Reading Time: 4 minutes

സോഷ്യലിസം പ്രസംഗിക്കും. പക്ഷേ, പ്രവൃത്തിയില്‍ അത് തൊട്ടുതീണ്ടിയിട്ടില്ല. സോഷ്യലിസ്റ്റ് ആയി അഭിനയിക്കുന്ന മുതലാളിയുടെ തൊഴിലാളി ദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്താന്‍ പറ്റിയത് തൊഴിലാളി ദിനം തന്നെ. പ്രതികാരത്തിന്റെ ഭാഗമായി തട്ടിപ്പ് നടപടികളിലൂടെ തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയത് സര്‍ക്കാര്‍ സംവിധാനം കൈയോടെ പിടിച്ചു.

സോഷ്യലിസ്റ്റ് മുതലാളിയുടെ സ്ഥാപനം മാതൃഭൂമി. സ്ഥാപനം പറഞ്ഞാല്‍ പിന്നെ മുതലാളിയുടെ പേര് പ്രസക്തമല്ലല്ലോ. അതിലൊന്നുമല്ല കാര്യം. കടുവയെ കിടുവ പിടിച്ചു. മാതൃഭൂമി പോലൊരു പത്രസ്ഥാപനത്തിനെതിരെ നടപടിക്ക് തുടക്കമിടുക എന്നൊക്കെ പറഞ്ഞാല്‍!! ആദ്യം എനിക്കും വിശ്വാസം വന്നില്ല. കക്ഷി എത്ര വലിയവനായാലും, സ്വാധീനമുള്ളവനായാലും ന്യായവും നീതിയും നടപ്പാവും എന്നു ബോദ്ധ്യപ്പെടുന്നത് ജീവിക്കാന്‍ കൂടുതല്‍ പ്രതീക്ഷ പകരുന്നു.

മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാര്‍

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പത്രപ്രവര്‍ത്തകരുടെ വേതനപരിഷ്‌കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ആ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ മാതൃഭൂമി പരാജയപ്പെട്ടുവെന്ന് തൊഴില്‍ വകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. വേജ് ബോര്‍ഡ് വ്യവസ്ഥകളില്‍ വ്യാപകമായി വെള്ളം ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, മാതൃഭൂമിയില്‍ നിന്നു വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്ത പത്രപ്രവര്‍ത്തകരുടെ ഗ്രാറ്റ്വിറ്റി തുകയില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ നിയവിരുദ്ധമായി മാനേജ്‌മെന്റ് പിടിച്ചെടുത്തു. മാനേജ്‌മെന്റിന്റെ ഈ നടപടിക്കെതിരെ നീതിപീഠത്തെ സമീപിക്കാന്‍ -അഡ്ജൂഡിക്കേഷന് – തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ ആണ് വിഷയം അന്വേഷിച്ച് ലേബര്‍ കമ്മീഷണര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

പ്രശസ്ത പത്രപ്രവര്‍ത്തകരായ എന്‍.പി.രാജേന്ദ്രന്‍, ടി.അരുണ്‍കുമാര്‍, ടി.സുരേഷ് ബാബു എന്നിവരടക്കമുള്ളവരുടെ ഗ്രാറ്റ്വിറ്റിയിലാണ് മാതൃഭൂമി മാനേജ്‌മെന്റ് തിരിമറി നടത്തിയത്. ഇവരും വി.എന്‍.പ്രസന്നകുമാര്‍, കെ.ആര്‍.ബൈജു എന്നീ മാധ്യമപ്രവര്‍ത്തകരും തൊഴില്‍ വകുപ്പിന് പരാതി നല്‍കി. 5 പേര്‍ മാത്രമേ പരാതി നല്‍കിയുള്ളൂ എങ്കിലും മറ്റ് ഒട്ടേറെ പേര്‍ക്കും ഇതേ രീതിയില്‍ ഗ്രാറ്റ്വിറ്റി തുക നല്‍കാതിരുന്നിട്ടുണ്ട്. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ നല്‍കിയ അലവന്‍സുകള്‍ അടക്കം വന്‍ തുകകളാണ് വിരമിച്ചവരുടെ ഗ്രാറ്റ്വിറ്റി തുകയില്‍ നിന്നും നിയമവിരുദ്ധമായി മാതൃഭൂമി പിടിച്ചെടുത്തത്. 75,000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ നഷ്ടമായവര്‍ ഉണ്ട്. ഗ്രാറ്റ്വിറ്റിയില്‍ നിന്ന് ഒരു വിധത്തിലുള്ള കിഴിക്കലുകളും പാടില്ലെന്നാണ് നിയമം.

എന്‍.പി.രാജേന്ദ്രന് ലഭിച്ച ഗ്രാറ്റ്വിറ്റി 13,43,868 രൂപ. പിടിച്ചെടുത്തത് 95,970 രൂപ.

