HomeSPORTSവിജയസിന്ധു

വിജയസിന്ധു

-

Reading Time: 3 minutes

വൈകുന്നേരം വരെ വെള്ളം കോരിയിട്ട് അവസാനം കലമിട്ടുടയ്ക്കുന്ന പെണ്ണ് -പി.വി.സിന്ധുവിനെക്കുറിച്ച് ഇനിയാരും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല. തുടര്‍ച്ചയായി 7 ഫൈനലുകളില്‍ തോറ്റ ശേഷം ഒടുവില്‍ വിജയദേവതയെ ഈ 23കാരി സ്വന്തം വരുതിയിലാക്കി. അങ്ങനെ വിജയസിന്ധുവായി. ഈ വര്‍ഷം ഒരു ടൂര്‍ണ്ണമെന്റ് പോലും ജയിക്കാനാവാതിരുന്ന സിന്ധു ഒടുവില്‍ വര്‍ഷാന്ത്യം തന്റേതാക്കി മാറ്റി.

ചൈനയിലെ ഗ്വാങ്ചൗവില്‍ നടന്ന ബി.ഡബ്ല്യു.എഫ്. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 19-21, 17-21 എന്ന നിലയില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചാണ് ഈ സീസണിലെ അവസാന കിരീടം സിന്ധു സ്വന്തം വരുതിയിലാക്കിയത്. 62 മിനിറ്റുകൊണ്ട് മത്സരം തീര്‍ന്നു. ബി.ഡബ്ല്യു.എഫ്. വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇതോടെ അവര്‍ മാറി.

2016 റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ സ്‌പെയിനിന്റെ കാരൊളീന മരീനോടു തോറ്റ ശേഷം ഹൃദയഭേദകമായ ഒട്ടേറെ ഫൈനല്‍ തോല്‍വികള്‍ സിന്ധുവിനു നേരിടേണ്ടി വന്നിരുന്നു. ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഫൈനലില്‍ തോറ്റതിനു പുറമെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 2017ലും 2018ലുമായി രണ്ടു തവണ തോറ്റു. ഒടുങ്ങാത്ത പോരാട്ടവീര്യം മുഖമുദ്രയാക്കിയ ഈ ലോക ആറാം നമ്പര്‍ താരത്തിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുന്നതാണ് ഗ്വാങ്ചൗവിലെ വിജയം.

നൊസോമി ഒകുഹാര ചില്ലറക്കാരിയല്ല. സിന്ധു -നൊസോമി പോരാട്ടത്തിന് ഒരു ചരിത്രവുമുണ്ട്. 2017ല്‍ ഗ്ലാസ്‌ഗോവില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനെ 21-19, 20-22, 22-20 എന്ന സ്‌കോറിന് തോല്പിച്ചാണ് നൊസോമി ലോക ചാമ്പ്യനായത്. 2 മണിക്കൂര്‍ നീണ്ട ആ കടുത്ത പോരാട്ടം ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ തായ്‌ലന്‍ഡ് ഓപ്പണ്‍ ബി.ഡബ്ല്യു.എഫ്. വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലും നൊസോമി തോല്പിച്ചത് സിന്ധുവിനെ തന്നെ, 21-15, 21-18 എന്ന സ്‌കോറിന്.

സിന്ധു നൊസോമിയെയും തോല്പിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലെ വെള്ളി മെഡലിലേക്കുള്ള വഴിയില്‍ സിന്ധു സെമിയില്‍ തോല്പിച്ചത് നൊസോമിയെ തന്നെ. സ്‌കോര്‍ 21-19, 21-10. ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നൊസോമിക്കായിരുന്നു. 2017ലെ ലോക ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് ഏറെ വൈകാതെ തന്നെ കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസില്‍ സിന്ധു പക വീട്ടി. സ്‌കോര്‍ 22-20, 11-21, 21-18. അതോടെ കൊറിയന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറിയിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ ഗ്വാങ്ചൗവിലെ ജയം.

കഴിഞ്ഞ വര്‍ഷവും ഗ്വാങ്ചൗ ബി.ഡബ്ല്യു.എഫ്. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധു കളിച്ചുവെങ്കിലും മറ്റൊരു ജപ്പാന്‍കാരിയോട് തോല്‍ക്കാനായിരുന്നു വിധി. അകാനെ യമാഗുച്ചി 15-21, 21-12, 21-19 എന്ന സ്‌കോറിനാണ് കഴിഞ്ഞ തവണ ഇതേ വേദിയിലെ കലാശപ്പോരാട്ടത്തില്‍ സിന്ധുവിനെ വീഴ്ത്തിയത്. ഇത്തവണത്തെ കിരീടനേട്ടം അങ്ങനെ എല്ലാ തരത്തിലുമുള്ള കണക്കുതീര്‍ക്കലായി.

ഗ്വാങ്ചൗ ഫൈനലില്‍ നൊസോമിക്കെതിരെ അസാമാന്യ ക്ഷമയാണ് സിന്ധു പ്രകടിപ്പിച്ചത്. അമിതാവേശം കാട്ടി പിഴവുകള്‍ വരുത്തുന്നത് സിന്ധു ഒഴിവാക്കി. എതിരാളിയെ കോര്‍ട്ടിന്റെ നാനാഭാഗത്തേക്കും ഓടിച്ച അവര്‍ നൊസോമിക്ക് ശ്വാസമെടുക്കാനുള്ള അവസരം പോലും നല്‍കിയില്ല. രണ്ടു ഗെയിമുകളിലും തുടക്കത്തില്‍ സിന്ധു ശരവേഗത്തില്‍ കുതിച്ചുവെങ്കിലും നൊസോമി പിടിച്ചുനിന്നു. എങ്കിലും രണ്ടാമത്തെ ഗെയിമില്‍ തുടക്കം മുതല്‍ അവസാനം വരെ സിന്ധു മുന്നില്‍ത്തന്നെ ആയിരുന്നു. ഒടുവില്‍ 3 മാച്ച് പോയിന്റുകള്‍ ലഭിച്ചത് അവിടെത്തന്നെ വിജയമാക്കി മാറ്റി കാര്യങ്ങള്‍ തീര്‍പ്പാക്കി. ശക്തമായൊരു ഫോര്‍ഹാന്‍ഡ് സ്മാഷിലൂടെ നൊസോമിയെ നിശ്ശബ്ദയാക്കിയ ശേഷം സിന്ധു കോര്‍ട്ടില്‍ മുട്ടുകുത്തി.

‘എനിക്ക് ശരിക്കും സന്തോഷമുണ്ട്. കുറെ ഫൈനലില്‍ തോറ്റ ശേഷമുള്ള ആദ്യ ജയമാണ്. അതിനാല്‍ത്തന്നെ എനിക്ക് വാക്കുകളില്ല. ഈ വര്‍ഷം നല്ല രീതിയില്‍ അവസാനിപ്പിക്കാനായി. ആളുകള്‍ സ്ഥിരമായി എന്നോട് ഒരേ ചോദ്യം തന്നെ ചോദിക്കുന്നു. എല്ലായ്‌പ്പോഴും ഫൈനലില്‍ എത്തിയ ശേഷം തോല്‍ക്കുന്നതെന്ത് എന്ന ചോദ്യം ഇനിയുണ്ടാവില്ല എന്നു തന്നെയാണ് പ്രതീക്ഷ. ഫൈനല്‍ ജയിക്കാനായി എന്നതില്‍ അഭിമാനമുണ്ട്’ -ജയത്തിനു ശേഷം സിന്ധു പറഞ്ഞു.

അതെ, സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണ്ണായക വിജയം തന്നെയാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനല്ലെങ്കിലും തന്റെ കഴിവില്‍ സ്വയം വിശ്വസിക്കാന്‍ സിന്ധുവിന് ഈ ജയം ആവശ്യമായിരുന്നു. അത് ആധികാരിക ജയത്തോടെ യാഥാര്‍ത്ഥ്യമാക്കാനായി എന്നത് ചെറിയ കാര്യമല്ല. സിന്ധുവിന്റെ ആരാധകര്‍ കാത്തിരുന്ന ഈ വിജയത്തിന് അതിനാല്‍ത്തന്നെ മധുരമേറും.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks