HomeJOURNALISMഅധഃകൃതര്‍

അധഃകൃതര്‍

-

Reading Time: 3 minutes

ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തക സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ വേണം. അദ്ദേഹം എന്നെപ്പോലല്ല. സജീവമായി രംഗത്തുള്ളയാള്‍ തന്നെ. എന്റെ മൊബൈലിലുള്ള അദ്ദേഹത്തിന്റെ നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. ഇടയ്ക്ക് അദ്ദേഹം സ്ഥാപനം മാറിയിരുന്നു. അപ്പോള്‍ നമ്പറും മാറിയിട്ടുണ്ടാവണം.

സജീവമായി രംഗത്തുള്ള മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറുകള്‍ കിട്ടാന്‍ ഒരെളുപ്പ മാര്‍ഗ്ഗമുണ്ട്. സര്‍ക്കാരിന്റെ പൊതു സമ്പര്‍ക്ക വകുപ്പ് എന്ന പി.ആര്‍.ഡി. പുറത്തിറക്കിയിട്ടുള്ള മീഡിയാ ഹാന്‍ഡ്ബുക്ക് അഥവാ മാധ്യമകൈപ്പുസ്തകം. ഏറ്റവും പുതിയത് സംഘടിപ്പിച്ച് എഴുത്തുമേശമേല്‍ വെച്ചിട്ടുണ്ട്. എപ്പോഴാണ് ആവശ്യം വരിക എന്നു പറയാനാവില്ലല്ലോ.

20160424_155050

എടുത്തു പേജുകള്‍ മറിക്കുന്നതിനു മുമ്പൊന്നു നോക്കി. വാങ്ങിക്കൊണ്ടു വെച്ചതല്ലാതെ പിന്നീടത് കൈകൊണ്ടു തൊടേണ്ടി വന്നിട്ടില്ല. ഡിസൈന്‍ കൊള്ളാം. കവര്‍ ഒരു ടച്ച് സ്‌ക്രീന്‍ മൊബൈല്‍ ഫോണ്‍ പോലെ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭാരം കാര്യമായി കുറഞ്ഞിരിക്കുന്നു. ഹാര്‍ഡ് ബൈന്‍ഡ് ഒഴിവാക്കിയതാവാം കാരണം.

പുസ്തകം പതിയെ തുറന്നു. പുറംചട്ട ഉളവാക്കിയ മതിപ്പ് അകത്തേക്കു കടന്നപ്പോള്‍ അപ്രത്യക്ഷമായി. അച്ചടിയുടെ ഗുണനിലവാരം വളരെ മോശം. വായനാസുഖം പകരാത്ത വിന്യാസം. കടലാസിന്റെ ഗുണനിലവാരത്തിലും ഇടിവ്. ഞാന്‍ ഞെട്ടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, ഉള്ളടക്കം നോക്കുമ്പോള്‍.

എന്റെ സുഹൃത്തിന്റെ പേരോ നമ്പരോ സര്‍ക്കാരിന്റെ പുതിയ മാധ്യമ കൈപ്പുസ്തകത്തിലില്ല. എനിക്കു തെറ്റുപറ്റിയതാകും എന്നു കരുതി മൂന്നു തവണ നോക്കി. ഇല്ല തന്നെ. അങ്ങനെ വരാന്‍ വഴിയില്ലല്ലോ. അദ്ദേഹം തിരുവനന്തപുരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളാണ്. യു.ഡി.എഫ്. ബീറ്റ് നോക്കുന്ന വ്യക്തി എന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം സര്‍ക്കാരിന്റെ എല്ലാ തലത്തിലുള്ളവരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍. പക്ഷേ, വേണ്ടിടത്ത് പേരില്ല.

വിട്ടുപോയതാവും എന്നാണ് ആദ്യം കരുതിയത്. പക്ഷേ, അല്ല എന്നു താമസിയാതെ മനസ്സിലായി. മറ്റു പല പ്രമുഖരുടെയും പേരും നമ്പരും കാണാനില്ല. ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ദ ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. അതേസമയം തിരുവനന്തപുരത്തു നിന്ന് എത്രയോ കാലം മുമ്പ് സ്ഥലംമാറിപ്പോയ ചില ‘പ്രമുഖരുടെ’ പേരുകള്‍ തിരുവനന്തപുരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഇതെന്തു മറിമായം?

പൊതു സമ്പര്‍ക്ക വകുപ്പിലെ ഒരു സുഹൃത്തിനോട് വിവരം അന്വേഷിച്ചു. ‘ടേയ്, അതു വേറൊന്നുമില്ല. അക്രഡിറ്റേഷന്‍ ഉള്ള പത്രക്കാരുടെ പേരു മാത്രമേ ഇത്തവണ മീഡിയാ ബുക്കില്‍ ഉള്‍പ്പെടുത്തിയുള്ളൂ എന്നാ അറിഞ്ഞത്. നീ പറഞ്ഞ പുള്ളിക്ക് അക്രഡിറ്റേഷന്‍ ഇല്ല. അതാ പട്ടികയില്‍ നിന്നു പുറത്തായത്’ -മറുപടി കേട്ട് ഞാന്‍ അമ്പരന്നു. പത്രക്കാരിലും അധഃകൃതരോ. പക്ഷേ, തുടര്‍പരിശോധനയില്‍ വിശദീകരണം ശരിയല്ലെന്നു ബോദ്ധ്യമായി. പേരുള്ളവരില്‍ ഭൂരിഭാഗവും അക്രഡിറ്റഡ് തന്നെ. എന്നാല്‍, അക്രഡിറ്റേഷന്‍ ഇല്ലാത്ത ചില ‘ബല്യ’ പുള്ളികളുടെ പേര് പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അക്രഡിറ്റഡ് ജേര്‍ണലിസ്റ്റ് എന്നു പറഞ്ഞാല്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സവര്‍ണ്ണരാണ്. ബസ് പാസ്, റെയില്‍വേ പാസ് തുടങ്ങിയ സര്‍ക്കാരിന്റെ സര്‍വ്വവിധ സൗജന്യങ്ങളും കൈപ്പറ്റാന്‍ അര്‍ഹതയുള്ളവര്‍. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് അക്രഡിറ്റേഷന്‍ എന്ന പേരില്‍ സൗജന്യങ്ങള്‍ അനുവദിക്കുന്നതെങ്കിലും അത് പാസ് സംവിധാനം മാത്രമാക്കി മാറ്റിയിരിക്കുന്ന എത്രയോ പേരെ നേരിട്ടറിയാം. മുഴുവന്‍സമയ പത്രപ്രവര്‍ത്തകരായി ജോലി ചെയ്യുന്ന അക്രഡിറ്റേഷന് തികഞ്ഞ യോഗ്യതയുള്ള എത്രയോ പേര്‍ ഈ പടിക്കു പുറത്തു നില്‍ക്കുന്നതും അറിയാം.

വളരെക്കാലം മുമ്പ് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന വേളയില്‍ അക്രഡിറ്റേഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നയാളാണ് ഞാന്‍. എന്നാല്‍, ഇന്ത്യാവിഷനില്‍ വന്ന ശേഷം അക്രഡിറ്റേഷന്‍ പരിധിക്കു പുറത്തായി. കാരണം എനിക്ക് ഇന്ത്യാവിഷനില്‍ പ്രൊവിഡന്റ് ഫണ്ട് ഉണ്ടായിരുന്നില്ല. ഒരു മാധ്യമസ്ഥാപനത്തില്‍ സ്ഥിരം ജീവനക്കാരനാണ് എന്നു തെളിയിക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന മാനദണ്ഡമാണ് പ്രൊവിഡന്റ് ഫണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പ്രൊവിഡന്റ് ഫണ്ട് നിയമം പരിഷ്‌കരിച്ചതും ഒരു നിശ്ചിത പരിധിയിലധികം ശമ്പളം പറ്റുന്നവര്‍ക്ക് പി.എഫ്. നിര്‍ബന്ധമല്ലാതാക്കിയതും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഫലമോ, പല സ്ഥാപനങ്ങളിലെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അക്രഡിറ്റേഷന്‍ പരിധിക്കു പുറത്ത്.

മറ്റെല്ലാ മേഖലകളിലുമെന്നപോലെ മാധ്യമ രംഗത്തും കരാര്‍ നിയമനം വ്യാപകമായിക്കഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളിലെ നിയമനം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ കരാറടിസ്ഥാനത്തിലാണ്. ഉയര്‍ന്ന ശമ്പളം നല്‍കുമെങ്കിലും കരാര്‍ ജീവനക്കാര്‍ക്ക് പി.എഫ്. നല്‍കാന്‍ കമ്പനിക്കു ബാദ്ധ്യതയില്ല. പി.എഫ്. ഇല്ലാത്ത ടൈംസുകാര്‍ അക്രഡിറ്റേഷന് അര്‍ഹരല്ല. അതോടെ ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രമേയില്ലെന്ന് പൊതു സമ്പര്‍ക്ക വകുപ്പുകാര്‍ ഉറപ്പിച്ചു. അതേസമയം സര്‍ക്കാര്‍ പരസ്യം കിട്ടുന്ന വേളയില്‍ മാത്രം ആണ്ടിനും സംക്രാന്തിക്കും അച്ചടിക്കുന്ന പല കുട്ടിപ്പത്രങ്ങളുടെയും ‘കറസ്‌പോണ്ടന്റുമാര്‍’ അക്രഡിറ്റഡ് ജേര്‍ണലിസ്റ്റുകളായി വിലസുന്നു. ഈ അക്രഡിറ്റഡുകാരുടെ മാധ്യമസ്ഥാപനത്തിന്റെ പേര് ആദ്യമായി ഞാനറിയുന്നതു തന്നെ മീഡിയാ ബുക്കില്‍ നിന്നാണ്.

മാധ്യമ കൈപ്പുസ്തകം പുറത്തിറക്കുന്നത് എന്തിനാണ്. കേരളത്തിലെ എല്ലാ പത്രക്കാരെയും ബന്ധപ്പെടാനുള്ള സംവിധാനം ലഭ്യമാക്കുക എന്നതാണ് 2015 വരെയുണ്ടായിരുന്ന ലക്ഷ്യം. ഇപ്പോള്‍ ലക്ഷ്യം മാറിയോ എന്നറിയില്ല. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മാതൃകയില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരുന്നു ഇക്കുറി മാധ്യമപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച ശേഷം അതിന്റെ ഫോം പ്രിന്റെടുത്ത് ഓഫീസ് സീലുമായി പി.ആര്‍.ഡിക്കു നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, പുസ്തകം അച്ചടിച്ചു വന്നപ്പോള്‍ ചിലര്‍ അകത്ത്, ചിലര്‍ പുറത്ത്. സജീവമായി രംഗത്തു നില്‍ക്കുന്ന ഭൂരിപക്ഷവും കൈപ്പുസ്തകത്തിനു പുറത്താണെന്നത് എടുത്തുപറയണം. എന്തു മാനദണ്ഡമനുസരിച്ചാണ് അകത്തുള്ളവരെയും പുറത്തുള്ളവരെയും നിശ്ചയിച്ചതെന്നറിയില്ല.

തിരുവനന്തപുരത്ത് നിന്നു പോയ ചില ‘പ്രമുഖര്‍’ ഇപ്പോഴും തിരുവനന്തപുരത്തെ പട്ടികയില്‍ തുടരുന്നതിന്റെ രഹസ്യം കൂടി പറയാം. ഒരു സ്ഥലത്തു നിന്നു മാറിപ്പോവുമ്പോള്‍ അവിടത്തെ അക്രഡിറ്റേഷന്‍ സറണ്ടര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ വിദ്വാന്മാര്‍ ഇപ്പോഴും അതു കൈവശം വെച്ച് ആനുകൂല്യം അനുഭവിക്കുകയാണ്. അക്രഡിറ്റേഷന്‍ ഇപ്പോഴും തിരുവനന്തപുരം ക്വാട്ടയിലായതിനാല്‍ സര്‍ക്കാര്‍ കണക്കില്‍ അവര്‍ ഇവിടെയാണ്. കൊച്ചിയിലും ഇടുക്കിയിലുമൊക്കെ ജോലി ചെയ്യുന്നവര്‍ തിരുവനന്തപുരം പട്ടികയില്‍ ഉള്‍പ്പെട്ടതും അങ്ങനെ തന്നെ.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks