HomeSPORTSആഗ്രഹിക്കാന്‍...

ആഗ്രഹിക്കാന്‍ എനിക്ക് അവകാശമുണ്ട്

-

Reading Time: 2 minutes

ആഗ്രഹങ്ങള്‍ എല്ലാം സഫലമാകുമോ? തീര്‍ച്ചയായും ഇല്ല. ആഗ്രഹങ്ങള്‍ സഫലമാകില്ലെന്നു കരുതി ആരും ആഗ്രഹിക്കാതിരിക്കുന്നുണ്ടോ? അതും ഇല്ല.

ആകെ ആശയക്കുഴപ്പമായി എന്നു തോന്നുന്നു. നടക്കാതെ പോയ എന്റെ ഒരാഗ്രഹമാണ് ഈ ചിന്തയ്ക്കാധാരം. അര്‍ജന്റീനയ്ക്കു വേണ്ടി ലയണല്‍ മെസ്സി ലോകകപ്പ് ഉയര്‍ത്തണം എന്ന ആഗ്രഹം സഫലമായില്ല. എന്നുവെച്ച് ഞാന്‍ ആഗ്രഹിക്കുന്നത് അവസാനിപ്പിക്കുന്നില്ല. 2018 ഉണ്ടല്ലോ. മെസ്സിയും അര്‍ജന്റീനയും അന്നും വരും. നെയ്മറിന്റെ ബ്രസീലും മുള്ളറുടെ ജര്‍മനിയുമെല്ലാമുണ്ടാകട്ടെ. കളി നടക്കട്ടെ. മെസ്സി അന്ന് കപ്പുയര്‍ത്തുമെന്ന് ഞാന്‍ ഇപ്പോള്‍ത്തന്നെ ആഗ്രഹിച്ചു തുടങ്ങുന്നു. മഹാപ്രതിഭകള്‍ക്ക് വലിയ നേട്ടങ്ങള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നത് ചരിത്രത്തിലെ തമാശയാകും. നമ്മുടെ സച്ചിന് ക്രിക്കറ്റ് ലോക കിരീടം നേടാന്‍ കാല്‍ നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നത് ഓര്‍ക്കുക.

ലയണല്‍ മെസ്സി

ബ്രസീല്‍ അല്ല അര്‍ജന്റീനയെന്ന് ജര്‍മന്‍കാര്‍ക്കു മനസ്സിലായി. അര്‍ജന്റീനയുടെ വലയില്‍ ഗോളടിച്ചു കൂട്ടാമെന്ന മോഹവുമായി എത്തിയ അവര്‍ ശരിക്കും വെള്ളം കുടിച്ചു. കിട്ടിയ അവസരം മുതലാക്കാനായ ജര്‍മനി ലോക കിരീടമണിഞ്ഞു. എന്നാല്‍, ഗോളെന്നുറച്ച നാലവസരങ്ങള്‍ പാഴാക്കിയ അര്‍ജന്റീന കണ്ണീര്‍ക്കടലില്‍ മുങ്ങി. അര്‍ജന്റീന മോശമായി കളിച്ചു, ജര്‍മനി ഗംഭീരമായി എന്നൊക്കെ പണ്ഡിറ്റുകള്‍ ഗീര്‍വാണമടിക്കുന്നുണ്ട്. എനിക്കതറിയില്ല. അതൊന്നും പ്രശ്നവുമല്ല. ഞാന്‍ അര്‍ജന്റീനയുടെ കളി മാത്രമേ കണ്ടുള്ളൂ. ജര്‍മനിയെ പരിഗണിച്ചേയില്ല. അര്‍ജന്റീന കളിക്കുമ്പോള്‍ ഞാന്‍ എതിരാളികളെ, അതാരായിരുന്നാലും കാണാറില്ല. ഞാനിങ്ങനാണ് ഭായ്…

ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. അതു കളി റിപ്പോര്‍ട്ട് ചെയ്യാനിരിക്കുമ്പോള്‍ മാത്രം. ‘ഇന്ത്യാവിഷനി’ല്‍ എത്തിയ ശേഷം സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങിന് കാര്യമായ അവസരമുണ്ടായിട്ടില്ല.’മാതൃഭൂമി’ സ്പോര്‍ട്സ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്ന വേളയില്‍ നിഷ്പക്ഷത കൃത്യമായി പാലിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ കടുത്ത ആരാധകനായിട്ടു കൂടി ബ്രസീലില്‍ നിന്ന് ‘മാതൃഭൂമി’ക്കു വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത ആര്‍.ഗിരീഷ് കുമാറും ഫൈനലിനു ശേഷം ചെയ്തത് അതു തന്നെ -നിഷ്പക്ഷനായി. പക്ഷേ, കളി കാണാന്‍ മാത്രമിരിക്കുമ്പോള്‍ ഇഷ്ടമുള്ള ടീമിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും എനിക്കായാലും ഗിരിക്കായാലും അവകാശമുണ്ട്.

അര്‍ജന്റീനയയെയാണ് തോല്പിച്ചതെങ്കിലും ജര്‍മനിയുടെ നേട്ടത്തെ കുറച്ചുകാണുന്നില്ല. അവര്‍ക്ക് അഭിനന്ദനങ്ങള്‍. 16 ഗോളുമായി ലോകകപ്പിലെ ഏറ്റവും വലിയ വേട്ടക്കാരനായ മിറോസ്ലോവ് ക്ലോസെയ്ക്ക് ഉചിതമായ വിടവാങ്ങല്‍. ബാസ്റ്റിയന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ കളത്തില്‍ ചീന്തിയ രക്തം വെറുതെ ആയില്ല എന്നും സമ്മതിക്കുന്നു.

ലയണല്‍ മെസ്സിയെ ആശ്വസിപ്പിക്കുന്ന ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍
ലയണല്‍ മെസ്സിയെ ആശ്വസിപ്പിക്കുന്ന ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍

ജര്‍മനിയുടെ വിജയത്തെക്കാള്‍ അര്‍ജന്റീനയുടെ പരാജയം ആഘോഷിക്കുന്ന ധാരാളം പേരുണ്ട്. ബ്രസീലിന്റെ ആരാധകര്‍ എന്നവകാശപ്പെടുന്നവരാണ് ഇക്കൂട്ടത്തിലേറെയും. അത്തരക്കാരുമായി പോരടിക്കാന്‍ ഞാനില്ല. കാരണം, അതിനു ശേഷിയില്ല. സെമിയില്‍ ബ്രസീല്‍ 7-1ന് തോറ്റപ്പോള്‍ ദുഃഖിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ബ്രസീലിനെ എനിക്കിഷ്ടമാണ്. അവര്‍ തോല്‍ക്കുകയാണെങ്കില്‍ അത് ഫൈനലില്‍ അര്‍ജന്റീനയ്ക്കു മുന്നില്‍ മാത്രമാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു. മറ്റാരുടെ മുന്നിലും ബ്രസീല്‍ തോല്‍ക്കുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നടക്കാതെ പോയ ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ അര്‍ജന്റീന -ബ്രസീല്‍ ഫൈനലുമുണ്ട്.

കിടപ്പുമുറിയിലെ ചുമരില്‍ ഒരു സ്ഥാനം ഞാന്‍ ഒഴിച്ചിട്ടിരുന്നു. ലോകകപ്പുമായി നില്‍ക്കുന്ന ലയണല്‍ മെസ്സിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍. അതിപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഞാന്‍ വീണ്ടും ആഗ്രഹിച്ചു തുടങ്ങുകയാണ്. റഷ്യ 2018ല്‍ അര്‍ജന്റീനയുടെ പടയോട്ടം. സ്വപ്ന ഫൈനല്‍, 18 കാരറ്റ് സ്വര്‍ണ്ണക്കപ്പ് മെസ്സിയുടെ കൈകളില്‍ ഉയരുന്നു. കാവിലെ പാട്ടുമത്സരത്തിനായി വീണ്ടും കാത്തിരിപ്പ്. ആഗ്രഹിക്കാന്‍ പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ…

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks