Reading Time: 7 minutes

നോര്‍മന്‍ഡിയിലെ ഗുവേണ്‍സേയില്‍ നിന്ന് ലണ്ടനിലേക്ക് 1821ല്‍ കുടിയേറ്റക്കാരനായി എത്തിയ തോമസ് ദ ലാ റ്യൂ തുടക്കമിട്ട കമ്പനിയാണ് ദ ലാ റ്യൂ. 1831ല്‍ ആദ്യമായി കിട്ടിയ ഇടപാട് ലണ്ടന്‍ കൊട്ടാരത്തിലെ ചീട്ടുകളിക്കാവശ്യമായ ചീട്ടുകള്‍ അച്ചടിച്ചു നല്‍കുക എന്നതായിരുന്നു. 1855ല്‍ തപാല്‍ സ്റ്റാമ്പുകള്‍ കമ്പനി അച്ചടിച്ചു തുടങ്ങി, 1860ല്‍ കറന്‍സി നോട്ടുകളും. 1896ല്‍ കുടുംബവ്യവസായം എന്ന നിലയില്‍ നിന്ന് ദ ലാ റ്യൂ ഒരു സ്വകാര്യ കമ്പനിയായി മാറി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947ല്‍ തന്നെയാണ് തോമസ് ദ ലാ റ്യൂ ആന്‍ഡ് കമ്പനി ലിമിറ്റഡ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. 1958ല്‍ സ്ഥാപനം ദ ലാ റ്യൂ കമ്പനി ലിമിറ്റഡ് എന്ന് പരിഷ്‌കരിച്ചു. ഈ കമ്പനിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രധാന ചര്‍ച്ചാവിഷയം. എന്തുകൊണ്ടാണ് ദ ലാ റ്യൂ ചര്‍ച്ചാവിഷയമായത്? അവര്‍ക്ക് ഇപ്പോഴത്തെ നോട്ട് നിരോധനവുമായി ബന്ധമുണ്ടോ? ഉത്തരങ്ങള്‍ കണ്ടെത്താന്‍ കാര്യമായ പരിശ്രമം ആവശ്യമാണ്.

തോമസ് ദ ലാ റ്യൂ

രാജ്യത്തെ പ്രധാനപ്പെട്ട 5 ഏജന്‍സികള്‍ -മിലിറ്ററി ഇന്റലിജന്‍സ്, എന്‍.ഐ.എ., റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് എന്ന റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് -കുറേ വര്‍ഷങ്ങളെടുത്ത് നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ കോടിക്കണക്കിനു രൂപയുടെ കള്ളനോട്ട് പാകിസ്താന്‍ അച്ചടിച്ച് ഇവിടെ വിതരണം ചെയ്യുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇക്കാര്യം ‘ഇതല്ലാതെ വേറെന്ത് പ്രതിവിധി?’ എന്ന കുറിപ്പില്‍ ഞാന്‍ മുമ്പ് വിശദമായി എഴുതിയിരുന്നു. പാകിസ്താനിലെ ലാഹോര്‍, ക്വെറ്റ, പെഷവാര്‍ എന്നിവിടങ്ങളില്‍ യൂറോപ്യന്‍ സാങ്കേതിക സഹായത്തോടെയാണ് ഇന്ത്യന്‍ കള്ളനോട്ട് അച്ചടിക്കുന്നത്.

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്നു

നോട്ട് നിരോധനത്തിലേക്കു നയിച്ച അന്വേഷണത്തിന്റെ തുടക്കത്തില്‍ നിര്‍ണ്ണായകമായ ഒരു കണ്ടെത്തല്‍ റോ നടത്തിയിരുന്നു -പാകിസ്താന്‍ തയ്യാറാക്കുന്ന കള്ളനോട്ടിനു പിന്നിലെ സാങ്കേതികവിദ്യയെപ്പറ്റി. 2009ലായിരുന്നു ഈ കണ്ടെത്തല്‍. അന്നാണ് ദ ലാ റ്യൂ എന്ന പേര് നമ്മള്‍ ആദ്യമായി ശ്രദ്ധിച്ചത്. ഒരു ദേശസാല്‍കൃത ബാങ്കിന്റെ കറന്‍സി ശേഖരത്തില്‍ നിന്ന് 4 കോടി രൂപയുടെ കള്ളനോട്ട് പൊലീസ് കണ്ടെത്തിയതായിരുന്നു സംഭവവികാസങ്ങളുടെ തുടക്കം. ഈ കള്ളനോട്ടുകള്‍ ബന്ധപ്പെട്ട ബാങ്കിനു കൈമാറിയത് റിസര്‍വ് ബാങ്ക് തന്നെയായിരുന്നു. ഇതു വളരെ ഗൗരവമായി കണ്ട് അന്വേഷണം തുടങ്ങി. ഇതേത്തുടര്‍ന്ന് ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ 70ഓളം ദേശസാല്‍കൃത ബാങ്ക് ശാഖകളില്‍ കള്ളനോട്ട് കണ്ടെത്താന്‍ വ്യാപക റെയ്ഡ് നടന്നു. പാകിസ്താനില്‍ അച്ചടിച്ചെത്തിയ കള്ളനോട്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു പോലും തിരിച്ചറിയാനാവാതെ പോയത് ഏവരെയും ഞെട്ടിച്ചു. വ്യാജ നോട്ട് തിരിച്ചറിയാനായത് വളരെ വലിയ സാങ്കേതികവിദ്യയുള്ള ലാബുകളില്‍ നടന്ന പരിശോധനയില്‍ മാത്രമായിരുന്നു.

രാജ്യത്തിനു തന്നെ ഭീഷണിയായ പാക് കള്ളനോട്ടിന്റെ ഉത്ഭവം സംബന്ധിച്ച് ഇന്ത്യയിലെ പ്രധാന ഏജന്‍സികള്‍ സംയുക്താന്വേഷണം നടത്തി. അവിടെയാണ് ദ ലാ റ്യൂ കടന്നുവരുന്നത്. അന്ന് ഇന്ത്യ നോട്ടടിക്കുന്നതിനുള്ള കടലാസിന്റെ 95 ശതമാനവും വാങ്ങിയിരുന്നത് ഈ ബ്രിട്ടീഷ് കമ്പനിയില്‍ നിന്നായിരുന്നു. ഈ കമ്പനി ഇതേ പേപ്പര്‍ പാകിസ്താനും നല്‍കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കടലാസിനൊപ്പം സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യപ്പെട്ടതായി സാഹചര്യത്തെളിവുകള്‍ ലഭിച്ചു. അതോടെ ഈ കമ്പനിയില്‍ നിന്ന് കടലാസ് വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും അവരുമായി ഒരിടപാടും പാടില്ലെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതിനു മുന്നോടിയായി റിസര്‍വ്വ് ബാങ്കിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ ബ്രിട്ടനിലെ ഹാംഷയറിലലുള്ള ദ ലാ റ്യൂ പ്രിന്റിങ് പ്ലാന്റ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ആ റിപ്പോര്‍ട്ടിലും ദ ലാ റ്യൂവിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് മുഴച്ചുനിന്നത്. ആഭ്യന്തര മന്ത്രാലയം നിലപാട് കടുപ്പിച്ചതോടെ 2011 ജനുവരി 5ന് ദ ലാ റ്യൂവിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനം വന്നു. രാഷ്ട്രസുരക്ഷ പരിഗണിച്ചായിരുന്നു നിര്‍ണ്ണായകമായ ഈ തീരുമാനം. പിന്നീട് ജര്‍മ്മന്‍ കമ്പനി ജീസെക്-ഡെവ്രിയന്റ് കണ്‍സോര്‍ഷ്യത്തെക്കുറിച്ചും സമാനമായ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് അവരെയും കരിമ്പട്ടികയിലാക്കി. ഈ വിവരങ്ങള്‍ 2011 ഡിസംബര്‍ 21ന് പാര്‍ലമെന്റിനെ സര്‍ക്കാര്‍ അറിയിച്ചു. അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണയാണ് രാജ്യസഭയില്‍ വിവരങ്ങള്‍ പറഞ്ഞത്. ഏറ്റവുമാടുവില്‍ 2015 ജനുവരിയില്‍ പോലും പാക് സഹകരണത്തിന്റെ പേരില്‍ ഒരു നോട്ട് കമ്പനിയെ ഇന്ത്യ കരിമ്പട്ടികയിലാക്കി -ജര്‍മ്മന്‍ കമ്പനി ലൂയിസെന്താലിനെ.

ഇന്ത്യയിലെ വിലക്ക് ദ ലാ റ്യൂവിനെ വന്‍ പ്രതിസന്ധിയിലാക്കി. കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ഏറ്റവും വലിയ ഇടപാടുകാരായ റിസര്‍വ് ബാങ്കില്‍ നിന്നായിരുന്നു. അതു നഷ്ടപ്പെട്ടതോടെ കമ്പനി പൂട്ടിപ്പോകുന്ന സ്ഥിതിയായി. എലിസബത്ത് രാജ്ഞിയുടെ മാനസപുത്രന്‍ എന്നറിയപ്പെട്ടിരുന്ന ജെയിംസ് ഹസ്സി ആയിരുന്നു അന്ന് ദ ലാ റ്യൂവിന്റെ സി.ഇ.ഒ. ദുരൂഹമായ കാരണങ്ങളാല്‍ ഹസ്സി കമ്പനി വിട്ടുപോയി. കമ്പനിയുടെ ഓഹരിമൂല്യം കൂപ്പുകുത്തി. 2016 ഏപ്രിലില്‍ പുറത്തുവന്ന പാനമ രേഖകളിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യയിലെ കറന്‍സി കരാറുകള്‍ ലഭിക്കുന്നതിന് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയെ ഇടനിലക്കാരനാക്കി ദ ലാ റ്യൂ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് പാനമ രേഖകളിലൂടെ വെളിപ്പെട്ടു. 15 ശതമാനം കമ്മീഷന്‍ അടിസ്ഥാനത്തിലായിരുന്നു വ്യവസായിയുടെ പ്രവര്‍ത്തനം. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു.

1997ല്‍ കറന്‍സി അച്ചടിക്കല്‍ കരാര്‍ നല്‍കി ദ ലാ റ്യൂവിനെ മുന്‍നിരയിലെത്തിച്ചത് അന്നത്തെ ധനമന്ത്രി പളനിയപ്പന്‍ ചിദംബരമാണ്. ദേശീയ മുന്നണി സര്‍ക്കാരില്‍ തമിഴ് മാനില കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായിരുന്നു അന്ന് ചിദംബരം. 2002ല്‍ റിസര്‍വ് ബാങ്ക് കരാര്‍ നേടാനുള്ള നീക്കങ്ങള്‍ ദ ലാ റ്യൂ നടത്തുമ്പോള്‍ ധനമന്ത്രി സ്ഥാനത്ത് ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ. കാലാകാലങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ വേണ്ടപ്പെട്ടവരില്‍ നിന്ന് വേണ്ട പോലെ കിട്ടിയിട്ടുണ്ട് എന്നര്‍ത്ഥം. 1997-98 കാലഘട്ടത്തില്‍ 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കാന്‍ 3 വിദേശ കമ്പനികളെ റിസര്‍വ് ബാങ്ക് ചുമതലപ്പെടുത്തിയിരുന്നു. 360 കോടി കറന്‍സി നോട്ടുകളാണ് ഇത്തരത്തില്‍ അച്ചടിച്ചത്. അമേരിക്കന്‍ ബാങ്ക് നോട്ട് കമ്പനി 63.5 കോടി നോട്ടുകളും ബ്രിട്ടീഷ് കമ്പനിയായ ദ ലാ റ്യൂ നൂറിന്റെ 136.5 കോടി നോട്ടുകളും ജര്‍മന്‍ കമ്പനിയായ ജീസെക്-ഡെവ്രിയന്റ് കണ്‍സോര്‍ഷ്യം 500 രൂപയുടെ 160 കോടി നോട്ടുകളും അച്ചടിച്ചു നല്‍കി. 1997ല്‍ നോട്ട് അച്ചടിക്കാന്‍ വന്ന ദ ലാ റ്യൂ പിന്നീട് നോട്ട് അച്ചടിക്കുന്ന കടലാസിന്റെ മുഖ്യ വിതരണക്കാരായി, 2011ല്‍ കരിമ്പട്ടികയില്‍ പെടും വരെ.

ദ ലാ റ്യൂവിനെ കരിമ്പട്ടികയില്‍ പെടുത്തിയ തീരുമാനത്തിന് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നു, ആരോരുമറിയാതെ!! ആഭ്യന്തര മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ പെട്ട ഒരു കമ്പനിക്ക് മോചനം അത്ര എളുപ്പമല്ല. പക്ഷേ, എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റി ദ ലാ റ്യൂ തലയുയര്‍ത്തി നില്‍ക്കുന്നതു കാണുമ്പോള്‍ സംശയമുയരുക സ്വാഭാവികം. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളുടെ അച്ചടിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം. റിസര്‍വ് ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്ര പ്രൈവറ്റ് ലിമിറ്റഡ് പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ 4 കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട് -ബ്രിട്ടനിലെ ദ ലാ റ്യൂ, ഓസ്‌ട്രേലിയ ഇന്നോവിയ, മ്യൂണിക്കിലെ ജീസെക്-ഡെവ്രിയന്റ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ ലാന്‍ഡ്ക്വാര്‍ട്ട്. ദ ലാ റ്യൂവും ജീസെക്-ഡെവ്രിയന്റും കരിമ്പട്ടിക കമ്പനികള്‍!! അവരെ തിരഞ്ഞെടുത്തതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും അനൗദ്യോഗിക പ്രതികരണമുണ്ട് -150 വര്‍ഷത്തിലേറെ പഴക്കമുള്ള കമ്പനികള്‍ രഹസ്യം ചോര്‍ത്തല്‍ പോലുള്ള നടപടികളില്‍ ഏര്‍പ്പെടുമെന്ന് ന്യായമായും വിശ്വസിക്കാനാവില്ല എന്ന്!! കമ്മീഷന്റെ ഒരു ശക്തി നോക്കണേ!!!

ഈ സാഹചര്യത്തിലാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നയിച്ച ആരോപണങ്ങളെ കാണേണ്ടത്. ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ ഗൗരവം കണക്കിലെടുത്ത ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ അത് ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്. തന്റെ തട്ടകത്തില്‍ ഒതുക്കിയിരുത്താനുള്ള ശ്രമത്തിനെതിരെ പ്രതിരോധം ചമയ്ക്കാനാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ പരിധിയിലുള്ള നോട്ട് നിരോധനത്തില്‍ ഉമ്മന്‍ ചാണ്ടി കൈവെച്ചതെങ്കിലും കാര്യമായി തന്നെ കാര്യം പറഞ്ഞതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. താന്‍ പുതിയതായി എന്തെങ്കിലും പറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ ക്രമമായി അടുക്കിവെച്ച് അതു പരിശോധിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. അതിന്റെ പ്രഹരശേഷി തിരിച്ചറിഞ്ഞിട്ടാവണം മുന്‍ കേന്ദ്ര മന്ത്രി കെ.വി.തങ്കബാലുവിനെ നോട്ട് നിരോധന വിരുദ്ധ പ്രക്ഷോഭം ഏകോപിപ്പിക്കാന്‍ എന്ന പേരില്‍ എ.ഐ.സി.സി. സാറന്മാര്‍ തിരുവനന്തപുരത്തേക്ക് ഓടിച്ചത്. തങ്കബാലുവല്ല രാഹുല്‍ ഗാന്ധി നേരിട്ടു വന്നാലും ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ഒരു പടി മുന്നില്‍ തന്നെയാണ്. ദ ലാ റ്യൂവിനെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ.

ദ ലാ റ്യൂ സംബന്ധിച്ച ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടികള്‍. നോട്ട് അച്ചടിക്കാനുള്ള കരാര്‍ ദ ലാ റ്യൂവിന് നല്‍കിയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേരത്തേ രംഗത്തുവന്നിരുന്നു. തന്റെ മന്ത്രാലയത്തിന് ദ ലാ റ്യൂവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇതിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കിയത്. ദ ലാ റ്യൂവിന് കരാര്‍ നല്‍കിയെന്ന ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ദ ലാ റ്യൂവിന്റെ റോള്‍ എന്താണെന്നു വ്യക്തമാക്കണം എന്നു മാത്രമാണ് ആവശ്യമെന്ന് അദ്ദേഹം പറയുന്നു. ആ ചോദ്യം വളരെ പ്രസക്തമാണു താനും.

ഇന്ത്യ-ബ്രിട്ടന്‍ ഉച്ചകോടിയുടെ വെബ്‌സൈറ്റില്‍ ദ ലാ റ്യൂവിന്റെ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞിരുന്ന ഭാഗം

ധനമന്ത്രാലയത്തിന് ദ ലാ റ്യൂവുമായി ബന്ധമില്ലെന്ന ജെയ്റ്റ്‌ലിയുടെ വാദം ശരിയാണ്. കാരണം, ദ ലാ റ്യൂവിന് ബന്ധം വാണിജ്യ മന്ത്രാലയവുമായാണ്. നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിന്നാണ് ബ്രിട്ടീഷ് കമ്പനി പുതിയ പാത വെട്ടിത്തുറക്കുന്നത്. തങ്ങള്‍ ഡല്‍ഹിയില്‍ ഓഫീസ് തുറന്നിട്ടുണ്ടെന്നും ഭാരത സര്‍ക്കാരുമായി സഹകരിച്ചാണ് പ്രവര്‍ത്തനമെന്നും ദ ലാ റ്യൂവിന്റെ വെബ്‌സൈറ്റ് പറയുന്നു. കരിമ്പട്ടിക കമ്പനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് വ്യക്തമല്ല. കഴിഞ്ഞ നവംബര്‍ 7 മുതല്‍ 9 വരെ തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ബ്രിട്ടന്‍ ഉച്ചകോടിയുടെ പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍ ദ ലാ റ്യൂ ആയിരുന്നു. ഇക്കാര്യം ഉച്ചകോടിയുടെ വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. നോട്ട് നിരോധന വിഷയത്തിലെ ആദ്യ പത്രസമ്മേളനത്തില്‍ ഇക്കാര്യം ഉമ്മന്‍ ചാണ്ടി എടുത്തു പറയുകയുമുണ്ടായി. എന്നാല്‍, ആരോപണം വന്നതിനു ശേഷം വെബ്‌സൈറ്റില്‍ മാറ്റം വന്നു. ദ ലാ റ്യൂവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പേജ് വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തോടുള്ള പ്രതികരണം അങ്ങനെ തികച്ചും ‘സാങ്കേതികം’ ആയി.

ഇന്ത്യ-ബ്രിട്ടന്‍ ഉച്ചകോടിയുടെ വെബ്‌സൈറ്റില്‍ ദ ലാ റ്യൂവിന്റെ പങ്കാളിത്തം സംബന്ധിച്ച ഭാഗം നീക്കിയ നിലയില്‍

ദ ലാ റ്യൂവുമായി മോദി സര്‍ക്കാരിനുള്ള ദുരൂഹ ബന്ധം സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ സര്‍ക്കാരിന് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന വിവരം ഒടുവില്‍ വെളിച്ചത്താക്കിയത് സഖ്യകക്ഷിയായ ശിവസേനയുടെ ഒരു എം.പി. തന്നെ. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഹേമന്ത് തുക്കാറാം ഗോഡ്‌സെയുടെ വെളിപ്പെടുത്തല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചമച്ച പ്രതിരോധമെല്ലാം ഭേദിക്കും. കരിമ്പട്ടിക കമ്പനിയായ ദ ലാ റ്യൂവിന് നോട്ട് അച്ചടിശാല സ്ഥാപിക്കുന്നതിന് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ ഔറംഗബാദില്‍ 10 ഏക്കര്‍ സ്ഥലം അനുവദിച്ചു എന്ന വിവരമാണ് ഗോഡ്‌സെ പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്‍ സമുച്ചയത്തിലാണ് 700 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നോട്ടടിക്കല്‍ ശാല ഉയരുക. ആദ്യമായിട്ടാണ് ഒരു വിദേശ കമ്പനിക്ക് ഇന്ത്യയില്‍ നോട്ട് അച്ചടിശാല സ്ഥാപിക്കാന്‍ അനുമതി ലഭിക്കുന്നത്. കമ്മീഷന്‍ കൊടുക്കാന്‍ വേണമെങ്കില്‍ ഇനി ദ ലാ റ്യൂ സ്വന്തമായി നോട്ട് അച്ചടിക്കും!

ഹേമന്ത് തുക്കാറാം ഗോഡ്‌സെ

കരിമ്പട്ടിക കമ്പനി എന്നാല്‍ വലിയ സംഭവമാണോ എന്ന് ചിലരെല്ലാം ചോദിക്കുന്നുണ്ട്. ചിലപ്പോള്‍ ഉള്‍പ്പെടുത്തും, ആവശ്യമെന്നു കണ്ടാല്‍ ഒഴിവാക്കും എന്നൊക്കെയാണ് വാദം. മലയാളികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവാന്‍ ഇവിടത്തെ ഒരു കരിമ്പട്ടിക കമ്പനിയുടെ കാര്യം പറയാം -എസ്.എന്‍.സി. ലാവലിന്‍. നാളെ മുതല്‍ കേരളത്തില്‍ വൈദ്യുതി ഉണ്ടാക്കാനും വില്‍ക്കാനും പണം പിരിക്കാനുമെല്ലാമുള്ള അധികാരം ലാവലിന് കൊടുത്താല്‍ എങ്ങനെയിരിക്കും? ലാഭം മാത്രം ലക്ഷ്യമിടുന്ന അവര്‍ തോന്നിയ പോലെ കാര്യങ്ങള്‍ ചെയ്യും. നാട് കുട്ടിച്ചോറാകും. അതുപോലെ തന്നെയാണ് മേക്ക് ഇന്‍ ഇന്ത്യയിലൂടെ ദ ലാ റ്യൂ കടന്നു വരുന്നത്.

വലിയൊരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ് നോട്ട് നിരോധനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ ഇവിടത്തെ ജനങ്ങള്‍ അതിനെ പിന്തുണച്ചു. കഷ്ടപ്പാടുകളില്‍ പരാതി പറയുന്നവര്‍ പോലും നല്ലൊരു നാളെ സ്വപ്‌നം കണ്ടു. എന്നാല്‍, പുറത്തു വരുന്ന കഥകളിലെ അഴിമതിമണം പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ഈ കരിനിഴല്‍ ഒഴിവാക്കാം -ദ ലാ റ്യൂവിനെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയോ? എപ്പോള്‍? എങ്ങനെ? അവര്‍ക്ക് ഇന്ത്യയില്‍ റോള്‍ എന്താണ്? ഏതൊരു സാധാരണക്കാരനും തോന്നുന്ന ന്യായമായ സംശയങ്ങള്‍.

മറുപടി അത്യാവശ്യമാണ് ഈ ചോദ്യങ്ങള്‍ക്ക്. മറുപടി പറയാനും പറയാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. പണത്തിനെക്കാള്‍ വലുതല്ല രാജ്യസ്‌നേഹവും സുരക്ഷയും എന്നാണെങ്കില്‍ നല്ല നമസ്‌കാരം!!

 


കറന്‍സി വിഷയത്തിലെ പബ്ലിക് അണ്ടര്‍ട്ടേക്കിങ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട്. 2013 മാര്‍ച്ച് 19ന് അംഗീകരിച്ചത്

Previous articleരാഹുലിന്റെ കളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളി
Next articleവിമലും റിനിയും പിന്നെ ഞാനും
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here