Reading Time: 6 minutes

ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് യന്ത്രത്തിലായിക്കഴിഞ്ഞു. ഇനി കൂട്ടലിനും കിഴിക്കലിനും സ്ഥാനമില്ല. മെയ് 23ന് ഫലമറിയാം. അതിനു മുമ്പു തന്നെ ചിലര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആധാരമാക്കിയാണ് ഈ ആഘോഷം.

പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇന്ത്യയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളല്ല. അങ്ങ് ഓസ്‌ട്രേലിയയിലേതാണ്. അവിടെയും തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഒന്നും രണ്ടുമല്ല, 56 സര്‍വേ ഫലങ്ങളാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവന്നത്. ഇതില്‍ കൂടുതലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഒന്നൊഴിയാതെ എല്ലാം പ്രവചിച്ചത് ലേബര്‍ പാര്‍ട്ടിയുടെ വിജയം. എന്നാല്‍, പെട്ടി പൊട്ടിച്ചപ്പോള്‍ ജയിച്ചു കയറിയത് ലിബറല്‍ ദേശീയ സഖ്യം.

മാസങ്ങള്‍ക്കു മുമ്പ് മാത്രം ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രധാനമന്ത്രിയായ സ്‌കോട്ട് ജോണ്‍ മോറിസണ്‍ ഇപ്പോഴത്തെ അത്ഭുതവിജയത്തിലൂടെ ഓസ്‌ട്രേലിയയില്‍ മാത്രമല്ല, ലോകമാധ്യമങ്ങള്‍ക്കു മുന്നിലും താരമാണ്. സ്‌കോട്ട് മോറിസണ്‍ എന്ന പേരിനൊപ്പം തന്നെ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ എക്‌സിറ്റ് പോളുകളുടെ പരാജയവും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇപ്പോള്‍ പുറത്തുവന്ന ഇന്ത്യയിലെ എക്‌സിറ്റ് പോളുകളുടെ കാര്യവും ഇതുമായി ചേര്‍ത്ത് വായിക്കപ്പെടുന്നു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കുടുംബത്തോടൊപ്പം തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നു

8 സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് അവസാന ഘട്ടമായ മെയ് 19ന് പൂര്‍ത്തിയായത്. അതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം നിങ്ങള്‍ ഏതു പാര്‍ട്ടിക്ക് വോട്ടു ചെയ്തു എന്നു ജനങ്ങളോട് ചോദിച്ച ശേഷം അത് ആധാരമാക്കി ആരു ജയിക്കാനാണ് സാദ്ധ്യത എന്ന നിഗമനത്തിലെത്തുന്നതാണ് എക്‌സിറ്റ് പോള്‍. ഒപീനിയന്‍ പോളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണിത്. ഏതു പാര്‍ട്ടിക്ക് വോട്ടു ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നു ചോദിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് ഫലം പുറത്തുവിടുന്നതാണ് ഒപീനിയന്‍ പോള്‍ അഥവാ അഭിപ്രായ വോട്ടെടുപ്പ്. അതിനാല്‍ത്തന്നെ എക്‌സിറ്റ് പോളിന് കൃത്യത കൂടുതലായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

2019 EXIT POLLS -LOK SABHA

TimesNow-VMR | NDA 303-309, UPA 129-135, Others 101-107
News24-Today’s Chanakya | NDA 336-364, UPA 86-104, Others 86-104
India Today-Axis | NDA 339-365, UPA 78-108, Others 69-95
News 18-IPSOS | NDA-336, UPA-82, Others-124
Republic-CVoter | NDA-287, UPA-128, Others-127
ABP-CSDS | NDA-277, UPA-130, Others-142
News Nation | NDA 282-290, UPA 118-126, Others 130-138
Neta-NewsX | NDA-242, UPA-164, Others-136
India News-Polstrat | NDA-287, UPA-128, Others-127
Republic-Jan Ki Baat | NDA-305, UPA-124, Others-113

ഇത്തവണത്തെ എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തില്‍ യു.ഡി.എഫ്. വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും ഭൂരിപക്ഷം സര്‍വേകള്‍ പറയുന്നു. ഇതു ശരിയാകുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. സമീപകാലത്തെ അനുഭവങ്ങള്‍ വെച്ച് ഇത് ശരിയാകാതിരിക്കാനാണ് സാദ്ധ്യത കൂടുതല്‍ എന്നു പറയേണ്ടിവരുന്നു. അങ്ങനെ പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ട്.

എക്‌സിറ്റ് പോള്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ജനവികാരമാണെങ്കിലും അതിന്റെ കൃത്യത ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് -എത്രമാത്രം ആളുകളെ കണ്ടു, എത്രയിടത്ത് കണ്ടു, അങ്ങനെ കണ്ടവര്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തി എന്നൊക്കെ. ആളുകള്‍ കൂട്ടത്തോടെ വോട്ടു ചെയ്യുന്നിടത്ത് രാഷ്ട്രീയക്കാറ്റിന്റെ ഗതി നിര്‍ണ്ണയിക്കുക എളുപ്പമാവും. എന്നാല്‍, ഒരു വിഭാഗം ജനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ഇഷ്ടം വെളിപ്പെടുത്തണ്ടായെന്നു തീരുമാനിക്കാറുണ്ട്. ഇവരാണ് എക്‌സിറ്റ് പോളുകളുടെ ശരി-തെറ്റുകള്‍ നിര്‍ണ്ണയിക്കുന്നത്. ഈ വിഭാഗത്തില്‍ ആളുകള്‍ കൂടിവരുന്നു എന്നതാണ് ഇന്ത്യയിലെ സമീപകാല എക്‌സിറ്റ് പോളുകളുടെ ചരിത്രം എടുത്തുകാട്ടുന്ന പ്രതിസന്ധി.

2004 EXIT POLLS -LOK SABHA

Aajtak-ORG MARG| NDA-248, UPA-190, Others-105
NDTV-AC Nielsen | NDA 230-250, UPA 190-205, Others 100-120
Star News-C-Voter | NDA 263-275, UPA 174-186, Others 86-98
Zee News | NDA-249, UPA-176, Others-117

2003ല്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയ മികച്ച വിജയമാണ് 2004ല്‍ പാര്‍ലമെന്റ് നേരത്തേ പിരിച്ചുവിട്ട് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും നല്‍കിയത്. എക്‌സിറ്റ് പോളുകള്‍ ഈ പ്രതീക്ഷ ശരിവെയ്ക്കുകയും ചെയ്തു. വന്ന എക്‌സിറ്റ് പോളുകളുടെ എല്ലാം കൂടി ശരാശരി നോക്കിയാല്‍ എന്‍.ഡി.എയ്ക്ക് 255, യു.പി.എയ്ക്ക് 183, മറ്റുള്ളവര്‍ക്ക് 105 എന്നിങ്ങനെയാണ് വരിക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍.ഡി.എയ്ക്ക് ലഭിച്ചത് 181 സീറ്റുകള്‍ മാത്രം. ഇതില്‍ 138 സീറ്റുകളായിരുന്നു ബി.ജെ.പിയുടെ സമ്പാദ്യം. 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതടക്കം 219 സീറ്റുകള്‍ ലഭിച്ച യു.പി.എ. 137 സീറ്റുകള്‍ നേടിയ മറ്റുള്ളവരിലെ വലിയൊരു വിഭാഗത്തെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കി. ഇതില്‍ 59 സീറ്റുകള്‍ ഇടതുപക്ഷത്തിന്റെയായിരുന്നു. മാത്രമല്ല, പിന്നീട് 10 വര്‍ഷം തുടര്‍ച്ചയായി യു.പി.എ. രാജ്യം ഭരിച്ചു.

2009 EXIT POLLS -LOK SABHA

CNN IBN-Dainik Bhaskar | UPA 185-205, NDA 165-185, Third Front 110-130, Fourth Front 25-35
Star-Nielsen | UPA-199, NDA-196, Third Front-100, Fourth Front-36
India TV-CVoter | UPA 189-201, NDA 183-195, Third Front 105-121

2009ലെ തിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോള്‍ പ്രവചനം പാളുന്നതാണ് കണ്ടത്, 2004ലെ അത്ര പിശകില്ലെങ്കിലും. 2009ല്‍ ഭരണകക്ഷിയായ യു.പി.എയ്ക്ക് ലഭിക്കാനിടയുള്ളതായി പ്രവചിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന സീറ്റ് വിഹിതം 205 ആയിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സിനു മാത്രം 206 സീറ്റുകള്‍ കിട്ടി. യു.പി.എയ്ക്ക് ആകെ ലഭിച്ചത് 262 സീറ്റുകള്‍. പരമാവധി 196 സീറ്റുകള്‍ പ്രവചിക്കപ്പെട്ട ബി.ജെ.പിക്ക് കിട്ടിയത് 116 സീറ്റുകള്‍ മാത്രം. മൂന്നാം മുന്നണിക്ക് 79 സീറ്റുകളും നാലാം മുന്നണിക്ക് 27 സീറ്റുകളും കിട്ടി.

2014 EXIT POLLS -LOK SABHA

CNN IBN-CSDS Lokniti | NDA-276, UPA-97, Others-148
India Today-Cicero | NDA 261-183, UPA 110-120, Others 150-162
News 24-Chanakya | NDA-340, UPA-70, Others-133
Times Now-ORG | NDA-249, UPA-148, Others- 146
ABP News-Nielsen | NDA-274, UPA-97, Others-165
NDTV-Hansa Research | NDA-279, UPA-103, Others-161

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബി.ജെ.പി. വിജയം പ്രവചിച്ചിരുന്നു. ഇതില്‍ ന്യൂസ് 24-ചാണക്യ മാത്രമാണ് ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ചത്. ഭൂരിഭാഗം പോളുകളും പ്രവചിച്ചത് ബി.ജെ.പി. വിജയിക്കുമെങ്കിലും 272 എന്ന മാന്ത്രികസംഖ്യ തൊടാനാവാതെ പോകുമെന്നാണ്. എന്നാല്‍, യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ എന്‍.ഡി.എയുടെ സീറ്റ് ശേഖരം 300 കവിഞ്ഞുവെന്നു മാത്രമല്ല ബി.ജെ.പി. ഒറ്റയ്ക്കു തന്നെ ഭൂരിപക്ഷം നേടുകയും ചെയ്തു. ബി.ജെ.പിയുടെ 282 അടക്കം എന്‍.ഡി.എയ്ക്ക് 336 സീറ്റുകളാണ് കിട്ടിയത്. മറുഭാഗത്ത് കോണ്‍ഗ്രസ് 44ലേക്കു ചുരുങ്ങിയപ്പോള്‍ യു.പി.എയ്ക്ക് ആകെ ലഭിച്ചത് 66 സീറ്റുകള്‍ മാത്രം. മറ്റുള്ളവര്‍ 147 സീറ്റുകള്‍ നേടി.

2015 EXIT POLLS -DELHI

Today’s-Chanakya | BJP-22, AAP -48, Congress- 0
India Today-Cicero | BJP 19-27, AAP 38-46, Congress 3-5
ABP News-AC Nielsen | BJP-26, AAP-43, Congress-1
India TV-CVoter | BJP 23-27, AAP 35-43, Congress 1-3

ഇതുപോലെ 2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോളുകാര്‍ക്ക് ശരിക്കുമൊരു സുനാമിയായിരുന്നു. ഒരു എക്‌സിറ്റ് പോള്‍ പോലും ഇത്തരമൊരു ഫലം പ്രവചിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടി ജയിക്കുമെന്ന് എല്ലാ സര്‍വേകളും പ്രവചിച്ചുവെന്നത് ശരി തന്നെ. പക്ഷേ, അവര്‍ക്ക് ലഭിക്കാന്‍ സാദ്ധ്യതയുള്ളതായി പരമാവധി കണക്കാക്കിയിരുന്ന സീറ്റ് 48 ആയിരുന്നു. എന്നാല്‍ പരമാവധി 27 സീറ്റു വരെ പ്രവചിക്കപ്പെട്ടിരുന്ന ബി.ജെ.പിക്ക് ഫലം വന്നപ്പോള്‍ കിട്ടിയത് വെറും 3 സീറ്റ്. 70 അംഗ നിയമസഭയിലെ ബാക്കി 67 സീറ്റും ആം ആദ്മിക്കാര്‍ കൊണ്ടുപോയി.

2015ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനും 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനും ഇതുപോലെ പറയാനുള്ളത് എക്‌സിറ്റ് പോള്‍ പൊളിഞ്ഞ കഥകളാണ്. വികസനരഥത്തിലേറി നിതീഷ്‌കുമാര്‍ തുടര്‍ഭരണം ലക്ഷ്യമിട്ട ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭ. എന്നാല്‍, ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസ്സും ചേര്‍ന്ന മഹാസഖ്യം മികച്ച വിജയം നേടിയെന്നത് അന്തിമഫലം. ഇവര്‍ക്ക് 178 സീറ്റുകള്‍ കിട്ടിയപ്പോള്‍ ബി.ജെ.പിക്ക് 58 മാത്രം. ലാലു പ്രസാദിന്റെ ആര്‍.ജെ.ഡിയാകട്ടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി!

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, എല്ലാ എക്‌സിറ്റ് പോളുകളെയും കാറ്റില്‍പ്പറത്തി 300ലേറെ സീറ്റുകള്‍ നേടിയ ബി.ജെ.പി. എല്ലാവരെയും അമ്പരപ്പിച്ചു. ബി.ജെ.പിക്ക് 325 സീറ്റുകള്‍ കിട്ടിയപ്പോള്‍ ഭരണകക്ഷിയായ എസ്.പിയും കോണ്‍ഗ്രസ്സും ചേര്‍ന്ന സഖ്യത്തിന് 19 സീറ്റുകള്‍ മാത്രമായിരുന്നു. മായാവതിയുടെ ബി.എസ്.പിക്ക് 47 സീറ്റുകള്‍ കിട്ടി.

എന്തായാലും 2004നു ശേഷം എക്‌സിറ്റ് പോളുകള്‍ക്ക് ശനിദശയാണ്. ഇക്കുറിയും അത് മാറാന്‍ സാഹചര്യമൊന്നും കാണുന്നില്ല. ബി.ജെ.പി. ഒറ്റയ്‌ക്കോ എന്‍.ഡി.എ. എന്ന നിലയിലോ കേവലഭൂരിപക്ഷം നേടാനുള്ള സാദ്ധ്യതയില്ല എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. കാരണം, ഏറ്റവും ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത് ഗ്രാമങ്ങളിലാണ്. എക്‌സിറ്റ് പോളുകള്‍ നഗരകേന്ദ്രീകൃതമാണ്. അതില്‍ ഗ്രാമീണജനതയുടെ വികാരം പതിയില്ല. അതിനാല്‍ത്തന്നെയാണ് 2004നു ശേഷം ജനവികാരം അവ പ്രതിഫലിപ്പിക്കാത്തത്.

മാത്രമല്ല, രാജ്യത്തെ 542 സീറ്റുകളിലും എത്തി സര്‍വേ -ഒപീനിയന്‍ പോളായായും എക്‌സിറ്റ് പോളായാലും -നടത്തണമെങ്കില്‍ കുറഞ്ഞത് 50 കോടി രൂപയെങ്കിലും ചെലവു വരും. സംസ്ഥാനം മൊത്തത്തില്‍ നോക്കുന്ന തരത്തില്‍ എടുത്താല്‍ത്തന്നെ 20 കോടി രൂപ വേണം. ഇത്രയും പണം ചെലവിടാന്‍ ഏതെങ്കിലും ചാനലിനു ശേഷിയുണ്ടോ എന്ന ചോദ്യമുണ്ട്. അപ്പോള്‍ ഒന്നുകില്‍ ആരെങ്കിലും പിന്നില്‍ നിന്ന് പണം കൊടുത്ത് അവര്‍ക്കനുകൂലമായി ചെയ്യിക്കുന്നു. അല്ലെങ്കില്‍ തട്ടിക്കൂട്ടി കണക്കവതരിപ്പിക്കുന്നു. പല ചാനലുകളും അവതരിപ്പിച്ച ഒപീനിയന്‍ പോളില്‍ നിന്നു വിരുദ്ധമാണ് എക്‌സിറ്റ് പോള്‍. ഇതില്‍ നിന്നു വ്യത്യസ്തമായിരിക്കും അന്തിമഫലം. പക്ഷേ, ഇതൊക്കെ ആര് പരിശോധിക്കുന്നു! ചുരുക്കിപ്പറഞ്ഞാല്‍ ദേശീയ തലത്തില്‍ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. എന്‍.ഡി.എ. ഏറ്റവും വലിയ മുന്നണിയുമാകും. അത്ര തന്നെ.

സര്‍വേകള്‍ പ്രചരിപ്പിക്കുംപോലെ കേരളത്തില്‍ എല്‍.ഡി.എഫ്. തകര്‍ന്നടിയുകയൊന്നുമില്ല. ഏറ്റവും കുറഞ്ഞത് 8 സീറ്റെങ്കിലും ഇടതുപക്ഷം ജയിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. കൃത്യമായ അവലോകനത്തിലൂടെ അതു ബോദ്ധ്യമാകും. കാസര്‍കോട്, വടകര, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പിക്കാം എന്നു തന്നെയാണ് അവിടത്തെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാവുക. ഇതിനു പുറമെ കണ്ണൂര്‍, കോഴിക്കോട്, ചാലക്കുടി, പത്തനംതിട്ട എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് വിജയസാദ്ധ്യതയുണ്ട്. ബി.ജെ.പി. കേരളത്തില്‍ ഒരു സീറ്റുപോലും ജയിക്കില്ല. മാത്രമല്ല ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്തു പോലും എത്തില്ലെന്നും പറയേണ്ടി വരുന്നു.

Previous articleമികവിന് കുറഞ്ഞ വില
Next articleകൂട്ടത്തോല്‍വി വരുത്തുന്ന വികസനം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here