HomeSCITECHമികവിന് കുറഞ്...

മികവിന് കുറഞ്ഞ വില

-

Reading Time: 6 minutes

ഹാര്‍പേഴ്‌സ് ബാസാര്‍ എന്ന പ്രശസ്തമായ മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രത്തില്‍ ബ്രിട്ടീഷ് നടിയായ ജമീല ജമീലാണ്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ജമീല ചിത്രത്തിന് പോസ് ചെയ്തത് ഒരു മൊബൈല്‍ ഫോണിനു മുന്നിലാണ് -വണ്‍പ്ലസ് 7 പ്രോ. ഫോണ്‍ ക്യാമറയിലെടുത്ത ചിത്രം അച്ചടിക്കും മുമ്പ് പ്രത്യേകിച്ചെന്തെങ്കിലും മാറ്റം വരുത്തുകയോ ഫോട്ടോഷോപ്പ് പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാസിക വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗികമായി പുറത്തിറക്കും മുമ്പു തന്നെ വണ്‍പ്ലസ് 7 പ്രോ ചര്‍ച്ചാവിഷയമായി. അതുകൊണ്ടു തന്നെയാണ് ഈ ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങ് ശ്രദ്ധിച്ചതും.

കീശയിലൊതുങ്ങുന്ന ചെറിയ ഫോണുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ വലിയ ഫോണുകളുടെ കാലമാണ്. വലിയ സ്‌ക്രീന്‍, മികച്ച പ്രകടനം, മികച്ച നിര്‍മ്മാണം എന്നിവയാണ് പരിഗണനയെങ്കില്‍ സ്വാഭാവികമായും നമ്മള്‍ എത്തിപ്പെടുന്നത് ഈ ഗണത്തിലെ മുമ്പന്മാരായ ആപ്പിള്‍, സാംസങ്ങ് എന്നിവയിലാണ്. ഐഫോണ്‍ XS മാക്‌സ്, ഗ്യാലക്‌സി S10 പ്ലസ് എന്നിവയുടെ ശ്രേണിയിലേക്ക് ഇപ്പോള്‍ വണ്‍പ്ലസ് 7 പ്രോ കടന്നുവരികയാണ്. ആപ്പിളും സാംസങ്ങും ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ വണ്‍പ്ലസിലുണ്ട്, പക്ഷേ വളരെ കുറഞ്ഞ വിലയില്‍. അതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാന ആകര്‍ഷണവും. എന്നാല്‍, തങ്ങള്‍ രണ്ടാം നിരക്കാരല്ലെന്നു പ്രഖ്യാപിക്കുന്നുണ്ട് 7 പ്രോയിലൂടെ വണ്‍പ്ലസ്.

കൂടിയ റസല്യൂഷനുള്ള റിഫ്രഷ് റേറ്റ് കൂടിയതും അക്ഷരാര്‍ത്ഥത്തില്‍ അരികുകളില്ലാത്തതുമായ ഡിസ്‌പ്ലേ, പോപ്-അപ്പ് സെല്‍ഫി ക്യാമറയ്ക്കു പുറമെ പിന്നില്‍ 3 ക്യാമറകള്‍, ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍, 30W ഫാസ്റ്റ് ചാര്‍ജ്ജിങ്, 12 ജിബി വരെ റാം, വേഗമേറിയ സംഭരണം, കൂടുതല്‍ മികച്ച ഫിംഗര്‍പ്രിന്റ് റീഡര്‍ എന്നിവയെല്ലാം ഈ ഫോണ്‍ വാങ്ങാന്‍ ഉപയോക്താവിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. വില, ഡിസ്‌പ്ലേ, പ്രവര്‍ത്തനമികവ് എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു എന്നു ചുരുക്കിപ്പറയാം.

നിര്‍മ്മാണത്തിലെ മികവാണ് വില കൂടിയ ഫോണുകളെ സാധാരണ ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വണ്‍പ്ലസ് 7 പ്രോയ്ക്ക് അതുണ്ട്. സാംസങ് ഗ്യാലക്‌സി ഫോണുകളുടെ മാതൃകയിലാണ് സാധാരണനിലയില്‍ വണ്‍ പ്ലസ് ഫോണുകളുടെ രൂപകല്പന എന്നു പറഞ്ഞാല്‍ തെറ്റില്ല. വണ്‍പ്ലസ് 7 പ്രോ ഒരു വലിയ ഫോണാണ്. സാംസങ് ഗ്യാലക്‌സി നോട്ട് 9നെക്കാള്‍ അല്പം കൂടി വലിപ്പവും ഭാരവും കൂടും. വളരെ ആകര്‍ഷണീയമാണ് വണ്‍പ്ലസ് 7 പ്രോയുടെ ഡിസൈന്‍, വിശേഷിച്ചും നെബുല ബ്ലൂ നിറം. വെളിച്ചം വീഴുന്നതനുസരിച്ച് ഗ്രേഡിയന്റ് മാതൃകയില്‍ ബോഡിയുടെ നിറത്തിന് കടുപ്പം കൂടുകയും കുറയുകയും ചെയ്യും. വിരലടയാളങ്ങള്‍ ഇതില്‍ പതിഞ്ഞു കാണില്ല എന്നു തന്നെ പറയാം.

ഫോണിന്റെ ലോഹചട്ടക്കൂടിന് നല്ല ഉറപ്പുണ്ട്. ഫോണിന്റെ താഴെ ഭാഗത്തായി രണ്ട് നാനോ സിം ട്രേ, യു.എസ്.ബി. 3.1 ടൈപ്-സി പോര്‍ട്ട്, മൈക്രോഫോണ്‍, സ്പീക്കര്‍ എന്നിവ കാണാം. വലതുഭാഗത്ത് പവര്‍ ബട്ടണും അലര്‍ട്ട് സ്ലൈഡറും. ഇടതുഭാഗത്ത് ശബ്ദം കൂട്ടാനും കുറയ്ക്കാനുമുള്ള ബട്ടണുകള്‍. മുകളില്‍ പോപ്-അപ്പ് ക്യാമറ. 162.6 മില്ലിമീറ്ററാണ് ഫോണിന്റെ ഉയരം. 75.9 മില്ലിമീറ്റര്‍ വീതിയും 8.8 മില്ലിമീറ്റര്‍ കനവുമുണ്ട്. 206 ഗ്രാമാണ് ഭാരം.

വണ്‍പ്ലസ് 7 പ്രോയുടെ മുന്‍ഭാഗം മുഴുവനായി 6.67 ഇഞ്ച് Fluid AMOLED ഡിസ്‌പ്ലേയാണ്. ഇതില്‍ 6.46 ഇഞ്ചും ഉപയോഗിക്കാനാവും. നാലു ചുറ്റിലും വളരെ നേര്‍ത്ത അരികുകള്‍ ഇതു സാദ്ധ്യമാക്കുന്നു. ഇടത്തും വലത്തും സ്‌ക്രീന്‍ ഫോണിന്റെ ബോഡിയിലേക്ക് വളഞ്ഞു കയറുന്നു, സാംസങ് ഗ്യാലക്‌സിയിലുള്ള പോലെ. ഫോണിന് ഉയരം കൂടുതലാണെങ്കിലും വീതിയും കനവും താരതമ്യേന കുറവാണ്. അതിനാല്‍ ഉപയോഗം വലിയ ബുദ്ധിമുട്ടാവില്ല. വലിയ ഫോണ്‍ ഉപയോഗിച്ചു പരിചയമുള്ളവര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിക്കും. ഇതുവരെ ഉപയോഗിക്കാത്തവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കും, അത്രയ്ക്കുണ്ട് സ്‌ക്രീന്‍ ആകര്‍ഷണീയത.

വലിയ സ്‌ക്രീനുണ്ടായതുകൊണ്ടു മാത്രം കാര്യമില്ലല്ലോ, അതിനു നിലവാരമുണ്ടാവണ്ടേ? നല്ല തെളിച്ചവും മനോഹരമായ നിറങ്ങളുമുണ്ട് വണ്‍പ്ലസ് പ്രോ 7 സ്‌ക്രീനിന്. മാത്രമല്ല ഉപയോക്താവിന്റെ താല്പര്യമനുസരിച്ച് sRGB, P3 തുടങ്ങിയ കളര്‍ പ്രൊഫൈല്‍ മാറ്റം വരുത്താനും സാധിക്കും. സ്‌ക്രീന്‍ റിഫ്രഷ് റേറ്റ് 60Hz എന്നത് 90Hz ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഫോണ്‍ ജനപ്രിയമാകുന്നുവെങ്കില്‍ അതിനുള്ള പ്രധാന കാരണം ഇതായിരിക്കും. റിഫ്രഷ് റേറ്റ് കൂടിതയതിനാല്‍ സ്‌ക്രോള്‍ മുതല്‍ ആനിമേഷന്‍ വളരെ എല്ലാം വളരെ മനോഹരമായി നമുക്കു മുന്നിലെത്തും, ഇതുവരെ കാണാത്ത വേഗത്തില്‍. ഇത്തരത്തില്‍ റിഫ്രഷ് റേറ്റ് കൂടിയ ഫോണ്‍ ആദ്യമായല്ല വിപണിയിലെത്തുന്നത്. പക്ഷേ, അവയൊക്കെ ഗെയിമിങ് ഫോണുകളോ മറ്റു വിധത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയവയോ ആയിരുന്നു.

ഫോണിന്റെ ബോഡിയുമായി സ്‌ക്രീനിനുള്ള 93.22 ശതമാനമെന്ന ഉയര്‍ന്ന അനുപാതം സാദ്ധ്യമാക്കുന്നതിനാണ് മുന്നിലെ ക്യാമറ മുകളിലേക്കു നീക്കുകയും ബോഡിക്കകത്തേക്കു പിന്‍വാങ്ങുന്ന രീതിയിലാക്കുകയും ചെയ്തത്. സാധാരണനിലയില്‍ കാണാറുള്ള സ്ലൈഡര്‍ സങ്കേതത്തിനു പകരം വണ്‍പ്ലസ് 7 പ്രോയിലെ പോപ്-അപ്പ് ക്യാമറ മോട്ടോറാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മോട്ടോറായതുകൊണ്ടു തന്നെ വളരെ വേഗത്തില്‍ ക്യാമറ ഉയര്‍ന്നു വരുന്നുണ്ട്. വണ്‍പ്ലസ് 7 പ്രോയുടെ പോപ്പ്-അപ്പ് ക്യാമറയ്ക്ക് കുറഞ്ഞത് 3,00,000 തവണ വന്നുപോകാന്‍ ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് ഒരു ദിവസം 400 തവണ എന്ന നിരക്കില്‍ 2 വര്‍ഷത്തേക്ക് ഇതു സാദ്ധ്യമാവുമെന്നര്‍ത്ഥം.

വലിയ സ്‌ക്രീനില്‍ തന്നെയാണ് സുരക്ഷ ഉറപ്പാക്കാനുള്ള വിരലടയാള സ്‌കാനറും പിടിപ്പിച്ചിരിക്കുന്നത്. വളരെ മികച്ചതും വേഗത്തിലുള്ളതുമായ പ്രതികരണം ഇതില്‍ വിരല്‍ വെയ്ക്കുമ്പോള്‍ കിട്ടുന്നു. ഫേഷ്യല്‍ റെകഗ്നിഷന്‍ അഥവാ ഉപയോക്താവിന്റെ മുഖം വിലയിരുത്തി ഫോണ്‍ തുറക്കുന്ന പരിപാടി പോപ്പ്-അപ്പ് ക്യാമറയിലൂടെ വേഗത്തില്‍ നടക്കുന്നുണ്ട്. പക്ഷേ, ഇതിന് എത്രമാത്രം സുരക്ഷിതത്വമുണ്ട്് എന്ന ചോദ്യമുയരുന്നു. അത്രയ്ക്ക് കൃത്യത അവകാശപ്പെടാനില്ല എന്നര്‍ത്ഥം. മാത്രമല്ല, ഈ സങ്കേതത്തിന്റെ കൂടിയ ഉപയോഗത്തിലൂടെ പോപ്-അപ്പ് സെല്‍ഫി ക്യാമറയ്ക്ക് നിശ്ചയിട്ടുള്ള പ്രവര്‍ത്തനശേഷി വേഗത്തില്‍ തീര്‍ന്നുപോകും. അതിനാല്‍ വിരലടയാള സ്‌കാനര്‍ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നത് തന്നെയാണ് അഭികാമ്യം.

മികച്ച പ്രകടനമാണ് വണ്‍പ്ലസ് 7 പ്രോയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. കണ്ണഞ്ചുന്ന വേഗമാണ് ഈ ഫോണിന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍ വളരെ വേഗമേറിയ റാമിനോടും മികച്ച സംഭരണശേഷിയോടും ചേരുമ്പോള്‍ അതൊരു അസാദ്ധ്യ ചേരുവയാകുന്നു. 6GB, 8GB, 12GB എന്നിങ്ങനെ റാം തിരഞ്ഞെടുക്കാന്‍ ഉപയോക്താവിന് അവസരമുണ്ട്. 128GB, 256GB എന്നിങ്ങനെ സംഭരണശേഷിയുമുണ്ട്. റാം LPDDR4X, സംഭരണം UFS 3.0 -രണ്ടും ഇപ്പോഴത്തെ നിലയില്‍ ഒരു ഫോണില്‍ കിട്ടാവുന്ന ഏറ്റവും മികച്ചത്.

SoC: Qualcomm Snapdragon 855 mobile platform
CPU: 1 x 2.84GHz Kryo 485 + 3 x 2.42GHz Kryo 485 + 4 x 1.8GHz Kryo 385
GPU: Adreno 640
RAM: Up to 12GB LPDDR4X memory
Storage: Up to 256GB UFS 3.0 storage
Battery: 4,000mAh
Charging: 30W fast charging (Warp Charge 30 – 5V 6A)
Ports: USB 3.1 Type-C

4000mAh ബാറ്ററി എന്നു പറയുന്നതും ചെറിയ കാര്യമല്ല. മിതമായ ഉപയോഗമാണെങ്കില്‍ രണ്ടാം ദിവസത്തിലേക്ക് ഇത് കടക്കുന്നുണ്ട്. കൂടിയ ഉപയോഗമാണെങ്കില്‍ ഒരു ദിവസം കഷ്ടി. സ്‌ക്രീനിന്റെ റിഫ്രഷ് റേറ്റ് കൂടിയതിനാല്‍ വലിയ ബാറ്ററിയുടെ ഗുണം അത്രയ്ക്കങ്ങോട്ട് പ്രകടമാവുന്നില്ല. പ്രവര്‍ത്തനമികവ് കൂടുമ്പോള്‍ ബാറ്ററിയുടെ ഉപയോഗവും കൂടുന്നത് സ്വാഭാവികം. ബാറ്ററി കൂടുതല്‍ നേരം നില്‍ക്കണമെന്നാഗ്രഹമുള്ളവര്‍ക്ക് സ്‌ക്രീനിന്റെ റിഫ്രഷ് റേറ്റ് കുറയ്ക്കാനുള്ള അവസരവും വണ്‍പ്ലസ് 7 പ്രോ നല്‍കുന്നുണ്ട് -90Hz എന്നത് 60Hz ആയി കുറയ്ക്കാനാവും. പക്ഷേ, ഈ ഫോണ്‍ ഉപയോഗിക്കുമ്പോഴുള്ള സുഖം അതോടെ പോകുമെന്നു മാത്രം.

പ്രീമിയം ഫോണുകളില്‍ വയര്‍ലെസ് ചാര്‍ജ്ജിങ് സംവിധാനമില്ലാത്തത് ഒരു കുറവു തന്നെയാണ്. വണ്‍പ്ലസ് 7 പ്രോയില്‍ അതില്ല. എന്നാല്‍ വെറും 20 മിനിറ്റുകൊണ്ട് ബാറ്ററിയുടെ പകുതിയോളം -കൃത്യമായി പറഞ്ഞാല്‍ 48 ശതമാനം -ചാര്‍ജ്ജ് ചെയ്യുന്ന വാര്‍പ് ചാര്‍ജ്ജ് സങ്കേതം വയര്‍ലെസ് ചാര്‍ജ്ജിങ്ങില്ല എന്ന കുറവ് പരിഹരിക്കുന്നുണ്ട്. അവിശ്വസനീയമാണ് ഈ ചാര്‍ജ്ജിങ് വേഗമെന്നു തോന്നാമെങ്കിലും സംഗതി സത്യമാണ്.

ക്യാമറയാണല്ലോ വണ്‍പ്ലസ് 7 പ്രോയെ ശ്രദ്ധിക്കാന്‍ കാരണം. പ്രധാന ക്യാമറ 48 മെഗാപിക്‌സല്‍ ക്യാമറയില്‍ നിന്ന് സാമാന്യം നല്ല നിലവാരമുള്ള 12 മെഗാപിക്‌സല്‍ ചിത്രങ്ങള്‍ കിട്ടുന്നുണ്ട്. ബാസാറിന്റെ കവര്‍ ചിത്രമൊക്കെ എടുത്തുവെങ്കിലും ഇത്രയും മികച്ച സംവിധാനങ്ങളുള്ള ഫോണില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്ന നിലവാരത്തിലേക്ക് ക്യാമറ എത്തുന്നുണ്ടോ എന്ന സംശയം ഉയരാം. ഐഫോണും സാംസങ്ങും ഉപയോഗിച്ചു നോക്കിയിട്ടുള്ളവര്‍ക്ക് അത്രമാത്രം എത്തുന്നില്ല എന്നു തോന്നും. വിശേഷിച്ചും രാത്രിദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ കുറവ് ശരിക്കും വ്യക്തമാവും. ഇത്തരം താരതമ്യങ്ങളുടെ സമയത്താണ് വണ്‍പ്രസ് 7 പ്രോയ്ക്ക് വില കുറവാണ് എന്ന കാര്യം നമ്മുടെ ഓര്‍മ്മയിലേക്കു വരിക.

പ്രധാന ക്യാമറയ്ക്കു തൊട്ടുതാഴെയുള്ള 3x ടെലിഫോട്ടോ 8 മെഗാപിക്‌സല്‍ ക്യാമറയാണ് രണ്ടാമത്തേത്. ഐഫോണിലും സാംസങ്ങിലുമുള്ള 2x ടെലിഫോട്ടോ ക്യാമറയെക്കാള്‍ അല്പം കൂടി ശേഷിയുണ്ടിതിന്. 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ കൂടിയായാല്‍ പിന്നിലെ ക്യാമറകളുടെ വിവരണം പൂര്‍ത്തിയായി. 16 മെഗാപിക്‌സലാണ് പോപ്-അപ്പ് സെല്‍ഫി ക്യാമറയുടെ ശേഷി. നല്ല വെയിലുള്ളപ്പോള്‍ നന്നായി ശ്രദ്ധിക്കാത്തപക്ഷം ചിത്രങ്ങള്‍ വെളുത്തുപോകുന്നു എന്ന പ്രശ്‌നം സെല്‍ഫി ക്യാമറയ്ക്കുണ്ട്. അതു പൊതുവെയുള്ളതാണെങ്കിലും ഉയര്‍ന്ന നിലവാരമുള്ള ഫോണില്‍ നിന്ന് അല്പം കൂടിയൊക്കെ ഉപയോക്താവ് പ്രതീക്ഷിക്കുക സ്വാഭാവികം.

ഫോട്ടോയുടെ കാര്യം പോലെയല്ല വീഡിയോയുടെ കാര്യത്തില്‍ ക്യാമറയുടെ പ്രവര്‍ത്തനം. വീഡിയോകള്‍ക്ക് സാമാന്യം ഭേദപ്പെട്ട നിലവാരം തന്നെയാണുള്ളത്. ഐഫോണിന്റെയോ സാംസങ്ങിന്റെയോ അത്ര വരില്ലെങ്കിലും മോശമല്ല. ക്യാമറ ഉപയോഗത്തിനുള്ള വിവിധ സങ്കേതങ്ങള്‍ -ധാരാളം പരീക്ഷണങ്ങള്‍ക്കു വകുപ്പുള്ള പ്രോ മോഡ്, ടൈം ലാപ്‌സ് മോഡ്, സ്ലോ മോഷന്‍ വീഡിയോ മോഡ് എന്നിങ്ങനെയുള്ളവ -വണ്‍പ്ലസ് 7 പ്രോ തരുന്നുണ്ട്. എന്നാലും, മൊത്തത്തില്‍ നോക്കുമ്പോള്‍ പ്രധാന ക്യാമറ ഒഴിച്ചുള്ള ബാക്കി മൂന്നെണ്ണവും ഉപയോക്താവിനെ തൃപ്തിപ്പെടുത്താനുള്ള നിലവാരം പ്രകടിപ്പിക്കുന്നില്ല എന്നു തന്നെ പറയേണ്ടി വരും.

OnePlus 7 Pro Camera Specs

    • Main Camera
      Sony IMX586
      48 megapixels (normally outputs 12-megapixel images)
      1.6 µm (4 in 1) pixels, OIS, EIS, f/1.6
    • Telephoto
      8 megapixels
      1.0 µm pixels, OIS, f/2.4
      3x optical zoom
    • Wide Angle
      16 megapixels
      f/2.2
      117-degree field of view
    • Selfie Camera
      Sony IMX471
      16 megapixels
      1.0 µm pixels, EIS, f/2.0
      Video: 1080p at 30 fps
    • Video Capability
      4K at 30 / 60 fps, 1080p at 30 / 60 fps
      Super Slow Motion: 1080p at 240 fps, 720p at 480 fps
      Time-lapse
    • Other Features
      Multi Autofocus (PDAF+LAF+CAF)
      Modes: portrait, UltraShot, night mode, pro mode, AI Scene Detection, panorama, HDR, Studio Lighting, RAW Image

വണ്‍പ്ലസ് 7 പ്രോയില്‍ ഓഡിയോ ജാക്കില്ല! എല്ലാം ബ്ലൂടൂത്ത് വഴിയാണ്. അതിലെ പ്രകടനം വലിയ മോശമല്ല. മിതമായ ശബ്ദത്തില്‍ സ്റ്റീരിയോ സ്പീക്കറുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പക്ഷേ, ശബ്ദം പരമാവധിയെത്തുമ്പോള്‍ ചെറിയ വിറയല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള ശേഷി വ്യക്തമാക്കുന്ന IP റേറ്റിങ് നേടാന്‍ വണ്‍പ്ലസ് 7 പ്രോ മെനക്കെട്ടിട്ടില്ല. അത് അനാവശ്യമാണെന്നാണ് കമ്പനി പറയുന്നത്. ഇത് തെളിയിക്കാന്‍ ഫോണ്‍ ഒരു ബക്കറ്റ് വെള്ളത്തിലിടുന്നതിന്റെ വീഡിയോ കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, ഉപയോക്താവിന് വിശ്വാസം IP റേറ്റിങ് തന്നെ.

ആന്‍ഡ്രോയ്ഡ് 9 പൈ ആധാരമാക്കി വണ്‍പ്ലസ് സ്വന്തമായി രൂപകല്പന ചെയ്ത ഓക്‌സിജന്‍ ഒ.എസാണ് ഈ ഫോണിലുള്ളത്. ഓരോ ഉപയോക്താവിന്റെ അഭിരുചിക്കനുസരിച്ച് മാറ്റം വരുത്താവുന്ന ധാരാളം സങ്കേതങ്ങള്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഗൂഗിള്‍ ഓരോ തവണ പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറക്കുമ്പോഴും അത് സ്വാംശീകരിച്ച് ആവശ്യമായ പരിഷ്‌കാരങ്ങള്‍ ഉടനടി വരുത്തി സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നത് വണ്‍പ്ലസിന്റെ മികവാണ്.

ഇനി വിലയിലേക്ക്. 6GB റാമും 128GB സംഭരണശേഷിയുമുള്ള മോഡലിന് വില 48,999 രൂപയാണ്. 8GB റാമും 256GB സംഭരണശേഷിയുള്ള മോഡിന് വില 52,999 രൂപ. ഏറ്റവും കൂടിയത് 12GB റാമും 256GB സംഭരണശേഷിയുമുള്ള മോഡലാണ്. അതിനു വില 57,999 രൂപ. ബാറ്റ ചെരുപ്പിന്റെ വില പോലെ ഈ 99 രൂപയുടെ കണക്കെന്താണെന്ന് അത്ഭുതം തോന്നാം. പക്ഷേ, ലഭിക്കുന്ന ശേഷിക്ക് ഈ വില വളരെ കുറവാണെന്ന് അംഗീകരിക്കാതെ വയ്യ.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks