HomeSOCIETYസുരക്ഷയ്ക്ക് ...

സുരക്ഷയ്ക്ക് അവധിയോ?

-

Reading Time: 4 minutes

ഏറെക്കാലത്തിനു ശേഷമാണ് അവള്‍ വിളിക്കുന്നത്. തീര്‍ത്തും ഭയചകിതയായിരുന്നു. അവള്‍ വീട്ടില്‍ തന്നെയാണ്. പിന്നെന്തിനാണ് ഈ പേടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ വിളിക്കുന്നതിനു മുമ്പുള്ള ഒരു മണിക്കൂര്‍ നേരത്തുണ്ടായ അനുഭവത്തിന്റെ ആഘാതമാണ് ആ പേടി. അവളത് എന്നോടു വിശദീകരിക്കുമ്പോള്‍ വീണ്ടും പേടിക്കുന്നതായി തോന്നി. ഒരു പെണ്ണാണെങ്കില്‍ തീര്‍ച്ചയായും പേടിക്കേണ്ട സാഹചര്യം തന്നെയായിരുന്നു അത്. ഞാന്‍ പെട്ടെന്ന് സൗമ്യയെ ഓര്‍ത്തു.

സൗമ്യ കൊലക്കേസും ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടതുമെല്ലാം വാര്‍ത്തകളില്‍ നിറയുന്ന വേള. സുപ്രീം കോടതിയില്‍ പോലും സൗമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന പരാതി ശക്തം. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ‘യഥാര്‍ത്ഥ’ റിപ്പോര്‍ട്ട് കോടതിയില്‍ എത്താതിരുന്നതാണ് തിരിച്ചടിക്കു കാരണം. 2011 ഫെബ്രുവരി 2നാണ് സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നു തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുന്നത്. 4 ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണവുമായി മല്ലിട്ട ശേഷം ഫെബ്രുവരി 6ന് സൗമ്യ വിടവാങ്ങി. ഫെബ്രുവരി 7ന് രാവിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ.എ.കെ.ഉന്മേഷ്, ഡോ.വി.കെ.രാജേന്ദ്രപ്രസാദ് എന്നിവര്‍ സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍വ്വഹിച്ചു. എന്നാല്‍, കോടതിയിലെത്തിയത് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസു സ്വന്തമായി തയ്യാറാക്കിയ മറ്റൊരു റിപ്പോര്‍ട്ട്! ഈ റിപ്പോര്‍ട്ടിലെ പല കാര്യങ്ങളിലും സംശയമുയര്‍ത്തി ഗോവിന്ദച്ചാമി രക്ഷപ്പെട്ടു. ഇപ്പോള്‍ ‘യഥാര്‍ത്ഥ’ റിപ്പോര്‍ട്ടിനായുള്ള തിരച്ചിലാണ്, കേസ് എങ്ങനെയെങ്കിലും തുറന്നെടുക്കാനാവുമോ എന്നറിയാന്‍.

സൗമ്യയുടെ ദുരന്തത്തിനു ശേഷം തീവണ്ടികളില്‍ വനിതകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ പൊലീസ് സാന്നിദ്ധ്യം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍, അവധിദിനങ്ങളില്‍ ഈ സുരക്ഷാസംവിധാനങ്ങള്‍ക്കും അവധിയാകുന്ന സാഹചര്യമുണ്ട്. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നതിനാലാണ് എന്റെ സുഹൃത്ത് ഭയചകിതയായത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയുള്ള ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് അധികൃതര്‍ മറന്നുവോ?

വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കൊല്ലം പാസഞ്ചറാണ് പരാമര്‍ശവിധേയമാകുന്ന തീവണ്ടി. ഞായറാഴ്ചകളില്‍ ഈ തീവണ്ടിയില്‍ സാധാരണനിലയില്‍ പൊലീസുകാരുണ്ടാവാറില്ല. അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. നല്ല തിരക്കുള്ള ദിവസങ്ങളില്‍ പൊലീസുകാരുണ്ടാവും. ശനിയാഴ്ച പൊലീസ് മുഴുവന്‍ സമയവുമുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച അവര്‍ അവധിയെടുത്തെന്നു തോന്നി.

ഞായറാഴ്ചകള്‍ പോലുള്ള അവധിദിനങ്ങളില്‍ വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമാണ് പാസഞ്ചറിലുണ്ടാവാറുള്ളത്. ഇതിന്റെ ഫലമായി ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ അവധികളില്‍ പുരുഷ ‘അധിനിവേശം’ ആണ്. എതിര്‍ത്താലും ഇറങ്ങിപ്പോകാറേയില്ല. പക്ഷേ, ഇന്ന് അങ്ങനെയായിരുന്നില്ല തിരുവനന്തപുരത്ത് നിന്ന് എന്റെ സുഹൃത്ത് കയറുമ്പോള്‍ കഴക്കൂട്ടത്ത് ഇറങ്ങാനുള്ള പതിവുകാരായ 4 സ്ത്രീകള്‍ മാത്രമാണ് കൂട്ടുണ്ടായിരുന്നത്. ഇടയ്ക്ക് ഒന്നോ രണ്ടോ പേര്‍ കയറി. കഴക്കൂട്ടമെത്തിയപ്പോള്‍ പതിവുകാരിറങ്ങി. കണിയാപുരം, മുരുക്കംപുഴ, പെരുങ്കുഴി, ചിറയിന്‍കീഴ് സ്റ്റേഷനുകളിലൂടെ തീവണ്ടി കടന്നുപോയപ്പോള്‍ യാത്രക്കാരുടെ അംഗബലം സാരമായി കുറഞ്ഞു. കടയ്ക്കാവൂരെത്തിയപ്പോള്‍ അവള്‍ ചുറ്റും നോക്കി. ഒഴിഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ അവള്‍ മാത്രം.

മറ്റാരെങ്കിലും ഉള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റിലേക്കു മാറാന്‍ ബാഗുമെടുത്തു നീങ്ങി. നോക്കിയപ്പോള്‍ അവിടെയെങ്ങും ആരുമുള്ള ലക്ഷണമില്ല. ഇനി എങ്ങോട്ടു പോകും? ആരുമില്ല എന്നുറപ്പാക്കിയെങ്കിലും ഉള്ളം കാലില്‍ നിന്ന് തലച്ചോറിലേക്ക് ഒരു വിറയലും തണുപ്പും അരിച്ചുകയറി. അക്രമികള്‍ ആരെങ്കിലും ഇടയ്ക്കു നിന്ന് കയറിയാലോ? എന്തെങ്കിലും സംഭവിച്ചാല്‍ നിലവിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആളില്ല. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഒടുവില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ തന്നെ ഇരിക്കാന്‍ നിശ്ചയിച്ചു. കംപാര്‍ട്ട്‌മെന്റിന് ഒത്ത നടുവിലായുള്ള വാതിലിന് തൊട്ടടുത്തുള്ള സീറ്റില്‍ ഇരുപ്പുറപ്പിച്ചു. അസുഖകരമായ എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ചാടാം എന്നു തന്നെയായിരുന്നു തീരുമാനം. ബാത്ത്‌റൂമില്‍ ആരെങ്കിലും പതിയിരിക്കുന്നുണ്ടോ എന്നൊക്കെ അവള്‍ ഭയപ്പെട്ടു. ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു. തീവണ്ടിയില്‍ നിന്ന് ചാടിയാല്‍ എന്തു സംഭവിക്കും എന്ന യുക്തിയൊന്നും അപ്പോള്‍ തലച്ചോറിലേക്കു വന്നില്ല.

അടുത്തായി വരാനുള്ളത് അകത്തുമുറി സ്‌റ്റേഷനാണ്. അവിടെയിറങ്ങി മുന്നോട്ടോടി എഞ്ചിനു തൊട്ടുപിന്നിലെ കംപാര്‍ട്ട്‌മെന്റില്‍ കയറാമെന്നു കരുതി വാതിലിനടുത്തേക്ക് നീങ്ങിനിന്നു. എന്നാല്‍ സ്റ്റേഷനെത്തിയപ്പോള്‍ പ്രതീക്ഷ തെറ്റി. അവിടെയാണെങ്കില്‍ ‘വെട്ടവുമില്ല വെളിച്ചവുമില്ല’. സ്റ്റേഷനില്‍ കയറാന്‍ അധികം ആളൊന്നുമില്ല. അപ്പോഴാണ് ഇരുട്ടത്തൊരു പെണ്‍കുട്ടി നില്‍ക്കുന്നത് അവള്‍ കണ്ടത്. ‘ഇതാണ് ലേഡീസ് കംപാര്‍ട്ട്‌മെന്റ്’ -സര്‍വ്വശക്തിയുമെടുത്ത് അവള്‍ വിളിച്ചുപറഞ്ഞത് ആ പെണ്‍കുട്ടി കേട്ടു. അങ്ങനെ ഒരാളെ കൂട്ടുകിട്ടി. കാപ്പിലിലേക്കാണ് സഹയാത്രക്കാരിക്കു പോകേണ്ടത്. അകത്തുമുറിയില്‍ നിന്ന് ആ കംപാര്‍ട്ട്‌മെന്റില്‍ വേറെയാരും കയറിയിരുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിച്ച് ഉറപ്പാക്കിയിരുന്നു. പ്ലാറ്റ്‌ഫോമില്‍ മറ്റാരും ഉണ്ടായിരുന്നില്ല തന്നെ.

വര്‍ക്കല സ്‌റ്റേഷനില്‍ ഇറങ്ങാനായി എന്റെ സുഹൃത്ത് എഴുന്നേറ്റു. അപ്പോള്‍ മുന്നില്‍ കണ്ട ദൃശ്യം അവളെ ശരിക്കും ഞെട്ടിച്ചു. തന്നെ നോക്കി പുഞ്ചിരിക്കുന്ന, പാന്‍ ചവച്ചു ചുവന്ന രണ്ടു വരി പല്ലുകള്‍. പെണ്‍കുട്ടികള്‍ ഇരുന്നത് നടുവിലത്തെ വാതിലിനു തൊട്ടു പിന്നിലുള്ള സീറ്റിലായിരുന്നല്ലോ. ആ വാതിലിനു തൊട്ടുമുന്നിലുള്ള ബേയില്‍ അത്ര വൃത്തിയൊന്നുമില്ലാത്ത, 25 വയസ്സു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍. മലയാളി അല്ലെന്ന് ഒറ്റനോട്ടത്തില്‍ അറിയാം. പെണ്‍കുട്ടികള്‍ ഇരുവരും അമ്പരന്ന് നിന്നു. അല്പം മുമ്പ് ഉള്ളം കാലില്‍ നിന്ന് തലച്ചോറിലേക്ക് അരിച്ചുകയറിയ ഭീതിയും തണുപ്പും വീണ്ടും.

‘അയ്യോ ചേച്ചി, ഇവനെവിടെ നിന്ന് വന്നു?’ -കാപ്പില്‍ സ്വദേശിനി ചോദിച്ചു. അവനെവിടെ നിന്ന് കയറിയെന്ന് അവര്‍ക്ക് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. അകത്തുമുറി സ്‌റ്റേഷനില്‍ തീവണ്ടിയെത്തുമ്പോള്‍ ആ കംപാര്‍ട്ട്‌മെന്റില്‍ എന്റെ സുഹൃത്ത് മാത്രമാണുണ്ടായിരുന്നതെന്ന് 100 ശതമാനം ഉറപ്പ്. അവിടെ പ്ലാറ്റ്‌ഫോമില്‍ നിന്നു കയറിയത് കാപ്പില്‍ സ്വദേശിനി മാത്രം. അപ്പോള്‍ പ്ലാറ്റ്‌ഫോമില്ലാത്ത മറുഭാഗത്തു കൂടിയായിരിക്കാം അന്യസംസ്ഥാനക്കാരന്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കടന്നിരുന്നിട്ടുണ്ടാവുക. പൊലീസില്ല, സുരക്ഷയില്ല, ഒന്നും ചെയ്യാനുമില്ല.

വര്‍ക്കല സ്റ്റേഷനെത്തിയപ്പോള്‍ എന്റെ സുഹൃത്ത് ഇറങ്ങി നടന്നു. കാപ്പില്‍ സ്വദേശിനി കംപാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക്. വര്‍ക്കല വിട്ടാല്‍ ഇടവ സ്റ്റേഷന്‍ കൂടി കഴിഞ്ഞാലേ കാപ്പില്‍ വരികയുള്ളൂ. അതുവരെ അവള്‍ക്കു കൂട്ട് ദൈവവും അവളുടെ ആത്മബലവും മാത്രം. ആ പെണ്‍കുട്ടിയുടെ നിസ്സഹായ ഭാവത്തിലുള്ള നോട്ടം അവളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു എന്നാണ് ഫോണില്‍ എന്റെ സുഹൃത്ത് പറഞ്ഞത്. ഒപ്പം ആ ചെറുപ്പക്കാരന്റെ ചുവന്ന പല്ലു കാട്ടിയുള്ള ചിരിയും. ആ ചിരി അവളിലുണര്‍ത്തിയ ഭീതി വീട്ടിനുള്ളിലും പിന്തുടരുന്നു. അവന്‍ ഒരു പക്ഷേ, കുഴപ്പക്കാരനല്ലായിരിക്കാം. പക്ഷേ, എങ്ങനെ വിശ്വസിക്കും? അശുഭകരമായതൊന്നും കേള്‍ക്കേണ്ടി വരാതിരിക്കട്ടേ എന്നാണ് അവളുടെ പ്രാര്‍ത്ഥന.

എന്റെ സുഹൃത്ത് അനുഭവിച്ച, അവളുടെ വാക്കുകളില്‍ പ്രകടമായ ഭീതി ഇവിടെ പകര്‍ത്തുന്നതില്‍ ഞാന്‍ എത്രമാത്രം വിജയിച്ചു എന്നറിയില്ല. അവള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ കുറിപ്പ്. ഒറ്റയ്ക്കു സഞ്ചരിക്കുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍, അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ നമുക്ക് ബാദ്ധ്യതയില്ലേ? സൗമ്യ ദുരന്തത്തിനിരയായിട്ട് 6 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ വിഷയത്തിലുള്ള ചൂട് നമുക്ക് നഷ്ടമായിരിക്കുന്നു എന്നു തന്നെ കരുതണം. ഇല്ലെങ്കില്‍ തീവണ്ടിയിലെ സുരക്ഷാസംവിധാനത്തിന് ഇത്തരത്തില്‍ ‘അവധി’ ബാധകമാവുമോ? നമ്മുടെ അശ്രദ്ധ നിമിത്തം ഒരു സൗമ്യ കൂടി ഇവിടെ സൃഷ്ടിക്കപ്പെടരുത്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights