Reading Time: 2 minutes

കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു സഹപാഠിയെ കാണാന്‍ പോയി. അപ്പോള്‍ അവന്‍ ഒരു ഫയല്‍ പഠിക്കുകയായിരുന്നു. രഹസ്യസ്വഭാവം ഒന്നും ഇല്ലാത്തതിനാല്‍ ആ ഫയലിലെ വിവരങ്ങള്‍ എന്നോടു വെളിപ്പെടുത്താന്‍ അവന്‍ തയ്യാറായി. അറി‍ഞ്ഞ കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഒരു പുഴ സംരക്ഷിക്കാന്‍ 36.30 കോടി രൂപയുടെ പദ്ധതി!! കേരളത്തിനു പുറത്ത് എവിടെയാണെങ്കിലും ‘അവിശ്വസനീയം’ എന്ന മുദ്ര ചാര്‍ത്തി മാറ്റി വെയ്ക്കാനാവുന്ന നടപടി.

തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ പ്രത്യേക താല്പര്യമെടുത്ത് ആവിഷ്കരിച്ചതാണ് ഈ പുഴ സംരക്ഷണ പദ്ധതി. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് സര്‍ക്കാരിനുള്ള ഇച്ഛാശക്തി പ്രകടമാക്കുന്ന നടപടി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി പുഴ സംരക്ഷിക്കാനാണ് 36.30 കോടി രൂപ ചെലവഴിക്കുന്നത്. ഇതില്‍ 26.30 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി മുഖേന നടപ്പാക്കും. മൊയ്തീന്‍ മുന്‍കൈയെടുത്ത് പദ്ധതി ആവിഷ്കരിച്ചെന്നു മാത്രമല്ല, അതിനു ഭരണാനുമതിയും ലഭ്യമാക്കിയിരിക്കുന്നു.

പുഴയുടെ സംരക്ഷത്തിനൊപ്പം മേഖലയിലെ കുടിവെള്ള ക്ഷാമവും കാര്‍ഷിക ജലക്ഷാമവും പരിഹരിക്കുക, യാത്രാക്ലേശം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കൂടി മുന്‍നിര്‍ത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രണ്ടു റെഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ നിര്‍മ്മിച്ച് ഇതു നടപ്പാക്കാനാണ് ഇപ്പോഴത്തെ ഭരണാനുമതി. ഇതിനു പുറമെ വടക്കാഞ്ചേരി പുഴയുടെ ഇരു കരകളും കൈവഴികളും തോടുകളും സംരക്ഷിക്കാനും പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുന്നതിനും പ്രത്യേകിച്ചൊരു പദ്ധതി കൂടിയുണ്ട്.

കാഞ്ഞിരക്കോടിനും പത്രമംഗലത്തിനുമിടയ്ക്ക് വടക്കാഞ്ചേരി പുഴയെയും കരയെയും സംരക്ഷിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. ഇതിനായി തലപ്പള്ളി താലൂക്കിലെ കീഴ്ത്തണ്ടിലത്ത് പുഴയ്ക്കു കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കും. 14.40 കോടി രൂപ ഇതിനായി വകയിരുത്തിയിരിക്കുന്നു. സംസ്ഥാന ഹൈവേ 50ല്‍പ്പെടുന്ന മുട്ടിക്കല്‍ -ആറ്റത്തറ റോഡില്‍ കോട്ടപ്പുറത്ത് പുഴയ്ക്കു കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിനായി 11.90 കോടി രൂപ നീക്കിവെച്ചു. വടക്കാഞ്ചേരി പുഴയുടെ ഇരു കരകളും കൈവഴികളും തോടുകളും സംരക്ഷിക്കാനും പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുന്നതിനുമുള്ള പ്രത്യേക പദ്ധതിക്ക് 10 കോടി രൂപയാണ് വകയിരുത്തിയത്.

വടക്കാഞ്ചേരി പുഴയുടെ വാഴാനി മുതല്‍ കാഞ്ഞിരക്കോടു വരെയുള്ള ഭാഗം കൃത്യമായി സംരക്ഷിച്ച് പ്രയോജനപ്പെടുത്തിയാല്‍ അത് മേഖലയിലെ സാമൂഹികജീവിതത്തെ ആകെത്തന്നെ വികസിപ്പിക്കുന്നതിന് കാരണമാവുമെന്നാണ് പദ്ധതിരേഖയില്‍ പറയുന്നത്. പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുക, തീരം സംരക്ഷിക്കുക, വടക്കാഞ്ചേരി പുഴയുടെ ജലസ്രോതസ്സുകളായ കനാലുകള്‍ നവീകരിച്ചു സംരക്ഷിക്കുക, മേഖലയിലെ വിനോദസഞ്ചാര വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയെല്ലാം നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ മേഖലയിലെ കുടിവെള്ള ക്ഷാമം വലിയൊരളവു വരെ പരിഹരിക്കപ്പെടും. മാത്രമല്ല ജലനിരപ്പില്‍ പെട്ടെന്നുണ്ടാവുന്ന വ്യതിയാനങ്ങള്‍ വലിയൊരളവു വരെ നിയന്ത്രിക്കാനും സാധിക്കും. ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്.

Previous articleജോസ് പാട്ടെഴുതുകയാണ്
Next articleഎന്റെ കേശസംരക്ഷണ പരീക്ഷണങ്ങള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here