HomeENTERTAINMENT'ആനച്ചെവി'യുമ...

‘ആനച്ചെവി’യുമായി പറക്കുന്ന ആനക്കുട്ടി

-

Reading Time: 4 minutes

പൂമ്പാറ്റയും ബാലരമയും മുത്തശ്ശിയും തത്തമ്മയും അമര്‍ ചിത്രകഥയുമെല്ലാമടങ്ങുന്ന ‘സമ്പുഷ്ടമായ’ വായനാലോകത്തുകൂടെയാണ് എന്റെ ബാല്യം കടന്നുവന്നത്. അന്ന് ബാലരമയെക്കാള്‍ ഒരു പടി മുന്നിലായിരുന്നു പൂമ്പാറ്റ. അതില്‍ വന്ന കെ.വി.രാമനാഥന്റെ ‘അത്ഭുതവാനരന്മാര്‍’ എന്ന നോവലിലെ വില്ലന്‍ പ്രൊഫ.റാണ എന്നെ കുരങ്ങനാക്കുന്നത് സ്വപ്‌നം കണ്ട് എത്രയോ തവണ ഞെട്ടിയുണര്‍ന്നിരിക്കുന്നു. അനന്ത പൈയുടെ കപീഷൊക്കെ ബാലരമയില്‍ വരുന്നതിനു മുമ്പ് പൂമ്പാറ്റയിലായിരുന്നു.

അത്തരത്തില്‍ ഹൃദയത്തില്‍ സ്ഥാനം നേടിയ പൂമ്പാറ്റ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ പ്രധാനിയാണ് ഡംബോ എന്ന പറക്കുന്ന ആനക്കുട്ടി. വല്ലാത്തൊരു ഓമനത്തമായിരുന്നു അവന്. ഒരു തവണ ഡംബോ ചിത്രകഥ വായിച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കു ശേഷം വരുന്ന അടുത്ത പൂമ്പാറ്റ കൈയില്‍ കിട്ടാന്‍ കാത്തിരിക്കുകയായി. പൂമ്പാറ്റയല്ല വാള്‍ട്ട് ഡിസ്‌നിയാണ് ഡംബോയുടെ ഉടമസ്ഥന്‍ എന്നു തിരിച്ചറിയാന്‍ പിന്നെയും ഏറെക്കാലമെടുത്തു.

താമസിയാതെ ബാല്യത്തിന്റെ ഓര്‍മ്മച്ചെപ്പുകളിലെവിടെയോ തിളങ്ങുന്ന മുത്തായി ഡംബോ ഒടുങ്ങി. മര്യാദയ്ക്കു പറഞ്ഞാല്‍, ഡംബോയോ ഞാന്‍ മറന്നു എന്ന്. ഏതാണ്ട് രണ്ടാഴ്ച മുമ്പാണ് പെട്ടെന്ന് മകന്‍ കണ്ണന്‍ വിളിച്ചുകൂവിയത് -‘അച്ഛാ, ദേ പറക്കുന്ന ആനക്കുട്ടി.’ ടെലിവിഷന്‍ സ്‌ക്രീനിലേക്കു നോക്കിയപ്പോള്‍ സംഗതി ശരിയാണ്. പരസ്യമാണ്, ഡംബോ എന്ന സിനിമയുടെ. മാര്‍ച്ച് 29 മുതല്‍ ഡംബോ തിയേറ്ററുകളില്‍ എത്തുന്നു. ‘കണ്ണാ, നമുക്കിത് കാണാന്‍ പോകണം’ -അവനോടു ആ നിമിഷം തന്നെ പറഞ്ഞു. അതിനു ശേഷം എന്നും അവന്‍ ചോദിക്കും -‘അച്ഛാ, എന്നാ നമ്മള്‍ ഡംബോ കാണാന്‍ പോകുന്നത്?’

അച്ഛനും കണ്ണനും അമ്മയും ഡംബോ കാണാനെത്തിയപ്പോൾ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലും വീട്ടിലേക്കു വിളിക്കുമ്പോള്‍ കണ്ണന്‍ ഇതുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ‘അച്ഛന്‍ വന്നിട്ട് പോകാം’ എന്ന മറുപടിയില്‍ രക്ഷപ്പെട്ടു. ഒടുവില്‍ ആ ദിനം വന്നെത്തി. കണ്ണനും ദേവിയുമൊത്ത് ഡംബോ കാണാനായി തിയേറ്ററിലേക്ക്. ഇതിനൊരു സവിശേഷതയുണ്ട്. കണ്ണന്റെ ജീവിതത്തിലെ ആദ്യ തിയേറ്റർ സിനിമയാണ്. ആദ്യ സിനിമ തന്നെ 3ഡി ആണ്. കണ്ണടയുടെ വലിപ്പം പ്രശ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍, അവനത് ശരിക്കും ആസ്വദിച്ചു. അച്ഛനെപ്പോലെ അവനും ഡംബോയുടെ കൂട്ടുകാരനായി.

ഒരു ഡിസ്‌നി ക്ലാസിക്കിന്റെ പുതുമയുള്ള അവതരണം -അതാണ് 2019ലെ ഡംബോ. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലം പശ്ചാത്തലമായ സിനിമ ‘ആനച്ചെവിയുള്ള’ ഡംബോ എന്ന ആനക്കുട്ടിയുടെയും അമ്മയെ കണ്ടെത്താനുള്ള അവന്റെ ശ്രമങ്ങളുടെയും കഥ പറയുന്നു. ഇതില്‍ വേര്‍തിരിവുകള്‍ ആഘോഷിക്കപ്പെടുന്നു, കുടുംബബന്ധങ്ങള്‍ ആസ്വദിക്കപ്പെടുന്നു, സ്വപ്‌നങ്ങള്‍ ആകാശത്തേക്കു പറക്കുന്നു.

സമൂഹത്തിലെ പാവപ്പെട്ടവരുും അരികുവല്‍ക്കരിക്കപ്പെട്ടവരും ഒരു കൂടാരത്തിനു കീഴില്‍ അണിനിരക്കുന്ന സര്‍ക്കസ് കഥകള്‍ നമ്മളേറെ കണ്ടിട്ടുണ്ട്. പക്ഷേ, അതിലൊരു പുതുമ നിലനിര്‍ത്താനാവുന്നുണ്ട് എന്നതാണ് ടിം ബര്‍ട്ടന്‍ എന്ന സംവിധായകന്റെ വിജയം. ഡംബോയുടെ കഥാപാത്രത്തിന്റെ പുതുമ സിനിമ തീരുമ്പോഴും അതേപടി നിലനില്‍ക്കുന്നു.

യുദ്ധത്തിനു ശേഷം ഒരു കൈയില്ലാതെ മടങ്ങിയെത്തുന്ന ക്യാപ്റ്റന്‍ ഹോള്‍ട്ട് ഫാരിയറാണ് പ്രധാന കഥാപാത്രം. മാക്‌സ് മെഡിച്ചിയുടെ സര്‍ക്കസ് കൂടാരത്തിലെ അശ്വാഭ്യാസിയായിരുന്നു യുദ്ധത്തിനു പോകും മുമ്പ് ഹോള്‍ട്ട്. അദ്ദേഹത്തിന്റെ ഭാര്യയും അശ്വാഭ്യാസിയുമായ ആനിയും മക്കളായ മില്ലിയും ജോയും സര്‍ക്കസില്‍ തുടര്‍ന്നു. എന്നാല്‍, പകര്‍ച്ചവ്യാധിയുടെ പിടിയിലായ ആനി മരിക്കുകയും സര്‍ക്കസ് പ്രതിസന്ധിയിലാവുകയും ചെയ്തതോടെ മാക്‌സ് മെഡിച്ചി കുതിരകളെ വിറ്റഴിച്ചു പകരം ജംബോ എന്ന ഇന്ത്യന്‍ ആനയെ വാങ്ങി. ഒറ്റക്കയ്യനായി തിരികെയെത്തിയ ഹോള്‍ട്ടിന് മെഡിച്ചി പുതിയ ചുമതല നല്‍കി -ആനപരിപാലനം.

അങ്ങനെയാണ് ജംബോയും മകന്‍ ഡംബോയും ഹോള്‍ട്ടിന്റെയും മക്കളുടെയും ചുമതലയിലാവുന്നത്. മനുഷ്യരുടെ ചില കുടിലതകളുടെ ഇരയായി പ്രകോപിതയാവുന്ന ജംബോയെ മദപ്പാടുള്ളവള്‍ എന്ന കാരണം പറഞ്ഞ് മെഡിച്ചി പകുതി വിലയ്ക്ക് വിറ്റൊഴിവാക്കുന്നു. അതോടെ ഡംബോ പൂര്‍ണ്ണമായും മില്ലിയുടെ ജോയുടെയും കൂടെയായി. ‘ആനച്ചെവികള്‍’ വീശി ഡംബോയ്ക്ക് പറക്കാനാവുമെന്ന് കണ്ടെത്തുന്നത് ഈ കുട്ടികളാണ്. ഈ പറക്കുന്ന ആനക്കുട്ടിയെക്കുറിച്ച് പുറംലോകമറിഞ്ഞതോടെ സര്‍ക്കസ് വന്‍ വിജയമായി.

ഡംബോ വാര്‍ത്തയില്‍ താരമായി. വന്‍കിട അമ്യൂസ്‌മെന്റ് പാര്‍ക്ക് ഡ്രീംലാന്‍ഡിന്റെ ഉടമയും അത്യാഗ്രഹിയുമായ വ്യവസായി വി.എ.വാന്‍ഡവേറുടെ കണ്ണില്‍ ഡംബോ പെടുന്നു. മെഡിച്ചിയെ വ്യവസായ പങ്കാളിയാക്കാമെന്നും മെഡിച്ചി ബ്രദേഴ്‌സ് സര്‍ക്കസിലെ കലാകാരന്മാര്‍ക്ക് ഡ്രീംലാന്‍ഡില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് വാന്‍ഡവേര്‍ പിടിമുറുക്കുന്നു. ഡ്രീംലാന്‍ഡില്‍ ഫ്രഞ്ച് ട്രപ്പീസ് താരം കോളറ്റ് മെര്‍ച്ചന്റിനൊപ്പം ഡംബോ പറക്കണമെന്നാണ് വാന്‍ഡവേറുടെ ആവശ്യം. ഡ്രീംലാന്‍ഡില്‍ ഡംബോയുടെ സംഭവബഹുലമായ ജീവിതമാണ് സിനിമയുടെ കേന്ദ്രബിന്ദു. ക്ലൈമാക്‌സും അവിടെത്തന്നെ.

കഥയുടെ പശ്ചാത്തലമായ പഴയ കാലം പുനഃസൃഷ്ടിക്കുന്നതില്‍ ടിം ബര്‍ട്ടണ്‍ പൂര്‍ണ്ണമായി വിജയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കണ്ടിരിക്കാന്‍ സുഖമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയുന്നതിന് ആ പഴയ ഡിസ്‌നി തന്ത്രങ്ങള്‍ വിജയകരമായി പ്രയോഗിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന അഭിനേതാക്കളെ കൃത്യമായി തിരഞ്ഞെടുത്തു എന്നതാണ് സിനിമയുടെ വലിയൊരു വിജയം.

ഹോള്‍ട്ട് ഫാരിയറെ അവതരിപ്പിക്കുന്ന കോളിന്‍ ഫാരല്‍ കുട്ടികളെ മനസ്സിലാക്കാന്‍ ക്ലേശിക്കുന്ന ഏകനായ പിതാവിന്റെ റോള്‍ ഭംഗിയാക്കി. ട്രപ്പീസ് കലാകാരി കോളറ്റ് മെര്‍ച്ചന്റായി എത്തുന്നത് ബര്‍ട്ടന്റെ തന്നെ മിസ് പെരിഗ്രീന്‍സ് ഹോം ഫോര്‍ പെക്യൂലിയര്‍ ചില്‍ഡ്രനിലൂടെ ശ്രദ്ധേയയായ ഇവ ഗ്രീന്‍. അക്ഷരാര്‍ത്ഥത്തില്‍ സ്‌ക്രീനില്‍ അഗ്നി പടര്‍ത്തുന്നുണ്ട് കോളറ്റിലൂടെ ഇവ. മില്ലി ഫാരിയറായി എത്തുന്ന നിക്കോ പാര്‍ക്കറും ജോ ഫാരിയറായി എത്തുന്ന ഫിന്‍ലി ഹോബിന്‍സും ബാലതാരങ്ങള്‍.

ബര്‍ട്ടന്റെ തന്നെ ബാറ്റ്മാനിലൂടെ ശ്രദ്ധേയനായ മൈക്കല്‍ കീറ്റണാണ് ഡംബോയിലെ വില്ലന്‍ വാന്‍ഡവേറുടെ റോളില്‍. ബാറ്റ്മാന്‍ റിട്ടേണ്‍സിലൂടെ ശ്രദ്ധേയനായ ഡാനി ഡെവിറ്റോയാണ് പ്രേക്ഷകരുമായി സംവദിക്കുന്ന റിങ് മാസ്റ്റര്‍ മാക്‌സ് മെഡിച്ചി. ഇന്ത്യന്‍ പാമ്പാട്ടി പരമേഷ് സിങ്ങായി നമ്മുടെ സ്വന്തം റോഷന്‍ സേത്തുമുണ്ട്. ഈ വമ്പന്‍ സിനിമയില്‍ എല്ലാവരും നന്നായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

ഡംബോയുടെ മുഖത്തു വിടരുന്ന സങ്കീര്‍ണ്ണമായ ഭാവഭേദങ്ങള്‍ അതിന്റെ അന്തസ്സത്ത ഒട്ടും ചോരാതെ നമുക്കു മുന്നിലെത്തിച്ച സ്‌പെഷല്‍ എഫക്ട്‌സ് ടീം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കണ്ണില്‍ നോക്കിയാല്‍ ആത്മാവിനെ കാണാം എന്നതു തന്നെ ആശയം. ഡംബോയുടെ കണ്ണിമ ചിമ്മലിനും പോലും ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. അത് ഇടയ്‌ക്കൊക്കെ ആസ്വാദകന്റെ കണ്ണില്‍ നനവ് പടര്‍ത്തുന്നുമുണ്ട്. ഒരു ആനയാണ് കേന്ദ്ര കഥാപാത്രമെങ്കിലും ഡംബോ ശരിക്കും മാനുഷികവികാരങ്ങളുടെ കഥ തന്നെയാണ്.

ഡംബോ സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍, ഡംബോ ഒരു ഉദാത്ത സിനിമയാണെന്നൊന്നും ഞാന്‍ പറയില്ല. നിങ്ങളില്‍ ഒരു കുട്ടി ബാക്കിയുണ്ടെങ്കില്‍, കുട്ടിത്തം ബാക്കിയുണ്ടെങ്കില്‍, തീര്‍ച്ചയായും ഈ സിനിമ ഇഷ്ടപ്പെടും.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights