‘പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയും നിര്‍ദ്ദേശിച്ചു. മാനേജ്‌മെന്റ് ഈ നിര്‍ദ്ദേശം അംഗീകരിച്ചു. എന്നാല്‍, ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.’
ലോ അക്കാദമി സമരം ഒത്തുതീര്‍ക്കാന്‍ ഫെബുവരി 4 ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഞായറാഴ്ച മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ്. ഇപ്പോൾ സമരം ഒത്തുതീര്‍ന്നതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച കരാറും കണ്ടു.
‘കേരളാ ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പലായ ശ്രീമതി ലക്ഷ്മി നായരെ ഗവേണിങ് കൗണ്‍സില്‍ തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റി. യൂണിവേഴ്‌സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതുമായിരിക്കും.’
ആകെ ആശയക്കുഴപ്പമായല്ലോ! ഫെബ്രുവരി 4ന് നിഷേധിച്ചത് ഫെബ്രുവരി 8ന് അംഗീകരിച്ചോ? എങ്കില്‍പ്പിന്നെ എന്തിനാണ് സമരം 3 ദിവസം കൂടി വലിച്ചുനീട്ടിയത്? വലിയ സംഘര്‍ഷമുണ്ടാക്കിയത്? അടിപിടി കണ്ട് ഭയന്നോടിയ പാവപ്പെട്ട ഒരു വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നഷ്ടം അയാളുടെ കുടുംബത്തിന്. സമരക്കാര്‍ക്ക് പ്രത്യേകിച്ച് നേട്ടമെന്തെങ്കിലും ഉണ്ടായോ? എനിക്കങ്ങനെ തോന്നുന്നില്ല.
സമരത്തിന്റെ ആവേശം അംഗീകരിക്കപ്പെടേണ്ടതു തന്നെ. ‘പൊമ്പിളൈ ഒരുമൈ’ എന്നൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും ആണ്‍കുട്ടികളും നന്നായി അദ്ധ്വാനിച്ചു. അവസാനം സമരം തുടങ്ങി ആദ്യം സമരം അവസാനിപ്പിച്ച് ‘രക്ഷപ്പെട്ട’ എസ്.എഫ്.ഐ. കരിങ്കാലികളാണെന്ന് മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്നു. എസ്.എഫ്.ഐ. മാനേജ്‌മെന്റുമായി ഒരു ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. അതില്‍ ഒപ്പിട്ട എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പുതിയ കരാറിലും ഒപ്പുവെച്ചതിനെയും പലരും കളിയാക്കുന്നുണ്ട്. പഴയ കരാറും പുതിയ കരാറും തമ്മില്‍ എന്താണ് പ്രധാന വ്യത്യാസം -പുതിയ കരാറില്‍ സര്‍ക്കാരിനെക്കൂടി കക്ഷിയാക്കി!! ഈ വാദമാണ് ഏറ്റവും വലിയ വിഡ്ഡിത്തം!!!
ഒരു നിയമവിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാവുമ്പോള്‍ അതെല്ലാം നിയമപരമായി തന്നെ വിലയിരുത്തപ്പെടേണ്ടതല്ലേ? അങ്ങനെ ചെയ്യുമ്പോള്‍ എന്റെ വാദം ഇതാണ് -എസ്.എഫ്.ഐ. നേടിയതില്‍ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാന്‍ മറ്റു സംഘടനകള്‍ക്കോ ‘പൊമ്പിളൈ ഒരുമ’യ്‌ക്കോ സാധിച്ചിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതാണ് സത്യം. എസ്.എഫ്.ഐയുടെ കരാര്‍ വിജയമാണെന്ന് എനിക്ക് അഭിപ്രായമില്ലെന്നു നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പുതിയ കരാറിന് അതിന്റെയത്ര പോലും നിലനില്പില്ല. പുതിയ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ തങ്ങളുമായി മാനേജ്‌മെന്റ് ഒപ്പിട്ട കരാറിന് പ്രസക്തിയില്ലെന്ന് എസ്.എഫ്.ഐ. പറഞ്ഞുവെന്നു വെയ്ക്കുക -ഈ സമരം ദയനീയ പരാജയമായിരിക്കും. വെറുതെയല്ല പറയുന്നത്, കാരണങ്ങളുണ്ട്.
പുതിയ കരാര്‍ വിജയമാണെന്നു സ്ഥാപിക്കാന്‍ പറയുന്ന പ്രധാന ന്യായം പ്രിന്‍സിപ്പല്‍ സ്ഥാനം ‘ഒഴിയുന്നു’വെന്ന് പറയുന്നതും പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ‘മാറ്റി’ എന്നു പറയുന്നതും ഒരര്‍ത്ഥത്തിലല്ല എന്നതാണ്. മാത്രമല്ല, വ്യവസ്ഥകളില്‍ നിന്ന് മാനേജ്മെന്റ് പിന്മാറിയാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് പറഞ്ഞ് പുതിയ കരാറില്‍ ഒപ്പിട്ടിരിക്കുന്നത് സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് എന്നതും പരിഗണിക്കപ്പെടണം. 2 കരാറുകളും വിശദമായി പരിശോധിച്ചാല്‍ ഈ വാദങ്ങളിലെ പൊള്ളത്തരം വ്യക്തമാവും.
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് 2 കരാറുകളുണ്ടായിട്ടുണ്ട്. ഇരു കരാറുകള്‍ക്കും നിയമപരമായ ബാദ്ധ്യതയൊന്നുമില്ല. അതിനാല്‍ത്തന്നെ ഈ കരാറുകളുടെ നിലനില്പ് ധാര്‍മ്മികതയെ മാത്രം അടിസ്ഥാനമാക്കിയാണ്. ധാര്‍മ്മികത എത്രകാലം തുടരണം എന്ന് ലോ അക്കാദമി ഡയറക്ടര്‍ ഡോ.നാരായണന്‍ നായര്‍ക്കു തീരുമാനിക്കാം എന്നു സാരം. കരാറിനു വിരുദ്ധമായി അല്പ ദിവസങ്ങള്‍ക്കു ശേഷം ഡോ.ലക്ഷ്മി നായരെ പ്രിന്‍സിപ്പലാക്കി തിരികെ കൊണ്ടുവന്നാല്‍ നിലവിലുള്ള നിയമം വെച്ച് ആര്‍ക്കും തടയാനാവില്ല. കാരണം, നിശ്ചിത യോഗ്യതയുള്ള ആരെ വേണമെങ്കിലും പ്രിന്‍സിപ്പലാക്കാന്‍ സ്വകാര്യ കോളേജ് മാനേജ്‌മെന്റിന് പൂര്‍ണ്ണ അധികാരമുണ്ട്. ലക്ഷ്മി മടങ്ങി വരില്ല എന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനുമാവില്ല. വീണ്ടുമൊരു സമരം തട്ടിക്കൂട്ടുക എന്നത് എളുപ്പമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!
പുതിയ കരാറില്‍ പ്രിന്‍സിപ്പല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉറപ്പു ലഭിച്ചിട്ടുണ്ട്, അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും എന്നു പറഞ്ഞു എന്ന വാദം എത്ര പരിഹാസ്യമാണെന്ന് സാമാന്യജനത്തിന് അറിയില്ല. നിലവിലുള്ള പ്രിന്‍സിപ്പലിനെ മാറ്റി ‘യോഗ്യതയുള്ള’ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും എന്നാണ് സര്‍ക്കാര്‍ ഉറപ്പ്. പുതിയതായി വരുന്നയാളെ മാറ്റി പ്രിന്‍സിപ്പല്‍ യോഗ്യതയുള്ള ലക്ഷ്മി നായരെ ഭാവിയില്‍ തിരികെ നിയമിക്കില്ല എന്ന ഉറപ്പില്ല. അങ്ങനെ നിയമിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും എന്നും പറഞ്ഞിട്ടില്ല. അതു സര്‍ക്കാരിന്റെ തെറ്റല്ല, ഇടപെടാന്‍ ആവില്ല അത്ര തന്നെ. സ്വകാര്യ കോളേജ് പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. പ്രിന്‍സിപ്പല്‍ യോഗ്യതയുടെ കാര്യത്തില്‍ മാത്രമാണ് കടുംപിടിത്തം സാദ്ധ്യമാവുക.
2 കരാറുകളിലും പ്രിന്‍സിപ്പലിനെ മാറ്റിയെന്നുണ്ടെങ്കിലും കാലാവധി ഒന്നും പറഞ്ഞിട്ടില്ല. ലക്ഷ്മി ഇനി തിരിച്ചുവരികയേ ഇല്ല എന്ന് സമരത്തിനു നേതൃത്വം നല്‍കിയ ആര്യ എന്ന പെണ്‍കുട്ടി ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു പറയുന്നതു കണ്ടു. ആ കുട്ടി നിയമമല്ലേ പഠിക്കുന്നത്! ഒരു വിഷയത്തില്‍ ആവശ്യമുന്നയിക്കുകയും അതു നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ നിയമപരമായ സാദ്ധ്യത കൂടി വിലയിരുത്തണ്ടേ? അവിടെയാണ് ലക്ഷ്മി നായരുടെ രാജി എന്ന വിഷയം ഉയര്‍ന്നുവരുന്നത്. ലക്ഷ്മി രാജിവെച്ചില്ല എന്ന ഒറ്റക്കാരണത്താലാണ് എസ്.എഫ്.ഐയുടെ സമരം പരാജയമെന്ന് മറ്റുള്ളവര്‍ പറഞ്ഞത്. എന്നാല്‍ പുതിയ കരാറിലും അതു സംബന്ധിച്ച് മൗനമാണ്. ലക്ഷ്മിയെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റി റിസര്‍ച്ച് സെന്റര്‍ ഡയറക്ടറാക്കുകയാണ് ചെയ്തത്. എപ്പോള്‍ വേണമെങ്കിലും പ്രിന്‍സിപ്പലായി തിരികെ നിയമിക്കാം എന്നര്‍ത്ഥം. ഇപ്പോള്‍ പുതിയതായി വരുന്ന പ്രിന്‍സിപ്പലിനെ റിസര്‍ച്ച് സെന്ററിലേക്കു മാറ്റിയാല്‍ മതിയല്ലോ! 2 തസ്തികയ്ക്കും നിശ്ചയിച്ചിരിക്കുന്നത് ഒരേ യോഗ്യത!
ഇത് കുറച്ചുകൂടി വ്യക്തമായി പറയാം. സംസ്ഥാന പൊലീസ് മേധാവി എന്നു പറയുന്നത് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയാണ്. എന്നാല്‍, ഇതേ ഡി.ജി.പിയെ കേരള പൊലീസ് ഭവന നിര്‍മ്മാണ കോര്‍പ്പറേഷന്റെ എം.ഡി. ആയി വേണമെങ്കിലും നിയമിക്കാം. യു.ഡി.എഫ്. സര്‍ക്കാരിനോടും ഉമ്മന്‍ ചാണ്ടിയോടും വിധേയത്വമുള്ള ടി.പി.സെന്‍കുമാറിനെ പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയില്‍ നിന്ന് ചെവിയില്‍ തൂക്കിയെടുത്ത് മാറ്റിയിരുത്തിയത് ഉദാഹരണം. പകരം വന്നത് സെന്‍കുമാറിനെക്കാള്‍ ജൂനിയറായ ലോകനാഥ് ബെഹറ. പിണറായിക്ക് ഇനി സെന്‍കുമാറിനോട് താല്പര്യമുണ്ടാവുകയാണെങ്കില്‍ പൊലീസ് മേധാവിയായി പുനര്‍നിയമനം കൊടുക്കാം. അപ്പോള്‍ ബെഹറ മാറേണ്ടി വരും. പൊലീസ് മേധാവിയെ മുഖ്യമന്ത്രി മാറ്റിയ പോലെ തന്നെയാണ് നാരായണന്‍ നായര്‍ എന്ന ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പ്രിന്‍സിപ്പലിനെ മാറ്റിയത്. ഏക വ്യത്യാസം രണ്ടാമത്തെ കേസില്‍ പിതൃവാത്സല്യം നിഴലിക്കുന്നുണ്ട് എന്നതാണ്. നാരയണന്‍ നായര്‍ക്ക് താല്പര്യമുള്ളതിനാല്‍ ലക്ഷ്മിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടാകില്ല എന്നു സാരം.
എന്നാല്‍, എസ്.എഫ്.ഐയുമായുണ്ടാക്കിയ കരാര്‍ ധാര്‍മ്മികതയുടെ പേരില്‍ ലോ അക്കാദമി മാനേജ്‌മെന്റ് നിലനിര്‍ത്തുകയാണെങ്കില്‍ ലക്ഷ്മി നായര്‍ക്ക് തിരിച്ചുവരാനാവില്ല. കാരണം അടുത്ത 5 വര്‍ഷത്തേക്ക് ഫാക്കല്‍റ്റി അഥവാ അദ്ധ്യാപികയായി പോലും ലക്ഷ്മി വരരുതെന്നാണ് എസ്.എഫ്.ഐയുടെ നിബന്ധന. ഈ വ്യവസ്ഥ ഇല്ലായിരുന്നു എന്നു വെയ്ക്കുക. പ്രിന്‍സിപ്പല്‍ അല്ലാത്ത ലക്ഷ്മിക്ക് അദ്ധ്യാപികയായി ക്യാമ്പസിലെത്തി സമരം നടത്തിയവരോടൊക്കെ വേണമെങ്കില്‍ പ്രതികാരം ചെയ്യാം. അത് തല്‍ക്കാലം നടക്കില്ല. യോഗ്യതയുള്ളയാളെ പ്രിന്‍സിപ്പലായി നിയമിക്കുമെന്ന് പുതിയ കരാറില്‍ എഴുതിവെച്ചിട്ടുണ്ട്. അതിന്റെ ആവശ്യമെന്താണ്? എസ്.എഫ്.ഐയുമായി കരാറുണ്ടാക്കിയ വേളയിലും ഇതു തന്നെ പറഞ്ഞിരുന്നു. ലക്ഷ്മിയെ മാറ്റിയാല്‍ യോഗ്യതയുള്ള ആളെ മാത്രമേ പ്രിന്‍സിപ്പലായി നിയമിക്കാനാവൂ. അതുപ്രകാരം, പുതിയ പ്രിന്‍സിപ്പലിനെ തേടിയുള്ള പരസ്യം അവസാന ചര്‍ച്ച നടന്നതിന്റെ തലേന്നാളത്തെ -ഫെബ്രുവരി 7ലെ പത്രങ്ങളില്‍ വന്നുകഴിഞ്ഞു. യോഗ്യതയില്ലാത്തയാളെ പ്രിന്‍സിപ്പലാക്കിയാല്‍ സര്‍വ്വകലാശാല അംഗീകരിക്കില്ല. അത് നിയമമാണ്. സമരത്തിലൂടെ നേടിയ അവകാശമല്ല!!
എസ്.എഫ്.ഐയുടെ കരാറിന് വേറെയും ഗുണങ്ങളുണ്ട്. ആ കരാറില്‍ 17 വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍, പുതിയ കരാറില്‍ ഒരു വ്യവസ്ഥ മാത്രം. ബാക്കി 16 വ്യവസ്ഥകളെപ്പറ്റി ഒന്നും പറയുന്നില്ല. ആ ആവശ്യങ്ങള്‍ വേണ്ടെന്നു വെച്ചു എന്നാണോ? അതോ ആവശ്യങ്ങള്‍ എസ്.എഫ്.ഐ. സമരത്തിലൂടെ നേടിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണോ? എസ്.എഫ്.ഐയുടെ കരാറില്‍ ലക്ഷ്മി നായരുടെ ഒപ്പില്ല എന്നു പറഞ്ഞ് കളിയാക്കിയവര്‍ക്ക് അക്കാര്യത്തിലും ഇപ്പോള്‍ മൗനം. എസ്.എഫ്.ഐയുടെ കരാറില്‍ 4 ഡയറക്ടര്‍മാര്‍ മാത്രമേ ഒപ്പുവെച്ചിട്ടുള്ളൂ എന്നു പരാതിപ്പെട്ടവര്‍ തങ്ങളുടെ കരാറില്‍ 2 ഡയറക്ടര്‍മാരുടെ ഒപ്പുകൊണ്ട് തൃപ്തിപ്പെട്ടു! വിദ്യാഭ്യാസ മന്ത്രിയുടെ ഒപ്പുണ്ടല്ലോ എന്നു പറയാം. നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുകയാണെങ്കില്‍ മാത്രമേ ഒരു സ്വകാര്യ കോളേജിന്റെ കാര്യത്തില്‍ മന്ത്രിക്കോ സര്‍ക്കാരിനോ ഇടപെടാനാവൂ. നിയമത്തിലെ പഴുതുപയോഗിച്ച് നിയമവിധേയം എന്നു സ്ഥാപിച്ചെടുത്താല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഒപ്പുള്ള കടലാസിന് ടോയ്‌ലറ്റ് പേപ്പറിന്റെ വിലപോലുമുണ്ടാവില്ല. അല്ലെങ്കില്‍ത്തന്നെ വെള്ളക്കടലാസില്‍ എഴുതി തീയതി പോലും വെയ്ക്കാത്ത കരാറിന് എന്തു വില! എസ്.എഫ്.ഐുടെ കരാര്‍ എഴുതാന്‍ കുറഞ്ഞ പക്ഷം ലോ അക്കാദമി ലെറ്റര്‍പാഡെങ്കിലും ഉണ്ടായിരുന്നു.
ലോ അക്കാദമി സമരം ഇടതു മുന്നണിയില്‍ ഉണ്ടാക്കിയ മുറിവുകള്‍ ചെറുതല്ല. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും മുഖാമുഖം പൊരുതിയ സമരം ഒടുവില്‍ വല്ല്യേട്ടന്മാരായ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും അഭിമാനപ്രശ്‌നമായി മാറി. ഇരുകക്ഷികളുടെയും സോഷ്യല്‍ മീഡിയ ഗുണ്ടകള്‍ പരസ്യമായ പോര്‍വിളി നടത്തി. സി.പി.ഐ. പിളര്‍ന്നുവെന്നും 11 എം.എല്‍.എമാരും ഇടതുപക്ഷത്ത് തുടരുമെന്നും ബാക്കിയുള്ളവര്‍ പോകുമെന്നും വരെ സി.പി.എമ്മുകാര്‍ പ്രചരിപ്പിച്ചു. സി.പി.ഐക്കാരും തങ്ങളുടെ ഭാഗം ഗംഭീരമാക്കിയതോടെ വിള്ളല്‍ വലുതായി. ഒടുവില്‍ പ്രശ്‌നപരിഹാരം സാദ്ധ്യമാക്കിയത് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ഇടപെടലാണ്.
ഫെബ്രുവരി 7ന് വൈകുന്നേരം പന്ന്യന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. സമരം എങ്ങനെയെങ്കിലും ഒത്തുതീര്‍ക്കാന്‍ മുന്‍കൈയെടുക്കണം എന്നായിരുന്നു ആവശ്യം. വിദ്യാഭ്യാസ മന്ത്രി ഒരിക്കല്‍ക്കൂടി ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സമരം തീരുമെന്നും പന്ന്യന്‍ പറഞ്ഞു. ഇതുപ്രകാരം മുഖ്യമന്ത്രി പിണറായി വിജയനുമായും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥുമായും കോടിയേരി സംസാരിച്ചു. ഇനി ചര്‍ച്ചയ്ക്കില്ലെന്ന മുന്‍നിലപാടില്‍ മാറ്റം വരുത്താന്‍ അതോടെ സര്‍ക്കാര്‍ തയ്യാറായി. അങ്ങനെയാണ് ചര്‍ച്ചയ്ക്ക് വഴി തുറന്നത്. എന്നാല്‍, എസ്.എഫ്.ഐയും മാനേജ്‌മെന്റുമായുണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തില്ല എന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇതേ കരാര്‍ അംഗീകരിച്ചാല്‍ മതിയെന്ന് പന്ന്യനും സമ്മതിച്ചു. ഈ വ്യവസ്ഥ കോടിയേരി മുന്നോട്ടു വെയ്ക്കാന്‍ കാരണമുണ്ട് -എസ്.എഫ്.ഐ. അല്ല ലോ അക്കാദമി മാനേജ്‌മെന്റുമായി കരാറുണ്ടാക്കിയത്! സി.പി.എം. നേതാക്കള്‍ മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തിയുണ്ടാക്കിയ ധാരണകള്‍ എസ്.എഫ്.ഐയുടെ അക്കൗണ്ടിലാക്കി എന്നേയുള്ളൂ. ഫലത്തില്‍ അത് സി.പി.എം. കരാര്‍ തന്നെയാണ്. ഭരണകക്ഷിയുടെ കരാറിനെ ഭരണകക്ഷിക്കു തന്നെ തള്ളിപ്പറയാനാവില്ലല്ലോ!! തങ്ങളുടെ കരാര്‍ തള്ളണമെന്ന് സി.പി.ഐ. പറയരുതെന്ന് കോടിയേരി പറഞ്ഞു, പന്ന്യന്‍ അംഗീകരിച്ചു.
പന്ന്യന്‍-കോടിയേരി ചര്‍ച്ച ഫലം കണ്ടതിനെത്തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എ.ഐ.എസ്.എഫ്. നേതാക്കളെ വിളിച്ചുവരുത്തി സമരം ഒത്തുതീര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഭരണകക്ഷിയായ സി.പി.ഐയുടെ പിന്തുണയായിരുന്നു സമരരംഗത്ത് ഉറച്ചുനിന്നിരുന്ന വിദ്യാര്‍ത്ഥികളുടെ പ്രധാന ഊര്‍ജ്ജം. ആ കക്ഷി തന്നെ സമരം ഒത്തുതീര്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ ലംഘിച്ചു മുന്നോട്ടു പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവുമായിരുന്നില്ല. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ച എന്ന നിലയില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ വിഷയം മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചു. ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അപ്പോള്‍ത്തന്നെ മറുപടിയും നല്‍കി. ചര്‍ച്ചയ്ക്കു കയറുന്നതിനു മുമ്പു തന്നെ സമരം അവസാനിക്കുമെന്ന സൂചന വിദ്യാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് അങ്ങനെയാണ്. ഫെബ്രുവരി 13ന് പരീക്ഷ തുടങ്ങുന്ന സാഹചര്യത്തില്‍ സമരക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. പരീക്ഷ തുടങ്ങിയാല്‍ സമരം പൊളിയുമെന്നും ഇപ്പോള്‍ പിന്തുണയ്ക്കുന്ന രക്ഷിതാക്കള്‍ എതിരാവുമെന്നും അവര്‍ ഭയപ്പെട്ടു. അതിനാല്‍ കാനം മുന്നോട്ടുവെച്ച ഓഫര്‍ അവര്‍ ചാടിപ്പിടിച്ചു. സമരം വിജയിച്ചു എന്നതിനെക്കാള്‍ അവസാനിച്ചു എന്നതിന്റെ ആഹ്ലാദപ്രകടനമാണ് യഥാര്‍ത്ഥത്തില്‍ നടന്നത്.
സമരത്തില്‍ ആദ്യം മുതല്‍ മുന്നില്‍ നിന്നത് ബി.ജെ.പിയാണ്. ഒരു ജില്ലാ ഹര്‍ത്താല്‍ വരെ പാര്‍ട്ടി നടത്തി. എന്നാല്‍, ലോ അക്കാദമി ചെയര്‍മാനായ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഡ്വ.കെ.അയ്യപ്പന്‍പിള്ളയുടെ രാജിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. കളിച്ച നാടകം അവരുടെ വിശ്വാസ്യത ഇല്ലാതാക്കി. സമയബന്ധിതമായി ലക്ഷ്മി രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് അയ്യപ്പന്‍പിള്ള ബി.ജെ.പിയുടെ സമരപ്പന്തലിലാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ലക്ഷ്മിയുടെ രാജിക്കു നിശ്ചയിച്ച സമയക്രമം കടന്ന് 5 ദിവസം കഴിഞ്ഞിട്ടും അയ്യപ്പന്‍പിള്ളയുടെ രാജി പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ പാര്‍ട്ടി പറയുന്നത് അയ്യപ്പന്‍പിള്ള രാജിവെയ്‌ക്കേണ്ടതില്ല എന്നാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ രാജിക്ക് ഇനി പ്രസക്തിയില്ലത്രേ!!
സമരത്തിന് ഇപ്പോഴുണ്ടായത് അല്ലാതെ എന്ത് പരിഹാരം എന്നു ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. 29 ദിവസത്തെ സമരം കൊണ്ട് എന്തു നേടി എന്നു ചോദിച്ചാല്‍ 21 ദിവസം കൊണ്ട് നേടിയതൊക്കെ തന്നെയാണ് എന്നു പറയേണ്ടി വരും. ഏറ്റവും സംഘര്‍ഷഭരിതമായത് പിന്നീടുള്ള 8 ദിവസങ്ങളായിരുന്നു, ഒരു പ്രയോജനവുമില്ലാതെ. നിലനില്‍ക്കുന്ന കാതലായ വിഷയം ലോ അക്കാദമിയുടെ ഭൂമിയും അതിന്റെ വിനിയോഗവുമാണ്. അതു സംബന്ധിച്ച് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു നീങ്ങുന്നു. വി.എസ്.അച്യുതാനന്ദന്‍ ഈ വിഷയം വിടാതെ പിന്തുടരുന്നുമുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പ്, സമരത്തിനു മുമ്പുണ്ടായിരുന്ന ലോ അക്കാദമിയും സമരത്തിനു ശേഷമുള്ള ലോ അക്കാദമിയും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. അതു തന്നെയാണ് സമരത്തിന്റെ ബാക്കിപത്രം. ഇത് എത്ര കാലത്തേക്ക് എന്നത് വേറെ ചോദ്യം.
ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ഒരു കാര്യംകൂടി പറഞ്ഞ് അവസാനിപ്പിക്കാം. ലോ അക്കാദമിയെക്കുറിച്ച് നേരത്തേ എഴുതിയ ലേഖനം ചില സി.പി.എമ്മുകാരെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ട്. ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ എന്നെക്കുറിച്ചുണ്ടായ പരാമര്‍ശമറിഞ്ഞ് ഒരു ദിവസം മുഴുവന്‍ ചിരിച്ചു -‘ശ്യാംലാല്‍ അസ്സല്‍ സി.പി.എം. പിണറായി വിരുദ്ധനാണ്. മുമ്പ് തിരുവനന്തപുരം ദേശാഭിമാനിയില്‍ ഉണ്ടായിരുന്നു. പുറത്താക്കിയതാണ്.’ ഈ പരാമര്‍ശം നടത്തിയയാളെ എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തോട് ഒരു ചോദ്യമുണ്ട് ‘ശ്യാംലാല്‍ എന്നു പറയുന്ന ഞാന്‍ ഏതു കാലയളവിലാണ് തിരുവനന്തപുരം ദേശാഭിമാനിയില്‍ ജോലി ചെയ്തത്?’ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ അനഭിമതരാക്കി മുദ്രകുത്തി ഒഴിവാക്കുന്ന രീതി എല്ലാ പാര്‍ട്ടികളുടെയും സൈബര്‍ പോരാളികള്‍ക്കുണ്ട്. ഇതും അത്തരമൊരു പരാമര്‍ശമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഒരു വിഷയം പരിഗണിക്കുമ്പോള്‍ അതില്‍ ന്യായത്തിന്റെ പക്ഷത്തു നില്‍ക്കുന്നതായി തോന്നുന്നവരോട് ഞാനും ചേരുകയാണ് പതിവ്. തീര്‍ത്തും വ്യക്തിനിഷ്ഠമാണ് ആ തീരുമാനം. അത് ചിലപ്പോള്‍ സി.പി.എമ്മിന്റെ പക്ഷത്താവാം, ചിലപ്പോള്‍ എതിര്‍പക്ഷത്താവാം. എനിക്കേതായാലും സ്ഥിരം പക്ഷമില്ല!! അതുപോലെ, നിഷ്പക്ഷത എന്നൊന്നില്ല. അത് സങ്കല്പം മാത്രമാണ്.