Reading Time: 9 minutes

electionഅരുവിക്കര ഉപതിരഞ്ഞെടുപ്പും തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും നടക്കുമ്പോള്‍ ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം പ്രവര്‍ത്തനമില്ലാത്തതിനാല്‍ ആകെ ഒരു മരവിപ്പ്. നിയമസഭാ തിരഞ്ഞെടുപ്പും അങ്ങനെ തന്നെയാവും എന്ന ആശങ്കയിലിരിക്കുമ്പോഴാണ് കലാകൗമുദിയില്‍ നിന്നു വിളി വരുന്നത്. ചില ഉത്തരവാദിത്വങ്ങള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പ്രസാദ് ലക്ഷ്മണനും ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി.സെല്‍വരാജും ചേര്‍ന്ന് എനിക്കു കൈമാറി. ലക്കം 2122ല്‍ ചില നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങായിരുന്നു. ഈയാഴ്ച, അതായത് ലക്കം 2123ല്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് 14 ജില്ലകളിലെയും ചിത്രം വരച്ചിടാന്‍ ശ്രമിച്ചിരിക്കുകയാണ്. എല്ലാംകൂടി 45 പേജ് ദൈര്‍ഘ്യം. ജില്ലകളിലൂടെയുള്ള സഞ്ചാരത്തില്‍ എനിക്കു മനസ്സിലാക്കാനായ കാര്യങ്ങളാണ് 14 ലേഖനങ്ങളാക്കി എഴുതിയത്. കണ്ട കാര്യങ്ങള്‍ എഴുതിവെച്ചു. സ്ഥലപരിമിതി വലിയൊരു പ്രശ്‌നമായിരുന്നുവെങ്കിലും പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം.

തിരുവനന്തപുരം പിടിക്കുന്നവര്‍ ഭരണം പിടിക്കും. ഇതുവരെ അതാണ് ചരിത്രം. തലസ്ഥാന ജില്ലയിലെ 14 മണ്ഡലങ്ങളിലെ വിധിനിര്‍ണ്ണയം നിര്‍ണ്ണായകമാവുന്നത് അതിനാല്‍ത്തന്നെ. 1987, 1996, 2006 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജില്ലയിലെ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടി. ഈ വര്‍ഷങ്ങളില്‍ സംസ്ഥാനഭരണവും ഇടതുമുന്നണിക്കായിരുന്നു. ഇതേസമയം 1991, 2001, 2011 വര്‍ഷങ്ങളില്‍ യു.ഡി.എഫ്. എട്ടു മുതല്‍ 10 സീറ്റ് വരെ ജില്ലയില്‍ നേടിയപ്പോള്‍ സ്വാഭാവികമായി അധികാരവും യു.ഡി.എഫിന്റെ കൈയിലെത്തി. യു.ഡി.എഫിന് വലിയ ആത്മവിശ്വാസം വേണ്ട എന്നു തന്നെയാണ് തിരുവനന്തപുരത്തെ അന്തര്‍ധാരകള്‍ നല്‍കുന്ന സൂചന. ചരിത്രവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഇക്കുറി ഭൂരിപക്ഷം സീറ്റുകള്‍ ഇടത്തേക്കു ചായണം. ആ സ്ഥിതി തന്നെയാണ് നിലനില്‍ക്കുന്നതും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നാലു മണ്ഡലങ്ങള്‍ തലസ്ഥാന ജില്ലയെ ശ്രദ്ധേയമാക്കുന്നു. താമര വിരിയുമോ എന്ന ചോദ്യത്തിന് ശബ്ദമേറെ. സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയാന്തരീക്ഷം, വികസനപദ്ധതികളുടെ നടത്തിപ്പ്, സ്ഥാനാര്‍ഥികളുടെ മികവ്, സാമുദായിക താത്പര്യങ്ങള്‍ എന്നിവയൊക്കെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നുവെന്ന് തിരുവനന്തപുരം ജില്ലയിലെ ഇതുവരെയുള്ള ഫലങ്ങള്‍ വിലയിരുത്തിയാല്‍ കാണാം. ഏറ്റവുമൊടുവില്‍ നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും സാമുദായിക താല്പര്യങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയെന്നു വ്യക്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരു പരിധി വരെ തദ്ദേശ തിരഞ്ഞെടുപ്പിലും സാമുദായിക സമവാക്യങ്ങള്‍ നേട്ടമായത് ബി.ജെ.പിക്കാണ്. പക്ഷേ, ഇപ്പോള്‍ അങ്ങനെയുള്ള പിന്തുണ ഒരു പാര്‍ട്ടിക്കുമില്ല. തലസ്ഥാനജില്ലയിലെ മത്സരത്തിന് ചൂടേറ്റുന്ന ഘടകവും അതു തന്നെ.

കൊല്ലം ഇടതുകോട്ടയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറെക്കുറെ ഏകപക്ഷീയമായി ലഭിച്ച വിജയം എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ 11 സീറ്റുകളില്‍ ഒമ്പതെണ്ണവും വിജയിച്ചത് എല്‍.ഡി.എഫ്. ഇക്കുറിയും അത് ആവര്‍ത്തിക്കാനാണ് അവരുടെ ശ്രമം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ എല്ലാ മുന്നണി മാറ്റങ്ങളും കൊല്ലത്ത് പ്രതിഫലിക്കുന്നു. കഴിഞ്ഞ തവണ എല്‍.ഡി.എഫിലുണ്ടായിരുന്ന ചിലര്‍ യു.ഡി.എഫിലാണ്. യു.ഡി.എഫിലുണ്ടായിരുന്ന ചിലര്‍ എല്‍.ഡി.എഫിലാണ്. അതുകൊണ്ടു തന്നെ ഇരുകൂട്ടരുടെയും തന്ത്രങ്ങളും കുതന്ത്രങ്ങളും പരസ്പരം നന്നായറിയാം. മത്സരം തീപാറും. ആര്‍.എസ്.പി. കൊല്ലം ജില്ലയില്‍ തോറ്റാല്‍ പാര്‍ട്ടിയുടെ നിലനില്പ് തന്നെ അപകടത്തിലാവും. എല്‍.ഡി.എഫ്. വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ അവര്‍ക്ക് മൂന്നു സീറ്റിലും ജയിച്ചേ മതിയാകൂ. ആ ലക്ഷ്യം ബാലികേറാമലയാണ്. ഗണേഷ്, ജഗദീഷ്, ഭീമന്‍ രഘു എന്നിവരുടെ പത്തനാപുരവും മുകേഷിന്റെ കൊല്ലവും താരമണ്ഡലങ്ങള്‍. കശുവണ്ടി വികസന കോര്‍പ്പറേഷന്റേതടക്കമുള്ള ബഹുഭൂരിപക്ഷം ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഈ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ജില്ലയിലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കശുവണ്ടി, കയര്‍ എന്നീ പരമ്പരാഗത തൊഴില്‍ മേഖലകളിലെ രണ്ടര ലക്ഷത്തോളം വരുന്ന തൊഴിലാളികളും കുടുംബങ്ങളും തിരഞ്ഞെടുപ്പില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ഘടകമാണ്. യു.ഡി.എഫിനെ ആശങ്കയിലാക്കുന്നതും ഇതു തന്നെ. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ജില്ലയില്‍ ഭൂരിഭാഗം സീറ്റുകളും ഇടതിനെ വരിക്കും എന്നു തന്നെയാണ് സൂചനകള്‍.

പത്തനംതിട്ട ചെറിയൊരു ജില്ലയാണ്. ഉള്ളത് അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ മാത്രം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്. യു.ഡി.എഫ്. ജില്ലയായിട്ടാണ് പത്തനംതിട്ട പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഈ കണക്കുകൂട്ടല്‍ തെറ്റി. ആഞ്ഞു പിടിച്ച എല്‍.ഡി.എഫ്. 2011ല്‍ ജില്ലയെ ഇടത്തേക്കു ചായ്ച്ച് വലിച്ചു കെട്ടി. ആകെയുള്ള അഞ്ചില്‍ മൂന്നും എല്‍.ഡി.എഫ്. കൊണ്ടു പോയപ്പോള്‍ യു.ഡി.എഫിന് രണ്ടെണ്ണം മാത്രം. മത്സരത്തിന്റെ ചൂടല്ല, മറിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങളാണ് ഇക്കുറി പത്തനംതിട്ടയെ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആറന്മുളയിലെ ത്രികോണം എടുത്തുപറയണം. ഈ തര്‍ക്കത്തില്‍ നിന്ന് എല്‍.ഡി.എഫും. യു.ഡി.എഫും മുക്തമായിരുന്നില്ല. പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലെയും വിധി നിര്‍ണ്ണയിക്കുക അടിയൊഴുക്കുകളായിരിക്കും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒഴുക്കില്‍പ്പെട്ട് ഏതു മുന്നണിയായിരിക്കും മുങ്ങുക എന്ന് മെയ് 19നു മാത്രമേ പറയാനാവൂ. ഏതെങ്കിലും ഒരു മുന്നണി പൂര്‍ണ്ണമായി മുങ്ങിപ്പോയാലും അത്ഭുതപ്പെടാനില്ല എന്നതാണ് സ്ഥിതി. ബി.ജെ.പി. പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാവുന്നത് അതിനാല്‍ത്തന്നെ.

പ്രവചനം അസാദ്ധ്യമായ ജില്ലയാണ് ആലപ്പുഴ. ഇടയ്ക്ക് ഇടത്തോട്ടു ചായും. ഇടയ്ക്ക് വലത്തോട്ടും. ആകെയുള്ളത് ഒമ്പത് നിയമസഭാ മണ്ഡലങ്ങള്‍. 2011ല്‍ സംസ്ഥാന ഭരണം പിടിച്ച യു.ഡി.എഫിന് ആലപ്പുഴയില്‍ കിട്ടിയത് രണ്ടു സീറ്റുകള്‍ മാത്രം. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അടക്കം ചില കക്ഷികളുടെ ചേരിമാറ്റം, ബി.ജെ.പി. -ബി.ഡി.ജെ.എസ്. സഖ്യം എന്നിവയെല്ലാം ഇത്തവണ തിരെഞ്ഞടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടു തന്നെ അറിയണം. ബി.ഡി.ജെ.എസ്. അഖിലേന്ത്യാ പാര്‍ട്ടിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും ആസ്ഥാനം ആലപ്പുഴയാണ്. പ്രാരംഭപ്രവര്‍ത്തനങ്ങളെല്ലാം കണിച്ചുകുളങ്ങരയിലായിരുന്നു. നേതാക്കളിലെ പ്രധാനികള്‍ പലരും ഇവിടത്തുകാരുമാണ്. അതിനാല്‍ ജില്ലയെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാക്കാന്‍ ശ്രമം നടക്കും. കുട്ടനാട്ടിലാണ് അവരുടെ പ്രസ്റ്റീജ് മത്സരം. ചെങ്ങന്നൂരിലെ ചതുഷ്‌കോണവും ശ്രദ്ധേയം തന്നെ. അടിയൊഴുക്കുകള്‍ക്ക് ആലപ്പുഴയില്‍ വലിയ സാദ്ധ്യത നിലനില്‍ക്കുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവുമൊടുവില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പ് തന്നെയാണ് ഇതിനുദാഹരണം. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിച്ച തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ സി.പി.എം. ജില്ലാസെക്രട്ടേറിയേറ്റ് കൂടിയതും സംസ്ഥാനനേതൃത്വം ഇടപെട്ടതും എല്ലാവരിലും അത്ഭുതമുളവാക്കി. ഒടുവില്‍ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പാനലിനെ എതിര്‍ക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനമെടുത്തു. സി.പി.എമ്മും വെള്ളാപ്പള്ളിയും തമ്മില്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണോ കണിച്ചുകുളങ്ങരെ തിരഞ്ഞെടുപ്പ് ഫലമെന്ന സംശയം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ഡി.ജെ.എസ്സിന്റെ സഖ്യകക്ഷി ബി.ജെ.പിയും എതിരാളിയായ യു.ഡി.എഫും ഒരു പോലെ പ്രകടിപ്പിക്കുന്നുണ്ട്.

തങ്ങള്‍ക്കൊപ്പമെന്ന് യു.ഡി.എഫിന് ഏറ്റവും ഉറപ്പുള്ള ജില്ലയാണ് കോട്ടയം. ഇതുവരെയുള്ള ചരിത്രം അതു ശരിവെയ്ക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് മണ്ഡലങ്ങളില്‍ ഏഴും യു.ഡി.എഫിനൊപ്പം നിന്നു. എന്നാല്‍, ഇത്തവണ സ്ഥിതിഗതികള്‍ പിന്നെയും മാറുകയാണ്. എല്‍.ഡി.എഫ്. പഴയതുപോലെ ദുര്‍ബലരല്ല. കേരളാകോണ്‍ഗ്രസ് -മാണി വിഭാഗം പിളര്‍ന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിറന്നത് ഫലത്തില്‍ ഇടതുപക്ഷത്തിന് നേട്ടം തന്നെയാണ്. ഈ നേട്ടം വിജയമായി മാറുമോ എന്നത് കാത്തിരുന്നു കാണണം. കേരളാ കോണ്‍ഗ്രസ്സുകളുടെ ഈറ്റില്ലമായ കോട്ടയത്ത് മത്സരരംഗത്തുള്ളത് അഞ്ച് വിഭാഗങ്ങള്‍. മാണി, സ്‌കറിയാ തോമസ്, പി.സി.തോമസ്, സെക്യുലര്‍ തുടങ്ങിയ ബ്രായ്ക്കറ്റ് പാര്‍ട്ടികളും പിന്നെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സും. പോരാട്ടത്തിന് വാശിയേറെ. സ്വന്തം രാഷ്ട്രീയഭാവി വെച്ച് സ്വതന്ത്രനായി പന്താടുന്ന പി.സി.ജോര്‍ജ്ജ് തന്നെയാണ് മത്സരരംഗത്തെ താരം. കേരളാ കോണ്‍ഗ്രസ് -എമ്മിലെ പിളര്‍പ്പ് നേരിട്ട് ബാധിച്ചിട്ടുള്ള മണ്ഡലങ്ങളാണ് പൂഞ്ഞാറും ചങ്ങനാശ്ശേരിയും. പിളര്‍ന്നു മാറിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സും മാണി വിഭാഗവും മുഖാമുഖം വരികയാണിവിടെ. ഉമ്മന്‍ ചാണ്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി.ജോര്‍ജ്ജ്, സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, സി.എഫ്.തോമസ്, എന്‍.ജയരാജ് എന്നീ സിറ്റിങ് എം.എല്‍.എമാര്‍ കോട്ടയത്തിന്റെ മുഖമാണ്. ഇവരില്‍ ആരു തോറ്റാലും അതു വാര്‍ത്തയാണ്, വലിയ വാര്‍ത്ത.

ഇടുക്കിയിലെ ഫലത്തെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങള്‍. ഇതില്‍ ഏതു ഘടകം ആര്‍ക്ക് നേട്ടമാവുമെന്ന് ഒരു പിടിയുമില്ല. സാമുദായികവും ഭാഷാപരവുമായ ചേരിതിരിവുകള്‍ കൂടിയാവുമ്പോള്‍ ജില്ലയിലെ സ്ഥിതി അവിയല്‍ പരുവം. അഞ്ചു നിയമസഭാ മണ്ഡലങ്ങളുള്ള ഇടുക്കിയില്‍ എല്‍.ഡി.എഫിന് മൂന്ന്, യു.ഡി.എഫിന് രണ്ട് എന്നാണ് നിലവിലുള്ള സ്ഥിതി. കര്‍ഷകരുടെയും ക്രൈസ്തവ സഭകളുടെയും പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണയും എല്‍.ഡി.എഫിനൊപ്പം തന്നെ. കേരളാ കോണ്‍ഗ്രസ് -എം പിളര്‍ത്തി ജനാധിപത്യ കോണ്‍ഗ്രസ്സുമായി വന്നു കയറിയ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ സാന്നിദ്ധ്യവും എല്‍.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. യു.ഡി.എഫിന് ആധിയേറ്റുന്ന ഘടകങ്ങളാണിത്, പുറമേയ്ക്കവര്‍ അതു പ്രകടിപ്പിക്കുന്നില്ലെങ്കിലും. പൊമ്പളൈ ഒരുമൈ എന്നു കേള്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയകക്ഷികള്‍ക്ക് അരിശം വരും. എല്ലാ കക്ഷികളെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഈ പെണ്‍കൂട്ടിന്റെ നില്പ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. തമിഴ്‌നാട്ടില്‍ ഉണ്ടെന്നു പറയുന്ന വികസനം കേരളത്തില്‍ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന അണ്ണാ ഡി.എം.കെ. നേടുന്ന വോട്ടുകളും മുന്നണികളുടെ പിടിക്കു പുറത്തുതന്നെ. ബി.ജെ.പി. -ബി.ഡി.ജെ.എസ്. സഖ്യവും ഇടുക്കിയിലെ ഫലങ്ങള്‍ മാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍ തന്നെ. കുടിയേറ്റ കര്‍ഷകരുടെ ജില്ലയില്‍ പതിവു പോലെ പട്ടയമാണ് പ്രധാന പ്രചാരണവിഷയം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പട്ടയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വാര്‍ത്ത യു.ഡി.എഫിനു സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ലക്ഷത്തോളം പേര്‍ക്ക് പട്ടയം കൊടുക്കാനുള്ളപ്പോള്‍ ഹോപ്പ് പ്ലാന്റേഷന് വഴിവിട്ട് ഭൂമി ദാനംചെയ്യാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കം പ്രധാന ചര്‍ച്ചാവിഷയമാണ്. അധികാരത്തില്‍ വന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം എന്ന് എല്‍.ഡി.എഫ്. പ്രഖ്യാപിച്ചതും ഇതിന്റെ തുടര്‍ച്ചയായിത്തന്നെ.

പരമ്പരാഗതമായി എറണാകുളത്തിനൊരു വലതുപക്ഷ സ്വഭാവമുണ്ട്. അപൂര്‍വ്വമായി ചിലപ്പോഴൊക്കെ ഇടതുപക്ഷത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കാറുമുണ്ട്. 2006ല്‍ ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും ചെങ്കൊടി പാറി. 2011ല്‍ ആകെയുള്ള 14 സീറ്റുകളില്‍ 11 എണ്ണവും യു.ഡി.എഫ്. പിടിച്ചെടുത്തു. എല്‍.ഡി.എഫിന് കിട്ടിയത് മൂന്നെണ്ണം മാത്രം. ഫലം നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള സമുദായങ്ങളുടെ പിന്തുണ ഇക്കുറി ഇടതിനാണ്. യാക്കോബായ -ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അവരുമായി രമ്യതയിലാണ്. ജില്ലയിലെ നാലു മണ്ഡലങ്ങളിലെങ്കിലും ഇത് സ്വാധീനം ചെലുത്തും. സിറോ മലബാര്‍, ലത്തീന്‍ സഭകളുടെ നിലപാടിലും കാലുഷ്യമില്ലെന്ന് എല്‍.ഡി.എഫ്. വിലയിരുത്തുന്നു. കൊച്ചിയില്‍ യു.ഡി.എഫിനോടുള്ള എതിര്‍പ്പ് ലത്തീന്‍ സഭ പരസ്യമാക്കിയത് മറ്റു മണ്ഡലങ്ങളിലും ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. കൊച്ചിയില്‍ യു.ഡി.എഫ്. വിമതനെ ലത്തീന്‍ സഭ പിന്തുണയ്ക്കുന്നുമുണ്ട്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ വരവ് ചില മണ്ഡലങ്ങളില്‍ ഇടതിന് തുണയാകുമെന്നാണ് സൂചന. എന്നാല്‍, തങ്ങള്‍ക്കു ജയിച്ചുകയറാന്‍ പരമ്പരാഗത വോട്ടുകള്‍ മാത്രം മതിയെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. ഇക്കുറി 13 മണ്ഡലവും പിടിക്കുമെന്നാണ് യു.ഡി.എഫ്. അവകാശവാദം. വൈപ്പിന്‍ മാത്രമാണ് അവര്‍ വിട്ടുകളയുന്നത്. തൃപ്പൂണിത്തുറയിലേത് സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമായി മാറിയിട്ടുണ്ട്. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ എന്തും സംഭവിക്കാമെന്ന നിലയാണ്.

election

ഏതെങ്കിലും മുന്നണിയോട് പ്രത്യേക ആഭിമുഖ്യം കാണിച്ച ചരിത്രം തൃശ്ശൂര്‍ ജില്ലയ്ക്കില്ല. അതിനാല്‍ത്തന്നെ പ്രത്യേക അവകാശവാദങ്ങള്‍ക്ക് ഒരു മുന്നണിയും മുതിരുന്നില്ല. കൃത്യമായ പ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍ സ്ഥാനം നേടാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ശ്രമിക്കുന്നു. പുറത്തേക്ക് കാണാനില്ലെങ്കിലും 13 നിയമസഭാ മണ്ഡലങ്ങളുള്ള തൃശ്ശൂരിലെ രാഷ്ട്രീയാന്തരീക്ഷത്തിന്റെ ഉള്ളം ചുട്ടുപൊള്ളുകയാണ്. 2001ല്‍ സംസ്ഥാനത്ത് 100 സീറ്റുകള്‍ നേടി യു.ഡി.എഫ്. അധികാരത്തിലേറിയപ്പോള്‍ തൃശ്ശൂരും സമാനസ്വഭാവം പ്രകടിപ്പിച്ച് ഒപ്പം നിന്നു. 2006ല്‍ 99 സീറ്റുകളുമായി കേരളം എല്‍.ഡി.എഫിനെ അനുഗ്രഹിച്ചപ്പോഴും അങ്ങനെ തന്നെ. 2011ല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് യു.ഡി.എഫ്. അധികാരത്തിലേറിയത്. തൃശ്ശൂരിലെ ഫലവും അതു തന്നെയായിരുന്നു -എല്‍.ഡി.എഫ്. ഏഴിടത്ത് ജയിച്ചപ്പോള്‍ യു.ഡി.എഫിനൊപ്പം നിന്നത് ആറു മണ്ഡലങ്ങള്‍. മത്സര രംഗത്തില്ലാത്ത കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എമാരില്‍ നാലു പേര്‍ തൃശ്ശൂര്‍ ജില്ലയിലാണെന്ന സവിശേഷതയുണ്ട്. എല്‍.ഡി.എഫിലും മൂന്ന് എം.എല്‍.എമാര്‍ക്ക് മാറ്റമുണ്ട്. ഇവരില്‍ ഒരാളുടെ മണ്ഡലം മാറിയെന്നേയുള്ളൂ, മത്സരരംഗത്തുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇരുമുന്നണികള്‍ക്കും തലവേദനയായ വടക്കാഞ്ചേരി, സി.പി.എമ്മിന് പതിവില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ച ഇരിങ്ങാലക്കുട, സ്ഥാനാര്‍ഥിക്കുവേണ്ടി യു.ഡി.എഫ്. നെട്ടോട്ടമോടിയ കയ്പമംഗലം എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തൃശ്ശൂര്‍ ജില്ലയില്‍ അടിയൊഴുക്കുകള്‍ വിധി നിര്‍ണ്ണയിക്കും. തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഇടതു മുന്നണിക്ക് സാധിച്ചുവെങ്കില്‍ യു.ഡി.എഫില്‍ പിണക്കം തീര്‍ക്കലും മുറിവുണക്കലും അവസാന നിമിഷത്തിലും തുടരുന്നു.

പാലക്കാട് അക്ഷരാര്‍ത്ഥത്തില്‍ ചുട്ടുപൊള്ളുകയാണ്. വേനല്‍ച്ചൂടും മത്സരച്ചൂടും ചേര്‍ന്നുള്ള എരിപൊരി സഞ്ചാരം. വി.എസ്.അച്യുതാനന്ദന്‍ ഒരു മഹാമേരു പോലെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ജില്ല. എന്നാല്‍, സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെങ്കില്‍ ചിലപ്പോള്‍ പാലക്കാട്ടുകാര്‍ രാഷ്ട്രീയത്തിനതീതമായി ജയിപ്പിക്കാറുണ്ട്. അടിതെറ്റിയ കൊമ്പന്മാരും ഏറെ. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില ഇടതു കോട്ടകള്‍ വലത്തോട്ടു ചാഞ്ഞു. ആ നഷ്ടം പല കാരണങ്ങളാലും വളരെ വലുതായിരുന്നു. നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കുക എന്നതാണ് ഇത്തവണ എല്‍.ഡി.എഫിന്റെ ദൗത്യം. കൈവശമുള്ളവ നിലനിര്‍ത്താനും കൂടുതല്‍ എണ്ണം വരുതിയിലാക്കാനും യു.ഡി.എഫ്. ശ്രമിക്കുമ്പോള്‍ ഒരിടത്തെങ്കിലും താമര വിരിയിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ബി.ജെ.പി. എല്ലാവരും സംസാരിക്കുന്നത് അടിയൊഴുക്കുകളെപ്പറ്റി. ഈ ഒഴുക്കില്‍ ആരൊക്കെ ഒലിച്ചുപോകുന്നുവെന്നത് കണ്ടു തന്നെ അറിയണം. ജില്ലയിലാകെയുള്ളത് 12 മണ്ഡലങ്ങള്‍. 2011ലെ കണക്കുപ്രകാരം എല്‍.ഡി.എഫിന് ഏഴും യു.ഡി.എഫിന് അഞ്ചും എം.എല്‍.എമാര്‍. മലമ്പുഴ, ആലത്തൂര്‍, തരൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം, കോങ്ങാട് എന്നിവയാണ് എല്‍.ഡി.എഫ്. മണ്ഡലങ്ങള്‍. നേരത്തേ കൈവശമുണ്ടായിരുന്ന മണ്ണാര്‍ക്കാട്, പട്ടാമ്പി, ചിറ്റൂര്‍ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം തൃത്താല, പാലക്കാട് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാനായതാണ് അന്തിമവിശകലനത്തില്‍ യു.ഡി.എഫിന് ഭരണം നേടിക്കൊടുത്തത്. തൃത്താലയും പാലക്കാടും തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫ്. ശ്രമം. യു.ഡി.എഫ്. ലക്ഷ്യമിടുന്ന മണ്ഡലങ്ങള്‍ ഒറ്റപ്പാലം, കോങ്ങാട്, നെന്മാറ എന്നിവ. മലമ്പുഴയില്‍ വി.എസ്.ജോയി മാരാരിക്കുളം ആവര്‍ത്തിക്കുമെന്നും അവര്‍ ആശിക്കുന്നു. ബി.ജെ.പിയുടെ മോഹങ്ങള്‍ പാലക്കാട് മണ്ഡലം കേന്ദ്രീകരിച്ചാണ്. വി.എസ്.അച്യുതാനന്ദന്‍, മുഹമ്മദ് മുഹസിന്‍, ശോഭാ സുരേന്ദ്രന്‍ -ഈ മൂന്നു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഫലം ഏവരും ഉറ്റുനോക്കുന്നു. തിരഞ്ഞെടുപ്പ് സര്‍വേകള്‍ പ്രവചിക്കുമ്പോലെ എല്‍.ഡി.എഫ്. അധികാരത്തിലേറണമെങ്കില്‍ പാലക്കാട്ടു നിന്ന് അതിലേക്ക് കാര്യമായ സംഭാവന ലഭിക്കണം.

കേരളത്തില്‍ ഏറ്റവുമധികം നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയാണ് മലപ്പുറം -16. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതും അവിടെത്തന്നെ -145. മലപ്പുറം എന്നാല്‍ മുസ്ലിം ലീഗ്. അതിനാല്‍ത്തന്നെ യു.ഡി.എഫിന്റെ ഉറച്ച കോട്ട. സി.പി.എമ്മിന്റെ ഏറ്റവും വലിയ നേതാക്കളിലൊരാളായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ച മണ്ണായിട്ടുകൂടി മലപ്പുറത്ത് ചുവടുറപ്പിക്കാന്‍ ഇടതു കക്ഷികള്‍ക്കു കഴിഞ്ഞിട്ടില്ല. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഈ പച്ചക്കോട്ടയില്‍ ചുവപ്പ് കടന്നുകയറി വിള്ളല്‍ വീഴ്ത്തിയത്. 12ല്‍ അഞ്ചിടത്ത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 2006ലെ തിരിച്ചടിക്കുശേഷം ലീഗ് ഏറെ മാറി. തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തനശൈലി മാറ്റി. ജനകീയ വിഷയങ്ങളിലും സാമൂഹിക പ്രശ്‌നങ്ങളിലും വ്യക്തമായ നിലപാടെടുത്ത് ഇടപെട്ടു. 2011ല്‍ മണ്ഡലപുനര്‍നിര്‍ണ്ണയം നടന്നപ്പോള്‍ ജില്ലയില്‍ നാലു സീറ്റ് കൂടി. അത്തവണ ലീഗ് വീണ്ടും കോട്ട കെട്ടിയടച്ച് ഭദ്രമാക്കി. നിലവില്‍ യു.ഡി.എഫ്. പക്ഷത്ത് 14 എം.എല്‍.എമാരുണ്ട്. എല്‍.ഡി.എഫിന് രണ്ടു മാത്രം. ഇത്തവണ കാര്യങ്ങള്‍ യു.ഡി.എഫിന് അത്ര എളുപ്പമല്ല. യു.ഡി.എഫിലെ പ്രാദേശിക തലത്തിലുള്ള അഭിപ്രായഭിന്ന എല്‍.ഡി.എഫ്. സമര്‍ത്ഥമായി മുതലെടുത്തതോടെ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ സാമ്പാര്‍ മുന്നണിയെന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. 2015ല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ചെത്തിമിനുക്കി മുനകൂര്‍പ്പിച്ച തന്ത്രത്തിന്റെ പൂര്‍ണ്ണരൂപത്തിലുള്ള പ്രയോഗം നിയമസഭയിലേക്കാണ്. ഇതിന്റെ ഭാഗമായി അഞ്ചു സ്വതന്ത്രരെയാണ് എല്‍.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത് -സി.പി.എം. മൂന്നും സി.പി.ഐ. രണ്ടും. 2006ല്‍ ഈ തന്ത്രം ആദ്യമായി കുറ്റിപ്പുറത്ത് പരീക്ഷിച്ചപ്പോള്‍ ജയന്റ് കില്ലറായി പി.കെ.കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയ ഡോ.കെ.ടി.ജലീല്‍ തവനൂരില്‍ വീണ്ടുമിറങ്ങുന്നത് ഉള്‍പ്പെടെയാണ് അഞ്ചു സ്വതന്ത്രര്‍. കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സി.പി.എമ്മും ഏറനാട്, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ സി.പി.ഐയും സ്വതന്ത്രരെ പരീക്ഷിക്കുന്നു. താനൂരില്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ പേരില്‍ മത്സരിക്കുന്നതു മുന്‍ കോണ്‍ഗ്രസ്സുകാരന്‍ തന്നെ. പണക്കാരെ ഇടതു മുന്നണി സ്വതന്ത്ര വേഷത്തില്‍ രംഗത്തിറക്കിയെന്ന ആക്ഷേപമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തില്‍ സ്വീകാര്യതയുണ്ടോ എന്ന കാര്യം മാത്രമാണ് പരിഗണിച്ചതെന്നാണ് ഇടതു നേതൃത്വത്തിന്റെ വിശദീകരണം. ഇടതിന്റെ സ്വതന്ത്ര തന്ത്രം ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യു.ഡി.എഫ്. ഭരണത്തില്‍ വന്നാലും ഇല്ലെങ്കിലും തങ്ങളുടെ അംഗബലത്തില്‍ കുറവുണ്ടാവില്ലെന്നു തെളിയിക്കാന്‍ ലീഗുകാര്‍ കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ്. അടിയൊഴുക്കുകള്‍ നിര്‍ണ്ണായകമാണ് എന്നത് ഇക്കുറി ചില മണ്ഡലങ്ങളിലെങ്കിലും ഫലപ്രവചനം അസാദ്ധ്യമാക്കുന്നു.

ഭരണം പിടിക്കണമെന്ന ഇടതുപക്ഷത്തിന്റെ മോഹം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോഴിക്കോട്ടുകാര്‍ കനിയണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതിനെയും വലതിനെയും വരിച്ച ചരിത്രം കോഴിക്കോടിനുണ്ട്. എന്നാല്‍, നിയമസഭ -തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ എന്നും ഇടതിനൊപ്പമാണ് മലബാര്‍ തലസ്ഥാനം. യു.ഡി.എഫിന് കോട്ടയം പോലാണ് എല്‍.ഡി.എഫിന് കോഴിക്കോട്. എല്‍.ഡി.എഫിന്റെ ഒരു സീറ്റ് കുറയ്ക്കാനായാല്‍ത്തന്നെ തങ്ങള്‍ക്കു നേട്ടമാണെന്ന് യു.ഡി.എഫ്. വിലയിരുത്തുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ കോഴിക്കോട് ജില്ലയില്‍ എല്‍.ഡി.എഫിന് ക്ഷീണം വരുത്തിയിരുന്നു. എല്‍.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദള്‍-എസ് നെടുകെ പിളര്‍ന്ന് എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്കിന് രൂപം നല്‍കി യു.ഡി.എഫ്. ചേരിയിലെത്തി. ഇത് പ്രധാനമായും ബാധിച്ചത് വടകര മേഖലയിലാണ്. സി.പി.എം. വിട്ട ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയതും വടകര മേഖലയില്‍ എല്‍.ഡി.എഫിന് ക്ഷീണമായി. 2011ല്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ 10 ഇടതിന്. യു.ഡി.എഫിന്റെ അക്കൗണ്ടിലെത്തിയ മൂന്നു സീറ്റും മുസ്ലിം ലീഗിന്റേതായിരുന്നു. യു.ഡി.എഫ്. അധികാരത്തിലേറി ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ചന്ദ്രശേഖരന്‍ ദാരുണമായി കൊല്ലപ്പെട്ടു. 51 വെട്ടേറ്റ് ടി.പി. മരിച്ചതിന്റെ ആഘാതം ആയിരക്കണക്കിനു വെട്ടുകളായി സി.പി.എമ്മിനു മേല്‍ തിരികെ പതിക്കുന്നതാണ് പിന്നീട് കണ്ടത്. നേരിയ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അഞ്ചു വര്‍ഷം തികയ്ക്കാന്‍ അവസരമൊരുക്കിയത് ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വമാണെന്നു വേണമെങ്കില്‍ പറയാം. പക്ഷേ, സി.പി.എം. തെറ്റുകള്‍ തിരുത്തിത്തുടങ്ങിയിരിക്കുന്നു, അല്ലെങ്കില്‍ അങ്ങനൊരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചുവരവ് അതാണ് കാണിച്ചത്. യു.ഡി.എഫിനെ ആശങ്കയിലാക്കുന്നതും അതു തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പലപ്പോഴും നിര്‍ണ്ണായകമാവുന്നത് 3,000 വോട്ടില്‍ താഴെ വ്യത്യാസത്തില്‍ വിജയിയെ തീരുമാനിക്കുന്ന മണ്ഡലങ്ങളാണ്. അവസാന നിമിഷം ഏതു പക്ഷത്തേക്കു വേണമെങ്കിലും ഈ മണ്ഡലങ്ങള്‍ മറിയാം. ഇത്തരം കടുത്ത മത്സരം നടക്കുന്ന നാലു മണ്ഡലങ്ങളെങ്കിലും കോഴിക്കോടുണ്ട്. യു.ഡി.എഫിന് പ്രതീക്ഷയും എല്‍.ഡി.എഫിന് ആശങ്കയും പകരുന്ന ഘടകമാണിത്. ഇവ വലത്തേക്കു മറിഞ്ഞാല്‍ ഇടതിന് ഭരണം ബാലികേറാമലയാകും.

യു.ഡി.എഫ്. കോട്ടയാണ് വയനാട്. അത് ഇത്തവണ പൊളിയുമോ എന്നാണ് ഇത്തവണ ഏവരും നോക്കുന്നത്. പ്രതീക്ഷയുടെ കാര്യത്തില്‍ ബി.ജെ.പിയും ഒട്ടും പിന്നിലല്ല. വയനാട്ടില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണുള്ളത്- കല്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി. അതില്‍ പൊതുവിഭാഗത്തില്‍ കല്പറ്റ മാത്രം. മറ്റു രണ്ടു മണ്ഡലങ്ങള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പൂര്‍ണ്ണമായി യു.ഡി.എഫിനെ കൈവിട്ട ചരിത്രമുണ്ട് വയനാടിന് -2006ല്‍. 2011ല്‍ ചിത്രം നേരെ തിരിഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഥ പിന്നെയും മാറി. ബത്തേരിയിലും മാനന്തവാടിയിലും എല്‍.ഡി.എഫ്. 8,500ലധികം വോട്ടുകളുടെ ലീഡ് പിടിച്ചു. യു.ഡി.എഫിന് മേല്‍ക്കൈ നിലനിര്‍ത്താനായത് കല്പറ്റയില്‍ മാത്രം, അതും 1,880 വോട്ടുകള്‍ക്ക്. 2015ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. കോട്ടകളില്‍ എല്‍.ഡി.എഫ്. വിള്ളല്‍ വീഴ്ത്തി. 2014ല്‍ തുടങ്ങിയ പരിശ്രമം 2016ല്‍ പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കാനാണ് എല്‍.ഡി.എഫ്. ശ്രമം. അതിനാല്‍ത്തന്നെ വലതു കോട്ടയില്‍ പോരാട്ടത്തിന് മുമ്പെങ്ങുമില്ലാത്ത ചൂട്. യു.ഡി.എഫിനു വേണ്ടി മൂന്നു മണ്ഡലങ്ങളിലും കച്ച മുറുക്കുന്നത് സിറ്റിങ് എം.എല്‍.എമാര്‍ തന്നെ. ഇടതു മുന്നണിയില്‍ നിന്ന് മൂന്നു സീറ്റുകളിലും മത്സരിക്കുന്നത് സി.പി.എം. സ്ഥാനാര്‍ത്ഥികളാണ്. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പുതിയ പാര്‍ട്ടിയുമായി എന്‍.ഡി.എ. മുന്നണിയില്‍ ചെന്നു കയറിയ മുത്തങ്ങയുടെ സമരനായിക സി.കെ.ജാനു സുല്‍ത്താന്‍ ബത്തേരിയിലെ മത്സരം അക്ഷരാര്‍ത്ഥത്തില്‍ ത്രികോണമാക്കിയിട്ടുണ്ട്. കല്പറ്റയില്‍ എന്തു സംഭവിക്കും? ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാക്കി കല്പറ്റയെ മാറ്റിയത് സി.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം വോട്ടഭ്യര്‍ത്ഥിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളിലൊരാള്‍ ഈ മനുഷ്യനാണ്. അതു ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും കല്പറ്റക്കാരല്ല. ശശീന്ദ്രനെ കണ്ടിട്ടുപോലുമുള്ളവരല്ല. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലയില്‍ അവര്‍ ശശീന്ദ്രനെ പിന്തുണയ്ക്കുന്നു. പിന്നെ, ശ്രദ്ധാകേന്ദ്രം ജാനുവാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വന്‍കുതിപ്പ് നടത്തിയ ബി.ജെ.പിയും ബി.ഡി.ജെഎസ്സും ചേര്‍ന്ന് പിടിച്ചത് 30,000ഓളം വോട്ടുകളാണ്. ഇതിനുപുറമെ ജാനുവിന് വ്യക്തിപരമായി മാത്രം 10,000 വോട്ടുകളുണ്ടെന്ന് എന്‍.ഡി.എ. കണക്കുകൂട്ടുന്നു. അതു വിജയമായി മാറുമോ എന്നാണ് എന്‍.ഡി.എ. നോക്കുന്നത്. കോട്ട കാക്കാന്‍ യു.ഡി.എഫ്. കച്ചകെട്ടുമ്പോള്‍ കൊത്തളം ഭേദിക്കാന്‍ ശേഷിയുള്ള ചേകവന്മാരെ തന്നെയാണ് എല്‍.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. പക്ഷേ, എല്ലാവരുടെയും ശ്രദ്ധ ജാനുവിലാണ്.

സ്വതവേ ദുര്‍ബല, കൂടെ ഗര്‍ഭിണിയും -എല്‍.ഡി.എഫ്. കോട്ടയായ കണ്ണൂരിലെ യു.ഡി.എഫിന്റെ അവസ്ഥ വിവരിക്കാന്‍ ഇതിലും നല്ലൊരു ഉപമയില്ല. നാലു പ്രധാന മണ്ഡലങ്ങളില്‍ വിമതര്‍ ഭരണമുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നു. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ളവരാണ് വിമത വേഷത്തിലെന്നത് യു.ഡി.എഫിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. യു.ഡി.എഫ്. ഏറ്റവും വിമതശല്യം നേരിടുന്ന ജില്ലയും കണ്ണൂര്‍ തന്നെ. വിമതരെ ഉണ്ടാക്കിയത് നേതൃത്വമാണെന്നും ശക്തമായ തിരിച്ചടി തിരഞ്ഞെടുപ്പില്‍ നല്‍കുമെന്നുമാണ് അവര്‍ പറയുന്നത്. വിമതരുടെ വരവില്‍ ഉള്ളാലെ ആഹ്ലാദിക്കുന്നുണ്ടെങ്കിലും പുറമേക്ക് ഇടതിന് നിസ്സംഗഭാവമാണ്. സംഘടനാ രംഗത്ത് നിന്ന് പാര്‍ലമെന്ററി രംഗത്തേക്കുള്ള പിണറായി വിജയന്റെ രണ്ടാം വരവ്, എട്ടാം തവണയും സ്ഥാനാര്‍ഥിയാവാനുള്ള മന്ത്രി കെ.സി.ജോസഫിന്റെ നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം, വാര്‍ത്താചാനല്‍ മേധാവിയുടെ കോട്ടും സൂട്ടും ഉപേക്ഷിച്ച് രാഷ്ട്രീയക്കാരന്റെ മുണ്ടും ഷര്‍ട്ടുമണിഞ്ഞുള്ള എം.വി.നികേഷ് കുമാറിന്റെ വരവ് എന്നിവയെല്ലാം ജില്ലയെ ഇത്തവണ ശ്രദ്ധേയമാക്കുന്നു. സംസ്ഥാന ഭരണം കാംക്ഷിക്കുന്ന എല്‍.ഡി.എഫിന് കണ്ണൂരിലെ മികച്ച വിജയം അനിവാര്യത മാത്രമല്ല അഭിമാനപ്രശ്‌നം കൂടിയാണ്. യു.ഡി.എഫിന്റെ കൈവശമുള്ള മണ്ഡലങ്ങളില്‍ പലതിലും ഇക്കുറി കനത്തപോരാട്ടം നടക്കുന്നു എന്നതാണ് പ്രത്യേകത. സി.പി.എമ്മിന് കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷം നല്‍കിയ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, ധര്‍മ്മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ അട്ടിമറിസാദ്ധ്യത പോലും യു.ഡി.എഫ്. പരിഗണിക്കുന്നില്ല. അബ്ദുള്ളക്കുട്ടി അല്പം ബഹളമുണ്ടാക്കുന്ന തലശ്ശേരി മാത്രമാണ് അപവാദം. അതേസമയം, യു.ഡി.എഫിന്റെ കൈയിലുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എല്‍.ഡി.എഫ്. ഇക്കുറി പ്രയോഗിക്കുന്നു. രണ്ടു മുന്നണികളും തമ്മിലുള്ള പ്രകടമായ വ്യത്യാസവും ഇതാണ്. യു.ഡി.എഫ്. സിറ്റിങ് സീറ്റുകളില്‍ വിമതരുടെ സാന്നിദ്ധ്യം എല്‍.ഡി.എഫിന്റെ ജോലി എളുപ്പമാക്കിയിട്ടുമുണ്ട്. കാര്യങ്ങള്‍ എല്‍.ഡി.എഫ്. ഉദ്ദേശിച്ചപോലെ നീങ്ങിയാല്‍ യു.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരിക്കും ഇക്കുറി കണ്ണൂരിലുണ്ടാവുക. മറിച്ചാവണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും.

ത്രികോണ മത്സരങ്ങളാണ് കാസര്‍കോട് ജില്ലയെ ശ്രദ്ധേയമാക്കുന്നത്. ത്രികോണത്തിന്റെ ഫലമായി താമര വിരിയുമോ എന്ന ചോദ്യം വീറും വാശിയുമേറ്റുന്നു. കാസര്‍കോട് ജില്ലയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിലെ ഫലപ്രവചനം മുമ്പെങ്ങുമില്ലാത്ത വിധം അസാദ്ധ്യമായിരിക്കുന്നു. ജില്ലയില്‍ ആകെയുള്ളത് അഞ്ചു മണ്ഡലങ്ങള്‍. 2011ല്‍ എല്‍.ഡി.എഫിന് മൂന്നു സീറ്റും യു.ഡി.എഫിന് രണ്ടു സീറ്റും ലഭിച്ചു. ലീഗ് ജയിച്ച കാസര്‍കോട്ടും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനത്തു വന്നത് ബി.ജെ.പി. അതിനാല്‍ത്തന്നെ ഈ രണ്ടു മണ്ഡലങ്ങളിലും ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ്. കെ.സുധാകരന്റെ സാന്നിദ്ധ്യം ഉദുമയെയും ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പിക്കു വേണ്ടി കോണ്‍ഗ്രസ്സും ഉദുമയില്‍ തിരിച്ചും വോട്ടു മറിക്കും എന്ന ചര്‍ച്ച കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ്. സജീവമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ തങ്ങള്‍ അക്കൗണ്ട് തുറക്കുന്നതു തടയാന്‍ യു.ഡി.എഫ്. -എല്‍.ഡി.എഫ്. ധാരണയുണ്ടെന്ന് ബി.ജെ.പിയും പറയുന്നു. ഇതു പുതിയ കാര്യമല്ല, നേരത്തേയുള്ളതാണെന്നും ബി.ജെ.പിക്കാര്‍ ആരോപിക്കുന്നുണ്ട്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും പോരിന് കടുപ്പം കൂടിയത് ഇതിന്റെ അനന്തരഫലം.

സംസ്ഥാന ഭരണം പിടിക്കാനാവശ്യമായ മേല്‍ക്കൈ എല്‍.ഡി.എഫിന് ലഭിക്കും എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. അതു കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ച പോലെ നേരിയ ഭൂരിപക്ഷമാകില്ലെന്നും ഉറപ്പുണ്ട്. വിശദമായ റിപ്പോര്‍ട്ട് കലാകൗമുദിയില്‍…

cover2123

കലാകൗമുദി ലക്കം 2123

Previous articleവാളെടുക്കുന്നവര്‍ വാളാല്‍…
Next articleതോല്‍വിയുടെ മണമുള്ള പിരിവ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here