കല്പറ്റ ടൗൺഷിപ്പിലെ പട്ടയം കൈമാറിയ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമെത്തി. വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ ഞായറാഴ്ച വെള്ളം നിറച്ചു. കെ.എസ്.ഇ.ബി. വൈദ്യുതിക്കു പുറമെ മുഴുവൻ വീടുകളിലും 2 കെ.വി. സോളാറുമുണ്ട്.
ചോർച്ച സംബന്ധിച്ച് അപവാദങ്ങൾ പ്രചരിച്ച സാഹചര്യത്തിൽ കർശന പരിശോധനകളാണ് നടത്തുന്നത്. നിർമ്മാണം പൂർത്തിയായ വീടുകളുടെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടി നിർത്തി നടത്തുന്ന പോണ്ടിങ് ടെസ്റ്റ് 2 തവണ നടത്തുന്നുണ്ട്. ചോർച്ചയുണ്ടാവാതിരിക്കാൻ മുഴുവൻ വീടുകളുടെ മുകളിലും ഫൈബര്‍മെഷ് വിരിച്ച് 2 തവണ സ്വിമ്മിങ് പൂൾ വാട്ടർപ്രൂഫിങ് നടത്തി. 2-7 സെൻ്റിമീറ്റർ കനത്തിൽ സ്ക്രിഡ് കോൺക്രീറ്റുമുണ്ട്. അവസാനഘട്ട ഗുണമേന്മാ പരിശോധനയുടെ ഭാഗമായ 3 വിദഗ്ദ്ധ പരിശോധനകൾ പുരോഗമിക്കുകയാണ്.
ലോകത്തിനു തന്നെ മാതൃകയായ പുനരധിവാസ പ്രവർത്തനമായി ശ്ലാഘിക്കപ്പെടുമ്പോഴും ടൗൺഷിപ്പിലെ വീടിൻ്റെ ചെലവ് കണക്കുകൾ പറഞ്ഞു പുകമറ സൃഷ്ടിക്കാനും രാഷ്ട്രീയ വിവാദമാക്കി മുതലെടുപ്പ് നടത്താനും ചിലരൊക്കെ ശ്രമിക്കുന്നുണ്ട്. അവരുയര്‍ത്തുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വിശദ പരിശോധന ആവശ്യമാണ്.
? വയനാട് പുനരധിവാസ പദ്ധതിയിലെ ഒരു വീടിന് എത്ര രൂപയാണ് ചെലവ്?
= വയനാട് പുനരധിവാസ പദ്ധതിയിലെ ഒരു വീടിന് 30 ലക്ഷം രൂപ ചെലവാകുമെന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായ ഒരു കണക്കല്ല.
? സത്യമെന്താണ്?
= സർക്കാർ അംഗീകരിച്ച സ്‌പെസിഫിക്കേഷനേുള്ള വീടിന്‍റെ മതിപ്പ് വില 20 ലക്ഷം രൂപയാണ്.
വയനാട് പുനരധിവാസപദ്ധതി ഒരു പാർപ്പിടവിതരണപദ്ധതി അല്ല. സ്വാഭാവികമായി രൂപപ്പെട്ടുവന്ന ഒരു സാമൂഹിക ആവാസവ്യവസ്ഥ തകർന്നടിഞ്ഞപ്പോൾ അവിടെ ജീവിച്ചുവന്ന മനുഷ്യർക്ക് ഒരുക്കുന്ന മെച്ചപ്പെട്ട സാമൂഹിക ആവാസവ്യവസ്ഥയാണ്. സ്വന്തമല്ലാത്ത കാരണത്താൽ മഹാദുരന്തത്തിന് ഇരയായ, ഛിന്നഭിന്നമായിപ്പോയ, അതിൻ്റെ എല്ലാ മനസികാഘാതവും അനുഭവിച്ച, ഒരു ജനതയ്ക്ക് മികവാർന്ന ജീവിതം സമ്മാനിക്കാനുള്ള ജനപക്ഷസർക്കാരിൻ്റെ പരിശ്രമമാണ്.
കല്പറ്റ നഗരത്തോടു ചേർന്ന് കിട്ടാവുന്ന ഏറ്റവും നല്ല ഭൂമി. നിയമവ്യവഹാരങ്ങൾക്കൊടുവിലാണ് ഈ എസ്റ്റേറ്റ് ഭൂമി ദുരന്തനിവാരണനിയമപ്രകാരം 44.33 കോടി രൂപയ്ക്ക് സർക്കാർ ഏറ്റെടുത്തത്. അവിടെയാണു ടൗൺഷിപ്. അതിൻ്റെ നിർമ്മാണം എൻജിനീയറിങ് പ്രൊക്യുയർമെൻ്റ് ആൻഡ് കൺസ്ട്രക്‌ഷൻ (ഇ.പി.സി.) കരാറിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയാണു സർക്കാർ ഏല്പിച്ചത്. ഗുണമേന്മ പരിശോധിക്കാനും പ്രവൃത്തി ഏകോപിപ്പിക്കാനും കിഫ്‌കോണിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ സംഘവുമുണ്ട്. നിർമ്മാണം തുടങ്ങും മുമ്പുതന്നെ നിർമ്മാണഭൂമിയിലെ മണ്ണിൻ്റെ സ്വഭാവം മനസിലാക്കാൻ ജിയോളജിക്കൽ സ്റ്റഡി നടത്തി. ജലത്തിൻ്റെ അവസ്ഥ അറിയാൻ സെൻ്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവെലപ്‌മെൻ്റ് ആൻഡ് മാനേജ്മെൻ്റിനെക്കൊണ്ട് ഹൈഡ്രോളജിക്കൽ സ്റ്റഡിയും ഊരാളുങ്കൽ സൊസൈറ്റി നടത്തിയിരുന്നു. അവയുടെ അടിസ്ഥാനത്തൽക്കൂടി ആയിരുന്നു നിർമ്മാണാസൂത്രണം.
ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത് 35 ക്ലസ്റ്ററുകളിലായാണ്. വീടുകൾ മാത്രമല്ല പദ്ധതിയിലുള്ളത്. ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്കു കളിക്കാനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടാനും പൊതുവിടങ്ങള്‍ ഉണ്ടാകും. ഓരോ വീടിനും മുന്നിലെത്തുന്ന 11.42 കിലോമീറ്റർ റോഡുണ്ട്. അതിലെ കലുങ്കുകളും പാലങ്ങളുമുണ്ട്; ഓടയുണ്ട്; ഇവയുടെ സംരക്ഷണഭിത്തികളുണ്ട്. ടൗൺഷിപ്പിലാകെ തെരുവുവിളക്കുകളുണ്ട്. 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ളസംഭരണിയും അതിൽനിന്നുള്ള കുടിവെള്ളവിതരണ പൈപ്പുകളുമുണ്ട്. വൈദ്യുതിവിതരണ ശൃംഖല മണ്ണിനടിയിലൂടെയാണ്. കോൺക്രീറ്റ് ട്രെഞ്ച് വഴിയുള്ള വൈദ്യുതിവിതരണം പരമാവധി സുരക്ഷ, ഈട്, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവ ഉറപ്പുനല്കുന്നു. ഓവർഹെഡ് ലൈനുകൾ ഒഴിവാകുന്നത് ടൗൺഷിപ്പിനു ഭംഗിയും പകരും. വൈദ്യുതിത്തൂണും ലൈനും ഇല്ലാത്ത വയനാട് ജില്ലയിലെ ആദ്യപ്രദേശം ആകുകയും ചെയ്യും ഈ ടൗൺഷിപ്. മറ്റു പൊതുസേവനങ്ങൾക്കും ടൗൺഷിപ്പിലുടനീളം യൂട്ടിലിറ്റി ഡക്ടുണ്ട്. പൊതുവായ ഡ്രെയിനേജ്, സ്വിവറേജ് സംവിധാനങ്ങളും സ്വിവറേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റുമുണ്ട്. മാലിന്യസംസ്ക്കരണത്തിനായി മെറ്റീരിയൽ കളക്‌ഷൻ സെൻ്ററും നിർമ്മിക്കുന്നുണ്ട്. എല്ലാ വീടും പരിസരവും നിരീക്ഷിക്കാൻ പാകത്തിൽ ടൗൺഷിപ്പിൽ ഉടനീളം സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും.പാർപ്പിടങ്ങൾക്കും അവയ്ക്കു വേണ്ട ഈ അടിസ്ഥാനസൗകര്യങ്ങൾക്കുമാണ് മുൻഗണന. അതുകഴിഞ്ഞാലുടൻ മറ്റു പൊതുസൗകര്യങ്ങളായ കമ്യൂണിറ്റി സെൻ്റർ, പൊതുമാർക്കറ്റ്, ആരോഗ്യകേന്ദ്രം, അങ്കണവാടി, ഓപ്പൺ തിയറ്റർ, റിക്രിയേഷൻ കേന്ദ്രം, ഫുട്ബോൾ ഗ്രൗണ്ട്, ഉരുൾ സ്മാരകം എന്നിവ ഒരുക്കും. വീടുകൾ പൂർത്തിയായാലുടൻ ഇവയുടെ നിർമ്മാണം തുടങ്ങും. വന്യമൃഗങ്ങൾ ടൗൺഷിപ്പിലേക്കു പ്രവേശിക്കുന്നതു തടയാൻ, അതിർത്തിയിൽ 3.5 കിലോമീറ്റർ ചുറ്റളവിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതവേലി രൂപകല്പന ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ ഇങ്ങനെ പറഞ്ഞെങ്കിലും പലതിനും വിശദാംശങ്ങളുണ്ട്. ഉദാഹരണത്തിനു വൈദ്യുതിവിതരണത്തിൻ്റെ കാര്യമെടുക്കാം. ടൗൺഷിപ്പോളം വൈദ്യുതി എത്തിക്കുന്നത് കെ.എസ്.ഇ.ബിയാണ് – 11 കെ.വി. ലൈൻ വഴി. ടൗൺഷിപ്പിലെ സബ്സ്റ്റേഷനുകളടക്കമുള്ള വൈദ്യുതിവിതരണസംവിധാനം പ്രൊജക്ടിൻ്റെ ഭാഗമാണ്. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയാണ് അതെല്ലാം നിർമ്മിക്കുന്നത്. ഇതു മുഴുവൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് സുരക്ഷ, പ്രവർത്തനക്ഷമത, കാലാവസ്ഥാപ്രതിരോധം, ഭാവിയിലെ വിപുലീകരണക്ഷമത എന്നിവയിലെല്ലാം ഊന്നി സൂക്ഷ്മതയോടെയാണ്. ടൗൺഷിപ്പിനുള്ളിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 11 കെ.വി. / 415 വി. ഔട്ട്‌ഡോർ സബ്‌സ്റ്റേഷനുകൾ വഴിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കൃത്യമായ വൈദ്യുതിവിതരണം ഉറപ്പാക്കാൻ ഓരോ സബ്‌സ്റ്റേഷനിലും റിങ് മെയിൻ യൂണിറ്റുകളും (ആർ.എം.യു) ഉയർന്ന കാര്യക്ഷമതയുള്ള വിതരണ ട്രാൻസ്‌ഫോർമറുകളും സജ്ജീകരിച്ചിരിക്കുന്നു. വൈദ്യുതിസംവിധാനത്തിനു സുരക്ഷിതമായ നിയന്ത്രണം നൽകാൻ കാലാവസ്ഥയെ പ്രതിരോധിക്കുന്ന, ഐ.പി.-റേറ്റഡ് ഔട്ട്‌ഡോർ പോളികാർബണേറ്റ് പാനൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സബ്‌സ്റ്റേഷനുകളിൽനിന്ന്, ടൗൺഷിപ്പിലുടനീളം വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഔട്ട്‌ഡോർ പോളികാർബണേറ്റ് ഫീഡർ പില്ലറുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നു. അവിടെ മീറ്ററിങ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാം നിർമ്മാണപ്രൊജക്ടിൻ്റെ ഭാഗം.
ഇതെല്ലാം ചേർന്നതാണു വയനാട് പുനരധിവാസ പദ്ധതി. അതിനാണ് 299 കോടി രൂപ. വീടുകൾക്ക് ജി.എസ്.ടിക്കു പുറമെ ശരാശരി 22 ലക്ഷം രൂപമാത്രമാണു ചെലവ്. വീടിൻ്റെ ചെലവു മാത്രമല്ല ഇത്. നിരപ്പില്ലാത്ത തോട്ടംഭൂമി തട്ടുകളാക്കി നിരപ്പാക്കി ലാൻഡ്‌സ്കേപ്പിങ് ചെയ്ത്, ചരിവുകൾക്കു സുരക്ഷ ഉറപ്പാക്കി, റീട്ടയിനിങ് വാളുകൾ കെട്ടി വാസയോഗ്യം ആക്കി വേണമായിരുന്നു പണി തുടങ്ങാൻ. ഇതു കരാറുകാർ വഹിക്കണം. 5 വർഷത്തിനിടെ ഉണ്ടാകാവുന്ന എല്ലാ തകരാറുകളും പരിഹരിച്ചുനല്കാനുള്ള ഉത്തരവാദിത്വവും കരാറുകാർക്കുണ്ട്. ഇതെല്ലാം ഉൾപ്പെടെയാണു വീടുനിർമ്മാണച്ചെലവ്.
ഈ വീട്ടിൽ എന്തൊക്കെയുണ്ട്?
1,000 ചതുരശ്ര അടിവിസ്തീർണ്ണം
2 കിടപ്പുമുറി, 2 ശുചിമുറി, ഡൈനിങ് ഹാൾ, ലിവിങ് റൂം, പഠനമുറി, അടുക്കള, വർക്ക് ഏരിയ, സിറ്റൗട്ട്
അടുക്കളയിൽ കിച്ചൺ സ്ലാബിനു താഴയായി കബോഡുകൾ; കൂടാതെ 2 സൈഡുകളിലും കബോഡുകൾ, ഒരു വാഷ്‌ബേസിൻ
ഐ.എസ്. സ്റ്റാൻഡാർഡ് 1,000 ലീറ്റർ ഓവർ ഹെഡ് വാട്ടർ ടാങ്ക്
ഗേറ്റ് മുതൽ സ്റ്റെപ്പ് വരെ പാത്ത് വേയും സിറ്റ് ഔട്ടിനു മുൻവശവും ടൈൽ പാകിയതായിരിക്കും
ഗേറ്റോടെ ചുറ്റുമതിൽകെട്ടി സുരക്ഷിതമാക്കിയ പ്ലോട്ട്
എല്ലാ നിർമ്മാണവസ്‌തുക്കളും മികച്ച ബ്രാൻഡുകൾ
2 നിലയിലധികം നിർമിക്കാൻ ശേഷിയുള്ളതാണ് അടിത്തറ. പ്രളയവും ഭൂകമ്പവും അടക്കമുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതികവിദ്യയിലാണ് എല്ലാ നിർമ്മാണങ്ങളും. മണ്ണു പരിശോധിച്ച് അതിനനുസരിച്ച് 1.5 മുതൽ 2.5 വരെ മീറ്റർ കുഴിയെടുത്ത് നാലുപാളികളിലായി കോൺക്രീറ്റ് ഫൂട്ടിങ് കെട്ടിയാണ് അടിത്തറ. ഓരോ വീടിനും 90 സെൻ്റീമീറ്റർ നീളവും 20 സെൻ്റീമീറ്റർ വീതിയുമുള്ള 9 റീഇൻഫോഴ്സ്‌ഡ് കോൺക്രീറ്റ് പില്ലറുകളുണ്ട്. പ്ലിന്ത് ബീമിനു വീതി 20 സെൻ്റീമീറ്ററും കനം 60 സെൻ്റീമീറ്ററും വരെയുണ്ട്. വാർപ്പിനും പില്ലറിനും കോൺക്രീറ്റ് ഉപയോഗിക്കുന്നത് ശാസ്ത്രീയമായി കരുത്തു പരിശോധിച്ചശേഷം മാത്രം. മേൽക്കൂര കോൺക്രീറ്റാണ്. ചൂടു കുറയ്ക്കുന്ന സോളിഡ് ബ്ലോക്കാണു ഭിത്തികൾക്ക്. അതിനുമീതെ ഉയർന്ന നിലവാരമുള്ള സിമൻ്റ് പ്ലാസ്റ്ററിങ്ങും. സിറ്റ്ഔട്ട് റൂഫ് ഓട് ഉപയോഗിച്ച് സീലിങ് ചെയ്തിട്ടുമുണ്ട്. ഓരോ വീടിനുമുള്ള 1,000 ലീറ്റർ ഓവർ ഹെഡ് വാട്ടർ ടാങ്കും ഉണ്ട്. പകൽ ലൈറ്റിൻ്റെയും ഫാനിൻ്റെയും ഉപയോഗം പരമാവധി കുറയ്ക്കാൻ സഹായിക്കുമാണ് കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുമാറാണു രൂപകല്പന. പൊതുമരാമത്തു പണികൾക്ക് 5 വർഷവും ഇലക്ട്രിക് ജോലികൾക്ക് 3 വർഷവും വാറൻ്റിയുണ്ട്.
ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ സ്വന്തമായി ഗുണപരിശോധനാ ലാബുതന്നെ സ്വന്തമായി തുടങ്ങിയ ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഓരോ സാമഗ്രിയും മികച്ച ബ്രാൻഡുകളുടേതാണ്. ഐ.എസ്. സ്റ്റാൻഡാർഡുള്ളതാണ് ഓവർ ഹെഡ് വാട്ടർ ടാങ്ക്. തറയ്ക്കും കുളിമുറിയിലെ ഭിത്തികൾക്കും കജാരിയ മാറ്റ്-ഫിനിഷ് വിട്രിഫൈഡ് ടൈലുകളാണ്. സിറ്റ്ഔട്ടിലും സ്റ്റെപ്പുകളിലും ഗ്രാനൈറ്റ്; അടുക്കള കൗണ്ടറുകളിൽ പോളിഷ് ചെയ്ത ഗ്രാനൈറ്റും. വീടിന് അകത്തും പുറത്തും ഏഷ്യൻ പെയിൻ്റ്‌സിൻ്റെ 7 വർഷം വാറൻ്റിയുള്ള പ്രീമിയം പെയിൻ്റ്. വീടിനു വാട്ടർ പ്രൂഫിങ്ങും ചെയ്തിട്ടുണ്ട്.
ഫ്ലഷ് വാതിലുകൾ അഞ്ചുവർഷം വാറൻ്റിയുള്ള മറൈൻ ഗ്രേഡ് തടി ഫിനിഷിലാണ്. 20 വർഷം വാറൻ്റിയുള്ള യു.പി.വി.സി. ജനലുകൾ ജനലുകൾ വേഗ ബ്രാൻഡും. മുൻവാതിലിനും പിൻവാതിലിനും ടാറ്റാ പ്രവേശ് സ്റ്റീൽ വാതിലുകളും ഗോദ്റേജിൻ്റെ പൂട്ടും ഡോർസെറ്റ് വിജാഗിരിയും. കിടപ്പുമുറികളിൽ കിറ്റ്പ്ലൈ ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ് അലമാരകൾ. ഫ്ലഷ് ഡോറുകളും കിറ്റ്‌പ്ലൈ. ടോയ്ലറ്റുകൾക്ക് 10 വർഷം വാറൻ്റിയുള്ള ഫൈബർ വാതിലുകൾ. അടുക്കളയിൽ ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ് സ്റ്റോറേജ്. പി.യു.-പെയിൻ്റ് ചെയ്ത ഹൈ-ഡെൻസിറ്റി മൾട്ടിബോർഡുകൾ ഉപയോഗിച്ചുള്ളതാണ് കബോർഡുകൾ. ട്രസ്സ് വർക്കും സ്റ്റെയറുകളും ടാറ്റാ സ്റ്റീൽ ട്യൂബുകൾ ഉപയോഗിച്ചാണു ചെയ്തിട്ടുള്ളത്. എഫ്.ആർ.പി. ഡോറുകൾ ഹവായ് ബ്രാൻഡാണ്. തോംസൺ മൾട്ടിവുഡും പ്രെസ്റ്റീജ് പ്ലൈവുഡുമാണു നിർമ്മാണത്തിന് ഉപയോഗിച്ചത്.
അടുക്കളയിൽ കിച്ചൺ സ്ലാബിനു താഴയായി കബോഡുകൾ; കൂടാതെ 2 സൈഡുകളിലും കബോഡുകൾ, ഒരു വാഷ്‌ബേസിൻ. ക്ലോസെറ്റ്, ടാപ്പുകൾ, ടവൽ റെയിലുകൾ തുടങ്ങിയ ബാത്ത്റൂം ഫിറ്റിങ്ങുകളും വാഷ് ബേസിനും സിങ്കുമെല്ലാം 10 വർഷം വാറൻ്റിയുള്ള സെറ ഉത്പന്നങ്ങൾ.
മികച്ച ബ്രാൻഡുകളുടെ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളാണ് – സ്വിച്ചുകൾ, സർക്യൂട്ട് ബ്രേക്കറുകൾ, ഫിലിപ്സ് ലൈറ്റുകൾ എല്ലാം. 4 സീലിങ് ഫാനുകളും ബി.എൽ.ഡി.സിയാണ്. 3 എക്സോസ്റ്റ് ഫാനുമുണ്ട്. പൈപ്പുകൾ സുപ്രീമിൻ്റേതാണ്. ചുരുക്കത്തിൽ, 20 വര്‍ഷംവരെ വാറൻ്റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധനസാമഗ്രികളാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.
നിർമ്മാണവേളയിൽ 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്കു കടക്കാൻ അനുമതി നല്‍കുന്നത്. സിമൻ്റ്, മണല്‍, മെറ്റല്‍, കമ്പി മുതലായവ നിര്‍മ്മാണസ്ഥലത്തു സജ്ജീകരിച്ച ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാംകക്ഷിയുടെ പരിശോധനകൂടി നടത്തി ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ നിര്‍മ്മാണങ്ങള്‍ക്കും 5 വര്‍ഷത്തേക്കു കേടുപാടുകളില്‍നിന്നു കരാറുകാര്‍ സംരക്ഷണവുമുണ്ട്.
ബ്രാൻഡുകളുടെ കാര്യത്തിൽ മാത്രമല്ല, നിർമ്മാണത്തിൻ്റെ ഓരോ സൂക്ഷ്മാംശത്തിലുമുണ്ട് മികവുകൾ. അതിനും വൈദ്യുതിവത്ക്കരണംതന്നെ ഉദാഹരണമായെടുക്കാം. സുരക്ഷ, കാര്യക്ഷമത, ഈട്, സൗകര്യം എന്നിവ ഉറപ്പാക്കുമാറു ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്താണു വയറിങ് ചെയ്തിരിക്കുന്നത്; ഉയർന്ന ഗുണനിലവാരമുള്ള ഇലക്ട്രിക്കൽ വസ്തുക്കൾ ഉപയോഗിച്ച്. മികച്ച സുരക്ഷാമാനദണ്ഡങ്ങളും സൗന്ദര്യാത്മകതയും സമന്വയിക്കുന്നു. വയറിങ് പൂർണ്ണമായും കൺസീൽഡാണ്. വിശ്വാസ്യതയും ദീർഘായുസ്സും ഉറപ്പാക്കാൻ ഇൻസ്റ്റലേഷനിലുടനീളം ഐ.എസ്.ഐ. മാർക്കുള്ള ഗുണനിലവാരമുള്ള വയറുകൾ, സ്വിച്ചുകൾ, ഇലക്ട്രിക്കൽ ഫിക്‌ചറുകൾ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. മുകളിൽ നില നിർമ്മിക്കാനുള്ള സാധ്യതയും സമതുലിതമായ ലോഡ് വിതരണവും ഭാവിയിലെ വിപുലീകരണവും പരിഗണിച്ച് ത്രീ-ഫേസ് ഇലക്ട്രിക്കൽ സിസ്റ്റമാണു വീടുകൾക്ക്. വൈദ്യുതിയുപയോഗം കുറയ്ക്കാൻ ഊർജ്ജക്ഷമതയുള്ള ബി.എൽ.ഡി.സി. സീലിങ് ഫാനുകൾ സ്ഥാപിച്ചിരിക്കുന്നു. ശരിയായ വായൂസഞ്ചാരം ഉറപ്പാക്കാൻ അടുക്കളകളിലും ടോയ്‌ലറ്റുകളിലും എക്‌സ്‌ഹോസ്റ്റ് ഫാനുകളുണ്ട്. ഭാവിയിൽ ഇൻവെർട്ടറും എല്ലാ കിടപ്പുമുറികളിലും എയർ കണ്ടീഷണറുകളും ടോയ്‌ലറ്റുകളിൽ വാട്ടർ ഹീറ്ററുകളും സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുനരുപയോഗോർജ്ജത്താൽ സ്വയംപര്യാപ്തമായ സംസ്ഥാനത്തെ ആദ്യപ്രദേശം ആകാൻപോകുകയാണ് മേപ്പാടി ടൗൺഷിപ്. ടൗൺഷിപ്പിലെ ഓരോ വീടിലും നെറ്റ് മീറ്ററിഗോടുകൂടിയ 2 കിലോവാട്ട് പുരപ്പുറ സൗരോർജ്ജപ്ലാൻ്റ് സജ്ജീകരിച്ചിരിക്കുകയാണ്. ഇതിനകം 178 വീടുകളിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇതു 410 വീട്ടിലും സ്ഥാപിക്കുന്നതോടെ ടൗൺഷിപ് വയനാട്ടിലെ ഏറ്റവും വലിയ സൗരോർജ്ജ ഉത്പാദനകേന്ദ്രവും ആകും. ഇതു പൊതുഗ്രിഡിന്മേലുള്ള ആശ്രിതത്വം കുറയ്ക്കും. സംസ്ഥാനത്തുതന്നെ ഇങ്ങനെയൊരു പ്രൊജക്റ്റ് ആദ്യമാണ്. നെടുമ്പാശ്ശേരി വിമാനത്താവളമാണ് ഇതിനുള്ള ധനസഹായം നല്കുന്നത്. പുരപ്പുറ സൗരോർജ്ജോത്പാദനം വരുന്നതോടെ പല കുടുംബങ്ങൾക്കും മീറ്റർവാടകയല്ലാതെ വൈദ്യുതിക്കു പണം അടയ്ക്കേണ്ടിവരില്ല. മുകൾനില പണിതാൽ സ്വയം മാറ്റി ഘടിപ്പിക്കാവുന്ന തരത്തിലാണ് ഇതു സ്ഥാപിക്കുന്നത്.
കൂടാതെ, കമ്മ്യൂണിറ്റി സെൻ്ററിൽ ഹൈബ്രിഡ് ഇൻവെർട്ടറും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും (ബെസ്സ്) സംയോജിപ്പിച്ച 20 കിലോവാട്ട് സോളാർ പവർ പ്ലാൻ്റും 58.5 കെ.വി.എ. ഡി.ജി. സെറ്റും സ്ഥാപിക്കും. ഇത് ഗ്രിഡിലെ വൈദ്യുതി നിലച്ചാലും തുടർച്ചയായ വൈദ്യുതി ഉറപ്പാക്കുന്നു. പൊതുമാർക്കറ്റിൽ 15 കിലോവാട്ട് ഓൺ-ഗ്രിഡ് സോളാർ പവർ സിസ്റ്റം രൂപകല്പന ചെയ്തിട്ടുണ്ട്. വൈദ്യുതിതടസ്സം ഉണ്ടാകുമ്പോൾ അവശ്യസേവനങ്ങൾക്കു വൈദ്യുതി ലഭ്യമാക്കാൻ ആരോഗ്യകേന്ദ്രത്തിൽ 5 കിലോവാട്ട് സോളാർ പവർ പ്ലാൻ്റും 35 കെ.വി.എ. ഡി.ജി. സ്ഥാപിക്കും. മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റിയിൽ 15 കിലോവാട്ട് സോളാർ പവർ സിസ്റ്റവും ബാക്കപ്പ് പവറിനായി 58.5 കെ.വി.എ. ഡി.ജി. സെറ്റും നൽകുന്നുണ്ട്. ഈ പ്രവൃത്തികളും ഊരാളുങ്കൽ സൊസൈറ്റിയാണു ചെയ്യുന്നത്. ഹരിതനിർമ്മിതിക്കുള്ള ഐ.ജി.ബി.സി. റേറ്റിങ്ങിൽ സിൽവർ സർട്ടിഫിക്കേഷൻ ലഭിക്കാൻ അർഹമായ സങ്കേതങ്ങളാണു ടൗൺഷിപ്പിൻ്റെ നിർമ്മാണത്തിനു സ്വീകരിച്ചിട്ടുള്ളത്.
ടൗൺഷിപ് നിർമാണം പൂർത്തിയാകുന്നത് വിസ്മയിപ്പിക്കുന്ന വേഗത്തിലാണ്. ടൗൺഷിപ്പിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു താക്കോൽ കൈമാറിയത് ആദ്യവീടിൻ്റെ നിർമാണം ആരംഭിച്ച് 316ാം ദിവസം! വെറും 105 ദിവസംകൊണ്ടാണ് മാതൃകാവീട് പൂർത്തിയാക്കിയത്. ആദ്യഘട്ടം നിർമ്മിക്കുന്ന 410 വീടുകളിൽ 178 വീടുകളാണ് മാർച്ച് 1നു കൈമാറിയത്. അന്നുതന്നെ 304 വീടിൻ്റെ വാർപ്പു പൂർത്തിയായിരുന്നു. കനത്ത മഴയടക്കമുള്ള പ്രതിസന്ധികളെ മറികടന്നാണു തുടക്കം മുതലേ നിർമ്മാണം. ഇതിനായി 2,200 തൊഴിലാളികളാണു രാപകലില്ലാതെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്.
പദ്ധതിയുടെ മേൽനോട്ടത്തിനായി ഒരു കമ്മിറ്റിക്കു രൂപം നല്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവും ഈ കമ്മിറ്റിയിലെ ഒരംഗമാണ്.





