HomeSCITECHവൈറസിനെ പിടിക...

വൈറസിനെ പിടിക്കാന്‍ കേരളത്തില്‍ റാപിഡ് ടെസ്റ്റ്

-

Reading Time: 3 minutes

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമൂഹവ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.-എന്‍.ഐ.വി. അനുമതിയുള്ള റാപിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

സമൂഹത്തില്‍ സ്‌ക്രീനിങ് നടത്തിയശേഷം അവരില്‍ ഈ അതിവേഗ പരിശോധന നടത്തിയാല്‍ രോഗസാദ്ധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പിന്നീട് പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍.) പരിശോധനയ്ക്ക് വിധേയമാക്കാം. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപിഡ് ടെസ്റ്റ് തുടങ്ങാനാണ് സര്‍ക്കാരിന്റെ പരിപാടി.

നിലവില്‍ പി.സി.ആര്‍. ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുലാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.

പ്രാഥമിക സ്‌ക്രീനിങ്ങിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മുതല്‍ 30 വരെ മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയും ഇതിനുണ്ട്.

ശരീരത്തില്‍ എന്തെങ്കിലും വൈറസ് ബാധ ഉണ്ടോയെന്നറിയാനാണ് റാപിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ കോവിഡ് 19 തിരിച്ചറിയാന്‍ പി.സി.ആര്‍. ടെസ്റ്റ് നടത്തുന്നു. പി.സി.ആര്‍. ടെസ്റ്റിന് സമയവും ചെലവും കൂടുതലാണ്. എന്നാല്‍ സമൂഹവ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് വൈറസ് വ്യാപനം കണ്ടെത്താന്‍ റാപിഡ് ടെസ്റ്റ് നടത്തുന്നത്.

രക്ത പരിശോധനയിലൂടെയാണ് റാപിഡ് ടെസ്റ്റ് നടത്തുക. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികള്‍ തിരിച്ചറിയുന്ന രീതിയാണ് റാപിഡ് ടെസ്റ്റ് അവലംബിക്കുന്നത്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിമ്മിച്ചു തുടങ്ങും. ഈ ആന്റിബോഡികള്‍ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപിഡ് ടെസ്റ്റിലെ പരിശോധന രീതി. കൊറോണ വൈറസ് മാത്രമല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ റാപിഡ് ടെസ്റ്റാണ് ഉപയോഗിക്കുന്നത്. സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇത്തരം പരിശോധനകളിലൂടെ സാധിക്കും.

അതേസമയം, വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കൂ എന്നുമുണ്ട്. എങ്കിലും നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍, അവരുമായി ബന്ധപ്പെട്ടവര്‍ തുടങ്ങി എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപിഡ് ടെസ്റ്റ് സഹായിക്കും. ഈ ടെസ്റ്റിലൂടെ പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കാനും അവരില്‍ ആവശ്യമുള്ളവര്‍ക്ക് വിദഗ്ദ്ധ പരിശോധനയും ചികിത്സയും ലഭ്യമാക്കാനും സാധിക്കും. അതിലൂടെ സമൂഹവ്യാപനം പെട്ടെന്ന് തടയാനാകും.

വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍, അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കോവിഡ് രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍, കോവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നവരുമായ ആരോഗ്യപ്രവര്‍ത്തകര്‍, സാധാരണയില്‍ കവിഞ്ഞ് ഗുരുതര ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങള്‍, ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവര്‍ എന്നിവരെ മാത്രം റാപിഡ് ടെസ്റ്റിന് വിധേയമാക്കിയാല്‍ മതിയെന്നാണ് തീരുമാനം.

ഐ.സി.എം.ആറിന്റെ അനുമതിയുള്ള സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ക്ക് മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതിയുള്ളൂ. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS