ശരീരത്തെയാണ് കോവിഡ്-19 എന്ന രോഗം ബാധിക്കുന്നതെങ്കിലും വലിയൊരു മനസ്സിന് ഉടമയാകാനുള്ള യോഗ്യതകളെ അത് മാറ്റിമറിച്ചു. അതാണ് കോവിഡ് 19 കാലത്തെ 50 മഹാ മനീഷികളെ നിശ്ചയിക്കാന്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ പ്രോസ്പെക്ട് മാസികയെ പ്രേരിപ്പിച്ചത്. ആഗോള തലത്തില്‍ അവര്‍ വോട്ടെടുപ്പ് നടത്തി കോവിഡ് കാലത്ത് ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകരെ നിശ്ചയിച്ചു. അതില്‍ ഏറ്റവും മുന്നിലെത്തിയത് ഒരു വനിതയാണ്.
Tens of thousands of people voted in our world’s top 50 thinkers 2020 poll. The votes have been counted and the results are in…https://t.co/PrKThaTX1G
— Prospect Magazine (@prospect_uk) September 2, 2020
RIGHT woman in the RIGHT place -‘ശരിയായ സ്ഥാനത്ത് ശരിയായ വനിത’ എന്നാണ് ഈ സ്ഥാനലബ്ധിയെ പ്രോസ്പെക്ട് വിശേഷിപ്പിക്കുന്നത്. ഈ സ്ഥാനലബ്ധിയില്‍ നമ്മള്‍ മലയാളികള്‍ക്ക് അങ്ങേയറ്റം അഭിമാനിക്കാം. കാരണം മഹാ മനീഷികളുടെ പട്ടികയില്‍ ഏറ്റവും മുകളിലുള്ളത് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ് -കെ.കെ.ശൈലജ ടീച്ചര്‍. ചില്ലറക്കാരല്ല പട്ടികയില്‍ ടീച്ചര്‍ക്കു പിന്നിലുള്ളത് എന്നറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുക.
യാഥാര്‍ത്ഥ്യബോധത്തോടെ വിഷയത്തെ സമീപിക്കുന്നവര്‍ മുന്നിലെത്തുന്ന അവസ്ഥയാണ് മികച്ച 50 ചിന്തകരെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ കണ്ടതെന്ന് പ്രോസ്പെക്ട് പറയുന്നു. വലിയ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയതെന്നു വ്യക്തമാക്കുന്ന മാസിക ജേത്രിയെ വിശദമായി അവതരിപ്പിക്കുന്നുണ്ട്.
2018ല്‍ നിപ്പ പടര്‍ന്നു പിടിച്ച സമയത്താണ് കേരളത്തിന്റെ ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനമികവ് ആദ്യമായി ലോകം ചര്‍ച്ച ചെയ്തത്. 2020 ജനുവരിയില്‍ കോവിഡ്-19 ഒരു ‘ചൈനാ കഥ’ മാത്രമായിരിക്കുമ്പോള്‍ തന്നെ അത് സ്വന്തം നാട്ടില്‍ പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യത ശൈലജ ടീച്ചര്‍ മുന്‍കൂട്ടി കണ്ടു എന്നു മാത്രമല്ല അതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ എന്താകുമെന്ന് കൃത്യമായി തിരിച്ചറിയുകയും ചെയ്തു. അതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ ഒരു ഘട്ടത്തില്‍ രോഗബാധ നിയന്ത്രണ വിധേയമാകുന്നതിലേക്ക് എത്തിച്ചു.
പിന്നീട് പ്രവാസികളുടെ തിരിച്ചുവരവോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും മരണസംഖ്യ പിടിച്ചുനിര്‍ത്തുന്നതില്‍ കേരളവും ശൈലജ ടീച്ചറും വലിയ വിജയം തന്നെയാണ് കൈവരിച്ചിരിക്കുന്നതെന്ന് മാസിക വിലയിരുത്തി. ബ്രിട്ടന്റെ പകുതിയിലേറെ ജനസംഖ്യയുണ്ട് കേരളത്തില്‍. എന്നാല്‍, വികസനപരമായി ബ്രിട്ടനെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളം. എന്നിട്ടും കേരളത്തിലെ കോവിഡ്-19 മരണസംഖ്യ ഇപ്പോഴും ബ്രിട്ടനില്‍ സംഭവിച്ചതിന്റെ 1 ശതമാനത്തിലും താഴെയാണെന്നത് ചെറിയ നേട്ടമല്ലെന്ന് പ്രോസ്പെക്ട് ചൂണ്ടിക്കാട്ടി.
ശൈലജ ടീച്ചര്‍ നേടിയ ഒന്നാം സ്ഥാനത്തിന്റെ മഹത്വം വര്‍ദ്ധിക്കുന്നത് രണ്ടാം സ്ഥാനത്തെത്തിയ വ്യക്തിയെ നോക്കുമ്പോഴാണ് -ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. നവലിബറല്‍ നയങ്ങള്‍ക്ക് ബദലായി കരുണയുടെ മുഖമുള്ള ഭരണം കാഴ്ചവെയ്ക്കുന്ന ജസീന്തയും ഒരു ഘട്ടത്തില്‍ കോവിഡ്-19നെ നിയന്ത്രിക്കുന്നതില്‍ വിജയം വരിച്ചയാളാണ്. പ്രളയത്തെ നേരിടാന്‍ ശേഷിയുള്ള വീടുകള്‍ നിര്‍മ്മിച്ച് ബംഗ്ലാദേശി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വാസ്തുശില്പി മറീന തബസ്സും കൂടിയാവുമ്പോള്‍ സമകാലിക ലോകത്ത് സ്വാധീനം ചെലുത്തിയ 50 വ്യക്തികളിലെ ആദ്യ മൂന്നു സ്ഥാനക്കാരും വനിതകളാവുന്നു.
ആഫ്രോ-അമേരിക്കന്‍ തത്ത്വചിന്തകനായ കോര്‍ണല്‍ വെസ്റ്റ്, അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവെറ്റ് ഒറ്റലെ, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന യു.ബി.ഐ. പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ ഫിലിപ്പ് വാന്‍ പാരിസ് എന്നിവരെല്ലാം ആദ്യ പത്തില്‍ സ്ഥാനം നേടിയ പ്രമുഖരാണ്. ആദ്യ 50ല്‍ ഉള്‍പ്പെടുത്താനാവാതെ പോയ പ്രമുഖരുടെ പേരുകള്‍ പ്രോസ്പെക്ട് എടുത്തു പറഞ്ഞിട്ടുണ്ട്. ലേണിങ് ഫ്രം ദ ജര്‍മന്‍സ് എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവ് സൂസന്‍ നീമാന്‍, അമേരിക്കന്‍ കോവിഡ്-19 പ്രതിരോധ സേനയുടെ മുഖം ആന്തണി ഫൗസി, ജര്‍മനിയിലെ കോവിഡ് പ്രതിരോധം നയിച്ച വൈറോളജിസ്റ്റ് ക്രിസ്റ്റ്യന്‍ ഡ്രോസ്റ്റണ്‍, മാധ്യമപ്രവര്‍ത്തകരായ മിഷേല കോള്‍, റാണാ അയൂബ് എന്നിവരൊക്കെ ഈ ഗണത്തില്‍പ്പെടുന്നു.
അതേസമയം, ഏകാധിപതികളായ ഉത്തര കൊറിയയുടെ കിം ജോങ് -ഉന്‍, സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരെ തിരഞ്ഞെടുക്കാന്‍ സാദ്ധ്യത കുറവാണെന്ന് മാസിക പറഞ്ഞുവെയ്ക്കുന്നു. ഈ കൂട്ടത്തില്‍ തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരുന്നത്. മോദി എന്തൊക്കെ ചെയ്താലും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദു ദേശീയവാദം പ്രോസ്പെക്ടിന് അംഗീകരിക്കാനാവില്ലെന്നാണ് വിശദീകരണം.
കഴിഞ്ഞ തവണ 100 ആഗോള ചിന്തകരെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ പട്ടികയില്‍ 10 വനിതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് വലിയ വിമര്‍ശം ക്ഷണിച്ചുവരുത്തിയരുന്നു. ഇപ്പോഴത്തെ പട്ടികയില്‍ ആദ്യ പത്തില്‍ ഏഴു പേരും വനിതകളാണ്! ഇരുപതിനായിരത്തിലധികം പേര്‍ ഇത്തവണ വോട്ടെടുപ്പിൽ പങ്കാളികളായി.