കെ.എസ്.ആര്‍.ടി.സിയുടെ രാജകീയ ശകടമായ സ്‌കാനിയ തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നു. ഇതുവരെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായിരുന്നു സ്‌കാനിയ ഇനി അനന്തപുരിയുടെ തിലകക്കുറിയാവുകയാണ്. ഏപ്രില്‍ 24 ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്തു നിന്നുള്ള ആദ്യ സ്‌കാനിയ സര്‍വ്വീസ് പുറപ്പെടും.
കോടികള്‍ നല്‍കി വാങ്ങി വെയിലും മഴയുമേറ്റ് തുരുമ്പിക്കാന്‍ ഒതുക്കിയിട്ടിരുന്ന സ്‌കാനിയ റോഡിലെത്തിച്ചത് സമൂഹമാധ്യമങ്ങളിലൂടെ നടന്ന വലിയൊരു പോരാട്ടമാണ്. വിഷുവിനിറങ്ങും എന്നു ഗതാഗത സെക്രട്ടറി വാക്കു പറഞ്ഞിരുന്നുവെങ്കിലും കെ.എസ്.ആര്‍.ടി.സി. കാര്യം മുറപോലെ ആയതിനാല്‍ മൂന്നു ദിവസം വൈകി. അതു തന്നെ ആലപ്പുഴ നിന്ന് ബംഗളൂരുവിലേക്കാണ് സര്‍വ്വീസ് തുടങ്ങിയത്. തലസ്ഥാനത്തോടുള്ള അവഗണനയ്‌ക്കെതിരെ അന്നു തന്നെ ചില്ലറ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പെര്‍മിറ്റ് പ്രശ്‌നമാണ് തടസ്സമെന്നു മനസ്സിലായതിനാല്‍ വലിയ പ്രതിഷേധമുണ്ടായില്ല. ആ പരാതിക്ക് ഇപ്പോള്‍ പരിഹാരമാവുന്നു.
മംഗലാപുരം, കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് തിരുവനന്തപുരത്തു നിന്നുള്ള സ്‌കാനിയ ബസ്സുകള്‍ സര്‍വ്വീസ് നടത്തുക. നിലവില്‍ ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് പകരമാണ് സ്‌കാനിയ വരുന്നത്. ഇതിനായി അഞ്ചു സ്‌കാനിയ ബസ്സുകള്‍ കൂടി റോഡിലിറക്കും. ഇതോടെ നേരത്തേ ആലപ്പുഴയിലിറങ്ങിയ രണ്ടെണ്ണം കൂടിച്ചേര്‍ത്ത് മൊത്തെ റോഡിലിറങ്ങിയ സ്‌കാനിയയുടെ എണ്ണം ഏഴായി. ഇറങ്ങിയതിനെക്കാളേറെ ഇപ്പോഴും ഷെഡ്ഡിലുണ്ടെന്നു സാരം.
മംഗലാപുരം സ്‌കാനിയ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം നാലിനാണ് പുറപ്പെടുന്നത്. അടുത്ത ദിവസം രാവിലെ 4.50ന് മംഗലാപുരത്തെത്തും. അന്ന് വൈകുന്നേരം 5.30ന് മംഗലാപുരത്തു നിന്നു പുറപ്പെടുന്ന സ്‌കാനിയ മൂന്നാം നാള്‍ രാവിലെ 6.30ന് തിരിച്ചെത്തും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴിയുള്ള തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നിരക്ക് 861 രൂപ. എല്ലാ ദിവസവും സര്‍വ്വീസ് നടത്തുന്നതിന് രണ്ടു ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോയമ്പത്തൂരേക്ക് വൈകുന്നേരം ആറിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സ്‌കാനിയ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് വഴി രാത്രി 11.55ന് സ്ഥലത്തെത്തും. കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്ര രാവിലെ അഞ്ചിനാണ്. ഉച്ചയ്ക്ക് 12.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം -കോയമ്പത്തൂര്‍ യാത്രാനിരക്ക് 571 രൂപ.
മൈസൂര്‍ സ്‌കാനിയ രാത്രി എട്ടിന് തിരുവനന്തപുരത്തു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് ലക്ഷ്യത്തിലെത്തും. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി വഴിയാണ് യാത്ര. അന്നു വൈകീട്ട് 6.45ന് മൈസൂരില്‍ നിന്നു മടക്കയാത്ര തിരിക്കുന്ന സ്‌കാനിയ സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം വഴി മൂന്നാം നാള്‍ രാവിലെ 7.45ന് തമ്പാനൂരിലെത്തും. 881 രൂപയാണ് തിരുവനന്തപുരം-മൈസൂര്‍ യാത്രാനിരക്ക്. ഈ സര്‍വ്വീസും എല്ലാ ദിവസവും ഉള്ളതിനാല്‍ രണ്ടു ബസ്സുകളുണ്ട്.
സര്‍വ്വീസിന്റെ തുടക്കത്തില്‍ തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനമൊരുക്കി യാത്രക്കാരെ പിടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ സ്വകാര്യ സ്‌കാനിയ ബസ്സുകളില്‍ ഈടാക്കുന്നതിനെക്കാള്‍ കുറഞ്ഞ നിരക്കാണ് കെ.എസ്.ആര്‍.ടി.സി. വാഗ്ദാനം ചെയ്തിരിക്കുന്നത്.