HomeENTERTAINMENTബൊളീവിയന്‍ വി...

ബൊളീവിയന്‍ വിപ്ലവ താരങ്ങള്‍

-

Reading Time: 5 minutes

ലോകത്ത് ഏറ്റവുമധികം മനസ്സിലാവുന്ന ഭാഷയാണ് ഫുട്‌ബോള്‍. അതിനാല്‍ത്തന്നെ അത് വിപ്ലവത്തിന്റെയും ഭാഷയാണ്. ഫുട്‌ബോളിന്റെ ഭാഷയില്‍ ബൊളീവിയന്‍ താരങ്ങള്‍ തങ്ങളുടെ വിപ്ലവസ്വപ്‌നങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതു കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും ഏറ്റെടുക്കാനും അശേഷം ബുദ്ധിമുട്ടുണ്ടായില്ല. നിറഞ്ഞ ഹര്‍ഷാരവത്തോടെ തന്നെ ജനസാമാന്യം അവരെ ഏറ്റെടുത്തു.

ബൊളീവിയന്‍ സ്റ്റാഴ്‌സ് ഒരു നാടകമാണ്. നമുക്കു ചുറ്റും അരികുപറ്റി നടക്കേണ്ടി വന്നവരുടെ -വരുന്നവരുടെ, അവരുടെ വിമോചനസ്വപ്‌നങ്ങളുടെ കഥയാണ്. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടെങ്കിലുമുണ്ടെന്ന് അവകാശപ്പെടുന്ന ഏതൊരാളെയും ഒന്നര മണിക്കൂര്‍ പിടിച്ചിരുത്താന്‍ കഴിയുന്ന അവതരണം. മലബാറിലെ സെവന്‍സ് ആവേശം എല്ലാ ചൂടോടെയും ചൂരോടെയും അരങ്ങിലെത്തുമ്പോള്‍ ഇതൊരു ഫുട്‌ബോള്‍ നാടകമാവുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മൂന്നാമത് ദേശീയ നാടോടി കലാസംഗമത്തിലാണ് ബൊളീവിയന്‍ സ്റ്റാഴ്സ് അരങ്ങേറിയത്.

2010ലെ ലോക കപ്പിനായി ഷക്കീറ പാടിയ സൂപ്പര്‍ ഹിറ്റ് അവതരണ ഗാനം ‘ദിസ് ടൈം ഫോര്‍ ആഫ്രിക്ക’ മുഴങ്ങുമ്പോള്‍ തന്നെ നാടകത്തിന്റെ മൂഡ് പ്രകടമാവും. പെലെ, സിദാന്‍, ബാറ്റിസ്റ്റ്യൂട്ട, ഗാരിഞ്ച, കുബാല, ഹിഗ്വിറ്റ, എസ്‌കോബാര്‍ എന്നിവരുടെ ജേഴ്‌സികളിലൂടെ എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ട ബൊളീവിയന്‍ സ്റ്റാഴ്‌സിലേക്ക് എത്തുമ്പോള്‍ നാടകത്തിന് തുടക്കം.

എതിര്‍ ടീമിന്റെ വിജയാഹ്ലാദം ഉച്ചസ്ഥായിയിലാണ്. ബൊളീവിയന്‍ സ്റ്റാഴ്‌സ് നിരാശരാണ്. അവരുടെ സെന്റര്‍ ഫോര്‍വേര്‍ഡ് പരിക്കിന്റെ പിടിയിലായതിനാല്‍ ടീമില്‍ 6 പേര്‍ മാത്രം. അവര്‍ ഏഴാമനെ തേടുന്ന വേളയില്‍ അസാമാന്യ വിരുതോടെ പന്തു തട്ടി നടക്കുന്ന ഒരാള്‍ ക്യാപ്റ്റന്‍ പെലെ സുരേഷിന്റെ കണ്ണില്‍പ്പെടുന്നു. തല്‍ക്ഷണം ആ യുവാവിനെ സുരേഷ് ടീമിലെടുക്കുകയാണ്. പേര് പറയാന്‍ പോലും ആ യുവാവിന് അവസരമില്ല. കളിയുടെ ശൈലി കണ്ടിട്ടാവണം, അവന് മാറഡോണ എന്ന പേര് ക്യാപ്റ്റനില്‍ നിന്ന് ലഭിക്കുന്നു.

ഓരോ കളിക്കിടയിലും ഓരോ കളിക്കാരന്റെയും ജീവിതം വളരെ വിദഗ്ദ്ധമായി നാടകം വരച്ചിടുന്നുണ്ട്. വ്യക്തിജീവിതവും കളിജീവിതവും നാടകത്തിന് ഹൃദയമിടിപ്പിന്റെ കയറ്റിറക്ക താളം സമ്മാനിച്ചിരിക്കുന്നു. അരികുവല്‍കരിക്കപ്പെട്ടവരുടെ വിവിധ പ്രതീകങ്ങളാണ് ആ സെവന്‍സ് ടീമിലെ ഓരോരുത്തരും. കളി കൊണ്ടല്ല നിറം കൊണ്ടാണ് തന്നെ ആളുകള്‍ പെലെ എന്നു വിളിക്കുന്നതെന്ന് ക്യാപ്റ്റന്‍ സുരേഷ് കുമാര്‍ തന്നെ പറയുന്നുണ്ട്. അവന്‍, വെളുത്ത അച്ഛനമ്മമാര്‍ക്ക് ജനിച്ച കറുത്ത മകനാണ്. മദ്യപാനിയായ അച്ഛന്റെ പീഡനത്തെയും പട്ടിണിയെയും നേരിടാനുള്ള ഊര്‍ജ്ജമാണ് അവന് ഫുട്‌ബോള്‍. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ ചട്ടുകാലന്‍ കുട്ടിക്കണ്ണനും ഫുട്‌ബോള്‍ വിമോചനമാര്‍ഗ്ഗം തന്നെ.

മാറഡോണയോട് ക്യാപ്റ്റന്‍ പറയുന്നുണ്ട്, ‘പറന്നുകളിക്കണം, എല്ലായിടത്തുമെത്തണം.’ കളിയില്‍ മാത്രമല്ല, അവര്‍ക്ക് ജീവിതത്തിലും അങ്ങനെയായേ മതിയാകൂ. ആ ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് മാറഡോണ കളത്തിലിറങ്ങുന്നത്. എഫ്.സി. കട്ടച്ചിറയുമായുള്ള മത്സരത്തില്‍ പകുതി സമയത്ത് 1-0ന് പിന്നിലാവുമ്പോള്‍ പതിവു ഫലം തന്നെയെന്ന് എല്ലാവരും എഴുതിത്തള്ളും. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി, മാറഡോണയുടെ മികച്ച ഗോളില്‍ സ്‌കോര്‍ 1-1. മാറഡോണ ഒരു ഗോള്‍ കൂടി അടിച്ചു. ഇത്തവണ കൈ കൊണ്ടുള്ള ‘ഹെഡര്‍’. 2-1ന് ബൊളീവിയന്‍ സ്റ്റാഴ്‌സ് ജയിക്കുകയാണ്. കാത്തിരുന്ന വിജയം. ചെഗുവേരയുടെ ചിത്രം പച്ചകുത്തിയ കൈകൊണ്ട് മാറഡോണ ഗോളടിച്ചു! ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിച്ചു!!

ആ വിജയം അവരെ കോയാസ് സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ എത്തിക്കുന്നു. അതിനുള്ള പരിശീലനത്തിനായി പോകുന്നതില്‍ നിന്ന് ഗോളിയായ ഹിക്ക്മത്തിനെ തൊഴിലുടമ തടയുകയും പീഡിപ്പിക്കുകയുമാണ്. ഹോട്ടല്‍ ജോലിക്കാരനായ തൊഴിലാളിയെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിന്റെ പേരില്‍ പൊലീസുകാരന്‍ പീഡിപ്പിക്കുന്നത് മറ്റൊരു ഭാഗം. ആ പാട്ടിലുണ്ട്, എല്ലാ വേദനയും.

കൂരാറ്റേ…
കുഞ്ഞിമലംകിളിയേ…
നാടെവിടെ നീന്‍ കൂടെവിടെ…

പക്ഷേ, ഇവരെല്ലാം പ്രതിസന്ധികള്‍ മറികടന്ന് കളിക്കളത്തില്‍ ഒത്തുചേരുന്നു. ഒരുമിച്ച് മുന്നോട്ട് –‘അടിച്ചമര്‍ത്തപ്പെട്ടവന്റെ പോരാട്ടത്തില്‍ ഒരിക്കല്‍ ഞാന്‍ വീണുപോയാല്‍ സഖാവെ നിങ്ങള്‍ എന്റെ സ്ഥാനം ഏറ്റെടുക്കണം.’

കോയാസ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ബൊളീവിയന്‍ സ്റ്റാഴ്‌സ് ജയിക്കുന്നു, 7-ാം നമ്പറിന്റെ ഫ്രീകിക്കിലൂടെ 1-0ന്. റഷ്യ ലോക കപ്പില്‍ പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ മാന്ത്രിക ഫ്രീകിക്ക് ഗോളിനെ വിശേഷിപ്പിക്കാന്‍ ഷൈജു നടത്തിയ ലോകപ്രസിദ്ധമായ ദൃക്‌സാക്ഷി വിവരണത്തിന്റെ മാതൃകയിലുള്ള അവതരണത്തിലൂടെയാണ് ബൊളീവിയന്‍ സ്റ്റാഴ്‌സിന്റെ ഫ്രീകിക്ക് ഗോളിനെക്കുറിച്ചും കാണികള്‍ അറിയുന്നത്. സമകാലിക ജീവിതത്തില്‍ നിന്നുള്ള പുതുക്കലുകള്‍ നാടകത്തില്‍ സംഭവിക്കുന്നുണ്ടെന്ന് സാരം.

മത്സരങ്ങളുടെ ഇടവേള പരിശീലനക്കാലം. അത്തരമൊരു പരിശീലനത്തിനിടെ വല്ലായ്മ അനുഭവപ്പെടുന്ന ബാറ്റിഗോളിനെ വീട്ടിലെത്തിക്കാന്‍ നിയുക്തനായത് സൈനുദ്ദീന്‍. വഴിയില്‍ വെച്ച് അവരുടെ സൈക്കിള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ബാറ്റിയുടെ കാലുകളിലൂടെ ചോരെ ഒലിച്ചിറങ്ങുന്നു.. അപകടത്തില്‍പ്പറ്റിയതാണെന്ന് ധരിച്ച് സൈനുദ്ദീന്‍ ശുശ്രൂഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ബാറ്റി ആ രഹസ്യം വെളിപ്പെടുത്തുകയാണ്, ഒലിച്ചിറങ്ങിയ ആര്‍ത്തവരക്തം നെറ്റിയില്‍ തിലകമാക്കിക്കൊണ്ട് -‘ഞാന്‍ BattiGOAL അല്ല, BattiGIRL ആണ്’. പരിശീലനത്തിനിടെ നേരിട്ട വല്ലായ്മയുടെ കാരണവും അതു തന്നെയായിരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമ്മയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്‍ പിമ്പില്‍ നിന്നു രക്ഷനേടാന്‍ അവളണിഞ്ഞതാണ് ഈ ആണ്‍വേഷം.

പിമ്പില്‍ നിന്ന് തന്റെ വ്യക്തിത്വം അധികകാലം മറച്ചുപിടിക്കാന്‍ ആ പെണ്‍കുട്ടിക്കാവുന്നില്ല. പക്ഷേ, അപ്പോഴേക്കും നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ അവളുടെ സഖാക്കളെത്തിയിരുന്നു. ആദ്യം പിമ്പിന്റെ നെഞ്ചിന്‍കൂടിലേക്ക് സൈനുദ്ദീന്റെ ഹെഡ്ഡര്‍. പിന്നാലെ മറ്റു സഖാക്കളുെമെത്തി സംഘടിതമായി പിമ്പിനെ മഞ്ഞക്കാര്‍ഡ് കാട്ടി വിലക്കുകയാണ്. ബാറ്റിഗേള്‍ ആണ്‍വേഷം ഉപേക്ഷിച്ച് പെണ്ണായിത്തന്നെ കളത്തിലെത്തുന്നു. കോയാസ് ടൂര്‍ണ്ണമെന്റ് സെമിയില്‍ 2-2ന്റെ സമനില. ഒടുവില്‍ ഷൂട്ടൗട്ടില്‍ ബൊളീവിയന്‍ സ്റ്റാഴ്‌സിന് വിജയം.

വിജയാഹ്ലാദം പ്രകടിപ്പിക്കാന്‍ ടീഷര്‍ട്ട് അഴിക്കാന്‍ വിസമ്മതിക്കുന്ന മാറഡോണ അവിടെ സഖാക്കളുടെ സംശയത്തിന്റെ നിഴലിലാണ്. ഓടിമറയുന്ന അവന്‍ വീട്ടിലെത്തുമ്പോള്‍ രക്ഷാകര്‍ത്താവിന്റെ രൂപത്തില്‍ പീഡകന്‍. മാറഡോണയുടെ അച്ഛന്‍ വലിയ പന്തുകളിക്കാരനായിരുന്നു, മരിച്ചുപോയി. ഇപ്പോഴുള്ള രക്ഷാകര്‍ത്താവ് എല്ലാ അര്‍ത്ഥത്തിലും പീഡകനും ചൂഷകനുമാണ്. മാറഡോണ ഫുട്‌ബോള്‍ കളിക്കുന്നത് അയാള്‍ക്കിഷ്ടമല്ല. മാറഡോണ അയാള്‍ക്കൊരു ലൈംഗികോപകരണം മാത്രം. കളത്തിലേക്ക് മാറഡോണയെ ക്ഷണിക്കാനെത്തുന്ന ക്യാപ്റ്റനെ പീഡകനായ രക്ഷാകര്‍ത്താവ് ഭീഷണിപ്പെടുത്തി വിടുന്നു.

തല്‍ക്കാലം പിന്മാറാന്‍ ക്യാപ്റ്റന്‍ തയ്യാറെയെങ്കിലും തിരിച്ചെത്തി മാറഡോണയെ കളത്തിലെത്താന്‍ പ്രേരിപ്പിക്കുകയാണ്. അപ്പോഴാണ് തന്റെ ഭയത്തിനുള്ള കാരണം മാറഡോണ വെളിപ്പെടുത്തുന്നത്.  നേരത്തേ ഊരാന്‍ വിസമ്മതിച്ച മേല്‍വസ്ത്രം ആദ്യമവൻ മാറ്റുന്നു. പിന്നെ അരയ്ക്കു താഴേയുള്ള വസ്ത്രവും സുരേഷിനു മുന്നില്‍ തുറന്നുകാട്ടുകയാണ്. ഒരു അസാമാന്യ രംഗമാണിത്.

ഞാന്‍ ആണല്ല,
ഞാന്‍ പെണ്ണല്ല,
ഞാന്‍ ഒന്നുമല്ല,
എനിക്കാരുമില്ല…

വെളിപ്പെടുത്തലില്‍ ക്യാപ്റ്റന്‍ അമ്പരന്നുപോകുന്നുവെങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുക്കുകയാണ്. അവന്‍ മാറഡോണയെ ചേര്‍ത്തുനിര്‍ത്തുന്നു -‘നീ മാറഡോണയാണ്, ബൊളീവിയന്‍ സ്റ്റാഴ്‌സിന്റെ പത്താം നമ്പര്‍’. അപ്പോഴേക്കും മറ്റു സഖാക്കളും പീഡകനെതിരെ പൊരുതാനെത്തി. ക്യാപ്റ്റന്‍ പീഡകനെ ചുവപ്പു കാര്‍ഡ് കാട്ടുന്നു. ചെഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ ഡയറീസാണ് ആ ചുവപ്പു കാര്‍ഡ്!! ‘പഴുത്തു പാകമാകുമ്പോള്‍ തനിയെ താഴെ വീഴുന്ന ആപ്പിളല്ല വിപ്ലവം. അതു പറിച്ചെടുക്കുക തന്നെ വേണം.’

വിപ്ലവത്തിന്റെ ഫലമായ ജയം അവര്‍ പറിച്ചെടുക്കുന്നു. കോയാസ് ഫുട്‌ബോളില്‍ ജയിക്കുമ്പോള്‍ ഓരോ കളിക്കാരനും തങ്ങളുടെ പീഡകനെ അടിച്ചുകൂട്ടി വലയിലാക്കുകയാണ്. വിജയശ്രീലാളിതരായി അവര്‍ പ്രഖ്യാപിക്കുന്നു –‘ഞങ്ങളുടെ കൂട്ടത്തില്‍ ആണുണ്ട്, പെണ്ണുണ്ട്, അല്ലാത്തവരുണ്ട്, പ്രണയമുണ്ട്, വിപ്ലവമുണ്ട്. ഇതിന്റെ പേരില്‍ കൊല്ലാം, തോല്പിക്കാനാവില്ല.’

കൂടുതല്‍ വലിയ ടൂര്‍ണ്ണമെന്റിലേക്ക് ബൊളീവിയന്‍ സ്റ്റാഴ്‌സിന് ക്ഷണം ലഭിക്കുന്നു. തോല്‍ക്കുമെന്നുറപ്പായ മത്സരത്തിന് പോകേണ്ടെന്ന് ചിലര്‍ക്ക് അഭിപ്രായം. പക്ഷേ, ക്യാപ്റ്റന്‍ വിടാന്‍ തയ്യാറല്ല –‘എതിരാളികള്‍ ശക്തരാണെന്നു തോന്നുന്നത് അവര്‍ക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുമ്പോഴാണ്. നിവര്‍ന്നു നിന്നാല്‍ നമ്മള്‍ അവര്‍ക്കൊപ്പമാണ്. ചിലപ്പോള്‍ അവരെക്കാള്‍ ഉയരത്തിലും.’ ആരിലും പോരാട്ടവീര്യമുണരും. ദുഷിപ്പുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം ചമയ്ക്കാനുള്ള ആഹ്വാനവുമായി നാടകത്തിന് തിരശ്ശീല.

സ്നേഹം, കരുതല്‍, നിറം, ലിംഗനീതി, ആര്‍ത്തവം, പോരാട്ടം, പ്രതിരോധം എന്നിങ്ങനെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഏതാണ്ടെല്ലാ വിഷയങ്ങളും ഈ നാടകം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളും പരാമര്‍ശിക്കുന്നു. കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം ഫുട്‌ബോള്‍ കളിയാണെന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ? ഫുട്‌ബോള്‍ എന്ന ആഗോള ഭാഷയ്ക്ക് കശ്മീര്‍ അടക്കം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കരുത്തുണ്ടത്രേ! ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫുട്‌ബോള്‍ കളിക്കണം. ജയിക്കുന്നവര്‍ക്ക് കശ്മീര്‍ കിട്ടും. അപ്പോള്‍ തോല്‍ക്കുന്നവരോ? അവരെ ആശ്വസിപ്പിക്കാനും വഴിയുണ്ട്. 4 വര്‍ഷത്തിലൊരിക്കല്‍ ഈ മത്സരം വീണ്ടും നടത്തണം. ജയിക്കാന്‍ ഇനിയും അവസരമുണ്ടെന്ന പ്രതീക്ഷയില്‍ തോറ്റയാള്‍ക്ക് ആശ്വസിക്കാമല്ലോ. 4 വളരെ നല്ല സംഖ്യയാണ്. ലോകകപ്പ് 4 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് അതിനാലാണല്ലോ! യുദ്ധവെറിയുടെ വ്യര്‍ത്ഥത എത്ര അനായാസമാണ് അവര്‍ പറഞ്ഞുവെച്ചത്.

അമ്മു, അനസ്, സുദേവ്, അമൃത, ദാസന്‍, മോഹിത്, സഞ്ജയ്, ജിഷ്ണു, മജീദ്, സുരേഷ്, ശരത്, അനീഷ് -എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ഒരു സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ നാടകം അണിയിച്ചൊരുക്കിയത് അരുണ്‍ലാലാണ്. 2018 ജനുവരിയില്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം നാടകമല്‍സരത്തില്‍ കാണികള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച നാടകമാണ് മാറഡോണ. പി.വി.ഷാജികുമാറിന്റെ ഇതേ പേരിലുള്ള ചെറുകഥയെ ആധാരമാക്കി അരുണ്‍ലാല്‍ സംവിധാനം ചെയ്ത ആ 30 മിനിറ്റ് നാടകത്തിന്റെ വിപുലീകരിച്ച രൂപമാണ് ‘ബൊളീവിയന്‍ സ്റ്റാഴ്‌സ്’ എന്ന പേരില്‍ ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ അരങ്ങിലെത്തിച്ചത്.

ലിറ്റില്‍ എര്‍ത്തിലെ കലാകാരന്മാരും സ്‌കൂള്‍ കലോത്സവത്തിന്റെ സംഭാവനകള്‍ തന്നെ -13 വര്‍ഷം മുമ്പ് ഒരു സ്‌കൂള്‍ കലോത്സവ നാടകത്തിനു വേണ്ടി ഒരുമിച്ച സംഘമാണിത്. ചില്ലറസമരത്തിനും ക്ലാവര്‍ റാണിക്കും ശേഷം അവര്‍ വീണ്ടും ഞെട്ടിച്ചു, ബൊളീവിയന്‍ സ്റ്റാഴ്‌സായി!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights