HomePOLITYകുമ്മനം ട്രോ...

കുമ്മനം ട്രോളിന് അതീതനോ?

-

Reading Time: 5 minutes

കുമ്മനത്തിന്റെ മിസോ ഭാഷാപ്രയോഗത്തെ ഞാന്‍ ട്രോളി. അതിനെതിരെ വിമര്‍ശനവുമായി ഒരുപാട് പേര്‍ രംഗത്തുവന്നു. മാന്യമല്ലാത്ത ഭാഷ എന്റെ ചെലവില്‍ വേണ്ട എന്നുള്ളതിനാല്‍ തെറി പറഞ്ഞ സംഘികളെ നിഷ്‌കരുണം ബ്ലോക്കിയിട്ടുണ്ട്.

ഭരണഘടനാ പദവിയിലുള്ളയാളെ ട്രോളി എന്നാണ് എന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. അപ്പോള്‍ ഇവര്‍ ഭരണഘടനയെ മാനിക്കുന്നുണ്ട് അല്ലേ! കുമ്മനം മാത്രമാണോ ഭരണഘടനാ പദവിയിലുള്ളത്. കുമ്മനത്തെ ട്രോളരുത് എന്നു പറയുന്നവര്‍ ട്രോളുന്ന പിണറായി വിജയനും വഹിക്കുന്നത് ഭരണഘടനാ പദവി തന്നെയാണ്. ഒരു സംസ്ഥാനത്ത് ഗവര്‍ണ്ണറെക്കാള്‍ അധികാരമുള്ള ഭരണഘടനാ പദവി മുഖ്യമന്ത്രിയുടേതാണ്. ഗവര്‍ണ്ണറുടേത് ഉപദേശക വേഷം മാത്രമാണ്, നമ്മുടെ ഭരണഘടനയനുസരിച്ച്! ഇല്ലാത്ത അധികാരം ഉണ്ടെന്നു ധരിച്ച ഗവര്‍ണ്ണര്‍മാരെ സുപ്രീം കോടതി ചെവിക്കുപിടിച്ച് മൂലയ്ക്കിരുത്തിയിട്ടുണ്ട്. ബി.എസ്.യെദ്യൂരപ്പയെ ചട്ടവിരുദ്ധമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വജുഭായ് വാലയ്ക്കുണ്ടായ അനുഭവം തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ അക്രമസമരം ചെയ്യുന്ന ടീംസ് മുഴുവന്‍ ഇന്ന് ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്നതു കണ്ട് ഞാന്‍ കൃതാര്‍ത്ഥനായി. ഇതിനിടെ ഇന്നലത്തെ മഴയില്‍ കുരുത്ത ചില തകരകള്‍ എന്നെ മാധ്യമപ്രവര്‍ത്തന നൈതികത പഠിപ്പിക്കാനും വന്നു. ടെലിവിഷന്‍ ചാനലുകളില്‍ വൈകുന്നേരത്തെ ട്രോള്‍ പരിപാടിക്ക് ഇന്‍പുട്ട് നല്‍കുന്ന ചില പുതുതലമുറ ലേഖകര്‍ അടക്കമുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. കാലില്ലാത്തവന്‍ മുന്നില്‍ നില്‍ക്കുന്നവനെ ചൂണ്ടിക്കാട്ടി ‘അയ്യേ നിന്റെ കാലിലെ ചെറുവിരലില്‍ നഖമില്ലേ’ എന്നു പറയുന്ന ഒരിതില്ലേ, അതു തന്നെ! ചാനലിലെ ട്രോള്‍ പരിപാടി പോലെയാണോ ശ്യാംലാല്‍ എന്ന ഇസ്‌പേഡ് ഏഴാംകൂലി എന്ന ഭാവം!

ഇതിലേറ്റവും ഇഷ്ടപ്പെട്ടത് ദില്ലിവാല ‘തേന്‍കെണി’ പത്രക്കാരന്റെ പ്രതികരണമാണ്. ഞാന്‍ ഏത് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്നാണ് ടിയാന്റെ സംശയം. അദ്ദേഹം വള്ളിനിക്കറിട്ടു നടക്കുന്ന കാലത്ത് ഞാന്‍ ഈ പണി ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നിലവാരം വിലയിരുത്താന്‍ ഞാനാളല്ല. അത് നാട്ടുകാര്‍ക്ക് നന്നായറിയാം. ഒരു പത്രപ്രവര്‍ത്തകന് സ്ഥാപനമുണ്ടെങ്കിലേ പ്രവര്‍ത്തിക്കാനാവൂ എന്നാണ് മാന്യ ദേഹത്തിന്റെ വിശ്വാസം. കാരണം അത്രയ്ക്കുള്ള മരുന്നേ അദ്ദേഹത്തിനുള്ളൂ. ആ സ്ഥാപനമുള്ളതുകൊണ്ടു മാത്രമാണല്ലോ അദ്ദേഹം ഇപ്പോഴും മാധ്യമപ്രവര്‍ത്തകനായി തുടരുന്നത്. വേറാരും എടുക്കില്ല. സ്ഥാപനമില്ലെങ്കില്‍ അപ്പോള്‍ ശൂ. പണി അറിയാവുന്നവന് പ്രവര്‍ത്തിക്കാന്‍ സ്ഥാപനം വേണ്ട. സാരമില്ല, അദ്ദേഹത്തിന്റെ നിഷ്പക്ഷ മുഖമൂടിക്കു പിന്നിലെ വര്‍ഗ്ഗീയവാദി തെളിഞ്ഞുവന്നതാണ്.

ഇനി വേറൊരുത്തനുണ്ട്. 2013ലോ മറ്റോ ആണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ എ.ബി.സി. അറിയാതെ മുന്നില്‍ വന്ന് വിറച്ചു നിന്നവന്‍. ഇന്ത്യാവിഷനിൽ തിരുവനന്തപുരത്ത് കാണിച്ചുകൂട്ടിയ മണ്ടത്തരങ്ങള്‍ക്ക് കൈയും കണക്കുമില്ല. അന്നൊക്കെ സംരക്ഷിച്ചു നിര്‍ത്തി പണി പഠിപ്പിച്ചു. സ്ക്രിപ്റ്റ് ഒരു വരി മര്യാദയ്ക്ക് എഴുതാനറിയില്ല. അവനെ എവിടെയെങ്കിലും പറഞ്ഞുവിട്ടാൽ അതിന്റെ സ്ക്രിപ്റ്റും ഞാനെഴുതണമെന്ന അവസ്ഥ! എന്റെ അതേ പേരുകാരനോടുള്ള സ്‌നേഹവുമുണ്ടായിരുന്നു. രക്ഷിക്കുന്നതിന് ഒരു പരിധിയുണ്ടല്ലോ! ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വിട്ടുപോയി. അവനും ഭാരതീയ സംസ്കാരമനുസരിച്ചുള്ള ‘ഗുരുദക്ഷിണ’ തന്നിട്ടുണ്ട്. അതുകൊണ്ടാണ് ചെയ്തുകൊടുത്ത സഹായം വിളിച്ചുപറയുന്ന അല്പത്തരം കാണിക്കേണ്ടി വന്നത്. അവനും ഇപ്പോൾ മൂത്ത സംഘിയാ. എല്ലാ സ്ഥാപനങ്ങളിലും കൂടി ജോലിയിൽ ആകെ 5 വര്‍ഷം തികച്ചിട്ടില്ലെങ്കിലും ഡല്‍ഹിയിലെത്തിയാല്‍ പിന്നെ എല്ലാവരും ബല്യ പുള്ളികളാണല്ലോ!! പക്ഷേ, ഈ കക്ഷിയുടെ പഴയ മണ്ടന്‍ കഥകള്‍ പറഞ്ഞാല്‍ ഡല്‍ഹിയില്‍ നിന്നോടി കാഠ്മണ്ഡുവില്‍ പോയി നില്‍ക്കേണ്ടി വരും. ചില്ലുമേടയിലിരിക്കുന്നവര്‍ കല്ലെറിയുന്നതിനെക്കുറിച്ച് ചിന്തിക്കരുത് എന്നു മാത്രമേ പറയാനുള്ളൂ.

സ്ഥാപനമില്ലാത്തത് ഇത്തരക്കാര്‍ക്ക് വലിയ പ്രശ്‌നമാണ്. ജോലി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതല്ല. ‘ഇന്ത്യാവിഷന്‍ പൂട്ടിയത് അറിഞ്ഞില്ല’ എന്നാണ് തേന്‍കെണിക്കാരന്റെ കളിയാക്കല്‍. ബി.ജെ.പിക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ‘സി.പി.എം. ഫ്രാക്ഷന്‍’ പട്ടിക പുറത്തിറക്കിയപ്പോള്‍ ‘സ്ഥാപനമില്ലാത്ത’ എന്റെ പേരും കണ്ടു. അതില്‍ ഉള്‍പ്പെട്ടത് ഞാന്‍ പറയുന്ന സത്യങ്ങള്‍ സംഘപരിവാരത്തെ അത്രമാത്രം ബുദ്ധിമുട്ടിക്കുന്നു എന്നതിനാല്‍ത്തന്നെയല്ലേ? ഫ്രാക്ഷനില്‍ എന്നെ ഉള്‍പ്പെടുത്തിയ കാര്യം ഏതായാലും സി.പി.എം. അംഗീകരിക്കില്ലെന്നത് വേറെ കാര്യം. സ്ഥാപനമില്ലാത്ത ഞാന്‍ എഴുതുന്നത് സംഘപരിവാറുകാരെങ്കിലും വായിക്കുന്നുണ്ട് എന്നു തന്നെയാണ് ഫ്രാക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ അര്‍ത്ഥം. അവരോട് ചോദിച്ചാല്‍ മനസ്സിലാവും എവിടെയാണ് എന്നെ വായിച്ചതെന്ന്. സ്ഥാപനമില്ലാത്ത പത്രപ്രവര്‍ത്തകന് ഒരു മുതലാളിയെയും പേടിക്കേണ്ട കാര്യമില്ല. സത്യമെന്നു ബോദ്ധ്യമുള്ള എന്തുമെഴുതാം. വാര്‍ത്തകള്‍ വളച്ചൊടിക്കില്ല എന്നര്‍ത്ഥം. അതിനാല്‍ത്തന്നെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യുന്നു.

പിന്നെ, സ്ഥാപനം വേണമെന്നുണ്ടായിരുന്നുവെങ്കില്‍ ഇന്ന് നൈതികത പഠിപ്പിക്കാന്‍ വന്ന ദില്ലിവാല എന്നെ ‘സാര്‍’ എന്നു വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇമ്മിണി ബല്യ ‘സാര്‍’ ആയി ഈയുള്ളവന്‍ മാറുമായിരുന്നു. ആ പത്രത്തിന്റെ നയങ്ങളോടും നിലപാടുകളോടും അശേഷം യോജിപ്പില്ലാത്തതു കൊണ്ടു തന്നെയാണ് അവിടെ ചെന്നു കയറാത്തത്. ‘തേന്‍കെണി’ വിവാദമുണ്ടായ വേളയില്‍ ഞാനിത് പറഞ്ഞിട്ടുള്ളതാണ്. സംശയമുണ്ടെങ്കില്‍ ആ പത്രത്തിന്റെ സി.ഇ.ഒയോട് ചോദിച്ചു നോക്ക്. അദ്ദേഹം കുറച്ചുകൂടി ശക്തനായ കാലത്താണ് എന്നെ അവിടേക്ക് ക്ഷണിച്ചത്. പൂനത്തുള്ളവന്മാരുടെയൊക്കെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് ഓടി രക്ഷപ്പെട്ടതാ. അവിടെ ചെന്നു കയറിയ ചില പാവങ്ങള്‍ക്ക് പിന്നീടുണ്ടായ അനുഭവം എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുകയും ചെയ്തു.

കുമ്മനത്തെ ട്രോളിയാല്‍ സംഘികള്‍ക്ക് കുരു പൊട്ടുന്നത് സ്വാഭാവികം. പക്ഷേ, വാര്‍ത്താലോകത്ത് വിഹരിക്കുന്ന so called മാധ്യമശിങ്കങ്ങള്‍ക്ക് കുരുപൊട്ടിയത് അറിവില്ലായ്മ കൊണ്ടാണെന്നു പറയും. ഏതു സാഹചര്യത്തിലാണ് കുമ്മനത്തെ ട്രോളിയത് എന്ന് എനിക്ക് വ്യക്തമായി വിശദീകരിക്കാനാവും. ആ കാരണം ഒരു പത്രപ്രവര്‍ത്തകന് ഇനിയും മനസ്സിലായില്ലെങ്കില്‍ അവനെ ഈ പണിക്ക് കൊള്ളില്ല തന്നെ. വിശേഷിച്ചും പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയാക്കിയവനെ.

മിസോ ഭാഷയില്‍ ഗവര്‍ണ്ണര്‍ കുമ്മനം സംസാരിക്കുകന്ന് മിസോ ജനതയുടെ ഹൃദയത്തിലേക്ക് വഴി വെട്ടിത്തുറക്കാന്‍ തന്നെയാകണം. എന്നാല്‍, ആ ശ്രമം വൃഥാവിലാണെന്ന് ആ പാവം ഇതുവരെ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. കാരണം, കുമ്മനം അധികകാലം ഇനി മിസോറാമില്‍ ഉണ്ടാവില്ല. അതു തന്നെയാണ് ട്രോളിനു കാരണവും.

കേരളത്തിലെ ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്. ആണെന്ന് പകല്‍ പോലെ വ്യക്തമാണല്ലോ. ആര്‍.എസ്.എസ്സിന് നിയന്ത്രണം ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ജയിലില്‍ അഴിയെണ്ണുന്ന കെ.സുരേന്ദ്രന്‍ ആയിരുന്നേനെ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കു പകരം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കസേരയില്‍. ആര്‍.എസ്.എസ്സിന് അനഭിമതനാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് സുരേന്ദ്രന്‍ തെറിച്ചുപോയത്. അതു പോലെ തന്നെ കുമ്മനം രാജശേഖരന്‍ നേരത്തേ പ്രസിഡന്റായി വന്നതും ആര്‍.എസ്.എസ്സിന്റെ താല്പര്യപ്രകാരം തന്നെ.

എന്നാല്‍, കുമ്മനം മിസോറാം ഗവര്‍ണ്ണറായി പോയത് കേരളത്തിലെ ആര്‍.എസ്.എസ്. അറിഞ്ഞില്ല. അതിലുള്ള അതൃപ്തി അവര്‍ അന്ന് രേഖപ്പെടുത്തുകയും ചെയ്തു. കുമ്മനത്തെ കേരളത്തില്‍ നിന്നു മാറ്റിയത് ശരിയായില്ല എന്ന നിലപാടിലേക്ക് ഇപ്പോള്‍ ആര്‍.എസ്.എസ്. വീണ്ടുമെത്തിയിരിക്കുന്നു. അവര്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തോട് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു -കുമ്മനത്തെ കേരളത്തിലേക്ക് തിരികെയെത്തിക്കണം.

കേരളത്തിലെ ബി.ജെ.പി. ഘടകത്തിലെ ചക്കളത്തിപ്പോരാട്ടം സര്‍വ്വസീമകളും ലംഘിച്ചിരിക്കുന്നു. പ്രതിസന്ധി പരിഹരിച്ച് മുന്നോട്ടു പോകണമെങ്കില്‍ കുമ്മനം രാജശേഖരന്‍ നേതൃത്വത്തില്‍ വേണം. ശബരിമല സമരം ബി.ജെ.പി. കുളമാക്കിയ രീതിയിലും ആര്‍.എസ്.എസ്സിന് അങ്ങേയറ്റത്തെ അമര്‍ഷമുണ്ട്. ശബരിമല സമരത്തിന് ഏറ്റവും അനുയോജ്യനായ നായകന്‍ കുമ്മനം രാജശേഖരനാണ് എന്നാണ് ആര്‍.എസ്.എസ്സിന്റെ അഭിപ്രായം. 1980കളില്‍ നിലയ്ക്കല്‍ സമരം നയിച്ചു പരിചയമുള്ള കുമ്മനത്തിന് ഹിന്ദു സമുദായ സംഘടനകളെ വിജയകരമായി ഏകോപിപ്പിക്കാനാവും എന്ന് അവര്‍ കണക്കുകൂട്ടുന്നു.

കുമ്മനത്തെ എത്തിക്കാന്‍ ആര്‍.എസ്.എസ്. കാര്യമായ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നു തന്നെയാണ് ലഭിക്കുന്ന സൂചന. കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് എന്ന വാര്‍ത്ത ഇനി മുതല്‍ ഏതു നിമിഷവും വന്നേക്കാം. കുമ്മനത്തെ വേണമെന്ന് ആര്‍.എസ്.എസ്. തീര്‍ത്തുപറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ബി.ജെ.പിക്ക് വിജയസാദ്ധ്യത ഉള്ളതായി പറയപ്പെടുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ അനുയോജ്യനായ ഒരു സ്ഥാനാര്‍ത്ഥി ഇപ്പോഴില്ല. സ്ഥിരം സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നേമത്തു നിന്ന് ജയിച്ച് എം.എല്‍.എയായി. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന നിലയുള്ളപ്പോഴാണ് അദ്ദേഹത്തെ മിസോറാമിലേക്ക് പറഞ്ഞയച്ചത്. കുമ്മനത്തിന് പറ്റിയ പകരക്കാരന്‍ ഇല്ല തന്നെ. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നിനും ഉറപ്പില്ല. അപ്പോള്‍ കുമ്മനം തന്നെ മതിയെന്ന് ആര്‍.എസ്.എസ്. നിശ്ചയിച്ചു. പ്രവര്‍ത്തനം നേരത്തേ തുടങ്ങണമല്ലോ.

ഈ വിവരം ഞാന്‍ പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ്. കാരണം, കഴിഞ്ഞ തവണ ആരും പ്രതീക്ഷിക്കാതിരുന്ന സമയത്ത് കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാവും എന്ന് ആദ്യം വാര്‍ത്തയെഴുതിയത് ഞാനാണ്. 2015 ഡിസംബര്‍ 14നായിരുന്നു എന്റെ ആ കുറിപ്പ്. ഒരു കാരണവശാലും സംഭവിക്കില്ലെന്ന് എന്നോട് ബെറ്റുവെച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ മലയാള മനോരമ അടക്കമുള്ള വലിയ മാധ്യമങ്ങള്‍ ഏതോ ഒരു ബാലശങ്കര്‍ ബി.ജെ.പി. അദ്ധ്യക്ഷനാവും എന്ന് ഒന്നാം പേജില്‍ അച്ചുനിരത്തുകയായിരുന്നു. ഒടുവില്‍ കുമ്മനത്തിന്റെ രാഷ്ട്രീയാവതാരം സംഭവിക്കുക തന്നെ ചെയ്തു.

ഒരു കാര്യം കൂടി പറയാതെ പൂര്‍ത്തിയാവില്ല. കുമ്മനത്തിന്റെ മിസോ പ്രസംഗം ട്രോളാക്കി ആദ്യം പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ തന്നെയാണ്. ആര്‍.എസ്.എസ്സിന്റെ പുതിയ നീക്കത്തെക്കുറിച്ച് അറിഞ്ഞു തന്നെയാവണമിത്. അത്തരമൊരാളില്‍ നിന്നു തന്നെയാണ് വാട്ട്‌സാപ്പില്‍ എനിക്കിതു കിട്ടിയതും. വ്യക്തിപരമായ സൗഹൃദത്തെ മാനിച്ച് പേര് പറയുന്നില്ല, പറയുകയുമില്ല. അല്ലാതെ മിസോറാമില്‍ നിന്ന് ക്ലിപ്പ് പറന്നുവന്ന് എന്റെ മൊബൈല്‍ ഫോണില്‍ കയറില്ലല്ലോ!!

ഇനിയാണ് പ്രധാന ചോദ്യം -പിണറായി വിജയനും രമേശ് ചെന്നിത്തലയ്ക്കുമില്ലാത്ത എന്ത് സംരക്ഷണമാണ് ട്രോളുകളില്‍ നിന്ന് കുമ്മനം രാജശേഖരന് ഇപ്പോഴുള്ളത്? അപ്പോള്‍ മിസോ ഭാഷയില്‍ പ്രാവീണ്യം നേടിയ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനു വേണ്ടി നമുക്ക് കാത്തിരിക്കാം!! കൗണ്ട് ഡൗണ്‍ തുടങ്ങുകയായി…

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights