HomePOLITYതന്തയില്ലാത്ത...

തന്തയില്ലാത്തവര്‍!!

-

Reading Time: 2 minutes

നിങ്ങളെ ഒരാള്‍ ‘തന്തയില്ലാത്തവന്‍’ എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണെങ്കില്‍ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസം.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ. നേതാവായ ജെ.എസ്.ശരത് മര്‍ദ്ദിച്ചു. ഇത് ടെലിവിഷന്‍ ചാനലുകളിലൂടെ ലോകത്തെല്ലാവരും കണ്ടു. വിദ്യാഭ്യാസരംഗത്ത് അരങ്ങേറുന്ന വലിയൊരു തട്ടിപ്പിനെ ചെറുക്കാനായി നടന്നത് എന്നു പറയപ്പെടുന്ന മഹാസമരത്തിന്റെ ലക്ഷ്യം ഇതില്‍ മുങ്ങിപ്പോയി. ഈ സംഭവത്തെത്തുടര്‍ന്ന് ശരത്തിനെ പോലീസ് പിടികൂടി. അച്ചടക്കലംഘനത്തിന് എസ്.എഫ്.ഐ. ശരത്തിനെതിരെ സംഘടനാനടപടി സ്വീകരിച്ചു.

എന്നാല്‍, ഒരു വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമല്ലോ. ഒരു കൗതുകത്തിന്റെ പേരില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു. ശ്രീനിവാസനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ എന്റെ നെഞ്ചില്‍ പൊങ്കാലയിടാന്‍ ആരും വരരുത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ശ്രീനിവാസന്‍ നല്ലൊരു നയതന്ത്രവിദഗ്ദ്ധനായിരിക്കാം, പക്ഷേ നല്ലൊരു വിദ്യാഭ്യാസ വിചക്ഷണനാണെന്ന് പറയരുത്. പിണറായി വിജയന്‍ അത് ഇപ്പോള്‍ മാത്രമേ പറഞ്ഞുള്ളൂവെങ്കില്‍ ഈയുള്ളവന്‍ നാലു വര്‍ഷം മുമ്പ് അതു പറഞ്ഞതാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുന്നിലെത്തി എന്നത് വിദ്യാഭ്യാസ വിചക്ഷണനാവാനുള്ള യോഗ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതു ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

‘Why don’t you clear out these bastards and make way?’ 
‘ഈ തന്തയില്ലാക്കഴുവേറികളെ പൊക്കി മാറ്റി വഴിയൊരുക്കാന്‍ നിങ്ങളെന്താ തയ്യാറാവാത്തത്?’ എന്ന് മലയാള പരിഭാഷ.

ഇത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതാണ്. വാചകത്തിന്റെ കര്‍ത്താവ് നമ്മുടെ ബഹുമാന്യനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍. അടുത്തുനിന്ന പോലീസുദ്യോഗസ്ഥനോടാണ് അദ്ദേഹം ചോദിച്ചത്. താനടക്കമുള്ളവരെ ‘തന്തയില്ലാത്തവര്‍’ എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരന്‍ പ്രകോപിതനായത് സ്വാഭാവികം. എന്നാല്‍, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാള്‍ ഇത്തരത്തില്‍ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസന്‍ പുലഭ്യം പറഞ്ഞുവെന്ന് സത്യമാണെങ്കില്‍ തല്ല് അര്‍ഹിക്കുന്നുണ്ടെന്ന് എന്റെ പക്ഷം. പ്രായമേറുന്നു എന്നത് ആരെയും പുലഭ്യം പറയാനുള്ള ലൈസന്‍സല്ല. ഇനി ‘bastard’ എന്നാല്‍ ‘പൗരബോധമുള്ളവന്‍’ എന്നോ മറ്റോ ആണോ അര്‍ത്ഥം?

കോവളത്ത് അദ്ദേഹം ചോദിച്ചുവാങ്ങിയ അടിയാണ് -ഞാന്‍ പറയുന്നതല്ല, പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ്. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രക്ഷോഭം ശക്തമാണെന്നും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പോലീസ് ബന്ധപ്പെട്ടവരെ എല്ലാവരെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇത് മുഖവിലയ്‌ക്കെടുത്തു. എന്നാല്‍, ശ്രീനിവാസന്‍ മുന്നറിയിപ്പ് അവഗണിക്കുകയും സമരക്കാര്‍ക്കിടയില്‍ ചെന്നു കയറുകയും ചെയ്തു. ബോധപൂര്‍വ്വമായിരുന്നോ അദ്ദേഹത്തിന്റെ നടപടി എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ അത് വിശ്വസിക്കുന്നില്ല. സമരപോരാട്ടങ്ങളോടുള്ള പുച്ഛവും വിവരക്കേടും കാരണം ചെയ്തതാവാനേ വഴിയുള്ളൂ. സത്യം ഇതായതുകൊണ്ടാണ് പോലീസിനെതിരെ ശ്രീനിവാസനെപ്പോലൊരാള്‍ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു പരാതി പറഞ്ഞിട്ടും കാര്യമായ നടപടിയുണ്ടാവാത്തത്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും കേരളാ പോലീസ് അക്കാദമിയില്‍ റിഫ്രഷര്‍ ട്രെയിനിങ്ങിന് അയയ്ക്കുമത്രേ! എന്തൊരു വലിയ ശിക്ഷയാ!!!

തിരുവിതാംകൂറിന്റെ വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയയാളാണ് സര്‍ ചെട്ട്പാട്ട പട്ടാഭിരാമ രാമസ്വാമി അയ്യര്‍. എന്നാല്‍ അടിച്ചമര്‍ത്തലായിരുന്നു മുഖമുദ്ര. ഇന്ന് സി.പിയല്ല സ്മരിക്കപ്പെടുന്നത്, അദ്ദേഹത്തെ വെട്ടിയ കെ.സി.എസ്.മണിയാണ്. ശ്രീനിവാസന്‍ മികച്ച അന്താരാഷ്ട്ര നയതന്ത്രജ്ഞനാണ്. എന്നാല്‍, സംസ്ഥാന വിദ്യാഭ്യാസ കൗണ്‍സില്‍ തലവനെന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച പല നടപടികളും സംശയാസ്പദമാണ്. ശ്രീനിവാസനെ തല്ലിയതിന്റെ പേരില്‍ ശരത് സ്മരിക്കപ്പെടുന്ന കാലം വരുമോ? വൈസ്രോയിക്കെതിരെ പ്രതിഷേധിക്കാന്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ 23കാരനായ ഭഗത് സിങ് ഇന്നെല്ലാവര്‍ക്കും ധീരവിപ്ലവകാരിയാണ് എന്ന് സാന്ദര്‍ഭികമായി സ്മരിക്കുന്നു.

LATEST insights

TRENDING insights

12 COMMENTS

  1. എസ് എഫ് ഐ എല്ലാ അക്രമങ്ങൾക്കും കുറേ ന്യായീകരണ കള്ളക്കഥകൾ ഉണ്ടാക്കാറല്ലേ പതിവ്. അത് കൊണ്ടാണ് ഈ സംഭവം പൊതു സമൂഹം വിശ്വസിക്കാതെ പോയത്.
    ” പുലി വരുന്നേ പുലി” കഥ പോലെ …….

  2. വിശ്വസിപ്പിക്കാൻ – ശ്രമിച്ചു – ശ്രമിച്ചു കെണ്ടേയിരിക്കുക പല കാര്യങ്ങളും –

    • ചെയ്യാൻ വകുപ്പില്ല സഹോ. പോകരുതെന്ന് പറഞ്ഞിട്ട് കേൾക്കാതെ ചെന്നു കയറി തന്തയ്ക്കു വിളിച്ച് തല്ലു വാങ്ങി. അവിടെ നിന്ന് രക്ഷിച്ചെടുത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്നു പറഞ്ഞാൽ പിണറായി അല്ല നരേന്ദ്ര മോദി വിചാരിച്ചാലും പറ്റില്ല..

    • ശ്യാമേ, നടപടിയെടുക്കാൻ വകുപ്പില്ലെങ്കിൽ പിന്നെ ഉമ്മൻ ചാണ്ടി ചെയ്തില്ലായെന്നു പറയുന്നതിൽ എന്തെങ്കിലുമർത്ഥമുണ്ടോ ?

    • അദാണ്.. NOW YOU GOT THE POINT!!!

      ഉമ്മന്‍ ചാണ്ടിക്ക് നടപടിയെടുക്കാന്‍ പറ്റിയില്ല എന്നത് എന്റെ വാര്‍ത്ത ശരിയായിരുന്നു എന്നതിന് തെളിവാണ് സഹോ. തന്തയ്ക്ക് വിളിച്ച് തല്ലു വാങ്ങിയതിന് എന്തു നടപടി!!

  3. Negative Post കൾ കൂടുതൽ ചർച്ചചെയ്യപെടും അതിൽകൂടി കൂടുതൽ Popular ആകുക @ ഇന്നും ഇന്നലയ്യും അല്ല പൻടേതുടങ്ങിയതാണു ശ്യാമേട്ടാ..

  4. ഈ തന്തയ്ക്കു വിളിയാരോപണം പാർട്ടി പോലുമറിയുന്നത്‌ ശ്യാമിന്റെ റിപ്പോർട്ട് കണ്ടിട്ടായിരിക്കും. കാരണം കടകമ്പള്ളി നിരുപാധികം മാപ്പ്‌ പറഞ്ഞു. പിന്നെ നടപടിയെടുത്തില്ലായെന്നുള്ളതുക്കൊണ്ടു തന്തയ്ക്കു വിളി ആരോപണത്തിനു സ്ഥിരീകരണമാവുന്നില്ല.

    • മുഖ്യമന്ത്രിക്ക് കൈമാറാൻ തയ്യാറാക്കിയ റിപോർട്ടിൽ നിന്നാണ് വിവരം എനിക്ക് കിട്ടിയത്. അത് കടകംപള്ളിക്ക് കിട്ടിക്കാണില്ല. മാത്രമല്ല, തല്ലിയത് തെറ്റു തന്നെയാണ്, തന്തയ്ക്ക് വിളിച്ചതിന്റെ പേരിലായിരുന്നാലും. തല്ലിയതിനാണ് മാപ്പ് പറഞ്ഞത്.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights