Reading Time: 5 minutes

നമ്മുടെ നാട്ടില്‍ അടുത്തിടെ ഒരു ഭരണമാറ്റമുണ്ടായി. നമ്മള്‍ പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അത് യഥാര്‍ത്ഥ മാറ്റമാണോ? അല്ല തന്നെ. രാഷ്ട്രീയ നേതൃത്വം മാത്രമാണ് മാറിയത്. ഭരണനിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാറ്റം സംഭവിക്കുന്നില്ല. അവര്‍ അവിടെത്തന്നെയുണ്ട്. അതു തന്നെയാണ് പ്രശ്‌നം.

Edava (1).jpg

ഒരു ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ തുടക്കമിടുന്ന നെറികേടുകള്‍ അടുത്ത ഭരണകാലത്തും അവര്‍ നിര്‍ബാധം തുടരുന്നു. ഇച്ഛാശക്തിയുള്ള രാഷ്ട്രീയഭരണ നേതൃത്വം ഇടയ്ക്ക് ആ നെറികേട് കണ്ടെത്തുകയാണെങ്കില്‍ അതിന് അവസാനമുണ്ടാവും എന്നു മാത്രം. എന്നാല്‍, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ക്ക് പരിമിതികളുണ്ട്. എല്ലാം ശ്രദ്ധിക്കാന്‍ അവര്‍ അതിമാനുഷരല്ല.
-അപ്പോള്‍പ്പിന്നെ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?
-ഉദ്യോഗസ്ഥരുടെ നെറികേടുകള്‍ രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താം.
-അതാരു ചെയ്യും?
-നമ്മള്‍, ജനങ്ങള്‍ തന്നെ ചെയ്യണം.

VSS.jpg

സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ പൊരുതണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ആര്‍ജ്ജവം കാണിക്കാറില്ല. ആര്‍ജ്ജവമില്ലാത്ത ആളുകളുടെ കൂട്ടത്തില്‍പ്പെടുന്നയാളാണ് ഞാനും. എന്നെപ്പോലുള്ളവര്‍ക്ക് എളുപ്പം ചെയ്യാവുന്ന ഒരു കാര്യമുണ്ട്. പോരാടാന്‍ ആര്‍ജ്ജവമുള്ളവരെ സര്‍വ്വാത്മനാ പിന്തുണയ്ക്കുക. അത്തരമൊരു വിഷയത്തില്‍ പിന്തുണ നല്‍കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.

Edava (4).jpg

ഇടവ പഞ്ചായത്തിലെ ഓടയം മുതല്‍ കാപ്പില്‍ വരെയുള്ള തീരപ്രദേശത്ത് റിസോര്‍ട്ടുകള്‍ നിറഞ്ഞിരിക്കുന്നു. ഇവയില്‍ ബഹുഭൂരിപക്ഷവും അനധികൃതമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഇതറിയാം. എന്നാല്‍, റിസോര്‍ട്ടുകാര്‍ നല്‍കുന്ന നക്കാപ്പിച്ച വാങ്ങി അവര്‍ നിശ്ശബ്ദരാണ്. റിസോര്‍ട്ടുകളില്‍ മദ്യവും മയക്കുമരുന്നും നിര്‍ലോഭം ഒഴുകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചിലയിടങ്ങളില്‍ വ്യഭിചാരവും ഉണ്ടത്രേ. മറ്റു പല വിഷയങ്ങളിലുമെന്നപോലെ നാട്ടുകാരുടെ പ്രതികരണം നാലാള്‍ കൂടുന്നിടത്തെ ചര്‍ച്ചകളില്‍ ഒതുങ്ങി. ഈ സാഹചര്യത്തിലാണ് യനാന്‍ ഹുസൈന്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ഒരു ചെറുത്തുനില്പ് രൂപമെടുത്തത്. അര്‍ച്ചന ഭദ്രന്‍, അനൂപ്, രാജേഷ് തുടങ്ങി സാമൂഹികബോധം നശിച്ചിട്ടില്ലാത്ത ചില ചെറുപ്പക്കാര്‍ യനാന്റെ ഒപ്പം കൂടി.

Resort (1).jpg

നിയമപരമായ വഴിയിലായിരുന്നു യനാന്റെയും കൂട്ടുകാരുടെയും പോരാട്ടം. വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിവരാവകാശ നിയമത്തിന്റെ കരുത്ത് അവര്‍ ആയുധമാക്കി. ഔദ്യോഗികമായി ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി പരാതികള്‍ കൊടുത്തു. പക്ഷേ, നടപടി മാത്രം ഉണ്ടായില്ല. തങ്ങളെ എതിര്‍ക്കുന്നവരുടെ വായടയ്ക്കാന്‍ റിസോര്‍ട്ടുകാര്‍ കരുനീക്കിയതോടെ ജീവനു ഭീഷണിയായി. ഈ ഘട്ടത്തിലാണ് തന്റെ കൈവശമുള്ള രേഖകളെല്ലാം യനാന്‍ എനിക്കു കൈമാറുന്നത്. എനിക്കു വേറെന്നും ചെയ്യാനില്ല, ചെറിയ കുറിപ്പിലൂടെ ലോകത്തെ വിവരമറിയിക്കാം. അതാണ് ഇവിടെ ചെയ്യാന്‍ ശ്രമിക്കുന്നത്.

Resort (2).jpg

രേഖകള്‍ കൈവശം വന്നിട്ട് കുറച്ചുകാലമായി. പക്ഷേ, സ്ഥലം നേരിട്ടുകണ്ടു ബോദ്ധ്യപ്പെടാതെ എഴുതാനാവുമായിരുന്നില്ല. പോയി. കണ്ടു. വിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. ഇടവയുടെ തീരദേശങ്ങളില്‍ തദ്ദേശീയരാവയര്‍ക്ക് പോലും പ്രവേശനത്തിന് പലരുടെയും അനുവാദം വാങ്ങേണ്ട സ്ഥിതിയാണിപ്പോള്‍. മീന്‍പിടിത്തക്കാര്‍ വലയും മറ്റു തൊഴിലുപകരണങ്ങളും സൂക്ഷിക്കുന്ന കൂടങ്ങള്‍ പോലും വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്നു. വളരെ മനോഹരങ്ങളാണ് ഇടവയിലെ റിസോര്‍ട്ടുകള്‍. പക്ഷേ, ഭൂരിഭാഗവും നില്‍ക്കുന്നത് ഒരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലാത്ത സംരക്ഷിതമേഖലയിലാണ്. വയലും കായലും നികത്തിയും പൊതുസ്ഥലം കൈയേറിയും കടല്‍ത്തീരം അതിക്രമിച്ചുകെട്ടിയെടുത്തുമെല്ലാം റിസോര്‍ട്ടുകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നു.

Resort (3).jpg

Resort (4).jpg

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇടവ -കാപ്പില്‍ പ്രദേശത്തെ കണ്ടല്‍ക്കാട് വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ കണ്ടല്‍ വനമേഖലയ്ക്ക് 58 ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ട് എന്നാണ് കണക്ക്. ഇന്ത്യയിലെ കണ്ടല്‍വനങ്ങളെക്കുറിച്ചു പഠനം നടത്തിയ ദേശീയതല സമിതി അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവ എന്ന ഗണത്തില്‍ 32 കണ്ടല്‍മേഖലകളെ നിര്‍ദ്ദേശിച്ചിരുന്നു. കാപ്പില്‍ പ്രദേശവും തൊട്ടടുത്ത മേഖലകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. ജൈവവൈവിധ്യ കലവറയായ ഈ കണ്ടല്‍ക്കാടുകളില്‍ ഒതളം പോലുള്ള സസ്യങ്ങളേയും കാണാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയന്‍ ചെടികളും ഈ കാടിനുള്ളില്‍ സാധാരണമാണ്. നീര്‍നായ്ക്കളും വിവിധയിനം ഉരഗങ്ങളും ഈ കണ്ടല്‍ക്കാടുകളില്‍ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവര്‍ഗ്ഗത്തില്‍ പെടുന്ന പക്ഷികളില്‍ മിക്കതും പ്രജനനത്തിനായി കണ്ടല്‍വനങ്ങളെ തിരഞ്ഞെടുക്കുന്നു. നീര്‍പക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പന്‍, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായവയെ കണ്ടല്‍ക്കാടുകളില്‍ സ്ഥിരമായി കാണാം. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവ കണ്ടല്‍ക്കാടുകളിലാണ് കൂട്ടമായി ചേക്കയേറുന്നതും കൂടുകെട്ടി അടയിരിക്കുന്നതും. ഇവയെല്ലാം ഇപ്പോള്‍ കടുത്ത ഭീഷണി നേരിടുന്നു. റിസോര്‍ട്ടുകാരില്‍ ചിലര്‍ രാത്രി കാലങ്ങളില്‍ വെടിയിറച്ചി എന്ന പേരില്‍ ദേശാടനപക്ഷികളേയും മറ്റും കൊന്ന് നിശാ പാര്‍ട്ടികള്‍ കൊഴുപ്പിക്കുന്ന പതിവുമുണ്ട്.

Edava (3).jpg

ഇടവ പോലുള്ള പ്രദേശങ്ങളുടെ തനതുരൂപം സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തില്‍ ധാരാളം വ്യവസ്ഥകളുണ്ട്. നീര്‍ത്തടാധിഷ്ഠിത വികസനം മാസ്റ്റര്‍പ്ലാനുകളുടെ അടിസ്ഥാനത്തിലാവണം എന്നതാണ് അതില്‍ പ്രധാനം. ഈ പറയുന്ന വികസനം തന്നെ പ്രധാനമായും കാര്‍ഷികവികസനമാണ്. നെല്‍പ്പാടങ്ങളായോ നീര്‍ത്തടങ്ങളായോ നിര്‍ദ്ദേശിച്ച സ്ഥലങ്ങള്‍ അപ്രകാരം തന്നെ സംരക്ഷിക്കണം. ഈ മേഖലയില്‍ നിര്‍മ്മാണമുള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള മാറ്റം വേണമെങ്കില്‍ അതിനുള്ള സാഹചര്യം പൊതു തെളിവെടുപ്പിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി സുതാര്യമായി ചെയ്യണം. സ്വകാര്യലാഭത്തിന് ഈ നിയമത്തില്‍ ഇളവ് പാടില്ലെന്ന് പ്രത്യേക വ്യവസ്ഥയുണ്ട്. വിനോദസഞ്ചാരത്തെ പരിപോഷിപ്പിക്കാനുള്ള ഭൂവികസനവും മുകളില്‍ പറഞ്ഞ വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കണം. ഇക്കോടൂറിസത്തിനും ചരിത്രപ്രാധാന്യമുള്ള ടൂറിസത്തിനുമായിരിക്കണം മുന്‍ഗണന.

Edava (2).jpg

എന്നാല്‍, നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തുന്ന കൊള്ളരുതായ്മകള്‍ക്ക് ശക്തമായ പിന്തുണ ഇതു തടയാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെ നല്‍കുന്നു. യനാനും കൂട്ടുകാരും വിവരാവകാശ നിയമപ്രകാരം ഇടവ ഗ്രാമപഞ്ചായത്തില്‍ നിന്നു ശേഖരിച്ച വിവരങ്ങളിലെ ചില ഭാഗങ്ങള്‍ പറഞ്ഞാല്‍ മാത്രം മതിയാകും നിയമലംഘനത്തിന്റെ വ്യാപ്തി വ്യക്തമാകാന്‍.

-ഓടയം മുതല്‍ കാപ്പില്‍ വരെ റിസോര്‍ട്ടുകള്‍ക്കൊന്നും ഇടവ ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല.

RTI (2).jpg

-2014 മുതല്‍ 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇടവ ഗ്രാമപഞ്ചായത്തില്‍ നിന്ന് 23 കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ട്. ഇതിനു മേല്‍നടപടിയെടുക്കാന്‍ മെമോയുടെ പകര്‍പ്പ് അയിരൂര്‍ പോലീസ് സ്‌റ്റോഷനിലും വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും നല്‍കിയിട്ടുണ്ട്.

RTI (1).jpg

-ഇടവ ഗ്രാമപഞ്ചായത്തില്‍ പാരഡൈസ് ബീച്ച് റിസോര്‍ട്ട് എന്ന പേരില്‍ ഒരു സ്ഥാപനത്തിന് കെട്ടിട നമ്പറോ, അതുമായി ബന്ധപ്പെട്ട് റിസോര്‍ട്ട്, ഭക്ഷണശാല എന്നിവയ്ക്കുള്ള ലൈസന്‍സോ നല്‍കിയിട്ടില്ല. പാരിസ്ഥിതിക സംരക്ഷണ മേഖലയിലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി സംബന്ധിച്ചും പഞ്ചായത്തിന് വിവരമില്ല. കാരണം ഈ അനുമതി നല്‍കുന്നത് പഞ്ചായത്തല്ല.

RTI (3).jpg

-ഇടവ മാന്തറ മുസ്ലിം പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന സംസാര ഹാര്‍മണി റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള നടപ്പാതയുടെ പടിഞ്ഞാറു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഇടവ ഗ്രാമപഞ്ചായത്തില്‍ നിന്ന് നിര്‍മ്മാണ അനുമതിയോ നമ്പറോ നല്‍കിയിട്ടില്ല.

ലഭിച്ച വിവരമനുസരിച്ച് ഓടയത്തിനും കാപ്പിലിനുമിടയില്‍ റിസോര്‍ട്ടുകളൊന്നും ഉണ്ടാവാന്‍ പാടില്ല! അങ്ങനെയാണോ സ്ഥിതി? സ്‌റ്റോപ്പ് മെമോ നല്‍കിയ കെട്ടിടങ്ങളില്‍ 80 ശതമാനത്തിന്റെയും പണി പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ പണി ധൃതഗതിയില്‍ ഇപ്പോഴും നടക്കുന്നു. സ്‌റ്റോപ്പ് മെമോയുടെ പകര്‍പ്പ് പോലീസിനു കിട്ടിയില്ലേ? പുറപ്പെടുവിക്കുന്ന മെമോ നടപ്പാക്കാന്‍ ഉത്സാഹമില്ല, താല്പര്യമില്ല. അത്ര തന്നെ. കെട്ടിട നമ്പറോ ലൈസന്‍സോ ഇല്ലെങ്കിലും പാരഡൈസ് ബീച്ച് റിസോര്‍ട്ട് ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ നേരിട്ട് കണ്ട കാര്യം. ഈ റിസോര്‍ട്ടിനെതിരെ അര്‍ച്ചന ഭദ്രന്‍ കേസു കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ പോലീസ് അര്‍ച്ചനയുടെ വീട്ടില്‍ കയറി തെറിയഭിഷേകം നടത്തി. ഇതു സംബന്ധിച്ച് അവര്‍ എസ്.പിക്ക് പരാതി കൊടുത്തുവെങ്കിലും കോയി ഫല്‍ നഹി.

Construction (4).jpg

Construction (1).jpg

Construction (2).jpg

Construction (3).jpg

വേലി തന്നെ വിള തിന്നുകയാണ്. വരള്‍ച്ച രൂക്ഷമാവുമ്പോഴും നമ്മള്‍ ഒന്നും പഠിക്കുന്നില്ല. വരള്‍ച്ച തടയുന്ന കായലും കാടുമെല്ലാം ദുരപിടിച്ച മനുഷ്യര്‍ നശിപ്പിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ യനാനെപ്പോലുള്ളവരുടെ ചെറുത്തുനില്പിലാണ് ചെറിയ പ്രതീക്ഷ. യനാന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. റിസോര്‍ട്ടുകാരുടെ ഭീഷണിയെ യനാനു ഭയമില്ലെങ്കിലും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഭയമാണ്. യനാന്റെ സുഹൃത്ത് അര്‍ച്ചന ദുബായിലുണ്ട്. ഇടവയിലെ പോരാട്ടം പശ്ചിമേഷ്യയിലിരുന്ന് അവര്‍ ഇരുവരും നയിക്കുന്നു.

Yanan Hussain.jpgസത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു ജനത ഇവിടെ ഉയര്‍ന്നുവരിക തന്നെ ചെയ്യും. ഈ പോരാട്ടം അവസാനിക്കില്ല. എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും കല്ലറയിലെ അവസാന പിടി മണ്ണ് ഇട്ടുതീരും മുമ്പ് ഇവിടെ ഇതുപോലെ ഈ നാടിനു വേണ്ടി ശബ്ദിക്കാന്‍ ഒരുപാട് പേര് മുന്നിലേക്കു വരും.

പണത്തിനു വിലയ്‌ക്കെടുക്കാനാകാത്ത ചിലതുണ്ട്. മരണത്തിന് ഭയപ്പെടുത്താനാകാത്ത ചിലരും.

യനാന്റെ വാക്കുകളില്‍ പോരാട്ടവീര്യം. നേരിന്റെ പക്ഷത്തു നില്‍ക്കുന്നു എന്നത് വീര്യം കൂട്ടുന്നു.

യനാന്‍ ഹുസൈന് അഭിവാദ്യങ്ങള്‍. അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും പോരാട്ടം വിജയിക്കട്ടെ.

Previous articleനല്ലതിനെ നല്ലതെന്നു പറയണം
Next articleഅനാഥനായ മാണി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here