ടി.അരുണ്‍കുമാറിന് ലഭിച്ച ഗ്രാറ്റ്വിറ്റി 11,54,146 രൂപ. പിടിച്ചെടുത്തത് 2,42,567 രൂപ.

ടി.സുരേഷ് ബാബുവിന് ലഭിച്ച ഗ്രാറ്റ്വിറ്റി 14,22,702 രൂപ. പിടിച്ചെടുത്തത് 1,74,628 രൂപ.

വി.എന്‍.പ്രസന്നകുമാറിന് ലഭിച്ച ഗ്രാറ്റ്വിറ്റി 8,47,305 രൂപ. പിടിച്ചെടുത്തത് 74,728 രൂപ.

കെ.ആര്‍.ബൈജുവിന് ലഭിച്ച ഗ്രാറ്റ്വിറ്റി 2,97,029 രൂപ. പിടിച്ചെടുത്തത് 1,98,663 രൂപ.

ഇതില്‍ രാജേന്ദ്രന്‍, അരുണ്‍കുമാര്‍, സുരേഷ് ബാബു എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചവരും പ്രസന്നന്‍, ബൈജു എന്നിവര്‍ രാജിവെച്ചവരുമാണ്.

മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മാതൃഭൂമിയില്‍ നടപ്പാക്കേണ്ടി വന്നപ്പോള്‍ ജീവനക്കാര്‍ക്കെതിരെ വ്യാപകമായ പകപോക്കല്‍ നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. വേജ് ബോര്‍ഡിനു പകരം ഹോം സ്‌കെയില്‍ നടപ്പാക്കാമെന്ന മാനേജ്‌മെന്റ് നിര്‍ദ്ദേശം പത്രപ്രവര്‍ത്തകര്‍ നിരാകരിച്ചതായിരുന്നു പ്രതികാര നടപടിക്കു കാരണം. ഹോം സ്‌കെയില്‍ വേണ്ട എന്ന അഭിപ്രായ സ്വരൂപണത്തിന് നേതൃത്വം നല്‍കിയവരെ മുഴുവന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റി. ഇന്ത്യയിലെ മുക്കിലും മൂലയിലും ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്ന ഏക പത്രമായി മാതൃഭൂമി മാറിയത് ഇതിന്റെ ഫലമായാണ്. ഒരു പക്ഷേ, ഇന്ത്യയില്‍ ഏറ്റവുമധികം വാര്‍ത്താ ബ്യൂറോകള്‍ ഉള്ള പത്രം.

കോടതി വിധിയും അതിനെത്തുടര്‍ന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും നിമിത്തം വേജ് ബോര്‍ഡ് നടപ്പാക്കാന്‍ 2014ല്‍ മാതൃഭൂമി നിര്‍ബന്ധിതമായെങ്കിലും 2011 മുതലുള്ള മുന്‍കാല പ്രാബല്യമനുസരിച്ചുള്ള കുടിശ്ശിക നല്‍കാന്‍ തയ്യാറായില്ല. നിശ്ചിത സേവനകാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ചട്ടപ്രകാരം ലഭിക്കേണ്ട സീനിയോറിറ്റി ഇന്‍ക്രിമെന്റ് അനുവദിച്ചില്ല. വേജ്‌ബോര്‍ഡിന്റെ കാലപരിധിക്കു പുറത്തുള്ള കാലത്ത് നല്‍കിയ അലവന്‍സുകള്‍ നിയമവിരുദ്ധമായി തിരിച്ചുപിടിച്ചു. ജീവനക്കാരോടുള്ള മികച്ച സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാതൃഭൂമി മാനേജ്‌മെന്റ് എടുത്തു പറഞ്ഞിരുന്ന പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി. വേതനത്തിന്റെ ഭാഗമായി തന്നെ ജോലി സമയത്ത് സൗജന്യഭക്ഷണം വിതരണം ചെയ്തിരുന്ന കാന്റീനുകള്‍ അടച്ചു പൂട്ടി. വാര്‍ത്താ ശേഖരണത്തിനുള്ള യാത്രാപ്പടി തൊട്ട് ടെലിഫോണ്‍ അലവന്‍സ് വരെ നാമമാത്രമാക്കി. പത്രപ്രവര്‍ത്തകന്‍ സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി വാര്‍ത്ത ശേഖരിച്ച് പത്രത്തില്‍ റിപ്പോര്‍ട്ട് കൊടുക്കണം എന്ന അവസ്ഥയായി. പത്രത്തിന് സമീപകാലത്തുണ്ടായതായി വിലയിരുത്തപ്പെടുന്ന ഗുണനിലവാരത്തകര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതാണ്.

സര്‍ക്കുലേഷന്‍ അനുസരിച്ചുള്ള ക്ലാസ് മാറ്റം പ്രാബല്യത്തില്‍ വരുത്തിയില്ല എന്നതാണ് മറ്റൊരു തട്ടിപ്പ്. ക്ലാസ് മാറ്റിയാല്‍ വേതനം ആനുപാതികമായി ഉയരും എന്നതു തന്നെ കാരണം. സ്ഥാപനത്തില്‍ നിന്നും വിട്ടു പോയവര്‍ക്കും പിരിഞ്ഞവര്‍ക്കും വേജ് ബോര്‍ഡിന്റെ ഒരു ആനുകൂല്യവും നല്‍കിയില്ല. പി.എഫ്. കുടിശ്ശികയും നല്‍കിയില്ല. ഇതിനും പുറമേയാണ് ഗ്രാറ്റ്വിറ്റിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈയിട്ടു വാരിയത്. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൊഴില്‍ വകുപ്പിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച് 2016-ല്‍ കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ മാതൃഭൂമി മാനേജ്‌മെന്റില്‍ നിന്ന് വിശദീകരണം തേടുകയും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മാനേജ്‌മെന്റ് ഒഴിഞ്ഞുമാറി. ‘തൊഴിലുടമ മതിയായ വിശദീകരണം നല്‍കാനോ രേഖകള്‍ ഹാജരാക്കാനോ തയ്യാറായിട്ടില്ല. മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് മാനേജ്‌മെന്റ് സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കയാണെന്നാണ് മനസ്സിലാക്കുന്നത്’- ലേബര്‍ കമ്മീഷണര്‍ക്ക് 2017 മാര്‍ച്ച് 27ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ പറയുന്നു. ഇതിനു ശേഷമാണ് ജീവനക്കാര്‍ക്ക് അര്‍ഹമായ തുക ഈടാക്കി നല്‍കാന്‍ ലേബര്‍ കോടതിക്ക് അഡ്ജൂഡിക്കേഷന് വിടാന്‍ ശുപാര്‍ശ ചെയ്തത്.

അഡ്ജൂഡിക്കേഷന് പരിഗണിക്കപ്പെടുന്ന വിഷയങ്ങള്‍ ഇവയാണ്.

-മാതൃഭൂമിയിലെ ജീവനക്കാര്‍ക്ക് വേജ് ബോര്‍ഡ് പ്രകാരം ലഭിക്കാനര്‍ഹതയുള്ള വേതനം എന്താണ്?

-സുപ്രീം കോടതി വിധി പ്രകാരം മാതൃഭൂമി ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള ശമ്പളകുടിശ്ശിക എത്രയാണ്?

-കുടിശ്ശിക വിതരണത്തിന് പലിശ ബാധകമാണോ? ബാധകമാണെങ്കില്‍ എത്രയാവണം പലിശ നിരക്ക്?

മാതൃഭൂമി മാര്‍ക്കറ്റിങ്-ഇലക്ട്രോണിക്‌സ് മീഡിയ ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍

പരാതി ലഭിച്ചതിനെ തുടര്‍ന്നുള്ള മാതൃഭൂമി മാനേജ്‌മെന്റ് നടപടികള്‍ അവര്‍ ചെയ്ത തട്ടിപ്പ് ശരിവെയ്ക്കുന്നതിനും കുറ്റം സമ്മതിക്കുന്നതിനും തുല്യമാണ്. പത്രപ്രവര്‍ത്തക യൂണിയന്‍ പരാതിയുമായി തൊഴില്‍ വകുപ്പിനെ സമീപിച്ചതിനു ശേഷം വിരമിക്കുകയോ വിട്ടുപോകുകയോ ചെയ്ത ഒരാളുടെയും പക്കല്‍ നിന്ന് ചട്ടവിരുദ്ധമായ കിഴിക്കലുകള്‍ക്ക് മാനേജ്‌മെന്റ് മുതിര്‍ന്നിട്ടില്ല. അപ്പോള്‍, നേരത്തേ നടന്ന കിഴിക്കലും കൈയിട്ടുവാരലും നിയമവിരുദ്ധമാണെന്നതിന് വേറെ തെളിവ് വേണോ? പ്രാവര്‍ത്തികമാക്കാന്‍ അശേഷം താല്പര്യമില്ലാത്ത സോഷ്യലിസം പ്രസംഗിച്ച് ജനങ്ങളെ വിഡ്ഡികളാക്കുന്ന പരിപാടി മാതൃഭൂമി മുതലാളി ഇനിയും തുടരും. ആ വചനപ്രഘോഷണം കേട്ട് നമുക്ക് കൈയടിക്കാം!!

Previous articleസുരക്ഷയ്ക്ക് അവധിയോ?
Next articleസെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here