കേരളത്തിലെ വാര്‍ത്താസംവിധാനത്തെ നിയന്ത്രിക്കുന്നത് 2 പത്രഭീമന്മാരാണ് -മലയാള മനോരമയും മാതൃഭൂമിയും. റേഡിയോയും ചാനലും പോര്‍ട്ടലുമെല്ലാം വന്നുവെങ്കിലും ഈ പത്രങ്ങള്‍ക്ക് കാര്യമായ ശക്തിക്ഷയം സംഭവിച്ചിട്ടില്ല. മാത്രമല്ല, അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുക എന്നതായിരുന്നു അടുത്ത കാലം വരെ ഈ പത്രങ്ങളുടെ മികവ്. ആ പതിവിന് ചെറിയ തോതിലെങ്കിലും കോട്ടം സംഭവിച്ചുവോ എന്ന സംശയം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. മനോരമയുടെയും മാതൃഭൂമിയുടെയും വളര്‍ച്ച മുരടിക്കുന്നു എന്നു തന്നെയാണ് പത്രങ്ങളുടെ പ്രചാരം സംബന്ധിച്ച പുതിയ കണക്കുകള്‍ പറയുന്നത്. വളര്‍ച്ചയുടെ തോതില്‍ കുറവു വരികയോ വളര്‍ച്ചയില്ലാതായി പ്രചാരം കുറയുകയോ ചെയ്തിട്ടുണ്ട് എന്നു സാരം.
സര്‍ക്കുലേഷന്‍ അവകാശവാദങ്ങള്‍ക്ക് സാധാരണ നിലയില്‍ പത്രങ്ങള്‍ ഓഡിറ്റി ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് എന്ന എ.ബി.സിയെയാണ് ആശ്രയിക്കുക. ഓരോ പത്രവും അച്ചടിക്കുന്ന കോപ്പികള്‍ എ.ബി.സിയാണ് കണക്കെടുക്കുന്നത്. അപൂര്‍വ്വമായി മാത്രം ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ എന്ന ഐ.ആര്‍.എസിന്റെ കണക്കുകളും പത്രങ്ങള്‍ പരസ്യത്തിന് ഉപയോഗിക്കാറുണ്ട്. വായനക്കാരുടെ എണ്ണം വെച്ചാണ് ഈ കണക്കുകള്‍ വരിക.
അടുത്തിടെ മനോരമയും മാതൃഭൂമിയും പ്രചാരണത്തിന്റെ അവകാശവാദങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. ഇരുകൂട്ടരും ആധാരമാക്കിയിരിക്കുന്നത് വായനക്കാരുടെ എണ്ണമാണ്. 2019ലെ ആദ്യ 3 മാസങ്ങളിലെ ഐ.ആര്‍.എസ്. കണക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് പുറത്തുവന്നപ്പോള്‍ മനോരമയ്ക്ക് 1,74,77,000 വായനക്കാരുണ്ട്. മാതൃഭൂമിക്കുള്ളത് 1,29.51,000 വായനക്കാര്‍. പത്രത്തിന്റെ ഒരു കോപ്പി കേരളത്തില്‍ ശരാശരി 7 പേര്‍ വായിക്കുന്നു എന്നാണ് കേരളത്തിലെ കണക്ക്. അണുകുടുംബങ്ങളുടെ ഇക്കാലത്ത് ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ഇതുവരെ മനസ്സിലാവാത്ത കാര്യമാണ്. എന്തായാലും കണക്ക് കണക്കാണല്ലോ!
കൂടുതല്‍ വിശ്വാസ്യത എ.ബി.സി. വെച്ചുള്ള കോപ്പി കണക്കുകള്‍ക്കാണെന്നിരിക്കെ ഈ 2 ഭീമന്മാരും അത് പരസ്യത്തിന് ഉപയോഗിക്കാത്തത് എന്താണെന്ന സംശയമുയരുക സ്വാഭാവികം. ഐ.ആര്‍.എസ്. പറയുന്നത്ര വായനക്കാരുണ്ടാവണമെങ്കില്‍ മനോരമ ദിവസേന 24,96,714 കോപ്പി അച്ചടിക്കണം. മാതൃഭൂമി പ്രതിദിനം അച്ചടിക്കേണ്ടത് 18,50,143 കോപ്പിയാണ്. ഇരു പത്രങ്ങള്‍ക്കും അത്രയും പ്രചാരമുണ്ടോ എന്നറിയാന്‍ എ.ബി.സിയുടെ കണക്കുകള്‍ ഒന്നു പരതി നോക്കി. അപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ടത്. മനോരമയും മാതൃഭൂമിയും ഇത്രമാത്രം കോപ്പിയൊന്നും അച്ചടിക്കുന്നില്ല.
വര്‍ഷത്തില്‍ 2 തവണയാണ് എ.ബി.സി. പ്രചാരണക്കണക്കുകള്‍ പ്രസിദ്ധീകരിക്കുക. ജനുവരി മുതല്‍ ജൂണ്‍ വരെ ഒന്നും ജൂലൈ മുതല്‍ ഡിസംബര്‍ വരെ മറ്റൊന്നും. ഏറ്റവും ഒടുവില്‍ പുറത്തുവന്ന എ.ബി.സി. കണക്ക് 2018 ജുലൈ-ഡിസംബര്‍ കാലയളവിലെയാണ്. ഈ സമയത്ത് മലയാള മനോരമ 23,70,333 കോപ്പികള്‍ അച്ചടിക്കുന്നുണ്ട്. മാതൃഭൂമി അച്ചടിക്കുന്നത് 13,39,072 കോപ്പികള്‍. ഇതനുസരിച്ച് ഐ.ആര്‍.എസിന്റെ കണക്കുമായി തട്ടിച്ചു നോക്കിയാല്‍ മനോരമയുടെ ഒരു കോപ്പി 7 പേര്‍ തന്നെയാണ് വായിക്കുന്നത്. എന്നാല്‍ മാതൃഭൂമിയുടെ ഒരു കോപ്പി 10 പേര്‍ വായിക്കുന്നുണ്ട്!! എന്താല്ലേ!!!
2018 ജനുവരി -ജൂണ്‍ കാലയളവില്‍ മനോരമയുടെ പ്രതിദിന പ്രചാരം 23,68,672 കോപ്പികളായിരുന്നു. ഇതില്‍ വെറും 1,661 കോപ്പികളുടെ വര്‍ദ്ധനയാണ് അടുത്ത 6 മാസ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. മാതൃഭൂമിയുടെ കാര്യം ഇതിലും പരിതാപകരമാണ്. 2018 ജനുവരി -ജൂണ്‍ കാലയളവില്‍ 13,63,931 കോപ്പികളുണ്ടായിരുന്നത് അടുത്ത 6 മാസ കാലയളവില്‍ 24,859 കോപ്പി കണ്ട് കുറഞ്ഞു. മാതൃഭൂമിയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് പ്രചാരത്തില്‍ കുറവുണ്ടാവുന്നത് എന്നാണറിവ്.
സാധാരണനിലയില്‍ ഒന്നു ചീഞ്ഞ് മറ്റൊന്നിനു വളമാവുക എന്നതാണ് രീതി. ആ നിലയില്‍ മാതൃഭൂമിയുടെ കോപ്പി കുറയുമ്പോള്‍ മനോരമയ്ക്ക് കോപ്പി കൂടണം. മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത സംഘടനകള്‍ ആ തരത്തില്‍ തന്നെയാണ് ആഹ്വാനം ചെയ്തത്. അതു നടന്നിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസവും. ഇത്തരത്തില്‍ മാതൃഭൂമി നിര്‍ത്തി മനോരമയാക്കി ‘മീശ’ പിരിച്ച ഒരുപാട് ആഢ്യന്മാരെ നേരിട്ടറിയാം. അപ്പോള്‍പ്പിന്നെ മനോരമയുടെ വളര്‍ച്ച 1,661 കോപ്പികളില്‍ ഒതുങ്ങിയത് എന്തുകൊണ്ട്? മനോരമയുടെ കോപ്പികള്‍ വേറെ എവിടെയോ കുറഞ്ഞതുകൊണ്ട് എന്നു തന്നെ പറയും. മനോരമയുടെ കോപ്പികള്‍ കുറഞ്ഞുവെങ്കിലും പഴയ മാതൃഭൂമിക്കാര്‍ കൂട്ടത്തോടെ വന്നു കയറിയതുകൊണ്ടു മാത്രം ഇത്തവണ അവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മനോരമയും തഥൈവ.
എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്ന് 2 പത്രങ്ങളുടെയും മാനേജ്‌മെന്റുകളും അവിടത്തെ പത്രപ്രവര്‍ത്തകരും ആത്മപരിശോധന നടത്തുന്നത് നന്നാവും. വാര്‍ത്തകളില്‍ രാഷ്ട്രീയമായ പക്ഷപാതിത്വം മുമ്പെങ്ങുമില്ലാത്ത വിധം ഈ 2 പത്രങ്ങളെയും അടുത്ത കാലത്ത് പിടികൂടിയിട്ടുണ്ട്. അല്ലെങ്കില്‍, മുമ്പില്ലാത്ത വിധം ഈ പക്ഷപാതിത്വം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ വരവോടെ പത്രങ്ങളുള്‍പ്പെടെ എല്ലാ മാധ്യമങ്ങളുടെയും പ്രവര്‍ത്തനം ജനങ്ങള്‍ ഓഡിറ്റ് ചെയ്യുന്നു. മാത്രമല്ല മുമ്പില്ലാത്ത വിധം പത്രം ബഹിഷ്‌കരിക്കാനുള്ള പ്രഖ്യാപനത്തിന് കാറ്റുപിടിക്കുന്നു. ഇത്തരം പ്രതിഷേധങ്ങളുടെ ഫലമായി തന്നെയാണ് മാതൃഭൂമിയുടെ പ്രചാരം കുറഞ്ഞത്. മനോരമയുടെ വളര്‍ച്ച മുരടിച്ചത്.
പ്രചാരത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ വായനക്കാര്‍ മെനക്കെടാറില്ല എന്നതുകൊണ്ടു മാത്രമാണ് ഈ പത്രഭീമന്മാരുടെ പരസ്യത്തട്ടിപ്പ് വിജയം കാണുന്നത്. 1,661 കോപ്പികളുടെ വര്‍ദ്ധന രേഖപ്പെടുത്തിയെന്നു പറഞ്ഞ് മനോരമയ്ക്ക് പരസ്യം ചെയ്യാനാവില്ല. 24,859 കോപ്പി കുറഞ്ഞുവെന്ന് പറഞ്ഞ് മാതൃഭൂമിക്ക് ഒരിക്കലും പറ്റില്ല. അപ്പോള്‍പ്പിന്നെ വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന എന്നു പറഞ്ഞ് പരസ്യം ചെയ്യുന്നതാണല്ലോ ഉചിതം. ഒരു കോപ്പിക്ക് ഏറ്റവുമധികം വായനക്കാരുള്ള പത്രമെന്നാവട്ടെ ഇനി മാതൃഭൂമിയുടെ പരസ്യം.