എനിക്കും പരിചയമുള്ളവര്‍ക്കും ഫലം പോസിറ്റീവാണ്. അതിനാല്‍ നോമിക്കൊപ്പമുണ്ട്, പാറ പോലുറച്ച്!!

Previous articleപുഴ സംരക്ഷിക്കാന്‍ കോടികള്‍
Next articleബി.ജെ.പിയെ വളര്‍ത്തുന്നതാര്??
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here