Reading Time: 5 minutes

ജോഷില്‍ 25 ദിവസം പട്ടിണി കിടന്നത് വെറുതെയായില്ല. അരവിന്ദ് കെജരിവാള്‍ ഒടുവില്‍ താഴേക്കിറങ്ങി വന്നു. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും തയ്യാറായി. പരിഹാരവും നിര്‍ദ്ദേശിച്ചു. ഓഖ്‌ലയിലെ ഗോവിന്ദ് ബല്ലഭ് പന്ത് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിന് സ്വന്തം ക്യാമ്പസുണ്ടാവും. അങ്ങനെ ജോഷിലിന്റെ നിരാഹാരയജ്ഞത്തിന് ശുഭപര്യവസാനം. ഡല്‍ഹിയെ പിടിച്ചുകുലുക്കിയ മലയാളിപ്പോരാട്ടം വിജയം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ജോഷില്‍ എബ്രഹാമും വിദ്യാര്‍ത്ഥികളും കൂടിക്കാഴ്ച നടത്തിയപ്പോള്‍. സാഹിറാം പഹല്‍വാന്‍ എം.എല്‍.എയും ഒപ്പം

ഏപ്രില്‍ 5നാണ് ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിനു മുന്നില്‍ ജോഷില്‍ കെ.എബ്രഹാം എന്ന മലയാളി അദ്ധ്യാപകന്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിന്റെ ക്യാമ്പസ് ചട്ടവിരുദ്ധമായി ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്വകാര്യ മാനേജ്‌മെന്റിന് മറിച്ചുനല്‍കിയതിനെതിരെ ആയിരുന്നു സമരം. ജോഷിലുമായി ചര്‍ച്ച നടത്താനോ പ്രശ്‌നത്തിനു പരിഹാരം കാണാനോ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തയ്യാറായില്ല. അദ്ദേഹം ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. ഏപ്രില്‍ 14ന് രാത്രി 9.30ന് ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് ജോഷിലിനെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു മാറ്റി. ആസ്പത്രിയിലും നിരാഹാരം തുടരാനായിരുന്നു ജോഷിലിന്റെ തീരുമാനം.

എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവും ജനറല്‍ സെക്രട്ടറി ഡോ.വിക്രം സിങ്ങും ജോഷിലിനെ എയിംസില്‍ സന്ദര്‍ശിച്ചപ്പോള്‍

ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 24ന് ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജില്‍ നേരിട്ടെത്തുമെന്നായി കെജരിവാള്‍. അങ്ങനെയെങ്കില്‍ കെജരിവാള്‍ വരും വരെ നിരാഹാരം തുടരുമെന്ന് ജോഷിലും വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഈ അദ്ധ്യാപകന്റെ പോരാട്ടം ഡല്‍ഹി മുഴുവന്‍ ചര്‍ച്ച ചെയ്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസ്പത്രിയിലെത്തി ജോഷിലിനെ കണ്ടു. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവും ജനറല്‍ സെക്രട്ടറി ഡോ.വിക്രം സിങ്ങും ആസ്പത്രിയിലെത്തി അറിയിച്ചു. പക്ഷേ, കെജരിവാളിനു മാത്രം കുലുക്കമുണ്ടായില്ല.

ആസ്പത്രിയില്‍ നിന്നു തിരിച്ചെത്തിയ ജോഷില്‍ കോളേജിനു മുന്നില്‍ നിരാഹാരം തുടരുന്നു -ദിവസം 24

ഏപ്രില്‍ 24ന് ഓഖ്‌ലയിലെ കോളേജിലെത്താമെന്നു പറഞ്ഞിരുന്ന അരവിന്ദ് കെജരിവാള്‍ വാക്കു പാലിച്ചില്ല. കെജരിവാള്‍ വരും വരെ നിരാഹാരം എന്ന നിലപാടില്‍ ജോഷില്‍ ഉറച്ചുനിന്നു. ഒടുവില്‍ നിരാഹാരത്തിന്റെ 22-ാം ദിവസമായ ഏപ്രില്‍ 26ന് അദ്ദേഹത്തെ ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. നേരെ ഓഖ്‌ലയിലെ കോളേജിനു മുന്നിലെത്തിയ ജോഷില്‍ നിരാഹാരത്തിന്റെ തുടര്‍ച്ച അവിടെയാക്കി. സമരം ഒരു ഫലവുമില്ലാതെ മുന്നോട്ടുനീക്കാനാവില്ലെന്ന് ജോഷിലും വിദ്യാര്‍ത്ഥികളും തിരിച്ചറിഞ്ഞു. അവര്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ ഏപ്രില്‍ 27ന് പത്രസമ്മേളനം വിളിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ വഴിവിട്ട നടപടികള്‍ വിളിച്ചുപറഞ്ഞു. കെജരിവാളിന്റെ പഴയ സഹപ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണും ഒപ്പം കൂടി. ജോഷിലിനെയും കുട്ടികളെയും കേള്‍ക്കാന്‍ ആളുണ്ടായി.

ജോഷില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം

ഒടുവില്‍ ജോഷിലിന്റെ നിരാഹാരത്തിന്റെ 25-ാം ദിവസമായ ഏപ്രില്‍ 29ന് കെജരിവാളിന്റെ വിളി വന്നു, കൂടിക്കാഴ്ചയ്ക്കായി. ഡല്‍ഹി സിവില്‍ ലെയ്ന്‍സിലെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തുഗ്ലക്കാബാദിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സാഹിറാം പഹല്‍വാനും സന്നിഹിതനായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കാര്‍ നടത്തിയ എല്ലാ അഴിമതികളുടെയും തെളിവുകള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ജോഷില്‍ അക്കമിട്ടു നിരത്തി.

ജോഷില്‍ പറഞ്ഞതു മുഴുവന്‍ കെജരിവാള്‍ ശാന്തനായി കേട്ടു. ഇടപാടിലെ അഴിമതികള്‍ ബോദ്ധ്യപ്പെട്ടു. ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിന്റെ ക്യാമ്പസ് 23 ഏക്കറില്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇന്ദ്രപ്രസ്ഥയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ മുഴുവന്‍ ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിനു കൈമാറും. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്ത ശേഷം അടുത്തയാഴ്ച തന്നെ കോളേജ് സന്ദര്‍ശിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

ജോഷിലിന്റെ നിരാഹാരം അവസാനിപ്പിച്ചുകൊണ്ട് സാഹിറാം പഹല്‍വാന്‍ എം.എല്‍.എ. ഇളനീര്‍ നല്‍കുന്നു

അരവിന്ദ് കെജരിവാളിന്റെ അഭ്യര്‍ത്ഥന മാനിച്ച് നിരാഹാരം അവസാനിപ്പിക്കാന്‍ ജോഷില്‍ തയ്യാറായി. ശനിയാഴ്ച വൈകുന്നേരം സാഹിറാം പഹല്‍വാന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ജോഷില്‍ ഇളനീര്‍ സ്വീകരിച്ച് സമരം അവസാനിപ്പിച്ചു. മലയാളിയുടെ പോരാട്ടം എന്ന നിലയില്‍ കേരളത്തിലും ജോഷിലിന്റെ സമരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ ഈ വിഷയത്തില്‍ ഒരു ചെറുകുറിപ്പ് എഴുതിയതും അതിനാല്‍ത്തന്നെയാണ്. എന്നാല്‍, ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി. ഒരുക്കുന്ന കെണിയെ താങ്ങുന്ന നാലാം ലിംഗക്കാരന്‍ എന്നാണ് ഒരു ആം ആദ്മി സ്‌നേഹി എനിക്കു നല്‍കിയ വിശേഷണം. നാലാം ലിംഗം എന്ന വിശേഷണം ബഹുമതിയാണെന്ന് ഞാന്‍ നേരത്തേ തന്നെ എഴുതിയിട്ടുള്ളതിനാല്‍ –നാലാം ലിംഗത്തിന്റെ കഥ അഥവാ ലിംഗപുരാണം -ഇവിടെ ആവര്‍ത്തിക്കുന്നില്ല.

എന്താണ് ജോഷിലും വിദ്യാര്‍ത്ഥികളും ഉന്നയിച്ച ആരോപണങ്ങള്‍ എന്നു കൂടി മനസ്സിലാക്കാതെ ഈ കുറിപ്പ് പുര്‍ണ്ണമാവില്ല. അദ്ദേഹത്തെ ബി.ജെ.പി. ഏജന്റാക്കിയവരെങ്കിലും ഇതറിഞ്ഞേ മതിയാകൂ.

-ഇന്ദ്രപ്രസ്ഥയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍, ടൗണ്‍ പ്ലാനര്‍ അടക്കം വിവിധ ഏജന്‍സികളില്‍ നിന്ന് നേടിയ അനുമതി ജി.ബി.പന്ത് പോളിടെക്‌നിക്കിന്റെ വികസനപ്രവര്‍ത്തനം എന്ന പേരിലാണ്. ഇത് പക്കാ തിരിമറിയാണ്.

-ഇന്ദ്രപ്രസ്ഥ രണ്ടാം ഘട്ടത്തിന് 25 ഏക്കര്‍ നല്‍കിയതായി എല്ലാ ഫയലുകളിമുണ്ട്. എന്നാല്‍, നല്‍കിയ സ്ഥലത്തിന്റെ തണ്ടപ്പേര് പോലുള്ള ഖസ്ര നമ്പറുകള്‍ ഒരിടത്തുമില്ല.

-റവന്യൂ വകുപ്പിന്റെ രേഖകള്‍ പ്രകാരം ജി.ബി.പന്ത് പോളി ടെക്‌നിക്കിനുള്ളത് 45 ഏക്കര്‍ മാത്രമാണ്. ഇതില്‍ത്തന്നെ ജി.ബി.പന്ത് പോളി ടെക്‌നിക്കും ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജും സ്ഥിതി ചെയ്യുന്നു. എന്നാല്‍, ഡല്‍ഹി ടൗണ്‍ പ്ലാനറുടെ പക്കലുള്ള രേഖകളിലെല്ലാം ഇന്ദ്രപ്രസ്ഥക്കാര്‍ പറഞ്ഞിരിക്കുന്നത് 65 ഏക്കറിന്റെ കണക്ക്!

വെറുതെ ഉന്നയിക്കുന്നതല്ല ആരോപണങ്ങള്‍, രേഖകളുമുണ്ട്.

ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡല്‍ഹി എന്ന സ്ഥാപനം പൊതു-സ്വകാര്യ സംരംഭമാണെന്നു തെളിയിക്കുന്ന 2012-13ലെ പദ്ധതി രേഖ. ഇതിന്റെ ഭാഗമായി ഇന്ദ്രപ്രസ്ഥയ്ക്ക് സൗജന്യഭൂമിയും പലിശരഹിത വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ദ്രപ്രസ്ഥ അവകാശപ്പെടുന്നത് അവരൊരു സംസ്ഥാന സര്‍വ്വകലാശാലയാണെന്നും വൈസ് ചാന്‍സലര്‍ ഇല്ലെന്നുമാണ്. എന്നാല്‍ ഐ.ഐ.ഐ.ടി.ഡി. നിയമത്തില്‍ ഇത് സംസ്ഥാന സര്‍വ്വകലാശാലയാണെന്നു പറയുന്നില്ല. സംസ്ഥാന സര്‍വ്വകലാശാല നിയമവും വൈസ് ചാന്‍സലറുമില്ലാത്തൊരു സംസ്ഥാന സര്‍വ്വകലാശാല!!

ഇന്ദ്രപ്രസ്ഥയുടെ വെബ്‌സൈറ്റില്‍ പറയുന്നത് അധികം വൈകാതെ അവര്‍ ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുമെന്നാണ്. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് സൗജന്യ ഭൂമിയും പലിശരഹിത വായ്പയും നേടിയ ശേഷം സ്വാതന്ത്ര്യപ്രഖ്യാപനം!!

തങ്ങളുടെ കൈവശം 65 ഏക്കറുണ്ടെന്ന് ഇന്ദ്രപ്രസ്ഥക്കാര്‍ അവകാശപ്പെടുന്ന യോഗത്തിന്റെ മിനിട്ട്‌സ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അനുവദിക്കപ്പെട്ടത് 25 ഏക്കര്‍. 2008ലെ പൊതുമരാമത്ത് വകുപ്പ് സര്‍വേ പ്രകാരം ജി.ബി.പന്ത് പോളി ടെക്‌നിക്കിന്റെ കൈവശം തന്നെ ആകെയുള്ളത് 48 ഏക്കര്‍. അപ്പോള്‍പ്പിന്നെ 65 കണക്ക് എങ്ങനെ??!!

ഡല്‍ഹി നഗരാസൂത്രണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ ഉപദേഷ്ടാവ് ഗോപാല്‍ മോഹന്‍ 2016 മെയ് മാസത്തിലയച്ച കത്ത്. ഭൂമിതിരിമറി നടന്നിട്ടുണ്ടെന്ന് ഈ കത്തില്‍ വ്യക്തം.

ജോഷിലിന്റെ പോരാട്ടം വിജയിച്ചതില്‍ അങ്ങേയറ്റം ആഹ്ലാദിക്കുന്ന ഒരാളാണ് ഞാന്‍. കാരണം ശരിയുടെ പക്ഷമാണ് ഇവിടെ ജയിച്ചത്. ഇത് പോരാട്ടങ്ങളുടെ കാലമാണ്. എല്ലാം പോരാട്ടങ്ങളിലും ശരിയുടെ പക്ഷം വിജയിക്കും എന്ന പ്രതീക്ഷയ്ക്ക് ജോഷിലിന്റെ അനുഭവം അഗ്നി പകരുന്നുണ്ട്.

ജോഷില്‍.. നീ ഞങ്ങളുടെ പ്രതീക്ഷയുടെ പ്രതീകം.

Previous articleനോ പാര്‍ക്കിങ് അവകാശവാദങ്ങള്‍
Next articleസുരക്ഷയ്ക്ക് അവധിയോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here