HomeGOVERNANCEഓര്‍മ്മകളുണ്ട...

ഓര്‍മ്മകളുണ്ടായിരിക്കണം

-

Reading Time: 8 minutes

കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന വേളയില്‍, 2005 ജൂലൈ രണ്ടിനാണ് ഞാന്‍ ആദ്യമായി ഒരു ലാപ്‌ടോപ്പ് സ്വന്തമാക്കുന്നത്. 2005 ജൂലൈ മൂന്നു മുതല്‍ ഇന്നുവരെ ഞാന്‍ എഴുതിയ വാര്‍ത്തകള്‍ മുഴുവന്‍ ലാപ്‌ടോപ്പിലായതിനാല്‍ എല്ലാം ഹാര്‍ഡ് ഡിസ്‌കിലുണ്ട്. ലാപ്‌ടോപ്പ് അപ്‌ഗ്രേഡ് ചെയ്യുന്ന വേളകളിലെല്ലാം ഈ ഫയലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍ത്തന്നെ പഴയ വാര്‍ത്തകള്‍ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ട് നേരിടാറില്ല.

ഇപ്പോള്‍ ഇതു പറയാന്‍ കാരണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കാലമാണ്. വികസനം വലിയൊരു വിഷയമായി യു.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുന്നു. ഇല്ലാത്ത വികസനത്തിന്റെ പേരില്‍ ഉദ്ഘാടനത്തട്ടിപ്പു നടത്തിയതാണെന്ന് എല്‍.ഡി.എഫ്. വിമര്‍ശിക്കുന്നു. ഈ തര്‍ക്കത്തിലെ പ്രധാനപ്പെട്ടൊരു ഘടകമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതിലേക്ക് എത്തിയ വഴികള്‍ മാതൃഭൂമിക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ എന്ന നിലയില്‍ ഇതിന്റെ അണിയറക്കഥകള്‍ മുഴുവന്‍ അറിയാം. അത് ചിലരെയൊക്കെ ഒന്ന് ഓര്‍മ്മപ്പെടുത്തുന്നതു നല്ലതാണെന്നു തോന്നുന്നു. ഇനി അധികാരത്തില്‍ വരുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരാണെങ്കില്‍ സ്മാര്‍ട്ട് സിറ്റിക്ക് എന്തു സംഭവിക്കും എന്നുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. എല്‍.ഡി.എഫ്. അധികാരത്തില്‍ വരരുതേ എന്നായിരിക്കും ടീകോമിന്റെ പ്രാര്‍ത്ഥന, അതാണ് രസകരം. കാരണം പിന്നാലെ പറയാം.

2006 സെപ്റ്റംബറിലാണ് ഞാന്‍ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറ്റം കിട്ടി കോഴിക്കോട്ടു നിന്ന്‌ തിരിച്ചെത്തുന്നത്. ടി.അരുണ്‍കുമാറാണ് അന്ന് ബ്യൂറോ ചീഫ്. മുഖ്യമന്ത്രി വി.എസ്. കൈകാര്യം ചെയ്തിരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അഥവാ ഐ.ടി. വകുപ്പ്, ബ്യൂറോയിലെ വകുപ്പു വിഭജനത്തില്‍ എന്റെ ചുമതലയായി. ഐ.ടിയുടെ പരിധിയില്‍പ്പെടുന്ന സ്മാര്‍ട്ട് സിറ്റിയുടെ പിന്നാലെ ഞാന്‍ ഇറങ്ങിത്തിരിച്ചത് അങ്ങനെയാണ്.

Smart_City_1

വി.എസ്സിനു മുമ്പ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയില്‍ 2005 മെയ് നാലിനു തന്നെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഇത് ഉമ്മന്‍ ചാണ്ടിയുടെ പദ്ധതിയാണെന്ന് അതിനാല്‍ത്തന്നെ പറയാം. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ പദ്ധതിയുടെ ലക്ഷ്യം എന്തായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് വ്യത്യസ്താഭിപ്രായമുണ്ട്. അതിന് എന്റേതായ കാരണങ്ങളുമുണ്ട്.

സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനായി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ഏര്‍പ്പെടേണ്ട ധാരണാപത്രത്തിന് 2005 ഓഗസ്റ്റ് 11ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതു വന്‍ നേട്ടമായി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുകയും ചെയ്തു. ക്രമേണ കരാറിലെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു, ഇന്‍ഫോപാര്‍ക്ക് കൈമാറ്റമടക്കം. വിവാദമായി. ഇതേത്തുടര്‍ന്ന് ധാരണാപത്രം ഒപ്പിടരുതെന്നാവശ്യപ്പെട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ 2005 സെപ്റ്റംബര്‍ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തുറന്ന കത്തയച്ചു. സംസ്ഥാനത്തിന് ഹാനികരമായ ഒട്ടേറെ വ്യവസ്ഥകള്‍ ധാരണാപത്രത്തിലുണ്ടെന്നായിരുന്നു വി.എസ്സിന്റെ ആരോപണം. അതൊക്കെ ശരിയായിരുന്നു താനും.

അതോടെ വിവാദം മൂര്‍ദ്ധന്യത്തിലായി. എന്നാല്‍, എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുനീങ്ങുക എന്ന കര്‍ക്കശനിലപാട് തന്നെയാണ് ഉമ്മന്‍ ചാണ്ടിയും ഐ.ടി. മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയും സ്വീകരിച്ചത്. അതിനുള്ള നടപടികള്‍ അവര്‍ മുന്നോട്ടുനീക്കി. അന്തിമ കരാര്‍ ഒപ്പിടാനിരിക്കുമ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുന്നത്. കരാര്‍ ഒപ്പിടാന്‍ ഹൈക്കോടതിയില്‍ നിന്നു അനുമതി നേടിയ ശേഷം അത് ഒപ്പിടാതെ തിരഞ്ഞെടുപ്പിനെ നേരിടാനും വി.എസ്സിന്റെയും എല്‍.ഡി.എഫിന്റെയും വികസനവിരുദ്ധ നിലപാടുകള്‍ കേരളത്തെ പിന്നോട്ടടിച്ചുവെന്ന പ്രചാരണം നടത്താനും ഉമ്മന്‍ ചാണ്ടിയും സംഘവും തീരുമാനിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പ്രയോജനം ചെയ്തില്ല. വന്‍ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ്. അധികാരത്തിലേറി. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി.

Kochi-Smart-City-To-Be-Inaugurated-In-February

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന് ഹാനികരമായ വ്യവസ്ഥകള്‍ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രഖ്യാപനം. അതിലേക്കായി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങി. യു.ഡി.എഫ്. അല്ല എല്‍.ഡി.എഫ്. എന്ന് ദുബായ്ക്കാര്‍ക്ക് ബോദ്ധ്യപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ ഹോള്‍ഡിങ് കമ്പനയായ ടീകോം നേരിട്ട് കേരള സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ഏറ്റെടുത്തു. അതുവരെ അണിയറയില്‍ മാത്രമായിരുന്നു ടീകോമിന്റെ സ്ഥാനം. ദുബായിലും തിരുവനന്തപുരത്തുമായി ചര്‍ച്ചകള്‍ മാസങ്ങള്‍ നീണ്ടു. മുഖ്യമന്ത്രി വി.എസ്സുമായി ചര്‍ച്ച നടത്താന്‍ ടീകോം പ്രതിനിധികള്‍ തിരുവനന്തപുരത്ത് വന്നു. ചര്‍ച്ച ദുബായിലായിരുന്നാലും തിരുവനന്തപുരത്തായിരുന്നാലും ജോലി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു തന്നെയായിരുന്നു. സ്മാര്‍ട്ട് സിറ്റി വാര്‍ത്തയ്ക്കായി പത്രത്തിന്റെ ഒന്നാം പേജില്‍ സ്ഥിരം സ്ഥാനം ഒഴിച്ചിടുന്ന അവസ്ഥയുണ്ടായി.

ഒടുവില്‍ 2007 ഏപ്രില്‍ 25ന് സ്മാര്‍ട്ട് സിറ്റിയുടെ പുതുക്കിയ കരാറിന് അന്തിമരൂപമായി. അന്നത്തെ മന്ത്രിസഭാ യോഗം കരാര്‍ അംഗീകരിച്ചു. ഏപ്രില്‍ 26ന് അച്ചടിച്ച മാതൃഭൂമി പത്രത്തിന്റെ മെയിന്‍ സ്റ്റോറി പുതിയ കരാറിന്റെ വിശദാംശങ്ങളായിരുന്നു. വെറും വിശദാംശങ്ങളല്ല, ഉമ്മന്‍ചാണ്ടിയുടെയും വി.എസ്.അച്യുതാനന്ദന്റെയും കരാറുകളുടെ താരതമ്യം. ഒരു വാര്‍ത്ത എങ്ങനെ പത്രത്തിന്റെ പേജില്‍ അവതരിപ്പിക്കണമെന്ന കാര്യത്തില്‍ അഗ്രഗണ്യനായ പത്രാധിപര്‍ കെ.ഗോപാലകൃഷ്ണന്‍ നേരിട്ടു നിശ്ചയിച്ച ടേബിള്‍ ലേ ഔട്ട് കൂടിയായപ്പോള്‍ യു.ഡി.എഫിലെ കച്ചവടക്കാരുടെ ഉത്തരം മുട്ടി. ആ വാര്‍ത്ത എന്റെ ശേഖരത്തില്‍ നിന്ന് തപ്പിയെടുത്ത് ഇവിടെ ഒന്നുകൂടി അവതരിപ്പിക്കുകയാണ്. ഓര്‍മ്മകളുണ്ടായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തന്നെ.

മന്ത്രിസഭാ യോഗത്തിന്റെ വാര്‍ത്ത ഇങ്ങനെ-

സ്മാര്‍ട്ട് സിറ്റിക്ക്
അംഗീകാരം

തിരുവനന്തപുരം: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ദുബായ് ടെക്‌നോളജി ആന്‍ഡ് മീഡിയ ഫ്രീ സോണ്‍ അതോറിറ്റി -ടീകോമിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സ്മാര്‍ട്ട് സിറ്റി കരാറിന്റെ വ്യവസ്ഥകള്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്.

സ്മാര്‍ട്ട് സിറ്റി കരാര്‍ തീര്‍പ്പാക്കുന്നതിനായി കേരളത്തിലെത്താന്‍ ടീകോം പ്രതിനിധികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30നു മുമ്പ് തന്നെ ടീകോം പ്രതിനിധികള്‍ ഇവിടെയെത്തി കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് വി.എസ്. പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിനായി ടീകോമിന് ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കാമെന്നാണ് മുന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ കരാറില്‍ ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തി വികസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പത്തു വര്‍ഷത്തിനകം 88 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഇതു പാലിക്കാത്തപക്ഷം സ്മാര്‍ട്ട് സിറ്റി സര്‍ക്കാരിന്റേതാകും. സ്മാര്‍ട്ട് സിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ പ്രതിനിധിക്കാണ്. ഇതിനു പുറമെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടി തുടക്കത്തില്‍ സര്‍ക്കാരിനുണ്ടാകും. ഓഹരി 26 ശതമാനമാവുമ്പോള്‍ ചെയര്‍മാനടക്കം മൂന്നു പ്രതിനിധികള്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലുണ്ടാവും. കരാറുണ്ടാകുന്നതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിന് മുഖ്യമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിക്കായുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം സൗഹാര്‍ദ്ദപരമായി പരിഹരിക്കാനാവുമെന്ന് വി.എസ്. ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രശ്‌നപരിഹാരമുണ്ടാവും. സ്മാര്‍ട്ട് സിറ്റി കരാറിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്കു കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ഇത് എന്റെ അവലോകനം-

സ്മാര്‍ട്ടായി സര്‍ക്കാര്‍;
വിട്ടൊഴിയാതെ വിവാദം

തിരുവനന്തപുരം: രണ്ടു വര്‍ഷത്തിലേറെ നീണ്ട വാദവിവാദങ്ങള്‍ക്കൊടുവില്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെത്തുകയാണ്. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വികസന പദ്ധതി എന്ന നിലയിലായിരിക്കും ഇത് കേരള ചരിത്രത്തില്‍ സ്ഥാനം നേടുക. വിവാദങ്ങളും അനിശ്ചിതത്വങ്ങളും കൂടപ്പിറപ്പായ സ്മാര്‍ട്ട് സിറ്റി, വികസന പ്രശ്‌നമെന്നതിലുപരി രാഷ്ട്രീയ വിഷയമായി ഇവിടെ നിറഞ്ഞു നില്‍ക്കുന്നു. കുറച്ചുകാലം കൂടി അതങ്ങനെ തന്നെ തുടരുകയും ചെയ്യും.

വി.എസ്.അച്യുതാനന്ദന്റെ സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും വലിയ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് സ്മാര്‍ട്ട് സിറ്റിയെ ആയിരിക്കും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജന്മം കൊണ്ട പദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോഴേക്കും ഒട്ടേറെ രൂപപരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് ദുബായ് ടെക്‌നോളജി ആന്‍ഡ് മീഡിയ ഫ്രീ സോണ്‍ അതോറിറ്റിയുമായി ഒപ്പിടാന്‍ മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പൊളിച്ചെഴുതിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ഐ.ടി. മേഖലയുടെ മുഖഛായ മാറ്റുന്ന പദ്ധതിയായിട്ടാണ് ഉമ്മന്‍ ചാണ്ടി സ്മാര്‍ട്ട് സിറ്റിയെ അവതരിപ്പിച്ചത്. എന്നാല്‍, ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ കൊച്ചിയിലെ തന്ത്രപ്രധാന സ്ഥലം വിട്ടുകൊടുത്ത് റിയല്‍ എസ്റ്റേറ്റ് വ്യവസായം പ്രോത്സാഹിപ്പിക്കുകയാണെന്ന് വി.എസ്സിന്റെ നേതൃത്വത്തിലുള്ള അന്നത്തെ പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് കേരള സര്‍ക്കാരും ടീകോമും 2006 മാര്‍ച്ചില്‍ സ്മാര്‍ട്ട് സിറ്റി ധാരണാപത്രം ഒപ്പിട്ടു. സര്‍ക്കാരിനു വേണ്ടി അന്നത്തെ ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസും ടീകോം പ്രതിനിധി അഹമ്മദ് ബിന്‍ നിയാസുമാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്. മൂന്നു മാസത്തിനകം അന്തിമകരാര്‍ ഒപ്പിടുമെന്നാണ് അന്നു പറഞ്ഞത്.

എന്നാല്‍, അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ വിലക്കി. കരാര്‍ ഒപ്പിടാന്‍ പിന്നീട് ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയെങ്കിലും അതിനു തയ്യാറാവാതെ സ്മാര്‍ട്ട് സിറ്റി തിരഞ്ഞെടുപ്പ് ഗോദയിലെ സുപ്രധാന രാഷ്ട്രീയ വിഷയമാക്കി മാറ്റുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. ജനങ്ങളുടെ അംഗീകാരത്തോടെ വീണ്ടും അധികാരത്തിലെത്തിയ ശേഷം സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുമെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്സിനെ വികസന വിരോധിയാക്കി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയും ചെയ്തു.

തിരഞ്ഞെടുപ്പിനു ശേഷം വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പുതിയ വ്യവസ്ഥകള്‍ക്കനുസരിച്ച് സ്മാര്‍ട്ട് സിറ്റി ചര്‍ച്ചകള്‍ തുടരാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ടീകോമിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന്, ഒട്ടേറെത്തവണ തിരുവനന്തപുരത്തും ഒരു തവണ ദുബായിലും ചര്‍ച്ചകള്‍ നടന്നു. ഇതിന്റെ ഫലമായാണ് ഇപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്. ‘വികസന വിരോധി’ എന്നു വിളിച്ചവരോട് എന്തു മറുപടിയാണ് ഇപ്പോള്‍ പറയാനുള്ളത്’എന്ന പത്രലേഖകരുടെ ചോദ്യത്തോട് വി.എസ്സിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു -‘അങ്ങനെ വിളിച്ചവരോടു തന്നെ ചോദിച്ചിട്ട് നിങ്ങള്‍ സൗകര്യം പോലെ എഴുതുക’.

സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ടീകോമിന്റെ അന്താരാഷ്ട്ര പദ്ധതികളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഫരീദ് അബ്ദുള്‍ റഹ്മാന്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ആറു മാസത്തിനകം സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കെട്ടിട നിര്‍മ്മാണം തുടങ്ങും. ഒന്നര വര്‍ഷത്തിനകം തന്നെ ആദ്യ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയുടെയും വി.എസ്.അച്യുതാനന്ദന്റെയും കരാറുകള്‍ തമ്മിലുള്ള താരതമ്യം-

വന്‍ നേട്ടമായി
പുതിയ വ്യവസ്ഥകള്‍

തിരുവനന്തപുരം: കേരളത്തിന്റെ ഐ.ടി. വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാവുമ്പോള്‍ മേല്‍ക്കൈ നേടുന്നത് ഇടതുപക്ഷം. ഐക്യമുന്നണി സര്‍ക്കാര്‍ ടീകോമുമായി ഒപ്പിടാനിരുന്ന കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പൊളിച്ചുപണിഞ്ഞുകൊണ്ടാണ് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ സംസ്ഥാന താല്പര്യങ്ങള്‍ക്കു വിരുദ്ധമെന്ന് വി.എസ്സും സംഘവും ചൂണ്ടിക്കാട്ടിയിരുന്ന വ്യവസ്ഥകള്‍ മുഴുവന്‍ കരാറില്‍ നിന്ന് എടുത്തുമാറ്റി. സംസ്ഥാനത്തിന്റെ സമ്പത്ത് സ്വകാര്യ കുത്തകകള്‍ തട്ടിയെടുക്കുന്നതു തടയുന്നതിനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരും വി.എസ്. സര്‍ക്കാരും ടീകോമുമായി ഒപ്പിടാന്‍ തയ്യാറാക്കിയ കരാറുകളുടെ വിശദാംശങ്ങള്‍ ചുവടെ:

യു.ഡി.എഫ്.: സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിനായി ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കും
എല്‍.ഡി.എഫ്.: ഇന്‍ഫോപാര്‍ക്ക് കൈമാറില്ല. സര്‍ക്കാര്‍ സ്വന്തം നിലയില്‍ പാര്‍ക്ക് വികസിപ്പിക്കും

യു.ഡി.എഫ്.: എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു ഐ.ടി. സ്ഥാപനവും തുടങ്ങില്ല
എല്‍.ഡി.എഫ്.: സംസ്ഥാനത്ത് എവിടെയും ഐ.ടി. സ്ഥാപനങ്ങളും പാര്‍ക്കുകളും തുടങ്ങുന്നതിന് സര്‍ക്കാരിന് അവകാശമുണ്ട്

യു.ഡി.എഫ്.: സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്ന 236 ഏക്കര്‍ ഭൂമിക്ക് 26 കോടി രൂപ വാങ്ങി ടീകോമിന് ഉടമസ്ഥാവകാശം നല്‍കും
എല്‍.ഡി.എഫ്.: സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ നല്‍കുന്ന 246 ഏക്കര്‍ ഭൂമിക്ക് വിലയായി 104 കോടി രൂപ. 88 ശതമാനം ഭൂമി നല്‍കുന്നത് 99 വര്‍ഷത്തെ പാട്ടത്തിന്. ബാക്കി 12 ശതമാനത്തില്‍ ടീകോമിനും സര്‍ക്കാരിനും പങ്കാളിത്തമുള്ള സ്മാര്‍ട്ട് സിറ്റി കമ്പനിക്ക് ഉടമസ്ഥാവകാശം. ബ്രഹ്മപുരത്ത് വൈദ്യുതി ബോര്‍ഡിന്റെ 100 ഏക്കറിനും കിന്‍ഫ്രയുടെ 10 ഏക്കറിനും പുറമെ 136 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കും

യു.ഡി.എഫ്.: ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിനു പകരം സ്മാര്‍ട്ട് സിറ്റിയില്‍ സര്‍ക്കാരിന് ഒമ്പതു ശതമാനം ഓഹരി പങ്കാളിത്തം
എല്‍.ഡി.എഫ്.: ആദ്യ ഘട്ടത്തില്‍ സര്‍ക്കാരിന് 16 ശതമാനം ഓഹരി. അഞ്ചു വര്‍ഷത്തിനകം ഇത് 26 ശതമാനമായി വര്‍ദ്ധിക്കും. അധികമായി നല്‍കുന്ന 10 ശതമാനം ഓഹരിയുടെ വില ആ സമയത്ത് ഒരു സ്വതന്ത്ര ഏജന്‍സി തീരുമാനിക്കും

യു.ഡി.എഫ്.: ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന് രണ്ട് അംഗങ്ങള്‍
എല്‍.ഡി.എഫ്.: സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ പ്രതിനിധിക്ക്. ആദ്യ ഘട്ടത്തില്‍ ചെയര്‍മാനടക്കം ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന് രണ്ട് പ്രതിനിധികള്‍. ഓഹരി പങ്കാളിത്തം 26 ശതമാനമാവുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന്റെ അംഗബലം ചെയര്‍മാനടക്കം മൂന്നാകും

യു.ഡി.എഫ്.: പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഫോപാര്‍ക്കിലെ തൊഴിലടക്കം 33,000 തൊഴിലവസരങ്ങള്‍
എല്‍.ഡി.എഫ്.: പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്ലാതെ 90,000 തൊഴിലവസരങ്ങള്‍

യു.ഡി.എഫ്.: തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ നിബന്ധനയില്ല.
എല്‍.ഡി.എഫ്.: തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് സിറ്റിയുടെ 70 ശതമാനവും ഐ.ടി. അനുബന്ധ സേനവനങ്ങള്‍ക്കായി നീക്കിവെക്കണം

യു.ഡി.എഫ്.: വാണിജ്യ സ്ഥാപനങ്ങളുടേതുള്‍പ്പെടെ എല്ലാ വിഭാഗത്തിലും കൂടി 10 വര്‍ഷത്തിനകം 20 ലക്ഷം ചതുരശ്രയടിയിലെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കും
എല്‍.ഡി.എഫ്.: 10 വര്‍ഷത്തിനകം 88 ലക്ഷം ചതുരശ്രയടിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതില്‍ 62 ലക്ഷം ചതുരശ്രയടിയെങ്കിലും ഐ.ടി. അനുബന്ധ സേവനങ്ങള്‍ക്കായിരിക്കുകയും വേണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കും

കേരള സര്‍ക്കാരും ടീകോമും സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പുവെച്ചത് ഒരു ഞായറാഴ്ച ദിവസമായിരുന്നു -2007 മെയ് 13ന്. അതിനു മാസങ്ങള്‍ക്കുശേഷം 2007 നവംബര്‍ 16ന് കൊച്ചിയില്‍ മുഖ്യമന്ത്രി വി.എസ്. തന്നെ സ്മാര്‍ട്ട് സിറ്റിക്ക് തറക്കല്ലിട്ടു. ആദ്യം വലിയ ആവേശം കാട്ടിയെങ്കിലും ടീകോം പതിയെ ഉള്‍വലിയുന്നതാണ് പിന്നീട് കണ്ടത്. ഉമ്മന്‍ ചാണ്ടിയുമായുള്ള കരാറിലൂടെ ലക്ഷ്യമിട്ട റിയല്‍ എസ്റ്റേറ്റ് കച്ചവടം നടക്കാത്തത് ടീകോമിന് വന്‍ തിരിച്ചടിയായിരുന്നു. ആഗോളസാമ്പത്തികമാന്ദ്യം കൂടിയായതോടെ സ്മാര്‍ട്ട് സിറ്റി ഇഴഞ്ഞു. ദുബായ് കമ്പനി പിച്ചച്ചട്ടിയെടുത്തിരിക്കുകയാണെന്ന് വി.എസ്. തുറന്നടിക്കുക കൂടി ചെയ്തതോടെ രംഗം കൊഴുത്തു. വി.എസ്. പറഞ്ഞത് സത്യമായിരുന്നുവെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു, കുറച്ചുകാലം കഴിഞ്ഞാണെങ്കിലും.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്മാര്‍ട്ട് സിറ്റി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നൊരു പ്രഖ്യാപനമുണ്ടായി, 2010 ഫെബ്രുവരി 17ന് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വക. പക്ഷേ, അത് അദ്ദേഹം തന്നെ പിന്നീട് മറന്നുപോയി. ഒടുവില്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് കുറെ ‘തട്ടുകടകള്‍’ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടം സ്മാര്‍ട്ട് സിറ്റി എന്ന പേരില്‍ കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഇനിയാണ് നേരത്തേ പറഞ്ഞ രസകരമായ കാര്യം. സ്മാര്‍ട്ട് സിറ്റി കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ നോക്കുക. 2007 മെയ് 13നാണ് കരാര്‍ ഒപ്പുവെച്ചത്. 10 വര്‍ഷത്തിനകം, അതായത് 2017 മെയ് 12നകം 88 ലക്ഷം ചതുരശ്രയടിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതില്‍ 62 ലക്ഷം ചതുരശ്രയടിയെങ്കിലും ഐ.ടി. അനുബന്ധ സേവനങ്ങള്‍ക്കായിരിക്കുകയും വേണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കും. എല്‍.ഡി.എഫ്. സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ ഇതു സംഭവിക്കും. എല്‍.ഡി.എഫ്. അധികാരത്തില്‍ വരരുതേ എന്ന് ടീകോം പ്രാര്‍ത്ഥിക്കുന്നത് അതിനാലാണ്.

* * *

ഉമ്മന്‍ ചാണ്ടിയുടെയും വി.എസ്.അച്യുതാനന്ദന്റെയും സ്മാര്‍ട്ട് സിറ്റി കരാറുകള്‍ താരതമ്യം ചെയ്യുന്ന വാര്‍ത്ത അച്ചടിച്ചുവന്ന മാതൃഭൂമി പത്രം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. സന്തുഷ്ടനായ പത്രാധിപര്‍ ഗോപാല്‍ജി നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം നോക്കണം എന്ന നിര്‍ദ്ദേശവും തന്നു.

ഉമ്മന്‍ ചാണ്ടിക്ക് മൊബൈല്‍ ഫോണില്ല. അദ്ദേഹം യാത്രയിലാണ്. ഒപ്പമുള്ളയാളുടെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. കാര്യം പറഞ്ഞു. ആ ഫോണ്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയിലെത്തി. ‘വാര്‍ത്ത ഞാന്‍ കണ്ടു. പക്ഷേ, അതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല. പുതിയ കരാറിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷത്തിനു തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതു കിട്ടട്ടെ. എന്നിട്ട് പഠിച്ചിട്ടു പറയാം’ -ആരും അംഗീകരിക്കുന്ന മറുപടി.

കാര്യം ബ്യൂറോ ചീഫിനോടു പറഞ്ഞു. പത്രാധിപരെ നേരിട്ടു വിളിച്ചു പറഞ്ഞോളൂ എന്ന് അരുണേട്ടന്റെ നിര്‍ദ്ദേശം. അതു പാലിച്ചു. ‘അതു ശരി.. നമുക്ക് കാത്തിരിക്കാം’ -ഗോപാല്‍ജിയുടെ പ്രതികരണം.

ഓഫ് എടുത്തിട്ട് രണ്ടാഴ്ചയായി. സ്മാര്‍ട്ട് സിറ്റി ഒരു തീരുമാനമാകും വരെ അവധിയില്ല എന്നായിരുന്നു ബ്യൂറോ ചീഫിന്റെ പ്രഖ്യാപനം. കരാറില്‍ തീരുമാനമായപാടെ അരുണേട്ടന്റെ മുന്നിലെത്തി എന്റെ ആവശ്യം മുന്നോട്ടുവെച്ചു -‘സംഭവം ഓകെ ആയില്ലേ. നാളെ അവധി വേണം’. അരുണേട്ടന്‍ എന്നെ ഒന്നു നോക്കി -‘ശരി.’ എനിക്കു സ്വര്‍ഗ്ഗം കിട്ടിയ പ്രതീതി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു എന്നാണ് ഓര്‍മ്മ. ഭാര്യയെ തൃപ്തിപ്പെടുത്താന്‍ അവളുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനിറങ്ങി. കുറെക്കാലമായി അവര്‍ വിളിക്കുന്നു. പകുതി ദൂരമെത്തിയപ്പോള്‍ ബ്യൂറോ ചീഫിന്റെ ഫോണ്‍.

അരുണേട്ടന്‍ -‘ഉമ്മന്‍ ചാണ്ടിക്ക് താങ്കളെ ഒന്നു കാണണമെന്ന്.’

ഞാന്‍ -‘അയ്യോ ചേട്ടാ, ഞാന്‍ ഇന്ന് ഓഫല്ലേ. ഭാര്യയുമൊത്ത് വേറൊരു വഴിക്ക് പോകാനിറങ്ങിയതാണ്.’

അരുണേട്ടന്‍ -‘നിങ്ങളുടെ ഇന്നലത്തെ വാര്‍ത്തയാ പ്രശ്‌നം. പുള്ളിക്കു നന്നായി കൊണ്ടു. ഒന്നു പോയി കണ്ടേക്കൂ. ഒരഞ്ചു മിനിറ്റ് കാര്യമല്ലേ ഉള്ളൂ.’

അപ്പീലില്ല. മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചവനെ ശപിച്ചുകൊണ്ട് കാര്‍ നേരെ കന്റോണ്‍മെന്റ് ഹൗസിലേക്കു വിട്ടു. ഭാര്യയുടെ മുഖത്ത് കടന്നല്‍ കുത്തിയ ഭാവം. ‘ഇപ്പ വരാം’ -എന്നു പറഞ്ഞിട്ട് ഞാന്‍ ഓടി.

എല്ലാ പത്രക്കാരും എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തിനുള്ള ഒരുക്കമാണെന്നു തോന്നുന്നു. ഞാന്‍ അവധിയായതിനാല്‍ മാതൃഭൂമിയില്‍ നിന്ന് ആര്‍.കെ.കുമാര്‍ എന്ന കുമാറേട്ടന്‍ വന്നിട്ടുണ്ട്. പിന്നെന്തിനാണാവോ എന്നെ വിളിച്ചത്?

പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ പുറത്തുണ്ട്. എന്നെ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനു കാര്യം പിടികിട്ടി. നേരെ ഉമ്മന്‍ചാണ്ടിയുടെ മുന്നിലേക്ക് ഞാന്‍ നയിക്കപ്പെട്ടു.

‘സര്‍, ഞാനിന്ന് അവധിയിലാണ്. വേറൊരു വഴിക്ക് പോകാനിറങ്ങിയതാണ്. ഭാര്യ പുറത്ത് കാറിലിരിപ്പുണ്ട്’ -അധികം ബുദ്ധിമുട്ടിക്കരുതെന്ന് ഞാന്‍ പറയാതെ പറഞ്ഞു.

‘ഏതാ കാര്‍, നമ്പറെത്ര?’ -ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി. അദ്ദേഹമെന്തിനാ എന്റെ കാറിന്റെ നമ്പര്‍ അന്വേഷിക്കുന്നത്?

‘കെ.എല്‍. -01 വൈ 667, മാരുതി സെന്‍’ -യാന്ത്രികമായി മറുപടി പറയുമ്പോള്‍ ഞാനുറപ്പിച്ചിരുന്നു, കുടുങ്ങി എന്ന്.

ഉമ്മന്‍ ചാണ്ടി ഉടനെ ഒരു സഹായിയെ കാറിനടുത്തേക്കു പറഞ്ഞുവിട്ടു, ഭാര്യയെ വിളിച്ച് അകത്തിരുത്താന്‍. അതുകൂടി കേട്ടതോടെ ഞാനുറപ്പിച്ചു, ഉടനെയൊന്നും ഞാനിറങ്ങാന്‍ പോകുന്നില്ല.

പിന്നെയവിടെ നടന്നത് ഒരു സ്റ്റഡി ക്ലാസ്സായിരുന്നു. തന്റെ കരാറില്‍ എന്താണുദ്ദേശിച്ചത്, എന്താ നേട്ടം എന്നൊക്കെ ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. ഞാന്‍ ഓരോ സംശയം ചോദിക്കുമ്പോഴും അദ്ദേഹം തന്ത്രപൂര്‍വ്വം അതില്‍ നിന്നു വ്യതിചലിച്ച് അടുത്ത വിഷയത്തിലേക്കു ചാടിക്കൊണ്ടിരുന്നു.

ഒടുവില്‍ അര മണിക്കൂര്‍ കഴിഞ്ഞുകാണും, പ്രതിപക്ഷ നേതാവ് ചോദിച്ചു -‘എല്ലാം ക്ലിയറായില്ലേ?’ ഞാന്‍ ചിരിച്ചു. എന്റെ ചിരി കണ്ടപ്പോഴേ അദ്ദേഹത്തിനു ബോദ്ധ്യമായി എനിക്കൊന്നും ബോധിച്ചിട്ടില്ലെന്ന്. അദ്ദേഹവും ചിരിച്ചു, ഒരിളഭ്യച്ചിരി. ഞാന്‍ പതിയെ എഴുന്നേറ്റു മുറിയില്‍ നിന്നു പുറത്തിറങ്ങി ഭാര്യ ഇരിക്കുന്നിടത്തേക്കു നടന്നു. ഉമ്മന്‍ ചാണ്ടിയും ഒപ്പമിറങ്ങി, പത്രസമ്മേളനം നടക്കുന്ന മുറിയിലേക്ക്. ഇടയ്ക്ക് എന്റെ ഭാര്യയെക്കണ്ട് കുശലാന്വേഷണം നടത്താനും അദ്ദേഹം മറന്നില്ല. അക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയോട് എനിക്കു നന്ദിയുണ്ട്. അതുകൊണ്ടു മാത്രം, സമയം വൈകിയത് ഭാര്യ പ്രശ്‌നമാക്കിയില്ല.

എന്നോടു പറഞ്ഞത് പത്രസമ്മേളനത്തിലും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. പക്ഷേ, എന്നെപ്പോലെ ക്ഷമയുള്ളവരായിരുന്നില്ല മറ്റു പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍. അവരില്‍ ചിലര്‍ അദ്ദേഹത്തെ വലിച്ചുകീറി ഒട്ടിച്ചു. ഉമ്മന്‍ ചാണ്ടി പതിവുപോലെ കൂസലില്ലാത്ത ചിരിയുമായിരുന്നു. ഈയിടെ സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തുവെന്നു കേട്ടപ്പോള്‍, സ്മാര്‍ട്ട് സിറ്റി ഭരണനേട്ടമായി യു.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖത്തെ ആ പഴയ ഇളഭ്യച്ചിരിയാണ്.

 


ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും വി.എസ്.അച്യുതാനന്ദന്റെ സര്‍ക്കാരും തയ്യാറാക്കിയ സ്മാര്‍ട്ട് സിറ്റി കരാറുകളുടെ പകര്‍പ്പ് ഇതിനൊപ്പം. ആവശ്യമുള്ളവര്‍ക്ക് പരിശോധിക്കാം.
ഉമ്മന്‍ചാണ്ടിയുടെ കരാര്‍
വി.എസ്.അച്യുതാനന്ദന്റെ കരാര്‍

LATEST insights

TRENDING insights

1 COMMENT

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks