HomeJOURNALISM'കൊലപാതകം' ഇങ...

‘കൊലപാതകം’ ഇങ്ങനെയും!!

-

Reading Time: 4 minutes

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മനസ്സിനെ ഉലച്ച ഒരു സിനിമയുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത ‘സുകൃതം’. അര്‍ബുദരോഗ ബാധിതനായ മമ്മൂട്ടിയുടെ നായകകഥാപാത്രം രവിവര്‍മ്മ ഒരു പത്രപ്രവര്‍ത്തകനാണ്. രോഗം ഭേദമായി ഓഫീസില്‍ തിരിച്ചെത്തി മേശ തുറക്കുമ്പോള്‍ രവി കാണുന്നത് സ്വന്തം ചരമക്കുറിപ്പാണ്. എംബാര്‍ഗോ ചെയ്തു വെച്ചിരിക്കുന്നത്. എന്നു പറഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിനായി നേരത്തേ തയ്യാറാക്കി വെച്ചിരക്കുന്നത് എന്നര്‍ത്ഥം. അത്തരമൊരു സാഹചര്യത്തില്‍ ഒരു മനുഷ്യന് എന്താണ് തോന്നുകയെന്നത് മമ്മൂട്ടി എന്ന മികച്ച നടന്‍ തന്റെ മുഖത്ത് നന്നായി പ്രതിഫലിപ്പിച്ചു.

ഒരു പത്രപ്രവര്‍ത്തകനാകണമെന്നു തീരുമാനിച്ച് അതിനായി പരിശ്രമം തുടങ്ങിയ കാലത്താണ് ‘സുകൃതം’ കണ്ടത്. സിനിമയില്‍ കണ്ട പോലുള്ള രംഗം മറ്റുള്ളവരുടെ ജീവിതത്തില്‍ ഞാന്‍ നിമിത്തമുണ്ടാവരുതെന്ന് അന്നു തന്നെ നിശ്ചയിച്ചിരുന്നു. ഇത്രയും കാലം അതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. മാതൃഭൂമിയില്‍ ചേര്‍ന്ന കാലത്താണ് എംബാര്‍ഗോ എന്ന വാക്ക് പിന്നീട് കേട്ടത്. ചേരുമ്പോള്‍ രണ്ടു മാസത്തെ ക്ലാസ്സുണ്ട്. അവിടെ, ‘മാതൃഭൂമി’ മുഖ്യപത്രാധിപരായിരുന്ന എന്‍.വി.കൃഷ്ണവാരിയര്‍ എഴുതിയ അതിപ്രശസ്തമായ ഒരു എഡിറ്റോറിയലിനെക്കുറിച്ച് കേട്ടു, മദര്‍ തെരേസയെപ്പറ്റി.

1980കളിൽ എപ്പഴോ ആണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ മദര്‍ തെരേസയ്ക്ക് ശക്തമായ ഹൃദയാഘാതമുണ്ടായി. സ്ഥിതി അതീവഗുരുതരമാണെന്നും മരണം എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നും വാര്‍ത്ത വന്നു. ലോകത്തെ മറ്റെല്ലാം പത്രങ്ങളിലുമെന്നപോലെ മാതൃഭൂമിയിലും ആ മഹതിയുടെ മരണവാര്‍ത്ത എങ്ങനെ നല്‍കണമെന്നതിനെക്കുറിച്ച് ആലോചന നടന്നു, തയ്യാറെടുപ്പുകളുണ്ടായി. മുഖപ്രസംഗം എഴുതാനുള്ള ചുമതല പത്രാധിപരായ എന്‍.വി.കൃഷ്ണവാരിയര്‍ തന്നെ ഏറ്റെടുത്തു. അദ്ദേഹം അതിമനോഹരമായ മുഖപ്രസംഗം എഴുതുകയും ചെയ്തു -EMBARGOED.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്കൊപ്പം മദര്‍ തെരേസ

പക്ഷേ, ദൈവാനുഗ്രഹത്താല്‍ മദര്‍ തെരേസ ജീവിതത്തിലേക്കു തിരിച്ചുവന്നു. എംബാര്‍ഗോ ഐറ്റം പത്രം ഓഫീസിലെ അലമാരിയില്‍ വിശ്രമിച്ചു. മദര്‍ തെരേസയെക്കുറിച്ച് എഡിറ്റോറിയലെഴുതിയ എന്‍.വി. 1989ല്‍ ഇഹലോകവാസം വെടിഞ്ഞു. മദര്‍ തെരേസ ഈ ലോകത്തോട് വിടപറഞ്ഞത് പിന്നെയും എട്ടു വര്‍ഷം കൂടി കഴിഞ്ഞിട്ട്, 1997ല്‍! മദര്‍ തെരേസയുടെ നിര്യാണ വേളയില്‍ മാതൃഭൂമി ഉപയോഗിച്ചത് വളരെ വര്‍ഷങ്ങൾക്കു മുമ്പ് എന്‍.വി.കൃഷ്ണവാരിയര്‍ എഴുതിയ മുഖപ്രസംഗം തന്നെ!!

മരണവാര്‍ത്ത പലപ്പോഴും മത്സരത്തിനു കാരണമാവുന്നത് കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കടലുണ്ടി ദുരന്തവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. 2001 ജൂലൈ 21ന് പാലം തകര്‍ന്ന് തീവണ്ടി കടലുണ്ടിപ്പുഴയില്‍ വീണുണ്ടായ ദുരന്തം. മാതൃഭൂമി കൊടുത്ത അന്തിമ മരണസംഖ്യ 57. തൊട്ടടുത്ത എതിരാളി പത്രം കൊടുത്ത മരണസംഖ്യയെക്കാള്‍ എണ്ണത്തില്‍ 2 കുറവ്. 2 മരണം സംബന്ധിച്ച വിശദാംശങ്ങള്‍ എങ്ങനെ ലഭിക്കാതെ പോയി എന്ന് ചോദ്യമുണ്ടായി, സ്‌നേഹത്തോടെയുള്ളതാണെങ്കിലും ശകാരം കേട്ടു. പത്രാധിപസിംഹം കെ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ വൈകീട്ടു ചേരുന്ന എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ അവലോകനം അവതരിപ്പിക്കുന്ന സഹപ്രവര്‍ത്തകന്‍ കണക്കിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്നില്‍ തലകുമ്പിട്ട് മറഞ്ഞിരുന്നു. ലേഖകന്റെ പിഴവായി വിലയിരുത്തുക സ്വാഭാവികം. മത്സരാധിഷ്ഠിത പത്രപ്രവര്‍ത്തനത്തില്‍ പിഴവിന് മാപ്പില്ല. പക്ഷേ, ദുരന്തത്തില്‍ 57 പേര്‍ മരിച്ചു എന്ന വാര്‍ത്ത അച്ചടിച്ചുവന്ന ദിവസം സന്ധ്യയോടെ കോഴിക്കോട് കളക്ടര്‍ അന്തിമ മരണസംഖ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു -57. കേട്ട സ്‌നേഹശകാരവും അനുഭവിച്ച മാനസികസമ്മര്‍ദ്ദവും ബാക്കി.

കടലുണ്ടി ദുരന്തം

ഇത് എന്റെ നേട്ടമായി പറഞ്ഞതല്ല. 59 എന്ന കണക്കു കൊടുത്ത ‘മറ്റെ’ പത്രത്തിലെ ലേഖക സുഹൃത്ത് കള്ളമെഴുതിയതുമല്ല. ഒരു ദുരന്തമുണ്ടാവുമ്പോള്‍ പരിക്കേറ്റവരെയും മരിച്ചവരെയും വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുക. ചില ആശുപത്രികളില്‍ നേരിട്ട് പോകും. ചിലയിടത്തെ വിവരങ്ങള്‍ വിളിച്ചെടുക്കും. ഒടുവില്‍ കൂട്ടിയെഴുതി കണക്ക് കൊടുക്കും. ഇതില്‍ എവിടെ വേണമെങ്കിലും പിഴവ് വരാം. പക്ഷേ, നേരിട്ട് ബോദ്ധ്യപ്പെട്ട കണക്കു മാത്രം നല്‍കിയാല്‍ പിഴവ് പരമാവധി ഒഴിവാക്കാനാവും.

ഇതു പറഞ്ഞത് പത്രപ്രവര്‍ത്തനത്തിന്റെ സമീപകാല അവസ്ഥ ചൂണ്ടിക്കാട്ടാനാണ്. മദര്‍ തെരേസയുടെയും കടലുണ്ടി ദുരന്തത്തിന്റെയും കാലത്ത് ദൃശ്യമാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം ഇത്രമാത്രം വ്യാപകമായിരുന്നില്ല. മത്സരത്തിന്റെ പേരില്‍ ദൃശ്യമാധ്യമങ്ങളെ തള്ളിപ്പറയുന്നതല്ല. ‘സാങ്കേതികമായി’ ഞാനും ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. പക്ഷേ, ദൃശ്യമാധ്യമങ്ങള്‍ സമീപകാലത്ത് ആരെയൊക്കെ കൊന്നു. കൊച്ചിന്‍ ഹനീഫ, കനക ഏറ്റവുമൊടുവില്‍ ഇതാ രാജേഷ് പിള്ള. ഇടക്കാലത്ത് സാമൂഹിക മാധ്യമങ്ങള്‍ കൊലപ്പെടുത്തിയ മാമുക്കോയയുടെ കാര്യം മറക്കുന്നില്ല.

രാജേഷ് പിള്ള

രാജേഷ് പിള്ളയുടെ നില അതീവഗുരുതരമാണെന്ന് കഴിഞ്ഞദിവസം തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇന്നുരാവിലെ പൊടുന്നനെ വാര്‍ത്ത വന്നു അദ്ദേഹം അന്തരിച്ചുവെന്ന്. അല്പം കഴിഞ്ഞപ്പോള്‍ എല്ലാവരും വാര്‍ത്ത പിന്‍വലിച്ചു. പിന്നെ 11.45ന് അന്ത്യം സ്ഥിരീകരിച്ചതായി വാര്‍ത്ത വന്നു. ‘ഇത്തവണ ഉറപ്പാ അണ്ണാ’ -കൊച്ചിയിലെ ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്തിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി.

ഒരു മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍പരമായ ദുരന്തമാണിത്. ഇത്തരത്തില്‍ മരണവാര്‍ത്ത ആദ്യം കൊടുക്കാന്‍ മത്സരിക്കുമ്പോള്‍ നമ്മുടെ കുടുംബത്തിലാണ് ഇതു നടക്കുന്നതെങ്കില്‍ എന്തു സംഭവിക്കും എന്നോര്‍ക്കുക. വലിയ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴുള്ള പരിമിതികള്‍ ചിലപ്പോള്‍ പിഴവുകള്‍ക്ക് കാരണമാകാം. പക്ഷേ, ഒരാളുടെ മാത്രം കേസാവുമ്പോള്‍ അല്പം കൂടി അവധാനത വേണ്ടേ? രോഗി യഥാര്‍ത്ഥത്തില്‍ മരിച്ചാലും അതു സ്ഥിരീകരിക്കാതെ ജീവന്‍രക്ഷാ യന്ത്രത്തില്‍ ശരീരം വെച്ച് പരമാവധി വാര്‍ത്തയില്‍ പേരു വരുത്താന്‍ ശ്രമിക്കുന്ന ആശുപത്രികളുള്ള കാര്യം മറക്കുന്നില്ല. എങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഡോക്ടര്‍മാരുടെ ഔദ്യോഗിക സ്ഥിരീകരണം വന്നശേഷം മതി.

രോഗിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കുമേല്‍ അശനിപാതം പോലെയാകും തെറ്റായ മരണവാര്‍ത്ത പതിക്കുക. കേട്ട പാതി കേള്‍ക്കാത പാതി മറ്റു പ്രമുഖരുടെ അനുശോചന -അനുസ്മരണ പ്രവാഹമായി. മത്സരം വിമര്‍ശിക്കപ്പെടുന്നത് അതു തെറ്റുമ്പോഴാണ്. തെറ്റു പതിവാകുമ്പോള്‍ വിമര്‍ശനത്തിന് ശക്തിയേറുന്നു. പത്രം പോലല്ല, ചാനലുകള്‍. വാര്‍ത്ത കൊടുത്ത ശേഷം അതു തെറ്റാണെങ്കില്‍ പിന്‍വലിക്കാനുള്ള സൗകര്യം ചാനലുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമുണ്ട്. പക്ഷേ, ഇത്തരത്തില്‍ പിന്‍വലിക്കലുകളുടെ എണ്ണം കൂടുന്നത് വിശ്വാസ്യത കുറയ്ക്കും.

ഒരു അനുഭവകഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഞാന്‍ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്യുന്ന കാലം. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന വിവിധ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ അന്നു വലിയ സഹകരണമാണ്. ഇപ്പോഴും അങ്ങനെ തന്നെ എന്നു വിശ്വിസിക്കുന്നു. തിരക്കുള്ള ദിവസങ്ങളില്‍ പോലീസ് വിളിക്കുക, ആശുപത്രി വിളിക്കുക എന്നീ പണികളൊക്കെ പങ്കിടും. ഒരുതരം പൂള്‍ റിപ്പോര്‍ട്ടിങ്. ഓരോ റിപ്പോര്‍ട്ടറും ഓരോ മേഖലയില്‍ നിന്നു ശേഖരിക്കുന്ന വാര്‍ത്തകള്‍ എല്ലാവരുമായി പങ്കിടും.

തിലകന്‍

നടന്‍ തിലകന്‍ ഗുരുതരാവസ്ഥയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നു. ആരോഗ്യസ്ഥിതി അറിഞ്ഞ് വാര്‍ത്ത കൊടുക്കുക സ്വാഭാവികമായും ഞങ്ങളുടെ ഉത്തരവാദിത്വമാകുന്നു. വാര്‍ത്താപരമായി വളരെ തിരക്കുള്ള ദിവസം. ഇപ്പോഴും സജീവമായി രംഗത്തുള്ള ഒരു യുവസുഹൃത്തിനാണ് അന്ന് ആശുപത്രി വിളിക്കാനുള്ള ചുമതല എല്ലാവരും കൂടി പങ്കിട്ടുകൊടുത്തത്. ഞാന്‍ പോലീസ് സ്‌റ്റേഷന്‍ വിളിക്കണം. രാത്രി ഞാന്‍ പോലീസ് വാര്‍ത്തകളെല്ലാം കൈമാറിയ ശേഷം ആ സുഹൃത്തിനെ വിളിച്ചു.

‘എടാ, തിലകന് എങ്ങനെയുണ്ട്? രാത്രി പണിയാകുമോ?’ മറുഭാഗത്ത് മൗനം.
‘ഹലോ’. ഞാന്‍ ഫോണ്‍ ഒന്നു കുടഞ്ഞു നോക്കി.
‘അണ്ണാ, അങ്ങേര്‍ക്ക് ഒരു കുഴപ്പവുമില്ല. നല്ല പയര്‍ വറുത്തതുപോലെ. അപ്പോള്‍ ശരി. ഗുഡ്‌നൈറ്റ്.’
വിടവാങ്ങലിനു മുമ്പ് ഒരു സ്‌നേഹഭാഷണം പതിവുള്ള പുള്ളിക്കാരന്‍ പെട്ടെന്ന് ഫോണ്‍ വെച്ചപ്പോള്‍ എനിക്കെന്തോ പന്തികേട് തോന്നി. ജോലിത്തിരക്കുണ്ടാവും. എക്‌സ്‌ക്ലൂസീവ് വാര്‍ത്തയൊന്നും കൊടുത്ത് രാത്രി ചതിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് പോയിക്കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ ഓഫീസിലെത്തി ബ്യൂറോ മീറ്റിങ്ങില്‍ ഞാന്‍ കടന്നു ചെല്ലുമ്പോള്‍ അവിടെ ചര്‍ച്ച തലേന്നാള്‍ രാത്രി തിലകന് ലഭിച്ച ഫോണ്‍ കോളിനെക്കുറിച്ചാണ്. ഒരു പ്രമുഖ പത്രത്തിലെ ലേഖകന്‍ തിലകന്റെ രോഗവിവരമറിയാന്‍ ആശുപത്രിയില്‍ വിളിച്ചത്രേ. ആശുപത്രിയിലുള്ളവര്‍ ഫോണ്‍ നേരെ കണക്ട് ചെയ്തത് തിലകന്റെ മുറിയിലേക്ക്. ഫോണെടുത്തത് തിലകന്‍ തന്നെ. പോരേ പൂരം!!

പിന്നെ, ജീവിതാവസാനം വരെ ആ പത്രത്തോട് തിലകന്‍ ശത്രുത പുലര്‍ത്തിയെന്നത് വേറെ കാര്യം.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks