HomePOLITYഅനാഥനായ മാണി

അനാഥനായ മാണി

-

Reading Time: 5 minutes

യു.ഡി.എഫില്‍ നിന്നു പുറത്തുചാടുമ്പോള്‍ മാണി ഇത്രയും കരുതിയിട്ടുണ്ടാവില്ല. തല്‍ക്കാലം പുറത്തുനിന്നിട്ട് അധികാരമുള്ള ആരോടെങ്കിലും -കേരളത്തിലായാലും കേന്ദ്രത്തിലായാലും -ഒട്ടാമെന്നു കരുതിയിരുന്നതാണ്. ഇനിയിപ്പോ എല്ലാം ഗോവിന്ദ ഗോവിന്ദ!!

k-m-mani

കേരളാ കോണ്‍ഗ്രസ് -എം എന്ന പാര്‍ട്ടിയെ ചുമന്നു നടക്കാന്‍ എന്തുമാത്രം ചെലവുണ്ടെന്നറിയാമോ? അണികളെ പിടിച്ചുനിര്‍ത്താന്‍ പണമില്ലാതെ പറ്റില്ല. ഒരു പ്രകടനം നടത്തണമെങ്കില്‍ ലക്ഷങ്ങളാ ചെലവ്! ആളൊന്നിന് തൊഴിലുറപ്പിനു കിട്ടുന്നതിനെക്കാള്‍ വലിയ കൂലി കൊടുക്കണം. ബിരിയാണി വേറെ. കേരളത്തില്‍ അഞ്ചു വര്‍ഷത്തെ ഇടവേളകളില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറി മാറി ഇരിക്കുന്നതാണ് പതിവ്. കേരളത്തില്‍ പ്രതിപക്ഷത്താവുന്നത് ഇത്രയും കാലം പ്രശ്‌നമല്ലായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമായതിനാല്‍ അവിടെ അത്യാവശ്യം കാര്യങ്ങളൊക്കെ ഒപ്പിച്ച് കൂട്ടി പോയി. എന്നാല്‍, ഇപ്പോ അതാണോ സ്ഥിതി? കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടിപോലുമില്ല. ആ നരേന്ദ്ര മോദി വന്ന് എല്ലാം വിഴുങ്ങി. കേരളത്തിലാണെങ്കില്‍ പിണറായി വിജയന്‍ യുഗമാണ്. അപ്പോള്‍പ്പിന്നെ യു.ഡി.എഫില്‍ ഇരുന്നിട്ട് കാര്യമൊന്നുമില്ല. മാണിയുടെ ലൈനാണ് ശരി.

ഇടയ്ക്ക് എല്‍.ഡി.എഫിനൊപ്പം ചാടി, ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി, മുഖ്യമന്ത്രിയാവാന്‍ മാണി ശ്രമിച്ചതാണ്. അതിനു തടയിടാന്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയില്‍ പിറന്നതാണ് ബാര്‍ കോഴ കേസ്. മാണിയെ യു.ഡി.എഫില്‍ പിടിച്ചുനിര്‍ത്താന്‍ അത് പ്രയോജനപ്പെട്ടു. പക്ഷേ, തന്റെ മുന്നോട്ടു നീക്കിയ കരുക്കളുടെ നിയന്ത്രണം ഉമ്മന്‍ചാണ്ടിക്ക് പിന്നീട് നഷ്ടമായി. മാണിയുടെ മന്ത്രിസ്ഥാനവും പോയി. തന്റെ വിശ്വസ്തനായ കെ.ബാബുവിനെ രക്ഷിച്ചെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് എല്ലാ നാറിയ കളികളും കളിക്കേണ്ടി വന്നു. മന്ത്രിസഭയില്‍ നിന്നു പുറത്തായി അപമാനിതനായെങ്കിലും നിയമസഭയിലേക്കുള്ള വോട്ട് കഴിയുംവരെ തട്ടീം മുട്ടീമൊക്കെ യു.ഡി.എഫില്‍ തന്നെ മാണി നിന്നു. അപ്പോള്‍ പുറത്തുചാടിയാല്‍ തിരഞ്ഞെടുപ്പില്‍ കച്ചി തൊടില്ലെന്ന് മറ്റാരെക്കാളും നന്നായി കേരളാ കോണ്‍ഗ്രസ്സിന്റെ മിശിഹയ്ക്കറിയാമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴോ, കരുതിയതുപോലെ സ്ഥാനം പ്രതിപക്ഷത്തു തന്നെ. സീറ്റ് കുറഞ്ഞുവെങ്കിലും സാരമില്ല, നിയമസഭയിലെത്തിയല്ലോ. വീരന്റെ പാര്‍ട്ടിക്കും ആര്‍.എസ്.പിക്കുമൊന്നും അതുപോലും പറ്റിയില്ല. പക്ഷേ, അധികാരമില്ലാതെ മാണിക്കു പറ്റില്ല. അതിന് യു.ഡി.എഫില്‍ നിന്നു പുറത്തുചാടണം.

ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനുമായുള്ള വിവാഹം മാണി മന്ത്രിയായിരുന്ന കാലത്തു തന്നെ തീരുമാനിച്ചതാണ്. അത് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം. പക്ഷേ, യു.ഡി.എഫില്‍ നിന്നു പുറത്തുപോകാന്‍ മാണി കാരണമാക്കിയത് ഈ വിവാഹനിശ്ചയമാണ്. കേരള രാഷ്ട്രീയത്തില്‍ ചിലരൊക്കെ തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തുന്നുണ്ട്. പക്ഷേ ദോഷം പറയരുതല്ലോ, മാണി അക്കാര്യത്തില്‍ മഹാനാണ്. അദ്ദേഹത്തിന് ആരും തൊട്ടുകൂടാത്തവരായില്ല. അധികാരമുണ്ടാവണം എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ മാനദണ്ഡം.

യു.ഡി.എഫില്‍ നിന്നു പുറത്തുചാടുമ്പോള്‍ മാണിയുടെ മുന്നിലുണ്ടായിരുന്ന വഴികളിലൊന്ന് ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് തൃപ്പുത്രന് കേന്ദ്രത്തില്‍ ഒരു സഹമന്ത്രി സ്ഥാനം ഒപ്പിക്കുക എന്നതായിരുന്നു. അതിനുവേണ്ടി പുത്രന്‍ അങ്ങ് ഡല്‍ഹിയില്‍ ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നതായും പറയപ്പെടുന്നു. വേറെ ആരുടെ കൂടെ പോയാലും ബി.ജെ.പിയോടൊപ്പം മാണി പോകുന്നത് സി.പി.എമ്മിന് സഹിക്കുമായിരുന്നില്ല. ഉടനെ തന്നെ കോടിയേരി ബാലകൃഷ്ണന്‍ മാണിക്കൊരു ചൂണ്ടയിട്ടു. പതിവുപോലെ മാണിയെ തൊട്ടാല്‍ തൊട്ടവരെല്ലാം നാറുമെന്ന വാദവുമായി എതിര്‍പ്പുയര്‍ത്തി സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രന്‍ ചാടി വീണു. എന്നാലും സി.പി.എമ്മിനെ മാണിക്കു വിശ്വാസമായിരുന്നു. ആ ധൈര്യത്തില്‍ മതേതരത്തെ പിടിച്ച് ബി.ജെ.പിയെ പത്തു തെറി പറയുകയും ചെയ്തു. ബാര്‍ കോഴക്കേസ് ഒത്തുതീര്‍ക്കാനും പിണറായിയുടെ പാര്‍ട്ടിയുടെ പിന്തുണ മാണിക്കാവശ്യമായിരുന്നു. മകന്‍ കേന്ദ്ര മന്ത്രിയാണെന്ന പേരില്‍ അച്ഛന്‍ ജയിലില്‍ പോകാതിരിക്കില്ലല്ലോ. സ്വയം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം അച്ഛന്‍ തന്നെ നോക്കണം.

ഇപ്പോഴത്തെ ജഗപൊഗയൊക്കെ ഒന്നടങ്ങുമ്പോള്‍ പതിയെ എല്‍.ഡി.എഫില്‍ ചേക്കാറാമെന്നായിരുന്നു മാണിയുടെ മോഹം. അതിനായി ബാര്‍ കോഴ സി.പി.എം. തീര്‍ത്തുകൊടുക്കും. അതുപോലെ സി.പി.ഐയുടെ എതിര്‍പ്പും സി.പി.എം. കൈകാര്യം ചെയ്തുകൊള്ളും എന്നദ്ദേഹം വിശ്വസിച്ചു. മാണിയെ പുണരാനൊരുങ്ങിയ സി.പി.എമ്മിന്റെ അവസരവാദപരമായ രാഷ്ട്രീയനിലപാടുകളെ വിമര്‍ശിച്ചപ്പോള്‍ പരസ്യപ്രതികരണത്തിന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ തയ്യാറായില്ലെങ്കിലും അവര്‍ രഹസ്യമായി ഒരു കാര്യം പറഞ്ഞു -ബി.ജെ.പിക്കൊപ്പം പോകാതിരിക്കാന്‍ മാണിയെ തല്‍ക്കാലം പിടിച്ചുനിര്‍ത്തിയതാണെന്ന്. ഓലക്കാലില്‍ പ്ലാവില കെട്ടി മുന്നില്‍ പിടിച്ച് ആടിനെ നയിക്കുംപോലെ!! ആ പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു.

sukesan
ആര്‍.സുകേശന്‍

കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം. വിജിലന്‍സ് എസ്.പി. ആര്‍.സുകേശന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഭേഷായി. സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു എസ്.പി. സ്വന്തം നിലയ്ക്ക് ഹര്‍ജി കൊടുക്കുമോ? മാണിക്ക് എട്ടിന്റെ പണി കിട്ടിയത് അവിടെയാണ്. വിധിയോടുള്ള ‘പ്രമുഖരുടെ’ പ്രതികരണങ്ങള്‍ നോക്കിയാല്‍ മതി. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി നിലപാട് തീര്‍ത്തും ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തങ്ങള്‍ നേരത്തേ പറഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ നിര്‍ദ്ദേശം ഇത് ശരിവെയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിയോട് പിണറായി ഇതു ചെയ്യരുതായിരുന്നു. ‘നിയമം നിയമത്തിന്റെ വഴിക്കു പോകും’ എന്നെങ്കിലും പറഞ്ഞ് മാണിയെ ആശ്വസിപ്പിക്കാമായിരുന്നു. ഉമ്മന്‍ചാണ്ടി മുത്താണെന്ന് മാണി തിരിച്ചറിഞ്ഞു. പാവം മാണി!!!

മാണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പറയാതെ പറഞ്ഞയാളാണ് കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫില്‍ നിന്നു പുറത്തുചാടിയ മാണിയെ പരമാവധി പ്രോത്സാഹിപ്പിച്ചത് കോടിയേരിയാണ്. ഇന്ന് സഹാവ് പറഞ്ഞത് എന്താണെന്നറിയണ്ടേ? അഴിമതിക്കാരുമായി കൂട്ടുകൂടാനില്ലെന്ന്. മാണിയുടെ ചങ്കില്‍ കുത്തിയ കഠാരയില്‍ അല്പം മുളകും കൂടി അരച്ചുപുരട്ടി. ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിച്ചുവെന്ന സുകേശന്റെ ആരോപണത്തോടെ ഇടതുപക്ഷം ഉന്നയിച്ചതെല്ലാം ശരിയാണെന്നു തെളിഞ്ഞുവത്രേ. തുടരന്വേഷണം ശക്തമായി നടത്തി വിജിലന്‍സ് വിശ്വാസമാര്‍ജ്ജിക്കണമെന്നും പ്രധാന ഭരണപ്പാര്‍ട്ടിയുടെ സെക്രട്ടറി നിര്‍ദ്ദേശിച്ചു. എന്നുവെച്ചാല്‍, മാണിയെ പിടിച്ച് അകത്തിട്ട് നാലു പൂശണമെന്ന്. ബലേ ഭേഷ്!!

VCB.jpg

മാണിയോടുള്ള ചില സി.പി.എം. നേതാക്കള്‍ കാട്ടുന്ന സോഫ്ട് കോര്‍ണര്‍ പണ്ടേ അത്ര ഇഷ്ടമില്ലാത്തയാളാണ് വി.എസ്.അച്യുതാനന്ദന്‍. കിട്ടിയ അവസരം പുള്ളി പരമാവധി മുതലെടുത്തിട്ടുണ്ട്. ശങ്കര്‍ റെഡ്ഡിയുടെ തോളില്‍ തോക്കുവെച്ചാണ് മാണിക്കെതിരെ വെടി എന്നു മാത്രം. ബാര്‍ കോഴ കേസന്വേഷണം അട്ടിമറിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ സര്‍വ്വീസില്‍ നിന്നു മാറ്റിനിര്‍ത്തി ക്രിമിനല്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് വി.എസ്സിന്റെ ആവശ്യം. വിജിലന്‍സ് ഡയറക്ടര്‍ തന്നെ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കുന്നു എന്ന ഭീകരാവസ്ഥ പ്രോത്സാഹിപ്പിക്കപ്പെടരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍, സ്റ്റേറ്റ് ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്റ്ററായി ശങ്കര്‍ റെഡ്ഡി തുടരുന്നത് അപകടമാണ്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ബാര്‍ കോഴ അട്ടിമറിക്കേസിന്റെ സത്യാവസ്ഥകള്‍ പുറത്തുവരൂ എന്നാണ് വി.എസ്സിന്റെ വിലയിരുത്തല്‍.

ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുകയാണ് എന്ന തന്റെ ആശങ്ക ഞാന്‍ ആദ്യമേ വ്യക്തമാക്കിയതാണെന്ന് മുന്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ മാത്രം വിചാരിച്ചാല്‍ ഈ കേസ് അട്ടിമറിക്കാനാവില്ല. ബാര്‍ കോഴ അന്വേഷണം വഴിതിരിച്ചുവിടാന്‍ ഭരണതലത്തില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പങ്ക് കൂടി അന്വേഷണവിധേയമാക്കണം. മാണി അഴിമതിക്കാരനാണെന്ന് ആവര്‍ത്തിച്ച് തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാണിയും പാര്‍ട്ടിയും കേരള രാഷ്ട്രീയത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യപ്പെടാന്‍ പോവുകയാണ്. അഴിമതിക്കാരുമായി ഒരു തരത്തിലും സമരസപ്പെട്ടു പോവാന്‍ ഇടതുമുന്നണി സര്‍ക്കാരിന് കഴിയില്ലെന്നും വി.എസ്. പറഞ്ഞുവെച്ചു. മാണിയുമായി കൂടാന്‍ ഇനി ഏതെങ്കിലും സി.പി.എം. നേതാവ് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനൊരു തട!

മാണി യു.ഡി.എഫ്. വിട്ടു പുറത്തുചാടിയപ്പോള്‍ ജോസ് കെ.മാണിക്ക് കേന്ദ്ര മന്ത്രി സ്ഥാനം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു വന്ന ഒരു ടീമുണ്ട്. ‘മീശ മാധവന്‍’ സിനിമയില്‍ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ ഡയലോഗാണ് അതു കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് -‘ഞാന്‍ തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ!’ സംശയിക്കണ്ട, തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം തന്നെയാണ് പറഞ്ഞത്. ഇന്നു വലിയ വെള്ളാപ്പള്ളിയുടെ പ്രതികരണം വന്നിട്ടുണ്ട്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നാണ് നടേശഗുരു അരുളിയത്. നടേശന്റെയും തുഷാറിന്റെയും കൂട്ടുകക്ഷിക്കാരായ ബി.ജെ.പിയുടെ പ്രതികരണമൊന്നും കണ്ടില്ല. ഇനി ഞാന്‍ കാണാതെ പോയതാണോ എന്നറിയില്ല. ‘അഴിമതിക്കാരനായ’ മാണിയെ കൂടെക്കൂട്ടാന്‍ തല്‍ക്കാലം അവരും തയ്യാറാവുമെന്നു തോന്നുന്നില്ല.

ഉമ്മന്‍ചാണ്ടി കുടം തുറന്നുവിട്ട ബിജു രമേശ് എന്ന ഭൂതം കേരള രാഷ്ട്രീയത്തിലെ ഈ വന്‍മരത്തെ വേരോടെ പിഴുതെറിയുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. മരം ഇപ്പോള്‍ത്തന്നെ ഏതാണ്ട് ചരിഞ്ഞ നിലയിലാണ്. അടച്ച ബാറുകള്‍ തുറക്കാന്‍ മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് വിജിലന്‍സിന്റെ ത്വരിതപരിശോധനയിലേക്കു നയിച്ചത്. മാണിക്കെതിരെ കേസെടുക്കാമെന്നായിരുന്നു ത്വരിതപരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ എസ്.പി. സുകേശന് അന്വേഷണച്ചുമതല കൈമാറി. പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സുകേശന്‍ ചരിത്രം സൃഷ്ടിച്ചു. മാണിയെ പ്രതിയാക്കാന്‍ വകുപ്പുണ്ടെന്ന് ഒരു റിപ്പോര്‍ട്ട്. മാണിയെ കുറ്റവിമുക്തനാക്കി മറ്റൊരു റിപ്പോര്‍ട്ട്. ഒടുവില്‍ ഇപ്പോള്‍ തുടരന്വേഷണ ഹര്‍ജിയും.

reddy
എന്‍.ശങ്കര്‍ റെഡ്ഡി

മാണിയെ കുറ്റവിമുക്തനാക്കിയ രണ്ടാമത്തെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി ഇടപെട്ട് കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച് തിരുത്തല്‍ വരുത്തിയതിനാലാണെന്ന് സുകേശന്‍ പറയുന്നു. തെളിവുകള്‍ തിരസ്‌കരിച്ചതിനാല്‍ അന്വേഷണം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിക്കളഞ്ഞുവെന്നും എസ്.പി. ഇപ്പോഴത്തെ ഹര്‍ജിയില്‍ പറഞ്ഞു. ഇതു ഫയലില്‍ സ്വീകരിച്ചാണ് വിജിലന്‍സ് കോടതി തുടരന്വേഷണ ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ഉദ്യോഗസ്ഥന്‍ കേസന്വേഷണം അട്ടിമറിച്ചുവെന്ന ഗുരുതരമായ ആരോപണം വിജിലന്‍സ് എസ്.പി. തന്നെ ഉന്നയിക്കുന്നത് നമ്മള്‍ കണ്ടു!

ഇതിനിടെ, തുടരന്വേഷണത്തെ ഒരാള്‍ സ്വാഗതം ചെയ്തത് എന്നെ ഞെട്ടിച്ചു -സാക്ഷാല്‍ കെ.എം.മാണി. കേസിനു പിന്നില്‍ ഗൂഢാലോചനയാണെന്ന ടേപ്പ് റെക്കോര്‍ഡര്‍ അദ്ദേഹം വീണ്ടും ഓണ്‍ ചെയ്തിട്ടുണ്ട്. എല്ലാം സുകേശന്റെ കുഴപ്പമാണെന്നാണ് മാണി പറയുന്നത്. കുറ്റക്കാരനാണെന്ന് ആദ്യം റിപ്പോര്‍ട്ടു നല്‍കിയ ഉദ്യോഗസ്ഥന്‍ പുനരന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ലത്രേ. ഒരു വിലാപവും ആ മുഖദാവില്‍ നിന്ന് കേട്ടു -‘സുകേശന്‍ മനഃസാക്ഷിയില്ലാത്തവനാണ്’. ദുശ്റ്റന്‍!! ക്രൂരന്‍!!! കെ.ബാബു, രമേശ് ചെന്നിത്തല എന്നൊക്കെ ഇടയ്ക്ക് പുലമ്പുന്നുണ്ട്. പക്ഷേ, ക്ലച്ചു പിടിക്കുന്നില്ല.

najumul
നജുമുല്‍ ഹസ്സന്‍

മാണി പറയുന്നതുപോലെ മനസ്സാക്ഷിയില്ലാത്തയാളാണോ സുകേശന്‍? അറിയില്ല. ഏതായാലും, ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തില്‍ സുകേശന് റോളില്ല. കേസന്വേഷണത്തില്‍ താല്പര്യമില്ലെന്ന് സുകേശന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് മാറ്റമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. സുകേശന് പകരം പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി. നജുമുല്‍ ഹസ്സനായിരിക്കും ചുമതല. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ലെന്നു ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. സുഡാനില്‍ ഐക്യരാഷ്ട്ര സമാധാന സേനയിലെ സേവനം കഴിഞ്ഞു തിരിച്ചെത്തിയ നജുമുല്‍ ഹസ്സന്‍ അതേ ആവേശം ഇവിടെയും പ്രകടിപ്പിച്ചാല്‍ മാണിയുടെ വെടി തീരും.

naumul un
നജുമുല്‍ ഹസ്സന്‍ സുഡാനില്‍ ഐക്യരാഷ്ട്ര സമാധാന സേനാംഗമെന്ന നിലയില്‍

മാണി ഇപ്പോള്‍ ഒറ്റയ്ക്കാണ്. പി.സി.ജോര്‍ജ്ജില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജില്ല. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ ചാവേറായി പിന്തുണ നല്‍കിയ ആന്റണി രാജുവുമില്ല. പി.ജെ.ജോസഫും മോന്‍സ് ജോസഫുമെല്ലാം ഉള്ളതും ഇല്ലാത്തതും ഒരു പോലെ. കോണ്‍ഗ്രസ്സുകാരുടെ പിന്തുണ മാണി തന്നെ ഇല്ലാതാക്കിയതാണ്. സി.പി.എമ്മുകാര്‍ വിളിച്ചുവരുത്തിയിട്ട് സദ്യയില്ലെന്നു പറഞ്ഞു. പിന്തുണയ്ക്കാന്‍ സാദ്ധ്യതയുള്ളത് ബി.ജെ.പിക്കാരായിരുന്നു. അവര്‍ക്കും വിശ്വാസമില്ലാതാക്കി. അപ്പോള്‍, എല്ലാ തരത്തിലും മാണി അനാഥനാണ്.

പി.സി.ജോര്‍ജ്ജിന്റെ ആശംസ ഇപ്പോള്‍ മനസ്സില്‍ കണ്ടു നോക്കി -‘ശത്രുക്കള്‍ക്കു പോലും ഈ ഗതി വരാതിരിക്കട്ടെ!!!’

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks